ലക്ഷ്മി നായര്‍ വിലാസം ലോ അക്കാദമി; വിദ്യാര്‍ത്ഥികളുടെ ഭാവി പൊരിക്കുന്ന അധ്യാ'പാചകം'

പാചകത്തിന്റെ രസക്കൂട്ടുകള്‍ മലയാളിക്ക് പരിചയപ്പെടുത്തുന്ന ലക്ഷ്മിനായരെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ലോ അക്കാദമിയെ കുടുംബസ്വത്താക്കിയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അത്ര പരിചയമുണ്ടാവില്ല. സ്ഥാപനത്തിന്റെ ജനനം മുതലുള്ള നിഗൂഢത ഇനിയും മറനീക്കേണ്ടിയിരിക്കുന്നു. അക്കാദമിയിലെ അടിമജീവിതം സഹിക്കാതെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്മിയെപ്പറ്റി പറയുന്നതു കേള്‍ക്കു... പീഡനം ഈ വിധവും!

ലക്ഷ്മി നായര്‍ വിലാസം ലോ അക്കാദമി; വിദ്യാര്‍ത്ഥികളുടെ ഭാവി പൊരിക്കുന്ന അധ്യാ

വിദ്യാര്‍ത്ഥി പീഡനങ്ങളില്‍ മുന്‍പന്തിയിലുള്ളത് സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ മാത്രമല്ല. കേരളത്തിലെ ഒരു പ്രമുഖ സ്വാശ്രയ നിയമ കലാലയവും കടുത്ത 'നിയമലംഘന' കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ കേരളാ ലോ അക്കാദമി ലോ കോളേജിലാണ് പാമ്പാടിയിലും ലക്കിടിയിലും മറ്റക്കര ടോംസിലുമൊക്കെ നടക്കുന്നതിനു സമാനമായ പീഡനങ്ങള്‍ അരങ്ങേറുന്നത്. കോളേജിലെ അനാവശ്യ നിയമങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിടാനോ അത് ലൈക്ക് ചെയ്യാനോ പോലും കഴിയാത്തതു മുതല്‍ തുടങ്ങുന്നു, പീഡനവും ഭീഷണിയും കടുത്ത ശിക്ഷാ നടപടികളും.


മുഖം കറുപ്പിച്ചാല്‍പ്പോലും ഇയര്‍ബാക്ക് നടത്തിക്കളയുന്ന പ്രിന്‍സിപ്പല്‍. എതിര്‍ത്താല്‍ പഠനം തകര്‍ക്കുന്ന പ്രവണത. താല്‍പ്പര്യക്കാരും സഹായികളുമായ വിദ്യാര്‍ത്ഥികളെയൊഴികെ മറ്റെല്ലാവരേയും തോല്‍പ്പിക്കാന്‍ കളിക്കുന്ന ഗൂഢ തന്ത്രങ്ങള്‍. ഇന്റേണല്‍ മാര്‍ക്കും അറ്റഡന്‍സും വെട്ടിക്കുറച്ച് മികച്ച വിദ്യാര്‍ത്ഥികളുടെ പോലും ഭാവി നശിപ്പിക്കുന്ന 'മഹനീയ മാതൃകാ അധ്യാപക പ്രവര്‍ത്തനങ്ങള്‍'. ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കല്‍ ഇങ്ങനെ നീളുന്നു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള പക പോക്കലുകളും പ്രതികാര നടപടികളും.

ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ത്ഥികളാണ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടിസി വാങ്ങിപ്പോയത്.

ഇഷ്ടക്കാര്‍ക്കു മാത്രമുള്ളതാണു മക്കളേ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും

പ്രിന്‍സിപ്പലിന്റെ അടുപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും എന്തു കാര്യം പറഞ്ഞാലും അതേപടി ചെയ്യുന്ന 'നല്ല കുട്ടികള്‍ക്കും' മാത്രമുള്ളതാണ് ഇന്റേണല്‍ മാര്‍ക്കെന്നു വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. അതായത് മുഖംനോക്കിയുള്ള രീതി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ല. ഹാജര്‍ നല്‍കുന്ന കാര്യവും തഥൈവ. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഈ പരിപാടി കോളേജില്‍ നടക്കാറേയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

യൂണിവേഴ്‌സിറ്റി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വരുന്നതിന് ഒരാഴ്ചമുമ്പ് പ്രിന്‍സിപ്പല്‍ തന്റെ റൂമിലേക്കു വിളിച്ചിട്ട് ഓരോരുത്തര്‍ക്കുമുള്ള ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും കാണിക്കുകയാണു ചെയ്യുന്നത്. ഈ സമയത്ത് ഒരിക്കല്‍പ്പോലും ക്ലാസില്‍വരാത്തവര്‍ 'മിടുക്കന്മാര്‍' ആയിട്ടുണ്ടാവും. അവര്‍ക്കായിരിക്കും ഫുള്‍ ഹാജറും ഇന്റേണല്‍ മാര്‍ക്കും. എന്നാല്‍, ഹാജര്‍ മുടക്കാത്തവരും നന്നായി പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ ലോ ലെവലിലും എത്തിയിരിക്കും. ഇതിനെ എതിര്‍ത്താല്‍ ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നാണു പ്രിന്‍സിപ്പലിന്റെ മറുപടി.

പാസ്സ് ആകാന്‍ ഇന്റേണല്‍ മാര്‍ക്ക് അഭികാമ്യമായിരിക്കെ അതു നല്‍കാതെ തോല്‍പ്പിക്കുകയാണു പ്രിന്‍സിപ്പലിന്റെ രീതിയെന്നും വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മുമ്പ് യൂണിവേഴ്‌സിറ്റിയില്‍ നല്‍കിയ ഒരു പരാതി ഉന്നത ബന്ധംകൊണ്ടു പൂഴ്ത്തിയതായും ഇവര്‍ ആരോപിക്കുന്നു.

അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയാലും കള്ളക്കേസും ഭീഷണിയും ഇയര്‍ബാക്കും

കോളേജില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഓരോ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിന്റെ കരിമ്പട്ടികയില്‍ ഇടംപിടിക്കും. മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇയര്‍ബാക്ക് അടിച്ചു അടിച്ചമര്‍ത്തുകയോ ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കാതെ തോല്‍പ്പിക്കുകയോ ആണു പ്രിന്‍സിപ്പല്‍ ചെയ്തുവരുന്നതെന്നു എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി വി ജി വിവേക് മനസ്സുതുറന്നു. വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് പ്രിന്‍സിപ്പലിന്റെ ഈ നടപടികളൊക്കെയും.

വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതു കൂടാതെ, കോളേജില്‍ നടക്കുന്ന സമരത്തിന്റെ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത് അവരെയും വിറപ്പിക്കുന്നു. സമ്മര്‍ദ്ദം ചെലുത്തുന്നു. ഇന്നലെയും ഇത്തരത്തില്‍ ചില വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്കു വിളിച്ചു മക്കളെ കൊല്ലുമെന്നു വരെ ഭീഷണിപ്പെടുത്തിയതായി കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റി മാത്യു നാരദാ ന്യൂസിനോടു പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചിട്ടു പ്രിന്‍സിപ്പല്‍ ഫോണെടുക്കുന്നില്ലെന്നും തുടര്‍ച്ചയായ ബ്ലാക്ക്‌മെയിലിങ്ങിലൂടെ കുട്ടികളെ പീഡിപ്പിക്കുകയാണെന്നും ക്രിസ്റ്റി വ്യക്തമാക്കി.

[caption id="attachment_73083" align="alignleft" width="400"]
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍[/caption]

ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാഗിങ് ആണു ലോ അക്കാദമിയെന്ന നിയമകലാലയത്തില്‍ നടന്നുവരുന്നതെന്നു ഒരു വിദ്യാര്‍ത്ഥി നാരദാ ന്യൂസിനോടു പറഞ്ഞു. മാത്രമല്ല, ലോ കോളേജുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കുള്ള പരിശീലനമെന്നോണം രൂപീകരിച്ചിട്ടുള്ള മൂട്ട് കോര്‍ട്ടിനായി പണപ്പിരിവു നടത്താന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നു. ഇതിനു തയ്യാറാവാതെ വന്നാല്‍പ്പിന്നെ ആ വിദ്യാര്‍ത്ഥിയുടെ ഭാവിയും തുലഞ്ഞു- അവനും ഇയര്‍ ഔട്ട് ഉറപ്പ്.

വ്യക്തിപരമായ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നതാണ് മറ്റൊരു പ്രശ്‌നം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുക, അടുത്തടുത്ത് ഇരിക്കുക തുടങ്ങിയ 'കടുത്ത കുറ്റങ്ങള്‍'ക്കുമുണ്ട് ശിക്ഷകള്‍. അവര്‍ക്കു പിന്നാലെയും വരും മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും നടപടികള്‍. കോളേജില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന റാഗിങ് വിരുദ്ധ സെല്‍ ഇല്ലെന്നും പ്രിന്‍സിപ്പല്‍ തന്നെയാണു റാഗിങ്ങിനു നേതൃത്വം കൊടുക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു വെളിപ്പെടുത്തി.

മാത്രമല്ല, ഇനി സമരത്തിനിറങ്ങിയാല്‍ ഗുണ്ടകളെ വിട്ടു കൈകാര്യം ചെയ്യിക്കുമെന്നു തന്റെ പിതാവിനെ പ്രിന്‍സിപ്പല്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിതായി വിദ്യാര്‍ത്ഥികളിലൊരാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

[caption id="attachment_73104" align="alignright" width="350"] വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌[/caption]

ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന വികൃതമായ ചട്ടമാണു ലോ അക്കാദമിയിലെ മറ്റൊരു പ്രത്യേകത. പ്രിന്‍സിപ്പലിന്റെ നിര്‍ദേശം മറികടന്നാല്‍ അവരുടെ പഠനം കട്ടപ്പൊക. പിന്നീടു പ്രിന്‍സിപ്പലിന്റെ വക കടുത്ത മാനസികപീഡനമാണ് അവര്‍ക്കു നേരിടേണ്ടിവരിക. മാത്രമല്ല, മുകളില്‍ പറഞ്ഞ ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ വെട്ടിക്കുറച്ചു തോല്‍പ്പിക്കല്‍ ശിക്ഷ ഇവരെയും തേടിയെത്തും.

പെണ്‍കുട്ടികള്‍ക്കുള്ള നിബന്ധനകള്‍ ഇതുകൊണ്ടും തീരുന്നില്ല. ചുരിദാര്‍ ഒഴികെ മറ്റൊരു വസ്ത്രവും പെണ്‍കുട്ടികള്‍ കോളേജില്‍ ധരിക്കാന്‍ പാടില്ലെന്നാണു മറ്റൊന്ന്. ജീന്‍സൊക്കെ ധരിച്ചുവന്നാല്‍പ്പിന്നെ സീന്‍ കോണ്‍ട്ര ആവുമെന്നതില്‍ സംശയമില്ല. കടുത്ത നിബന്ധനകളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ പിന്നെ വീട്ടുകാരെ വിളിച്ചുഭീഷണിപ്പെടുത്തുന്നതും ഇവിടുത്തെ ശൈലിയാണ്.

ഒരു ദിവസം പോലും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്കു പുറത്തിറങ്ങാന്‍ അനുവാദമല്ലെന്നാണു മറ്റൊരു പരാതി. ജയിലറകള്‍ പോലെയാണ് ഹോസ്റ്റല്‍ ജീവിതമെന്നും ഇവര്‍ പറയുന്നു.മൂത്രപ്പുരയില്ലെങ്കിലും ഗേള്‍സ് ഹോസ്റ്റലില്‍ അടക്കം ക്യാമറകള്‍ തകൃതി

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യമായ മൂത്രപ്പുരയും ടോയ്‌ലെറ്റും ഇല്ലെങ്കിലും മുക്കിനു മുക്കിനു സിസി ടിവി ക്യാമറകള്‍ ഉണ്ടെന്നാണു ലോ അക്കാദമിയുടെ മറ്റൊരു പ്രത്യേകത. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അടക്കം ക്യാമറക്കണ്ണുകള്‍. രണ്ടു ശൗചാലയങ്ങള്‍ മാത്രമാണു പെണ്‍കുട്ടികള്‍ക്കുള്ളത്. ആണ്‍കുട്ടികള്‍ക്ക് ഒരെണ്ണവും. ഇതൊക്കെയും ശോചനീയമാണുതാനും. എന്നാല്‍ ഇവയൊന്നും നന്നാക്കാതെയും കൂടുതല്‍ എണ്ണം നിര്‍മിക്കാതെയുമാണു ലക്ഷങ്ങള്‍ പൊടിച്ചു ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നു വിദ്യാര്‍ത്ഥിനി കുറ്റപ്പെടുത്തുന്നു.

പെണ്‍കുട്ടികളുടെ ബാത്ത്‌റൂമിനു സമീപത്തുപോലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന കാര്യവും വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. കുളി കഴിഞ്ഞു പുറത്തിറങ്ങുന്നതു കാണുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. എന്താണ് ഇതിന്റെ ആവശ്യം. പ്രിന്‍സിപ്പല്‍ ആണെങ്കില്‍പ്പോലും ബാത്ത്‌റൂം പോലുള്ള സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചു വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യതകളിലേക്കു കണ്ണോടിക്കുന്ന പ്രവണത നീചമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. പ്രിന്‍സിപ്പലിനെ കൂടാതെ മറ്റാരൊക്കെയാണു ഇതു കാണുന്നതെന്നു അറിയില്ല. ഇതൊക്കെ എത്ര വൃത്തികെട്ട രീതികളാണെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

ഓണ്‍ലൈന്‍ ഭീഷണി ഒരു കലയാണ്

കലാലയത്തിലെ പീഡനങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ രണ്ടുവരി കുറിച്ചാല്‍ പിന്നാലെ പ്രിന്‍സിപ്പലിന്റെ ഭീഷണി കമന്റായെത്തും. ഇതൊക്കെ വരവുവച്ചിരിക്കുന്നു, നിങ്ങളെയൊക്കെ കാണിച്ചുതരാം തുടങ്ങിയ വിരട്ടലുകളാണ് പ്രിന്‍സിപ്പല്‍ നടത്തുന്നതെന്നു വിദ്യാര്‍ത്ഥികള്‍ തെളിവുസഹിതം സാക്ഷ്യപ്പെടുത്തുന്നു. കോളേജില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിന്റേതായി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയും പ്രിന്‍സിപ്പല്‍ ഭീഷണി വാക്കുകള്‍ ചൊരിഞ്ഞു.

'ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിനു എന്നെ പിടിച്ചുവിരട്ടി, ഇതുപോലെ പല വിദ്യാര്‍ത്ഥികള്‍ക്കും അനുഭവം ഉണ്ടായിട്ടുണ്ട്.' ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഭാവി അവതാളത്തിലാകും എന്ന ഭയം ഉള്ളതുകൊണ്ടു തങ്ങളുടെ പേരു പറയരുതെന്നാണു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോയപ്പോഴുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ. മറ്റൊരു വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ കമന്റിട്ടപ്പോള്‍ അവനെ പുറത്താക്കാന്‍ നോക്കിയെന്നും ഇവര്‍ പറയുന്നു.

ട്രോള്‍ പേജ് പൂട്ടിച്ചതു രണ്ടുതവണ

പ്രത്യക്ഷ പ്രക്ഷോഭത്തിനു കടുത്ത നടപടികള്‍ നേരിടേണ്ടിവന്നതോടെയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഫേസ്ബുക്കില്‍ ഒരു ട്രോള്‍ പേജ് തുടങ്ങിയത്. ട്രോള്‍ കെഎല്‍എ എന്ന പേരിലുള്ള പേജില്‍ അക്കാദമിയിലെ വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവകാശ ലംഘനങ്ങളും സ്വാതന്ത്ര്യനിഷേധവും ഒക്കെ ട്രോളുകളായി രൂപംപ്രാപിച്ചപ്പോള്‍ അവിടെയും പ്രിന്‍സിപ്പലിന്റെ കൈകളെത്തി.

തുടക്കംമുതല്‍ തന്നെ നല്ല രീതിയില്‍ മുന്നേറുന്നതിനിടെയായിരുന്നു ആദ്യമായി പൂട്ടുവീണത്. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയ്യാറാവാത്ത കുട്ടികള്‍ വീണ്ടും പേജുണ്ടാക്കി. എന്നാല്‍ കുറച്ചുകാലമേ അതിനും ആയുസ്സുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് മൂന്നാമതും ആരംഭിച്ച ട്രോള്‍ പേജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Trollkeralalawacademy/.
 എല്ലാ ലോ കോളേജിലും ഉണ്ട് ട്രോള്‍ പേജ്. എന്നാല്‍ അക്കാദമിക്കു മാത്രമെന്താ ഇത്ര പ്രശ്‌നം എന്നാണ് ഒരു ട്രോളിലൂടെയുള്ള ചോദ്യം.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങളില്ല; ജാതിപ്പേരു വിളിച്ച് ആക്ഷേപം വേറെയും

പട്ടികജാതി-വര്‍ഗം, ഒഇസി വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട സ്‌റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും ലോ അക്കാദമിയില്‍ നിന്നു ലഭിക്കാറില്ലെന്നു പ്രസ്തുത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. മറ്റെല്ലാ കോളേജുകളിലും ഈ ആനുകൂല്യം കൃത്യമായി നല്‍കുന്നുണ്ട്. എന്തിനേറെ, പാരലല്‍ കോളേജുകളില്‍പ്പോലും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും ഇവിടെ മാത്രമാണ് അവകാശലംഘനങ്ങളെന്നും അവര്‍ പരിതപിക്കുന്നു.

തീര്‍ന്നില്ല, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുന്നതും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രീതിയാണെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്യാനും പലര്‍ക്കും ഭയമാണ്. അതിനാല്‍ പുറത്തുപോലും പറയാതെ മനസ്സില്‍ക്കൊണ്ടുനടക്കുകയല്ലാതെ വേറെ വഴിയില്ലെന്നു ഇരകള്‍ പരാതിപ്പെടുന്നു. പട്ടികജാതി-വര്‍ഗ, ഒഇസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ജാതീയ അധിക്ഷേപം നേരിടേണ്ടിവരുന്നത്.

''കഴിഞ്ഞദിവസം പോലും പോലും ഒരു വിദ്യാര്‍ത്ഥിയെ ഈഴവന്‍ എന്നുവിളിച്ചു പ്രിന്‍സിപ്പല്‍ ആക്ഷേപിച്ചു. നീയേതു ജാതിയാണെന്നു എല്ലാ വിദ്യാര്‍ത്ഥികളോടും ചോദിക്കുന്നതു അവരുടെ രീതിയാണ്. വര്‍ഗീയമായ പ്രതികരണമാണ് അവരില്‍നിന്നും വിദ്യാര്‍ത്ഥികള്‍ക്കു നേരിടേണ്ടിവരുന്നത്''- ക്രിസ്റ്റി മാത്യു വ്യക്തമാക്കി.

'എനിക്കെതിരെ സംസാരിച്ചാല്‍ നിന്നെയൊക്കെ തുലച്ചുകളയും' എന്നാണ് തങ്ങളോടുള്ള ലക്ഷ്മി നായരുടെ ഭീഷണി. ഇതെന്റെ കുടുംബസ്വത്താണ്, ഇവിടെ എന്തു നടക്കണമെന്നു ഞാന്‍ തീരുമാനിക്കും, നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്നിങ്ങനെയാണു പ്രിന്‍സിപ്പലിന്റെ വെല്ലുവിളിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും അട്ടിമറി

പേരൂര്‍ക്കടയില്‍ കുടപ്പനക്കുന്ന് റോഡിലായി പ്രവര്‍ത്തിക്കുന്ന കേരളാ ലോ അക്കാദമിയില്‍ മൂന്നു ബാച്ചുകളിലായി 1000ഓളം വിദ്യാര്‍ത്ഥികളാണു പഠിക്കുന്നത്. ഇതില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം കോഴ്‌സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രവേശനം എന്ന ചട്ടം ലോ അക്കാദമി കാറ്റില്‍പ്പറത്തുകയാണ്. തോന്നിയതുപോലെയാണു വിദ്യാര്‍ത്ഥി പ്രവേശനം. സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാം കോളേജ് തന്നെയാണു നടത്തുന്നത്. 3 വര്‍ഷ എല്‍എല്‍ബിക്കുള്ള ഈവനിങ് ബാച്ചിനും സര്‍ക്കാര്‍ ക്വാട്ട നടപ്പാക്കുന്നില്ല.

ഇതോടൊപ്പം, അദ്ധ്യാപക നിയമനത്തിലും യുജിസി മാനദണ്ഡത്തിന്റെ ശക്തമായ ലംഘനമാണു കോളേജില്‍ അരങ്ങേറുന്നത്. 50% അദ്ധ്യാപകര്‍ സ്ഥാപനത്തിലെ തന്നെ സ്റ്റാഫ് ആയിരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇതിനു പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വിശദമാക്കി. തോന്നുംപോലെ ഗസ്റ്റ് അദ്ധ്യാപകരെ ഉപയോഗിച്ചാണ് അദ്ധ്യാപനം.

കോളേജിനായി നല്‍കിയ സ്ഥലത്തു വീടു വച്ചിരിക്കുന്നവരില്‍ മുന്‍ എംഎല്‍എയും

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കോളേജിനു സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഇപ്പോള്‍ സ്വകാര്യ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. ലോ അക്കാദമിയുടെ ഭാഗമായ സ്ഥാപനങ്ങള്‍ക്കു പകരം ഈ 18 ഏക്കര്‍ ഭൂമിയില്‍ മുന്‍ സിപിഐഎം എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍ നായരും ലക്ഷ്മി നായരുടെ അച്ഛനും മുൻ പ്രിൻസിപ്പാളുമായ നാരായണൻ നായരും വീടുവച്ചു താമസിക്കുകയാണ്. എന്നാല്‍ ഇതൊന്നും ഇതുവരെ സര്‍ക്കാരിന്റെ "കണ്ണില്‍പ്പെട്ടിട്ടില്ല".

ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ലോ അക്കാദമിയില്‍ ഇന്റേണല്‍ മാര്‍ക്കിന്റേതുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമന്നാവശ്യപ്പെട്ട് ഇന്നലെ കെഎസ് യു-എംഎസ്എഎഫ്-എഐഎസ്എഫ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കോളേജില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. അതേസമയം, സമരത്തെ തോല്‍പ്പിക്കാനുള്ള തന്ത്രപരമായ നീക്കവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. രാവിലെ, പാമ്പാടി കോളേജിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാംപയിന്‍ നടത്താന്‍ അനുമതി നല്‍കിയെങ്കിലും ഉടന്‍തന്നെ എല്ലാ ക്ലാസുകളും പൂട്ടി വിദ്യാര്‍ത്ഥികളെ പുറത്തുവിട്ടു.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2017/01/WhatsApp-Video-2017-01-11-at-3.37.08-PM.mp4"][/video][video width="360" height="642" mp4="http://ml.naradanews.com/wp-content/uploads/2017/01/15999751_571680129688971_6949676625923407872_n.mp4"][/video]

കാംപയിനോടുബന്ധിച്ചു സമരം ഉണ്ടാകുമെന്നും മാനേജ്‌മെന്റിനെതിരെ സംസാരിക്കുമെന്നു അറിയുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഈ നീക്കമെന്നാണു സമരക്കാര്‍ പറയുന്നത്. ശക്തമായ പ്രതിഷേധം കോളേജില്‍ അരങ്ങേറിയിട്ടും പ്രിന്‍സിപ്പല്‍ എത്തിയില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ നിസ്സഗംതക്കെതിരെ അനിശ്ചിതകാലസമരം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ നാരദാ ന്യൂസിനോടു വ്യക്തമാക്കി.
''ഇതുവരെ അനങ്ങാപ്പാറ നയം സ്വീകരിച്ച എസ്എഫ്‌ഐയ്ക്കും എബിവിപിക്കും പോലും ഇപ്പോള്‍ സമരത്തിനിറങ്ങേണ്ട ഗതി വന്നിരിക്കുകയാണ്‌. വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താന്‍ അനിശ്ചിതകാലത്തേക്കു കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റലും പൂട്ടി വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടേക്കു വരേണ്ടെന്നാണു മാനേജ്‌മെന്റിന്റെ നിര്‍ദേശം. ഇതോടൊപ്പം, ഇന്നുരാവിലെ ലൈബ്രറിക്കും താഴിട്ടു. സമരം ശക്തമായിട്ടും ഇതുവരെ പ്രിന്‍സിപ്പല്‍ ഇങ്ങോട്ടുതിരിഞ്ഞുനോക്കിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെ അവഗണിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പല്‍ രാജി വയ്ക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ആവശ്യം. അതുണ്ടാകുന്നതുവരെ സമരം തുടരും''

ക്രിസ്റ്റി മാത്യു (കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്)

അറ്റന്‍ഡന്‍സ് എല്ലാ മാസവും പ്രസിദ്ധീകരിക്കാനുള്ള നടപടികളെടുക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ നടപടികള്‍ സുതാര്യമാക്കുക, ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ സമാന്തര ഭരണം അവസാനിപ്പിക്കുക, കോളേജിലെ അപ്രഖ്യാപിത രാഷ്ട്രീയനിരോധനം പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ നവമാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാതിരിക്കുക, വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുക, വിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റ് സഭ്യമായ രീതിയില്‍ പെരുമാറുക, ക്ലാസ്റൂമുകളില്‍ ഒഴികെയുള്ള ക്യാമറകള്‍ ഒഴിവാക്കുക, ടോയ്‌ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നിവയാണു സമരസമിതിയുടെ ആവശ്യങ്ങള്‍.

അതേസമയം, വിഷയത്തില്‍ എസ്എഫ്‌ഐയും ഇന്നുമുതല്‍ സമരം ആരംഭിച്ചിട്ടുണ്ട്. മറ്റു സംഘടനകള്‍ പറയുന്നതുപോലെ അക്കാദമി നെഹ്രു കോളേജിന്റെ മറ്റൊരു പതിപ്പാണെന്ന വാദം തങ്ങള്‍ക്കില്ലെങ്കിലും ഇപ്പോള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊക്കെ കോളേജില്‍ ഉള്ളതായി യൂണിറ്റ് പ്രസിഡന്റ് ഹരിചന്ദന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ സമത്വം പാലിക്കുകയും അര്‍ഹരെ തഴഞ്ഞ്‌ അനര്‍ഹര്‍ക്കു കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന രീതി മാനേജ്‌മെന്റ് അവസാനിപ്പിക്കുകയും വേണമെന്നാണ് തങ്ങളുടെ നിലപാടെന്നു ഹരിചന്ദന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വ്യക്തിജീവിതത്തിലെ മാനേജ്‌മെന്റിന്റെ അനാവശ്യ നിയന്ത്രണം അവസാനിപ്പിക്കണം.

സമരം ഇത്തരത്തില്‍ അനിശ്ചിതമായി നീണ്ടുപോയാല്‍ അതു വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെയാണു ബാധിക്കുന്നത്. അതിനാല്‍ അധികാരികള്‍ എത്രയുംവേഗം ചര്‍ച്ചയ്ക്കു തയ്യാറാവുകയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും വേണമെന്നും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.

കോളേജിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കു പറയാനുള്ളത്
Image result for lekshmi nair''ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊന്നും കോളേജില്‍ ഉള്ളതായി എനിക്കറിയില്ല. പറയുന്നതില്‍ സത്യം ഉണ്ടെങ്കില്‍ അവര്‍ അതു തെളിയിക്കട്ടെ. പരമാവധി മാര്‍ക്ക് നല്‍കാനാണു മാനേജ്‌മെന്റ് ശ്രമിച്ചിട്ടുള്ളത്. അവര്‍ പറയുന്നതെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അതിനാല്‍തന്നെ ഈ സമരത്തിനു പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. രഹസ്യ അജണ്ടയുടെ ഫലമായുള്ളതും വളരെ ആസൂത്രിതവുമായ സമരമാണിത്. ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ക്ലാസില്‍ കയറാത്തവരും അതുകൊണ്ടുതന്നെ ഹാജര്‍ കുറവുള്ളവരുമാണ്. എന്നിട്ടാണ് അവര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്.''

ലംപ്‌സം ഗ്രാന്റിനെ പറ്റി
''ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് കോളേജ് നല്‍കാത്തതല്ല. അതു സര്‍ക്കാരില്‍നിന്നും ലഭ്യമാകാത്തതാണ്. മൂന്നാലുവര്‍ഷമായി ലോ അക്കാദമിക്കു ലംപ്‌സം ഗ്രാന്റ് ലഭിക്കുന്നില്ല. ഇതു സംബന്ധിച്ചു മാനേജ്‌മെന്റ് മുന്നിട്ടിറങ്ങി ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാത്തതുകൊണ്ടുതന്നെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു കോളേജ് തന്നെ ആനുകൂല്യം നല്‍കുന്നുണ്ട്''- ലക്ഷ്മി നായര്‍ പറയുന്നു.

Read More >>