ഇടയലേഖനത്തിനു പിണറായിയുടെ മറുപടി; സ്വാശ്രയമേഖലയില്‍ നടക്കുന്നത് കൊള്ളയും ക്രമക്കേടും

സ്വാശ്രയ മാനെജ്മെന്റ് കോളേജുകള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ആരും പരാതി നല്‍കുവാന്‍ തയ്യാറായിരുന്നില്ല എന്നുള്ളതാണ് സത്യം. ഇത്രയും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ഇപ്പോഴും വിജിലന്‍സിന് ആരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ഇടയലേഖനത്തിനു പിണറായിയുടെ മറുപടി; സ്വാശ്രയമേഖലയില്‍ നടക്കുന്നത് കൊള്ളയും ക്രമക്കേടും

സ്വാശ്രയ മാനെജ്മെന്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയമേഖലയില്‍ കൊളളയും ക്രമക്കേടുമാണ് നടക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്നും ആവശ്യപ്പെട്ടു. നിരവധി പരാതികള്‍ ഉയര്‍ന്ന തലശേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് തലശേരി അതിരൂപത കഴിഞ്ഞ ദിവസം ഇടയലേഖനം പുറത്തിറക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്വാശ്രയ സംവിധാനത്തിനെതിരെ രംഗത്തെത്തിയത്.


ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞു നിന്നവരാണ് ക്രിസ്ത്യന്‍ മാനെജ്മെന്റുകളെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ന് അവര്‍ വിദ്യാഭ്യാസക്കച്ചവടത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. പുതിയ കാലത്തെ പ്രവണതകള്‍ അവരെയും ബാധിച്ചതിന്റെ കഭാഗമാണത്. എന്നാല്‍ അപൂര്‍വം ക്രൈസ്തവ മാനെജ്മെന്റുകള്‍ നല്ല രീതിയില്‍ പ്ര്വര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലാഭക്കണ്ണോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ ലാഭം മുന്നില്‍കണ്ട് കോളെജുകള്‍ തുടങ്ങി. അങ്ങനെയുള്ളവര്‍ ലേലം വിളിച്ചാണ് നിയമനം നടത്തുന്നത്. ഇത്തരം സ്വാശ്രയ മാനെജ്മെന്റ് കോളേജുകള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ആരും പരാതി നല്‍കുവാന്‍ തയ്യാറായിരുന്നില്ല എന്നുള്ളതാണ് സത്യം. ഇത്രയും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ഇപ്പോഴും വിജിലന്‍സിന് ആരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അഴിമതികള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിനായി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.