അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് വ്യാജരേഖകള്‍; കര്‍ണാടകയില്‍ 40 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിലക്ക്

കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി (കെഇഎ) അധികൃതര്‍ പുറത്തുവിട്ട യോഗ്യരായ ആളുകളുടെ പട്ടികയില്‍ ഇവര്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 40 പേരുടെ പിഎച്ച്ഡി അടക്കമുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് വ്യാജരേഖകള്‍; കര്‍ണാടകയില്‍ 40 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിലക്ക്

ബംഗളുരു: കര്‍ണാടകയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് വ്യാജരേഖകള്‍ ഹാജരാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിലക്ക്. ഫസ്റ്റ് ഗ്രേഡ് കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷിച്ച 40 ഉദ്യോഗാര്‍ത്ഥികളെയാണ് അധികൃതര്‍ വിലക്കിയത്.

കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി (കെഇഎ) അധികൃതര്‍ പുറത്തുവിട്ട യോഗ്യരായ ആളുകളുടെ പട്ടികയില്‍ ഇവര്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 40 പേരുടെ പിഎച്ച്ഡി അടക്കമുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഗണിതശാസ്ത്രം, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇവരില്‍ ഭൂരിഭാഗവും അപേക്ഷിച്ചിരുന്നത്. യോഗ്യരായ 2,160 പേരുടെ അവസാന പട്ടികയായിരുന്നു അധികൃതര്‍ പ്രസിദ്ധീകരിച്ചത്. വ്യാജന്മാരെ കണ്ടെത്തിയതോടെ ഇത് 2120 ആയി കുറഞ്ഞു.

ഈ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), സ്ലെറ്റ് (സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ്) എന്നിവ പാസാകുകയോ പിഎച്ച്ഡി നേടുകയോ വേണമെന്നാണ് കെഇഎയുടെ നിയമന മാനദണ്ഡം. എന്നാല്‍ പിടിക്കപ്പെട്ടവര്‍ ഹാജരാക്കിയത് മറ്റു സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും പിഎച്ച്ഡി നേടിയതായുള്ള വ്യാജരേഖകളായിരുന്നു.

തമിഴ്നാട്ടിലെ വിദൂര സര്‍വ്വകലാശാലകളുടെ പേരില്‍ ഉള്ള വ്യാജരേഖകളും ഇതിലുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. മുമ്പുനടന്ന നിയമനങ്ങളില്‍ ഇത്തരത്തില്‍ വ്യാജരേഖകള്‍ ഹാജരാക്കിയതായുള്ള പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്.