പെരുമാള്‍ മുരുകന്റെ വഴിയേ കമല്‍സിയും: പുസ്തകം കത്തിച്ചു; അക്ഷരങ്ങള്‍ക്കു തീകൊളുത്തിയത് ഭരണകൂടം തന്നെ

ശ്‌മശാനത്തിലെ നോട്ടുപുസ്‌തകം എന്ന നോവലിലൂടെ ദേശീയഗാനത്തെ ആക്ഷേപിച്ചെന്നാരോപിച്ച്‌ പൊലീസ്‌ വേട്ടയാടുന്ന കമല്‍ സി ചവറയും തമിഴ്‌ എഴുത്തുകാരന്‍ പെരുമാള്‍ മരുകന്റെ വഴിയെ നടക്കുന്നു. അദ്ദേഹത്തിന്റെ സര്‍ഗാത്മകതയില്‍ നിന്നുവിരിഞ്ഞ അക്ഷരങ്ങളെ അഗ്നിനാളം ഏറ്റുവാങ്ങിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്രത്തിനു മേലുള്ള ഭരണകൂടത്തിന്റെ മര്‍ക്കമുഷ്ടിയാണവിടെ തെളിഞ്ഞത്‌.

പെരുമാള്‍ മുരുകന്റെ വഴിയേ കമല്‍സിയും: പുസ്തകം കത്തിച്ചു; അക്ഷരങ്ങള്‍ക്കു തീകൊളുത്തിയത് ഭരണകൂടം തന്നെ

സംഘപരിവാര്‍ ഭീഷണി മൂലം എഴുത്തുനിര്‍ത്തിയ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ വഴിയേ കമല്‍ സി ചവറയും. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു വിട്ടയച്ചെങ്കിലും തനിക്കും കുടുംബത്തിനും നേരെ പൊലീസിന്റെ പീഡനം തുടരുന്നതിലും ഭരണകൂട നിസ്സംഗതയിലും പ്രതിഷേധിച്ച് കമല്‍സി തന്റെ പുസ്തകം കത്തിച്ചു.

കോഴിക്കോട് മനുഷ്യാവകാശ-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് കമല്‍സി ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന തന്റെ നോവല്‍ കത്തിച്ചത്. പുസ്തകം കത്തിച്ച കമല്‍ അതിനു റീത്തും സമര്‍പ്പിച്ചു. ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്തുനിര്‍ത്തുമെന്ന് കമല്‍സി പ്രഖൃാപിച്ചു. ഡിജിപി കളവു പറയുകയാണെന്നും തനിക്കും നദീറിനുമെതിരെ പോലീസ് വേട്ട തുടരുന്നുണ്ടെന്നും കമല്‍ വ്യക്തമാക്കി. പുസ്തകം കത്തിക്കുമെന്ന് നേരത്തെ പ്രഖൃാപിച്ചപ്പോള്‍ എഴുത്തുകാരന്‍ സകറിയ ഒഴികെ സാംസ്‌കാരികരംഗത്തു നിന്നൊരാളും പ്രതികരിച്ചില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
നോവലില്‍ ശശിയെന്ന കഥാപാത്രം ദേശീയഗാനവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശമാണ് നോവലിസ്റ്റിനെ വേട്ടയാടാന്‍ പൊലീസിനെ പ്രേരിപ്പിച്ച ഘടകം. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിനു കേസെടുത്ത പൊലീസ് പിന്നീട് ശക്തമായ പ്രതിഷേധത്തുടര്‍ന്നു പിന്‍മാറുകയായിരുന്നു. എന്നാല്‍ വേട്ടയാടല്‍ തുടര്‍ന്ന സാഹചര്യത്തില്‍ നോവല്‍ കത്തിച്ചുകൊണ്ട് എഴുത്തുനിര്‍ത്തുന്നതായി കമല്‍ സി ചവറ പ്രഖ്യാപിച്ചു. എന്നിട്ടും സാംസ്‌കാരിക വകുപ്പോ സര്‍ക്കാരോ ഇടപെടാത്ത സാഹചര്യത്തിലാണ് അദ്ദേഹം നോവല്‍ കത്തിച്ചത്.കമല്‍ ആയിരുന്നില്ല ആ പുസ്തകം കത്തിച്ചത്. ഭരണകൂടം തന്നെയായിരുന്നു. തമിഴ്നാട്ടില്‍ പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തി നാടുവിട്ടപ്പോള്‍ പ്രതിഷേധിച്ച ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് കമല്‍ സി ചവറ പുസ്തകം കത്തിച്ച് എഴുത്തുനിര്‍ത്തുന്നത്. ഇടതുപക്ഷത്തിന്റെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Read More >>