കലോത്സവ കാലത്തെ ഖേദചിന്തകള്‍

പ്രധാനവേദികളിലാണ്‌ ജനകീയമെന്ന്‌ മുഖ്യധാരാമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന നൃത്ത-നൃത്യ മത്സരങ്ങള്‍ അരങ്ങേറാറുള്ളത്‌. മറ്റുള്ളവയെല്ലാം ഇതര വേദികളിലും. ഗ്ലാമറിതര മത്സരങ്ങള്‍ നടക്കുന്ന പ്രധാനവേദിക്ക്‌ സമീപമുള്ള സ്റ്റേജുകളിലെ സദസ്സില്‍പോലും വിരലിലെണ്ണാവുന്നവരാണ്‌ പലപ്പോഴും ഉണ്ടാകാറ്‌. സബ്‌ ജില്ല മുതല്‍ സംസ്ഥാന തലം വരെയുള്ള കലോത്സവകാഴ്‌ച്ചകള്‍ ഇങ്ങനെയൊക്കെയാണ്‌. ആഡംബരവും ചിലവ്‌ നന്നേ കൂടുതലുമുള്ള സവര്‍ണ്ണകലകള്‍ക്ക്‌ ദൃശ്യമധ്യമങ്ങളുടെ കടന്നുവരവോടെയാണ്‌ ഇത്രത്തോളം പ്രാധാന്യം ലഭിച്ചുതുടങ്ങുന്നത്‌.

കലോത്സവ കാലത്തെ ഖേദചിന്തകള്‍

ഗ്ലാമര്‍ കലകളോടുള്ള മധ്യവര്‍ഗ്ഗവിഭാഗത്തിന്റെ അടങ്ങാത്ത അഭിനിവേശമാണ്‌ പലപ്പോഴും പ്രധാനവേദികളെ സമ്പന്നമാക്കുന്നത്‌. പ്രത്യേകിച്ച്‌ നൃത്ത-നൃത്യയിനങ്ങളെ പുല്‍കുന്ന ഒരുവിഭാഗത്തിന്റെ ഓട്ടപ്രദക്ഷിണങ്ങള്‍. ഇത്തരം കലകള്‍ക്ക്‌ മാധ്യമങ്ങള്‍ നല്‍കുന്ന അമിതപ്രാധാന്യമാണ്‌ പലപ്പോഴും ആള്‍ക്കൂട്ടത്തിന്റെ ആവേശങ്ങള്‍ക്ക്‌ കരുത്തുപകരുന്നുവെന്നത്‌ മറ്റൊരു കാര്യം. ഭരതനാട്യം, മോഹനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, കഥകളി, ഓട്ടംതുള്ളല്‍ തുടങ്ങിയ ഇനങ്ങള്‍ നടക്കുന്ന വേദിക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും മധ്യവര്‍ഗ്ഗങ്ങളാണ്‌. അതേസമയം കഥാപ്രസംഗം, ചാക്യാര്‍കൂത്ത്‌, വട്ടപ്പാട്ട്‌, നാടകം തുടങ്ങിയവയിലും സ്റ്റേജിതര പരിപാടികളിലും സദസ്സ്‌ നന്നേ ശുഷ്‌കിച്ചുകിടക്കുന്ന കാഴ്‌ച്ചയാണ്‌ പലപ്പോഴും കലോത്സവനഗരിയില്‍ കാണാന്‍ കഴിയുന്നത്‌.
പ്രധാനവേദികളിലാണ്‌ ജനകീയമെന്ന്‌ മുഖ്യധാരാമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന നൃത്ത-നൃത്യ മത്സരങ്ങള്‍ അരങ്ങേറാറുള്ളത്‌. മറ്റുള്ളവയെല്ലാം ഇതര വേദികളിലും. ഗ്ലാമറിതര മത്സരങ്ങള്‍ നടക്കുന്ന പ്രധാനവേദിക്ക്‌ സമീപമുള്ള സ്റ്റേജുകളിലെ സദസ്സില്‍പോലും വിരലിലെണ്ണാവുന്നവരാണ്‌ പലപ്പോഴും ഉണ്ടാകാറ്‌. സബ്‌ ജില്ല മുതല്‍ സംസ്ഥാന തലം വരെയുള്ള കലോത്സവകാഴ്‌ച്ചകള്‍ ഇങ്ങനെയൊക്കെയാണ്‌. ആഡംബരവും ചിലവ്‌ നന്നേ കൂടുതലുമുള്ള സവര്‍ണ്ണകലകള്‍ക്ക്‌ ദൃശ്യമധ്യമങ്ങളുടെ കടന്നുവരവോടെയാണ്‌ ഇത്രത്തോളം പ്രാധാന്യം ലഭിച്ചുതുടങ്ങുന്നത്‌. ദൃശ്യങ്ങളിലെ ഗ്ലാമറും പത്രത്താളുകളിലെ മനോഹാരിതയുമാണ്‌ ഇത്തരം കലകള്‍ക്ക്‌ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്‌. ഇത്തരം കലകാരന്‍മാരിലും കലാകാരികളിലും 20 ശതമാനത്തിന്‌ താഴെയുള്ളവര്‍ മാത്രമാണ്‌ ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്ന്‌ എത്തിച്ചേരുന്നത്‌. ബാക്കിയെല്ലാംതന്നെ മധ്യവര്‍ഗവിഭാഗത്തിന്റെ പ്രതിനിധികളാണ്‌. കവിതാലാപനം, കഥപറയല്‍ തുടങ്ങിയ സര്‍ഗാത്മകമായ ഇടങ്ങളിലാണ്‌ യഥാര്‍ഥ പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്നതത്‌. ഇവിടെ കാമറകണ്ണുകള്‍ പലപ്പോഴും മിഴിചിമ്മുകയും ചെയ്യുന്നു. കലയെ വിലയിരുത്തുന്നതിനിപ്പുറം എന്റര്‍ടൈന്‍ ചെയ്യുന്നതിലേക്ക്‌ കൂടുതല്‍ ശ്രദ്ധയൂന്നുന്ന മലയാളിയുടെ പൊള്ളത്തരങ്ങള്‍കൂടിയാണ്‌ സവര്‍ണ്ണകലകള്‍ക്ക്‌ ഇത്രത്തോളം പ്രാധാന്യം ലഭിക്കാന്‍ അനുപൂരകമായിരിക്കുന്നത്‌.മാധ്യമങ്ങള്‍ ആവേശത്തോടെ റിപ്പോര്‍ട്ടുചെയ്യുന്ന കലോത്സവത്തിനേക്കാള്‍ മറ്റൊരു വേദി കേരളത്തില്‍ ഒന്നിനും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇതിലെ അനാരോഗ്യപ്രവണതകളാണ്‌ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതും. ദൃശ്യമികവിനും മനോഹാരിതയ്‌ക്കും വേണ്ടി വേദിയ്‌ക്ക്‌ പുറത്തൊരുങ്ങുന്ന സെറ്റുകളില്‍ നിന്ന്‌ മേല്‍പ്പറഞ്ഞ രണ്ടാംതരം കലകള്‍ക്ക്‌ കാര്യമായ ഇടം ലഭിക്കാറില്ല. കണ്ണൂര്‍ കലോത്സവം നടക്കുമ്പോള്‍ പറശ്ശിനിക്കടവിലും അറയ്‌ക്കലും സെറ്റൊരുങ്ങുന്നു. കോഴിക്കോടാണെങ്കിലും സാമൂതിരിയുടെ കോവിലകത്തും മാനാഞ്ചിറയിലും ബീച്ചിലും തൃശൂരാണെങ്കില്‍ വടക്കുനാഥന്റെ മുന്നിലും തിരുവനന്തപുരത്താണെങ്കില്‍ കുതിരമാളികയിലും പത്മനാഭസ്വാമിക്ഷേത്രത്തിലും സെറ്റൊരുക്കും. 2014ല്‍ പാലക്കാട്‌ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം മുതല്‍ നാടകം വരെയുള്ള ഇനങ്ങള്‍ തസ്രാക്കില്‍ സെറ്റിട്ട്‌ ചാനലുകളും പത്രങ്ങളും ആവര്‍ത്തനവിരസതയുടെ പുതിയ അധ്യായങ്ങളാണ്‌ എഴുതിച്ചേര്‍ത്തത്‌. ടിവിക്ക്‌ മുന്നിലിരിക്കുന്നവര്‍ക്കും പത്രത്താളുകള്‍ മറിക്കുന്നവര്‍ക്കും ഒന്നാംതരം കലകളെക്കുറിച്ച്‌ ആവോളം കാണാനും വായിക്കാനുമുണ്ട്‌. രണ്ടാംതരം കലകള്‍ ഏതെങ്കിലും മൂലയിലേക്ക്‌ ചുരുങ്ങുകയും ചെയ്യുന്നു. ഇവിടെയാണ്‌ വിവേചനത്തിന്റെ, ഗ്ലാമറില്ലാത്തവരുടെയും ഇടങ്ങള്‍ കുറഞ്ഞുവരുന്നത്‌.അപ്പീലുകളുടെ കാര്യമെടുത്താലും ഇത്തരം ഗ്ലാമര്‍കലകളെ നെഞ്ചേറ്റുന്നവര്‍തന്നെയാണ്‌ കൂടുതലും. അപ്പീലുകളിലൂടെ സ്ഥാനങ്ങള്‍ക്ക്‌ വേണ്ടി നെട്ടോട്ടമോടുന്നവരില്‍ ഏറിയപങ്കും ഇക്കൂട്ടരാണെന്ന്‌ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. മേല്‍പ്പറഞ്ഞ രണ്ടാംതരമാക്കി മാറ്റിയ കലകളെ പ്രധാനവേദിയില്‍ നിന്ന്‌ കിലോമീറ്റര്‍ അകലേക്ക്‌ മാറ്റുമ്പോഴാണ്‌ പലപ്പോഴും കാഴ്‌ച്ചക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുന്നത്‌. നാടകവും കവിതാലാപനവും കഥാപ്രസംഗവുമെല്ലാം ഒഴിവാക്കാനാവാത്ത ചെറുന്യൂനപക്ഷങ്ങള്‍ മാത്രമാണ്‌ സദസ്സിലെത്തുന്നത്‌. കലോത്സവം ജനകീയമാക്കുമ്പോള്‍ത്തന്നെ ഗ്ലാമറിതര കലകള്‍ക്ക്‌ അര്‍ഹിച്ച പ്രധാന്യം നല്‍കാതിരിക്കുന്നതില്‍ മാധ്യമങ്ങളെപ്പോലെത്തന്നെ അധികാരികള്‍ക്കും കൃത്യമായ പങ്കുണ്ട്‌. മാപ്പിളകലകളില്‍ ഒപ്പനയ്‌ക്ക്‌ കിട്ടുന്നൊരു പ്രാധാന്യം കോല്‍ക്കളിയ്‌ക്കോ വട്ടപ്പാട്ടിനോ ലഭിക്കുന്നില്ല. ഒപ്പനയുടെ ഗ്ലാമര്‍തന്നെയാണ്‌ ഇതിന്‌ കാരണം. സവര്‍ണ്ണ കലകള്‍ക്ക്‌ ലഭിക്കുന്ന അമിതപ്രാധാന്യത്തെക്കുറിച്ച്‌ ഇതര ആസ്വാദകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധംതന്നെ ഉയരുന്നുണ്ട്‌. ആകര്‍ഷകമല്ലാത്ത വേദികളില്‍ വഴിപാട്‌ പോലെ നടത്തുന്ന മത്സരങ്ങളിലാണ്‌ ആസ്വാദകരുടെ എണ്ണത്തില്‍ വലിയ കുറവ്‌ വരുന്നത്‌.യുപി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാമേള എന്ന ഒറ്റ കാരണം കൊണ്ട്‌ മാത്രമാണ്‌ ഈ രീതിയിലുള്ള വിവേചനം വിവാദമാകാതിരിക്കുന്നത്‌. ആളില്ലാത്ത സദസ്സിന്റെ ചിത്രങ്ങള്‍ പലപ്പോഴും ആസ്വാദകരെ പരിഹസിക്കുന്ന തരത്തിലാണ്‌ പത്രങ്ങളില്‍ ഇടംപിടിക്കാറുള്ളത്‌. കോഴിക്കോട്‌ കലോത്സവം നടക്കുന്ന വേളകളിലാണ്‌ പലപ്പോഴും ഏറെക്കുറെ എല്ലാ സദസ്സുകളും നിറഞ്ഞുകവിയാറുള്ളത്‌.  രുവനന്തപുരത്തെത്തുമ്പോള്‍ ഏറ്റവും കുറഞ്ഞ ആസ്വാദകരും. ഇവിടെയും കഴിഞ്ഞതവണ ഗ്ലാമര്‍ കലകള്‍ക്കായിരുന്നു ആസ്വാദകരേറെ. ഒരു മധ്യവര്‍ഗത്തെ അടിസ്ഥാനപ്പെടുത്തി കലയെ അളക്കുന്നതില്‍ നിന്ന്‌ മുഖ്യധാരാ മാധ്യമങ്ങള്‍ മാറിചിന്തിക്കുമ്പോള്‍ മാത്രമാണ്‌ രണ്ടാംതരവും മൂന്നാംതരവുമായി മുദ്രകുത്തപ്പെട്ട കലകള്‍ക്ക്‌കൂടി ജനകീയതയുണ്ടാവുകയുള്ളു. ഇക്കാര്യത്തില്‍ അധികാരികളുടെ ഫലപ്രദമായ ഇടപെടല്‍കൂടി അനിവാര്യവുമാണ്‌.