നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ മോദി വിരുദ്ധ പോസ്റ്റ് കടപ്പാടു നൽകാതെ പകർത്തി കെ മുരളീധരന്‍; ചത്ത കോണ്‍ഗ്രസിലെ നേതാവിന് വിഷയം പോസ്റ്റ് ചെയ്യാന്‍ തോന്നിയതിനു ലൈക്ക് എന്നു സോഷ്യല്‍ മീഡിയ

നസറുദ്ദീന്‍ മണ്ണാര്‍ക്കാട് ഇന്നലെ രാവിലെയിട്ട പോസ്റ്റാണ് രാത്രി കെ മുരളീധരന്‍ അതേപടി കടപ്പാട് നല്‍കാതെ സ്വന്തം പേജിലിട്ടത്.

നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ മോദി വിരുദ്ധ പോസ്റ്റ് കടപ്പാടു നൽകാതെ പകർത്തി കെ മുരളീധരന്‍; ചത്ത കോണ്‍ഗ്രസിലെ നേതാവിന് വിഷയം പോസ്റ്റ് ചെയ്യാന്‍ തോന്നിയതിനു ലൈക്ക് എന്നു സോഷ്യല്‍ മീഡിയ

നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ മോദി വിരുദ്ധ പോസ്റ്റ് കടപ്പാട് വെയ്ക്കാതെ സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത് കെ മുരളീധരന്‍ എം.എല്‍.എ. എന്നാല്‍ കടപ്പാട് തരാത്തതില്‍ പരാതിയില്ലെന്നും 'അങ്ങനെയെങ്കിലും പൗരന്മാരുടെ ശബ്ദങ്ങള്‍ എത്തേണ്ട തലങ്ങളില്‍ എത്തട്ടെ'യെന്നും നസറുദ്ദീന്‍. ഇന്നലെ രാവിലെ 10നും 11നുമിടെ നസറുദ്ദീനിട്ട പോസ്റ്റാണ് മുരളീധരന്‍ ഇന്നലെ രാത്രിയില്‍ തന്റെ പേജില്‍ കടപ്പാട് വയ്ക്കാതെ അതേപടി പോസ്റ്റുചെയ്തത്.
'9 മാസത്തെ ഗര്‍ഭ കാലത്തിന് ശേഷം ലേബര്‍ റൂമിനു പുറത്ത് കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ കാത്തിരുന്ന ബന്ധുക്കളോട് പുറത്തു വന്ന ഡോക്ടര്‍ മന്ത് രോഗത്തിന് ഫ്രീയായി ഗുളിക ലഭിക്കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍ എങ്ങനെയുണ്ടാവും' എന്ന് നോട്ട് നിരോധനത്തിന് ശേഷം പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തെ കടുത്ത പരിഹാസത്തോടെ വിമര്‍ശിക്കുന്നതാണ് നസറുദ്ദീന്റെ പോസ്റ്റ്. 'ഗര്‍ഭിണികള്‍ക്ക് ആറു വര്‍ഷമായി ലഭിച്ചു കൊണ്ടിരിക്കുന്ന 6000 ഉലുവയുടെ ആനുകൂല്യത്തെ കുറിച്ച് സംസാരിച്ചു മുങ്ങിയ മോഡി ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ പ്രധാനമന്ത്രിയാണ്. ചോദ്യം ചെയ്യപ്പെടുന്ന പാര്‍ലമെന്റിലോ ചാനല്‍ ഇന്റര്‍വ്യൂവിവിലോ അയാള്‍ പ്രത്യക്ഷപ്പെടില്ല. കയ്യടിക്കാന്‍ മണ്ടന്മാരെ തടിച്ചു കൂട്ടി ഇങ്ങോട്ടാരും ഒന്നും ചോദിക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട് മാത്രമേ അയാള്‍ ഇന്ന് വരെ സംസാരിച്ചിട്ടുളളൂ' എന്നും പോസ്റ്റില്‍ പറയുന്നു.മുരളീധരന്റെ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ അഭിനന്ദന കമന്റുകളിട്ടപ്പോള്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാടാണ് യഥാര്‍ത്ഥ പോസ്റ്റിന്റെ ഉടമയെന്ന് സൂചിപ്പിക്കുന്ന കമന്റുകളും വന്നിട്ടുണ്ട്. കടപ്പാടു വച്ചില്ലെങ്കിലും നിർജീവമായ കോൺഗ്രസിലെ ഒരു നേതാവിന് ഈ വിഷയം ഏറ്റെടുക്കാൻ തോന്നിയതിനാണു തന്റെ ലൈക്ക് എന്നു പ്രഖ്യാപിച്ച് ഒന്നിലധികം ഫേസ്ബുക്ക് ഉപയോക്താക്കൾ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം തന്റെ പോസ്റ്റ് കെ മുരളീധരന്‍ അദ്ദേഹത്തിന്റെ വാളില്‍ ഇട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി നസറുദ്ദീന്‍ മണ്ണാര്‍ക്കാട് പിന്നീട് പോസ്റ്റിട്ടിട്ടുണ്ട്. മുരളീധരന്‍ കടപ്പാട് നല്‍കാത്തതില്‍ പരാതിയില്ലെന്നും അങ്ങനെയെങ്കിലും പൗരന്‍മാരുടെ ശബ്ദങ്ങള്‍ എത്തേണ്ട തലങ്ങളിലെത്തട്ടെ എന്നതാണ് നസറുദ്ദീന്റെ പക്ഷം. ഇദ്ദേഹത്തിന്റെ പോസ്റ്റ് ഇന്നത്തെ മാധ്യമം പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ സാമൂഹിക മാധ്യമം എന്ന കോളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.