യൂണിഫോം ധരിക്കാത്തവരെ ചട്ടം പഠിപ്പിക്കാൻ സീനിയർ വിദ്യാർത്ഥികൾ; ഒത്താശ ചെയ്യാൻ പ്രിൻസിപ്പാളും; അട്ടപ്പാടി ഗവ. കോളേജിന്റെ 'ദൈവാനുഗ്രഹം' ഇങ്ങനെ...

'അട്ടപ്പാടി പോലൊരു സ്ഥലത്ത്, ദൈവാനുഗ്രഹം കൊണ്ടു കിട്ടിയ കോളേജാണ്' - പ്രിന്‍സിപ്പല്‍ വനരാജന്‍ ജോയിന്‍ ചെയ്ത അന്നുമുതല്‍ പ്രസംഗവേദികളില്‍ ആവര്‍ത്തിക്കുന്ന ആദ്യത്തെ വരിയാണിത്. ദൈവാനുഗ്രഹം കൊണ്ടു കിട്ടിയ അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിലെ വിദ്യർത്ഥികളും അധ്യാപകരും കോളേജിനെക്കുറിച്ചും പ്രിൻസിപ്പിലനെക്കുറിച്ചും...

യൂണിഫോം ധരിക്കാത്തവരെ ചട്ടം പഠിപ്പിക്കാൻ സീനിയർ വിദ്യാർത്ഥികൾ; ഒത്താശ ചെയ്യാൻ പ്രിൻസിപ്പാളും; അട്ടപ്പാടി ഗവ. കോളേജിന്റെ

യൂണിഫോം ഇടാത്തതിന് പ്രിന്‍സിപ്പല്‍ വനരാജന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെക്കൊണ്ട് തല്ലി പുറത്താക്കിയെന്ന് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍. കോളേജിലെ യൂണിഫോം സംവിധാനത്തോടു പ്രതിഷേധിച്ചവരെ ഇരുപതോളം വരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമില്‍ നിന്നു വലിച്ചിറക്കി അധ്യാപകരും സഹപാഠികളും നോക്കി നില്‍ക്കെ തല്ലിയെന്നും ഇവര്‍ തന്നെ തങ്ങളെ പുറത്താക്കി ഗെയിറ്റ് അടച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളേജിലെ അച്ചടക്കം നടപ്പിലാക്കുന്നത് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. പ്രിന്‍സിപ്പലും മലയാളം വിഭാഗം മേധാവിയും അച്ചടക്കം നടപ്പിലാക്കാന്‍ സീനിയേഴ്സിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ തല്ലിയെന്നു പരാതി നല്‍കിയാലും പ്രിന്‍സിപ്പല്‍ ഒതുക്കി തീര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തല്ലുകൊണ്ട വിദ്യാർത്ഥികള്‍ സംസാരിക്കുന്നു


"കഴിഞ്ഞ ദിവസമാണു യൂണിഫോമിനെതിരെ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കളര്‍ വസ്ത്രങ്ങളിട്ടു കോളേജില്‍ വന്നത്," തല്ലുകൊണ്ട രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നാരദാ ന്യൂസിനോടു പറഞ്ഞുതുടങ്ങി.
"എല്ലാരും കളര്‍ ഡ്രസിട്ടു ക്ലാസില്‍ കയറി. പ്രിന്‍സിപ്പല്‍ അന്ന് അവധിയായിരുന്നു. ബാക്കി എല്ലാ അധ്യാപകരും ജീവനക്കാരും ഉണ്ടായിരുന്നു. ഞങ്ങള്‍ കളറിടുമെന്ന കാര്യം കോളേജില്‍ നേരത്തെ ചര്‍ച്ചയായതാണ്. നിങ്ങളു തേര്‍ഡ് ഇയേഴ്സിനു ചൊണയില്ലാഞ്ഞിട്ടാണ് ജൂനിയേഴ്സ് ഈ പണി കാണിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ പലപ്പോഴായി മൂന്നാം വര്‍ഷ വിദ്യര്‍ത്ഥികളോടു പറയുന്നത് ഞങ്ങള്‍ തന്നെ കേട്ടിട്ടുള്ളതാണ്.

യൂണിഫോം ഇടാതെ ക്ലാസില്‍ വന്ന ഞങ്ങളെ ക്ലാസില്‍ നിന്നു വിളിച്ചിറക്കിയാണ് സീനിയേഴ്സ് കൈകര്യം ചെയ്തത്. ക്ലാസ് റൂമിനു മുമ്പില്‍ മുതല്‍ അടി തുടങ്ങി അവസാനം ഗ്രൗണ്ടിലിട്ട് അടിച്ചു പുറത്താക്കി ഗെയിറ്റ് അടയ്ക്കുകയായിരുന്നു. പ്രതിഷേധിക്കാന്‍ കോളേജില്‍ തിരിച്ചെത്തിയപ്പോള്‍ കോളേജ് അധികൃതര്‍ പൊലീസിനെ വിളിച്ചു വരുത്തി. പ്രശ്നങ്ങള്‍ കേട്ട അഗളി പൊലീസ് വിഷയം തീരുന്നതു വരെ യൂണിഫോം ഇടാതെ ആരും ക്ലാസില്‍ കയറണ്ട എന്ന് ഉത്തരവിട്ടു പോയി."

തല്ലിയവര്‍ക്കെതിരെ പരാതി പ്രിന്‍സിപ്പലിനും സിഐയ്ക്കും നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കേസ് ഒത്തുതീര്‍പ്പാക്കാനാണ് പ്രിന്‍സിപ്പല്‍ ശ്രമിച്ചത്. ഇതു കൂടാതെ കേസില്‍ നടപടിയെടുക്കരുതെന്ന് സിഐയെ വിളിച്ചു പറയുകയും മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാൻ പ്രത്യേകം മുന്‍കരുതലെടുക്കുകയും ചെയ്തു -  വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും മാവോയിസ്റ്റുകള്‍ കടന്നു കയറാതിരിക്കാനും വേണ്ടിയാണ് യൂണിഫോം നിര്‍ബന്ധമാക്കിയതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.

എസ്എഫ്ഐ, എഐഎസ്എഫ്, എബിവിപി, കെഎസ്‌യു തുടങ്ങിയ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ക്യാംപസിലുണ്ടെങ്കിലും അവര്‍ക്കൊന്നും ഈ വിഷയം ഉയര്‍ത്താന്‍ താല്‍പര്യമില്ല. തല്ലുകൊണ്ടവരിലും കൊടുത്തവരിലും എല്ലാ സംഘടനക്കാരും ഉണ്ട്. എസ്എഫ്ഐയുടെ ചെയര്‍മാന്‍ വരെ യൂണിഫോം വിഷയത്തില്‍ തല്ലു കിട്ടിയവരില്‍ പെടുന്നു.

ഇത് ആദ്യത്തെ സംഭവമല്ല: മുൻ ചെയർമാൻ 


സമാനമായി വിഷയത്തില്‍ പ്രിന്‍സിപ്പലിനെതിരെ ആരോപണവുമായി മുന്‍ ചെയര്‍മാന്‍ പ്രശോഭ് രംഗത്തുണ്ട്. എഐഎസ്എഫ് പ്രവര്‍ത്തകനായ താന്‍ കനൈയ്യ കുമാറിനെ അറസ്റ്റ് ചെയ്ത വിഷയമുമായി ബന്ധപ്പെട്ട് ക്ലാസുകളിൽ ക്യാംപെയ്ന്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചിറക്കി തല്ലിയെന്നു പ്രശോഭ് പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് സംഭവം. തല്ലിയതിനെതിരെ പ്രിന്‍സിപ്പലിനും അഗളി സിഐയ്ക്കും പരാതി നല്‍കി. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കാനായിരുന്നു പ്രിന്‍സിപ്പലിനു താല്പര്യം. അദ്ദേഹം വീട്ടില്‍ നിന്ന് അച്ഛനെ വിളിച്ചു വരുത്തി കേസ് ഒഴിവാക്കണമെന്നു പറഞ്ഞു. ഇതു കൂടാതെ കേസ് എടുക്കരുതെന്നു പൊലീസ് സ്റ്റേഷനിലും വിളിച്ചു പറഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് അട്ടപ്പാടിയിലെ മാദ്ധ്യമപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചുവെന്നും പ്രശോഭ് പറഞ്ഞു.

നടപടി എടുക്കാതെ പോയത് അന്പതോളം റാഗിംഗ് കേസുകളില്‍


'അട്ടപ്പാടി പോലൊരു സ്ഥലത്ത്, ദൈവാനുഗ്രഹം കൊണ്ടു കിട്ടിയ കോളേജാണ്' - പ്രിന്‍സിപ്പല്‍ വനരാജന്‍ സാര്‍ ജോയിന്‍ ചെയ്ത അന്നുമുതല്‍ പ്രസംഗവേദികളില്‍ ആവര്‍ത്തിക്കുന്ന ആദ്യത്തെ വരിയാണിത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അമ്പതോളം റാഗിംഗ് കേസുകളാണ് ഇവിടെ പുറംലോകം അറിയാതെ പോയത്. ഇതില്‍ കൂടുതലും പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമമാണെന്ന് കൂടി അറിയുക. വഴിയെ പോയ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി അധിക്ഷേപിച്ചതുമുതല്‍, മുടി പിടിച്ചു വലിച്ചതും, ശരീരത്തു ചായ ഒഴിച്ചതും ഷൂ മണപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഒരു കേസില്‍ പോലും നടപടിയുണ്ടായിട്ടില്ലെന്ന് ഒരു വിദ്യാര്‍ത്ഥിനി പറയുന്നു.

റാഗിംഗ് കേസില്‍ പരാതി നല്‍കുമ്പോള്‍ പിറ്റേന്നു രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാനാണു പ്രിന്‍സിപ്പല്‍ പറയുന്നത്. രക്ഷിതാക്കളുടെ മുന്നില്‍ വച്ചു പ്രിന്‍സിപ്പല്‍ കേസ് ചര്‍ച്ച ചെയ്തു തീര്‍ക്കും. പരാതിയുമായി മുന്നോട്ടു പോവാന്‍ അവര്‍ക്കും താല്‍പര്യമില്ല. നടപടികളെടുക്കാത്തതിനാല്‍ സീനിയേഴ്സിന് ഒരു കുഴപ്പവുമില്ല.

വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ മാത്രമാണു നടപടിയില്ലാത്തത്. കഴിഞ്ഞ വര്‍ഷം അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മലയാളം വിഭാഗം അധ്യാപിക നല്‍കിയ പരാതിയെ തുടര്‍ന്ന് മൂന്നുമാസമാണ് അഞ്ചു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ അടിവസ്ത്രം മാത്രമിട്ടു പുഷ് അപ്പ് എടുപ്പിച്ച സംഭവം ഉണ്ടായെന്നും ഇതിനെതിരെ വന്ന പരാതിയില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും മലയാളം വിഭാഗം മേധാവി മേഴ്സി നാരദാ ന്യൂസിനോടു പറഞ്ഞു.

അക്കാദമിക നിലവാരത്തെക്കുറിച്ച് അധ്യാപകർ


മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ നൂറോളം പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. സീനിയേഴ്‌സിന്റെയും മറ്റു ഗ്യാങ്ങുകളുടേയും ഗുണ്ടായിസം വര്‍ദ്ധിച്ചതിനാല്‍ പലരും പഠിത്തം നിര്‍ത്തിയ അവസ്ഥയിലാണ്. കോളേജ് ആരംഭിച്ച വര്‍ഷം മുതല്‍ താല്‍ക്കാലിക കെട്ടിടത്തില്‍ കഴിയുന്ന അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിന്റെ അവസ്ഥയും പരിതാപകരമാണ്.

ഷെഡ്ഡിനു സമാനമായ കെട്ടിടത്തില്‍ വളരെ അടുത്തടുത്താണ് ക്ലാസ് മുറികള്‍. ഒരു ക്ലാസില്‍ അധ്യാപകരില്ലെങ്കില്‍ അടുത്ത മുറിയില്‍ പഠിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അധ്യാപകര്‍ പറയുന്നു. 25 അധ്യാപകരാണ് കോളേജിലുള്ളത്. ഇതില്‍ അഞ്ചു പേര്‍ മാത്രമാണ് സ്ഥിര നിയമനക്കാര്‍. അക്കാദമിക് വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്ന സ്റ്റാഫ് കൗണ്‍സിലില്‍ ഗസ്റ്റ് അധ്യാപകരെ പങ്കെടുപ്പിക്കാറില്ല.

കോളേജിന്റെ വിജയ ശതമാനവും വളരെ കുറവാണ്. അട്ടപ്പാടി പോലുളള മേഖലയായതിനാല്‍ അധ്യാപകര്‍ സ്ഥിരം മാറിക്കൊണ്ടിരിക്കുന്നു. ഇതു വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. കോളേജിനായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം നിലച്ചിട്ട് ആറുമാസത്തിലധികമായെന്നും അധ്യാപകന്‍ പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ പ്രതികരണം


കോളേജ് നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകുകമാത്രമാണ് താന്‍ ചെയ്യുന്നതെന്ന് പ്രിന്‍സിപ്പല്‍ വനരാജന്‍ പറഞ്ഞു. ഒരു കുട്ടിയുടേയും ഭാവി കളയരുതെന്നു വിചാരിച്ചാണു കാര്യങ്ങള്‍ ചെയ്യുന്നത്. കോളേജിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല. അത്തരം പ്രശ്‌നങ്ങളാണു സമൂഹത്തിനു മുന്നിലേക്കു വരേണ്ടത്. അല്ലാതെ കുട്ടികള്‍ തമ്മിലുള്ള ചെറിയ വഴക്കുകളെ വലുതാക്കാനല്ല ശ്രമിക്കേണ്ടത്. കുട്ടികളുടെ നന്മയ്ക്കു വേണ്ടിയാണിതു ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമെന്നും പ്രിന്‍സിപ്പല്‍ വനരാജന്‍ നാരദയോടു പ്രതികരിച്ചു.

Read More >>