ഈ സുന്ദരി തൃശ്ശൂരിലെ ഫ്രീക്കന്‍ ഗഡികളുടെ മാത്രം ചങ്ക് ബ്രോ; കാനഡയില്‍ നിന്നും ഒരു വ്യത്യസ്തയായ ആരാധിക

ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസ്സിലെ സംഗീത സംഘമായ ഫ്രീക്കന്‍മാരോടൊപ്പം കലോത്സവ വേദികളില്‍ ചുറ്റിക്കറങ്ങുന്ന കാനഡക്കാരിയായ ജൊവാന്ന ശരിക്കും ആരാധികയാണ്- ആ ഫ്രീക്കന്‍ ഗഡികളുടെ ചങ്ക് ബ്രോ!

ഈ സുന്ദരി തൃശ്ശൂരിലെ ഫ്രീക്കന്‍ ഗഡികളുടെ മാത്രം ചങ്ക് ബ്രോ; കാനഡയില്‍ നിന്നും ഒരു വ്യത്യസ്തയായ ആരാധിക

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം. വേദി നാലില്‍ വൃന്ദവാദ്യം. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസ്സിന്റെ പ്രകടനത്തിലായിരുന്നു സദസ്സിന്റെ കണ്ണ് മുഴുവന്‍. നാഷ്ണല്‍ എച്ച്എസ്എസ്സിന്റെ വൃന്ദവാദ്യം അരങ്ങു തകര്‍ക്കുമ്പോഴും അണിയറയില്‍ നിര്‍ദ്ദേശങ്ങളുമായി കളം നിറഞ്ഞ കാനഡ സ്വദേശി ജൊവാന്ന ക്ലാപ്ലന്‍ ആയിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം.

.ഡ്രംസ്റ്റിക് കയ്യിലെടുത്ത് അസാധാരണമായ പ്രകടനം നടത്തുന്ന ജൊവാന്‍ സദസ്സിന്റെ ഹൃദയം കവര്‍ന്നു. കേരളത്തെ കുറിച്ച് കേട്ടറിഞ്ഞു കൂടിയാട്ടം പഠിക്കാന്‍ വന്ന ജൊവാന്ന കുട്ടികളുടെ ബാന്‍ഡിന്റെ ആരാധകയായി മാറുകയായിരുന്നു. കുട്ടികള്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ആസ്വാദകയായും ഗുരുനാഥയുമായൊക്കെയായി ജൊവാന്നയും ഉണ്ടാകും.


ജൊവാന്ന നല്ല ഒരു പാട്ടുകാരി കൂടിയാണ്. ജൊവാന്നയെ തങ്ങളുടെ ബാന്‍ഡില്‍ പാടിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടിപ്പട്ടാളം.

ആറുമാസം മുമ്പാണ് ബാന്‍ഡ് ജൊവാന്നയുമായി സൗഹൃദത്തിലാകുന്നത്.

ദേജാവു എന്ന ബാന്‍ഡിന്റെ കീഴിലുള്ള തൃശൂരിലുള്ള സ്ഥാപനത്തിലാണ് കുട്ടികള്‍ വൃന്ദവാദ്യം അഭ്യസിക്കുന്നത്. തൃശൂര്‍ സ്വദേശികളായ രാഹുല്‍ പിഎസ്, വിശാല്‍, അഭിനന്ദ്, തുടങ്ങിയ യുവാക്കളായിരുന്നു ഈ ബാന്‍ഡിന്റെ പിന്നില്‍.

കലോത്സവ വേദികളിലേയ്ക്കു വേണ്ടി കുട്ടികളെ ഇവര്‍ ഒരുക്കാറുണ്ട്. ആറുമാസം മുന്‍പാണ് കൂടിയാട്ടം പഠിക്കാനായി ജോവാന്ന കേരളത്തിന്റെ സംസ്‌കാരിക തലസ്ഥാനത്ത് എത്തിയത്. തൃശൂരുള്ള അമ്മന്നൂര്‍ ഗുരുകൂലത്തില്‍ കൂട്ടിയാട്ടം പഠിക്കുകയായിരുന്നു ലക്ഷ്യം. നല്ലൊരു നാടക കലാകാരി കൂടിയാണ് ജൊവാന്ന. കാനഡയില്‍ നിരവധി സ്റ്റേജുകളില്‍ പല കഥാപാത്രങ്ങള്‍ക്കു ഇവര്‍ ജീവന്‍ പകര്‍ന്നിട്ടുണ്ട്.

കലോത്സവത്തിനായി കുട്ടികളെ ഒരുക്കാനും ഒഴിവു ദിനങ്ങളില്‍ സംഗീതം അഭ്യസിക്കാനും വേണ്ടി ദേജാവു ഗ്രൂപ്പിലെ അംഗങ്ങള്‍ തിലങ്ക് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രദര്‍ശനത്തിനിടെയാണ് ജൊവാന്ന കുട്ടിക്കുറുമ്പുകളുടെ സംഗീതവുമായി പ്രണയത്തിലാകുന്നത്. പിന്നീട് നിത്യ സന്ദര്‍ശകയായി മാറി.

അവിടെയുളള കുട്ടികളാണ് സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച് ജൊവാന്നയോട് പറഞ്ഞത്. പിന്നെ ഒന്നും ആലോചിക്കാതെ കുട്ടികളുടെ ഒപ്പം കൂടി. ഗാനമേള മത്സരത്തിലും ഈ സംഘം പങ്കെടുക്കുന്നുണ്ട്. ഗാനമേളയും ആസ്വദിക്കാന്‍ താന്‍ മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്ന് ജൊവാന്നാ നാരദാ ന്യൂസിനോടു പറഞ്ഞു. ഓട്ടന്‍തുള്ളല്‍ പഠിക്കണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് അവര്‍ പറഞ്ഞു.

അര്‍ജ്ജുന്‍, ദേവനാഥ്, ആന്റണി, നിഖില്‍ ഗൗതം, ശ്രാവണ്‍ ജോര്‍ജ്  തുടങ്ങിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ജോവാന്നായുടെ മനം കവര്‍ന്ന ഗായകര്‍. ഈ ഗായക സംഘത്തോടോപ്പം ഏതു സമയത്തും ജൊവാന്നയെ കാണാം. ചെറുപ്പം മുതലേ വിവിധ കലാരൂപങ്ങള്‍ പഠിക്കാന്‍ തനിക്കും അവസരം ലഭിച്ചിട്ടുണ്ട്. സംഗീതവും ചെറുപ്പത്തിലേ അഭ്യസിച്ചു.

കേരളത്തില്‍ കുട്ടികള്‍ക്കു ചെറുപ്പം മുതല്‍ കലാ കായിക ഇനങ്ങള്‍ പഠിക്കാന്‍ മാതാപിതാക്കള്‍ അവസരം ഒരുക്കുന്നത് വളരെ നല്ല കാര്യമാണ്. എന്തിനോടും ക്രിയാത്മകമായി പെരുമാറുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. ഈ നാടും നാട്ടുകാരും എന്നെ മോഹിപ്പിക്കുന്നു.

തൂശനിലയില്‍ വിഭവങ്ങള്‍ക്കൊപ്പം മീന്‍ക്കറി കൂട്ടി കഴിക്കുന്ന ഊണിന് വല്ലാത്ത രുചിയാണെന്നും ജൊവാന്ന കൂട്ടിച്ചേര്‍ത്തു.

ചിത്രങ്ങള്‍: സാബു കോട്ടപ്പുറം