കേരളത്തിലും അജ്ഞാത ഹാക്കര്‍ പോരാളികള്‍: ജിഷ്ണുവിന്റെ ഹത്യയ്ക്ക് പ്രതികാരം ചെയ്യുമെന്ന് വീഡിയോ; സ്വാശ്രയ കോളേജുകള്‍ ഹാക്കിങ് ഭീഷണിയില്‍

മൂല്യബോധമുള്ള ഹാക്കര്‍മാരുടെ സൈബര്‍ പോരാട്ടം കേരളത്തിലും. നെഹ്രു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ഹത്യയുമായി ബന്ധപ്പെട്ട്, അനീതിക്കെതിരെ പോരാടുമെന്ന് അജ്ഞാതരായ ഹാക്കര്‍മാര്‍ വെളിപ്പെടുത്തുന്ന വീഡിയോ. സ്വാശ്രയ പീഡനങ്ങള്‍ക്കെതിരായ സമരത്തില്‍ ഹാക്കര്‍മാരും പങ്കുചേരുകയാണ്- കേരളത്തിലാദ്യമായാണ് ഹാക്കര്‍പോരാട്ടം

കേരളത്തിലും അജ്ഞാത ഹാക്കര്‍ പോരാളികള്‍: ജിഷ്ണുവിന്റെ ഹത്യയ്ക്ക് പ്രതികാരം ചെയ്യുമെന്ന് വീഡിയോ;  സ്വാശ്രയ കോളേജുകള്‍ ഹാക്കിങ് ഭീഷണിയില്‍

ഞങ്ങള്‍ ഹാക്കര്‍മാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അടുത്ത വീട്ടിലെ പയ്യന്‍സ്, ആക്റ്റിവിസ്റ്റുകള്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ക്ലര്‍ക്കുമാര്‍, പണക്കാര്‍, പാവപ്പെട്ടവര്‍, ചെറുപ്പക്കാര്‍, വയസ്സായവര്‍, സ്വവര്‍ഗരതിക്കാര്‍, പല മതക്കാര്‍, വംശജര്‍ എന്നിങ്ങനെ ആരുമായിരിക്കാം. ഞങ്ങള്‍ ഇതിനെല്ലാമപ്പുറം ഒന്നാണ്. ഞങ്ങള്‍ ലോകം മുഴുവനും ഉണ്ട്. ആദ്യം തന്നെ ഞങ്ങള്‍ ജിഷ്ണു പ്രണോയുടെ കുടുംബത്തിന്റേയും കൂട്ടുകാരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു- യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നു.


മൂല്യബോധമുള്ള ഹാക്കര്‍മാരുടെ സൈബര്‍ പോരാട്ടം കേരളത്തിലും. നെഹ്രു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ഹത്യയുമായി ബന്ധപ്പെട്ട്, അനീതിക്കെതിരെ പോരാടുമെന്ന് അജ്ഞാതരായ ഹാക്കര്‍മാര്‍ വെളിപ്പെടുത്തുന്ന വീഡിയോ. സ്വാശ്രയ പീഡനങ്ങള്‍ക്കെതിരായ സമരത്തില്‍ ഹാക്കര്‍മാരും പങ്കുചേരുകയാണ്- കേരളത്തിലാദ്യമായാണ് ഹാക്കര്‍പോരാട്ടം. തങ്ങളെന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ, ലോകത്തെ 'ഔദ്യോഗിക അജ്ഞാത'രുടെ ഫോര്‍മാറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോഗോ, മ്യൂസിക്, പ്രസന്റേഷന്‍ എന്നിവയെല്ലാം തന്നെ വൈദഗ്ധ്യത്തോടെ പൂര്‍ത്തിയാക്കിയിരിക്കുന്നു.

നെഹ്‌റുകോളേജിന്റെ സെര്‍വ്വറില്‍ കടന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് ഇവരാണെന്നാണ് അവകാശവാദം.

'ഇത് നെഹ്രു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിനുള്ള ഒരു തുറന്ന സന്ദേശമാണ്. നിങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി കണ്ടു. അതു നിര്‍ത്തുക. ഞങ്ങള്‍ നിങ്ങളുടെ വൃത്തികെട്ട വിദ്യാഭ്യാസ കച്ചവടം നിര്‍ത്തിക്കാന്‍ പോകുകയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവര്‍ക്കും ഇനി ഇന്റര്‍നെറ്റില്‍ സുരക്ഷിതമായ ഇടമില്ല. എത്രയും വേഗം ജോലി രാജി വച്ച് പോകുക. അല്ലെങ്കില്‍ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും രഹസ്യരേഖകളും പുറത്തു വിടുന്നതായിരിക്കും'- വീഡിയോയില്‍ പറയുന്നു.

https://www.youtube.com/watch?v=s8GSnNj7mV0

നെഹ്രു കോളേജ് പോലെയുള്ള പീഡനാലയങ്ങള്‍ ഈ രാജ്യത്ത് ആവശ്യമില്ല. ഞങ്ങളുടെ സഹോദരീസഹോദരന്മാരോടു നിങ്ങള്‍ ചെയ്തതിന്റെ വില നിങ്ങള്‍ കൊടുക്കേണ്ടി വരും. കേരളത്തിലെ സഹോദരീസഹോദരന്മാരേ, അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തൂ. ഡെമോക്രസിയുടെ സമയം എത്തിക്കഴിഞ്ഞു. യഥാര്‍ഥ മാറ്റത്തിനുള്ള സമയമായിക്കഴിഞ്ഞു. കേരളത്തില്‍ എല്ലാ ജനങ്ങളൊടും ഈ അനീതികളെ പിഴുതെറിയാനും ഒരു പുതിയ യുഗം സൃഷ്ടിക്കാനും ഞങ്ങളൊടൊപ്പം ചേരാന്‍ ക്ഷണിക്കുന്നു. ഞങ്ങള്‍ അജ്ഞാതരാണ്. ഞങ്ങള്‍ക്ക് മതമില്ല. നെഹ്രു ഗ്രൂപ്പിനെപ്പോലെയുള്ള വികലമായ സ്ഥാപനങ്ങള്‍ ഞങ്ങള്‍ മറക്കുകയുമില്ല പൊറുക്കുകയുമില്ല- വീഡിയോ താക്കീത് ചെയ്യുന്നു.

നെഹ്‌റു കോളേജിനെതിരെ പുറത്തു വിട്ടത് വലിയ പോരാട്ടത്തിലെ തീരെ ചെറിയ ഒരു ചുവടു മാത്രമാണെന്നും പോരാട്ടം തുടരുമെന്നും ഈ അജ്ഞാതപോരാളികള്‍ നാരദയ്ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്മാറിയാലും ഈ അജ്ഞാതപോരാളികള്‍ സ്വാശ്രയപീഡനങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നാണു വ്യക്തമാകുന്നത്. സാങ്കേതിക സര്‍വ്വകലാശാലയുടെ കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളടക്കം സംശയകരമാണ്. മറ്റക്കര ടോംസ് കോളേജിന് അനധികൃതമായ അംഗീകാരങ്ങള്‍ ലഭിച്ചു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തെത്തുകയാണ്.

Read More >>