സോഷ്യൽമീഡിയയിൽ പരാതി ഉന്നയിച്ചാല്‍ സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേനാമേധാവി

അതിര്‍ത്തികളില്‍ കഴിയുന്ന ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന്റെ ഫെയ്‌സ്ബുക്ക് വീഡിയോ വിവാദമായിരുന്നു. അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ചില ജവാന്‍മാരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടാകുമെന്ന കരസേനാമേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്

സോഷ്യൽമീഡിയയിൽ പരാതി ഉന്നയിച്ചാല്‍ സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേനാമേധാവി

സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികള്‍ സോഷ്യല്‍ മീഡിയ വഴി ഉന്നയിക്കുന്ന ജവാന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൈനികമേധാവി ബിപിന്‍ റാവത്ത്. ചട്ടപ്രകാരമല്ലാതെ സേനയിലെ കാര്യങ്ങളില്‍ പരാതി ഉന്നയിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം ചോര്‍ത്തുമെന്നും ഇത് ശിക്ഷാര്‍ഹമായി കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തികളില്‍ കഴിയുന്ന ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഫെയ്‌സ്ബുക്ക് വീഡിയോ വിവാദമായിരുന്നു. ഇതിനു പിന്നാലെ അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ മറ്റ് ജവാന്‍മാരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങള്‍ അലക്കേണ്ട അവസ്ഥ വരെ തങ്ങള്‍ക്കുണ്ടെന്നായിരുന്നു മറ്റൊരു സൈനികന്റെ പോസ്റ്റ്. സേനയിലെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സൈനികമനേധാവിയുടെ ഇടപെടല്‍.


ജവാന്‍മാര്‍ പരാതികള്‍ സേനയിലെ പരാതി പരിഹാര സംവിധാനം വഴി ഉന്നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനാ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പ്രകോപനങ്ങളുണ്ടായാല്‍ തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പരോക്ഷ മുന്നറിയിപ്പും ബിപിന്‍ റാവത്ത് നല്‍കി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന്റെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>