വിധിയില്ല; തമിഴകത്തിന് ജല്ലിക്കട്ടില്ലാത്ത പൊങ്കൽ

രാഷ്ട്രീയത്തിലേയും കലാരംഗത്തേയും ഒട്ടേറെ പ്രമുഖർ ജല്ലിക്കട്ടിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. സുപ്രീം കോടതി വിധി തയ്യാറാണെങ്കിലും ശനിയാഴ്ചയ്ക്ക് മുമ്പ് പ്രസ്താവിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ പൊങ്കലിന് ജല്ലിക്കട്ട് ഉണ്ടാവില്ലെന്ന് ഉറപ്പായി.

വിധിയില്ല; തമിഴകത്തിന് ജല്ലിക്കട്ടില്ലാത്ത പൊങ്കൽ

ജല്ലിക്കട്ട് നിരോധനം നീക്കണമെന്ന തമിഴ് ‌നാടിന്റെ ആവശ്യത്തിനു മേൽ ശനിയാഴ്ചയ്ക്ക് മുൻപ് വിധി പ്രസ്താവിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചതോടെ തമിഴർക്ക് ഈ വർഷവും ജല്ലിക്കട്ടില്ലാതെ പൊങ്കൽ ആഘോഷിക്കേണ്ടി വരും.

ബെഞ്ചിനോട് വിധി പ്രസ്താവിക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് പരമോന്നത കോടതി പറഞ്ഞു.

കഴിഞ്ഞ നവംബറിൽ തമിഴ് ‌നാട് സർക്കാർ സമർപ്പിച്ച പുന:പരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയതോടെ പൊങ്കലിന് ജല്ലിക്കട്ടെന്ന തമിഴരുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.


ജല്ലിക്കട്ട് വിനോദത്തിന്റെ ഭാഗമായി കാളകളെ പീഡിപ്പിക്കാനിടയുണ്ടെന്ന് നിരീക്ഷിച്ച ബഞ്ച് മൃഗങ്ങളോടുള്ള ക്രൂരത അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള 1960 ലെ നിയമം അനുസരിച്ച് ജല്ലിക്കട്ട് അനുവദിക്കാനുള്ള സാഹചര്യമില്ല.

അണ്ണാ ഡിഎം കെ ജനറൽ സെക്രട്ടറി ശശികല  നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തമിഴ് ‌നാട്ടിലെ പരമ്പരാഗത കായികവിനോദവും ഗ്രാമീണ, കാർഷിക ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമായ ജല്ലിക്കട്ടിനെ അനുകൂലിച്ച് അവർ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

ജല്ലിക്കട്ടിനെ അനുകൂലിച്ച് ഒട്ടേറെ പ്രമുഖർ രംഗത്തെത്തിയിരുന്നെങ്കിലും സുപ്രീം കോടതിയുടെ പുതിയ വിധിയോടെ തമിഴ്നാട് ഇത്തവണ ജല്ലിക്കെട്ടില്ലാതെ തന്നെ പൊങ്കൽ ആഘോഷിക്കേണ്ടി വരുമെന്ന് ഉറപ്പായി.

Read More >>