സോപ്പിടാം, പക്ഷെ എപ്പോഴും വേണ്ട!

എല്ലാ അണുക്കളും കീടാണുക്കള്‍ അല്ല എന്ന തിരിച്ചറിവ് ആദ്യമുണ്ടാകണം. ചര്‍മത്തിന്റെ സ്വാഭാവികമൃദുത്വത്തിന്നും തിളക്കത്തിനും ഈ സൂക്ഷ്മജീവികള്‍ ആവശ്യമാണ് താനും.

സോപ്പിടാം, പക്ഷെ എപ്പോഴും വേണ്ട!

ദിവസവും മൂന്ന് നേരം കുളിക്കുന്നത് നല്ലത് തന്നെ, എന്നാല്‍ ഇത്രയധികം പ്രാവശ്യവും സോപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ അണുക്കളെ പുറന്തള്ളാനാണ് സോപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.

ശരീരദുര്‍ഗന്ധം അകറ്റാനും ശരീരത്തിന്‍റെ ഉഷ്മാവ് നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള സോപ്പുകള്‍ നമ്മള്‍ തിരഞ്ഞുപിടിച്ച് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും എന്നാണെങ്കിലോ?

സോഡിയം സിലിക്കേറ്റ്, ചില ആന്റിസെപ്റ്റിക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണു ബാത്തിംഗ് സോപ്പുകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.


എല്ലാ അണുക്കളും കീടാണുക്കള്‍ അല്ല എന്ന തിരിച്ചറിവ് ആദ്യമുണ്ടാകണം. ചര്‍മത്തിന്റെ സ്വാഭാവികമൃദുത്വത്തിന്നും തിളക്കത്തിനും ഈ സൂക്ഷ്മജീവികള്‍ ആവശ്യമാണ് താനും. സോപ്പ് നേരിട്ട് ചര്‍മ്മത്തില്‍ ഉരച്ചുകഴുകുമ്പോള്‍ നമ്മള്‍ ഇത്തരത്തിലുള്ള സൂക്ഷ്മജീവികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ഫലത്തില്‍ ചര്‍മ്മത്തിന്റെ ഘടനയെ പോലും മാറ്റിമറിക്കുന്നു.

ആന്റി-ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ദോഷകരം. കീടാണുക്കളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കും എന്ന് ഒരു സോപ്പിന്റെ പരസ്യവും പറയുന്നില്ല. ചര്‍മ്മത്തിന് ആവശ്യമുള്ള നല്ല അണുക്കളെയും കീടാണുക്കളെയും ഇത്തരം സോപ്പുകള്‍ എങ്ങനെ വേര്‍തിരിച്ചു കണ്ടെത്തും എന്ന ചോദ്യം പ്രസക്തവുമാണ്.

നല്ല ബാക്ടീരിയയെ ഇത്തരത്തില്‍ പതിവായി നശിപ്പിക്കുന്നത് മാത്രം മതി ചര്‍മ്മരോഗങ്ങള്‍ക്ക് വഴി തുറക്കാന്‍.

ചികിത്സിക്കാന്‍ പ്രയാസമുള്ള ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്നതിന്റെ പ്രാധാനകാരണങ്ങളില്‍ ഒന്ന്‍ ആന്റി ബാക്ടീരിയല്‍ ജെല്ലിന്റെ അമിതമായ ഉപയോഗമാണെന്ന് കഴിഞ്ഞ വര്‍ഷം ലോകാരോഗ്യസംഘടന ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

അതിനാല്‍ നല്ല സുഗന്ധവും ഐസ് പോലെയുള്ള തണുപ്പും കീടാണുക്കളുടെ ഘാതകര്‍ എന്നുമെല്ലാം അവകാശപ്പെടുന്ന സോപ്പ് ഉപയോഗിക്കും മുന്‍പ് സ്വന്തം ചര്‍മ്മത്തെ അറിയേണ്ടത് പ്രധാനമാണ്. ദിവസവും രണ്ടും മൂന്നും പ്രാവശ്യം കുളിക്കുന്നവര്‍ എപ്പോഴും സോപ്പ് പതപ്പിച്ചു കുളിക്കുന്നത് ഒഴിവാക്കി ശുദ്ധവെള്ളത്തില്‍ ശരീരം വൃത്തിയാക്കിയെടുക്കുക. വല്ലാതെ വിയര്‍ക്കുമ്പോഴും, ദേഹത്ത് അഴുക്കുണ്ട് എന്ന് അനുഭവപ്പെടുമ്പോള്‍ മാത്രം സോപ്പ് ഉപയോഗിക്കുക, അതും ചര്‍മ്മത്തിന് അധികം ദോഷമല്ലാത്തവ

ചര്‍മ്മത്തിന് സ്വാഭാവികമായി വേണ്ട ഈര്‍പ്പം നിലനിര്‍ത്തി നല്ല ബാക്ടീരിയയെ തുടരാന്‍ അനുവദിക്കുന്നതാണ് ആരോഗ്യപരമായ വിവേകം