കൃഷ്ണകുമാരിയും അബ്ദുൾകലാമും പ്രേമവിവാഹിതരല്ല; ജാതിക്കോട്ടകളോടും മതവെറിയന്മാരോടും പൊരുതി അവർ അതിജീവിച്ചത് 33 കഠിനവർഷങ്ങൾ

സ്ത്രീധനമോ ജാതിയോ പ്രശ്‌നമല്ലെന്ന പരസ്യം കണ്ട്, ആചാരനിബദ്ധമായ ജീവിതം ഉപേക്ഷിച്ച് മിശ്രവിവാഹം തിരഞ്ഞെടുത്തു കൃഷ്ണകുമാരി, 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. വരനായത് യുക്തിവാദിയായ അബുദുള്‍ കലാം. മൂന്നു പെണ്‍മക്കളും മിശ്രവിവാഹിതരായി- അതും അറേഞ്ച്ഡ് തന്നെ! ഇരുജാതിയിലെ ദമ്പതികളായതിനാല്‍ നാട്ടുകാരാ വീടിന് ഇരുജാതി സാറിന്റെ വീടെന്ന് ഓമനപ്പേരിട്ടു. ജാതിശീലങ്ങൾക്കു തീകൊളുത്തി, ആചാരങ്ങളുടെ ശാഠ്യങ്ങൾക്കു കീഴടങ്ങാത്ത മുപ്പത്തിമൂന്നു വർഷങ്ങളുടെ ജീവിതാനുഭവങ്ങൾ കൃഷ്ണകുമാരി നാരദാ ന്യൂസിനോടു തുറന്നുപറയുന്നു... വിവാഹത്തെക്കുറിച്ച്, മക്കളെക്കുറിച്ച്, മരുമക്കളെക്കുറിച്ച്, ആചാരങ്ങളെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്...

കൃഷ്ണകുമാരിയും അബ്ദുൾകലാമും പ്രേമവിവാഹിതരല്ല; ജാതിക്കോട്ടകളോടും മതവെറിയന്മാരോടും പൊരുതി അവർ അതിജീവിച്ചത് 33 കഠിനവർഷങ്ങൾ

സദ്യ വിളമ്പുമ്പോൾ തൂശനിലയൊന്നു തലതിരിച്ചിട്ടു നോക്കൂ. സമൂഹത്തിന്റെ തനിസ്വരൂപം ടിക്കറ്റെടുക്കാതെ കാണാം.

കറി വിളമ്പുമ്പോൾ ഇഞ്ചി, നാരങ്ങ ക്രമമൊന്നു തെറ്റിപ്പോയാലോ, കലാപം നടന്നില്ലെങ്കിൽ ഭാഗ്യം. അങ്ങനെയൊരു സമൂഹത്തിലാണ് ജനനം, മരണം, വിവാഹം,  ചോറൂണ്, നൂലുകെട്ട്, പേരിടൽ എന്നിവയുമായി ബന്ധപ്പെട്ട, അണുവിട തെറ്റിക്കാൻ പാടില്ലാത്ത ആചാരങ്ങളെ ഒരു വിട്ടുവീഴ്ചയുമില്ലാതെ ലംഘിച്ച് കിളിമാനൂരിലെ അബ്ദുൽ കലാമും കൃഷ്ണകുമാരിയും ജീവിക്കുന്നത്.


കുത്തുവാക്കുകളെയും പരിഹാസങ്ങളെയും അതിജീവിച്ച അവർ മൂന്നു പെൺമക്കളെയും മിടുക്കിമാരായി വളർത്തി.  മിശ്രവിവാഹ ജീവിതത്തിനു പ്രാപ്തരാക്കി. ദൈവഭയവും ജാതി ചിന്തയും തീണ്ടാതെ ചിന്തിക്കാൻ പഠിപ്പിച്ചു.

[caption id="attachment_75221" align="aligncenter" width="538"] അബ്ദുൽ കലാമിന്റെയും കൃഷ്ണകുമാരിയുടെയും വിവാഹം[/caption]

അങ്ങനെ, ജാതിശീലങ്ങൾക്കു തീകൊളുത്തി, ആചാരങ്ങളുടെ ശാഠ്യങ്ങൾക്ക് കീഴടങ്ങാത്ത 33 വർഷങ്ങളുടെ ജീവിതാനുഭവങ്ങൾ കൃഷ്ണകുമാരി നാരദാ ന്യൂസിനോടു പറയുന്നു. വിവാഹത്തെക്കുറിച്ച്, മക്കളെക്കുറിച്ച്, മരുമക്കളെക്കുറിച്ച്, ആചാരങ്ങളെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്...

എന്തായിരുന്നു കുടുംബസാഹചര്യം?


കായംകുളത്താണു വീട്. ദാമോദരൻ എന്നാണ് അച്ഛന്റെ പേര്. അച്ഛൻ ആദ്യം കമ്മ്യൂണിസ്റ്റുകാരനായിരുന്നു. പിന്നീട് പാര്‍ട്ടിയുമായി തെറ്റി കോൺഗ്രസിലെത്തി. നല്ല വായനക്കാരനായിരുന്നു. മാർക്സിന്റെയും ഏംഗൽസിന്റെയുമൊക്കെ പുസ്തകങ്ങൾ അച്ഛന്റെ വായനാ പട്ടികയിലുണ്ടായിരുന്നു. തീരെ പാവപ്പെട്ട ജീവിതസാഹചര്യം. വായിച്ചു വളർന്നവരാണു ഞങ്ങൾ. സാമ്പത്തികസാഹചര്യം തീരെ പരിതാപകരമായിരുന്നു. കഷ്ടപ്പാടിനിടയിലും ഞങ്ങൾക്കു നല്ല വിദ്യാഭ്യാസം ലഭിച്ചു. ആകെയുളള സമ്പാദ്യം അതാണ്. അതു മാത്രം.

എങ്ങനെയായിരുന്നു വിവാഹം?


എംഎ എക്കണോമിക്സ് പഠിക്കുന്ന കാലത്താണ് മാതൃഭൂമി വാരികയിലെ ആ പരസ്യം.

ഞങ്ങൾ മംഗളവും മനോരമയും വായിക്കുന്നവരായിരുന്നില്ല. മാതൃഭൂമിയും കലാകൗമുദിയുമായിരുന്നു സ്ഥിരമായി വായിക്കുന്ന പ്രസിദ്ധീകരണങ്ങൾ. 1982 ഏപ്രിൽ മാസത്തിലിറങ്ങിയ മാതൃഭൂമിയിലാണ് ആ വിവാഹ പരസ്യം കണ്ടത്. അന്ന് എനിക്ക് 28 വയസാണു പ്രായം. നന്നായി വായിക്കുമായിരുന്നു. കുട്ടികളെ പഠിപ്പിക്കുമായിരുന്നു. സി രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ എന്ന നോവൽ പ്രസിദ്ധീകരിച്ച കാലം.പരസ്യത്തിലെ , "കാസ്റ്റ് ആൻഡ് ഡൗറി നോ ബാർ" എന്ന വാചകമാണ് ഏറെ ആകർഷിച്ചത്.  അതിൽത്തന്നെ ഡൗറി ഇല്ല എന്ന വാചകം.

പരസ്യത്തിൽ ആളുടെ മതവും പേരുമില്ലായിരുന്നു. എന്നാലും പ്രതികരിച്ചു.

എന്നാൽ അബ്ദുൽ കലാം എന്നാണ് ആളിന്റെ പേരെന്നും മുസ്ലിമാണെന്നും മനസിലായതോടെ ആലോചനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. അപ്പോഴതാ അടുത്ത കത്ത്. എന്തുകൊണ്ടാണു പിന്മാറുന്നത്, മതമാണോ കാരണം എന്നൊക്കെയായി ചോദ്യങ്ങൾ.  എന്തോ ചില കള്ളങ്ങൾ പറഞ്ഞ് മറുപടി അയച്ചു. അങ്ങനെ നാലോ അഞ്ചോ കത്തിടപാടുകൾ. ആ കത്തിടപാടുകളിലൂടെയാണു ഞങ്ങൾ അടുത്തത്.

[caption id="attachment_75222" align="aligncenter" width="500"]
കൃഷ്ണകുമാരിയും അബ്ദുൾകലാമും - പഴയ ചിത്രം[/caption]

ആൾ മുസ്ലിമാണെന്നറിഞ്ഞപ്പോൾ എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം?


കല്യാണം തീരുമാനിക്കുന്നതുവരെ അച്ഛനിൽ നിന്ന് അബ്ദുൽ കലാം എന്ന പേരു മറച്ചുവെച്ചു. വേറൊരു പേരാണ് അച്ഛനോടു പറഞ്ഞത്. അമ്മയ്ക്കും മറ്റുള്ളവർക്കും അറിയാമായിരുന്നു. ഇപ്പോഴും മകൾ ഒരു മുസ്ലിമിനെ വിവാഹം കഴിച്ച സാഹചര്യത്തോടു പൊരുത്തപ്പെടാൻ അച്ഛനു കഴിഞ്ഞിട്ടില്ല. അതുപോലെ, പല ബന്ധുക്കളും എതിർത്തു.

ഇത്രയും പഠിപ്പിച്ചിട്ട് മകളെ മേത്തനു കെട്ടിച്ചുകൊടുത്തു എന്നായിരുന്നു ഏറ്റവും പ്രധാന അധിക്ഷേപം. അവർക്കറിയേണ്ടത്, മുണ്ടും ചട്ടയും എങ്ങനെ ധരിക്കും, അലുക്കത്ത് ഇടുമോ, മതം മാറ്റുമോ എന്നൊക്കെയായിരുന്നു. എന്റെ കല്യാണം നടക്കുന്ന സമയത്തു വലിയ ബഹളമായിരുന്നു.

മാതാപിതാക്കൾ  എവിടെ തിരിഞ്ഞാലും "മകളെ മേത്തന്റെ കൂടെ കെട്ടിച്ചു", "മേത്തനു കെട്ടിച്ചു" എന്ന കുത്തുവാക്കു പിറകേയുണ്ടായിരുന്നു. വിവാഹത്തിൽനിന്നു പിന്മാറാൻ ഞങ്ങളുടെ അയൽക്കാരും ബന്ധുക്കളുമൊക്കെ പരമാവധി സമ്മർദ്ദം ചെലുത്തി. സിപിഎമ്മുകാരുൾപ്പെടെ ആ പ്രചരണത്തിൽ പങ്കെടുത്തിരുന്നു എന്നതാണ് ഏറ്റവും ഖേദകരം.

ഈഴവ പെൺകുട്ടി മുസ്ലിമിനെ പ്രണയിച്ചു വിവാഹം കഴിച്ചാൽ ഒരുപക്ഷേ, ഇത്രയും പ്രശ്നമുണ്ടാകുമോ? അറേഞ്ച്ഡ് കല്യാണമായതുകൊണ്ടായിരുന്നോ ഇത്രയും രൂക്ഷമായ സാമൂഹ്യസമ്മർദ്ദം ഉണ്ടായത്?


അതേ. അതുകൊണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യം ആ സമൂഹത്തിന് ഉൾക്കൊള്ളാനേ കഴിഞ്ഞിരുന്നില്ല.

വിവാഹത്തിനു പിന്തുണ നൽകിയവരുമുണ്ടായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി വയലാർ രവി എന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന തുണ്ടത്തിൽ കുഞ്ഞു കൃഷ്ണപിളളയും. രമേശ് ചെന്നിത്തല ഞങ്ങൾക്കു പിന്തുണ നൽകിയ വ്യക്തിയാണ്. "എന്താടോ ഇട്ടേച്ചു പോകാനുദ്ദേശമുണ്ടോ" എന്ന് അന്ന് വയലാർ രവി ഇദ്ദേഹത്തോടു നേരിട്ടുതന്നെ ചോദിച്ചു,

[caption id="attachment_75223" align="aligncenter" width="500"]
കൃഷ്ണകുമാരി - അബ്ദുൾകലാം ദമ്പതികളുടെ മക്കൾ അനിഷ (നീനു), അഷിന (നീതു), അഷിത (നീലു) - പഴയ ചിത്രം[/caption]

കുടുംബത്തിൽ നിന്ന് ആരൊക്കെ വിവാഹത്തിൽ പങ്കെടുത്തു?


മിക്കവാറും പേർ അകന്നുനിന്നു. അമ്മയുടെ കുടുംബത്തിൽ നിന്നു ചേച്ചിയുൾപ്പെടെ വന്നില്ല. അച്ഛന്റെ കുടുംബത്തിൽ നിന്ന് അച്ഛന്റെ അനുജൻ മാത്രമേ പങ്കെടുത്തുള്ളൂ. വേറെയാരും വന്നില്ല.

നാട്ടുകാർ?


നാട്ടുകാരൊക്കെ പങ്കെടുത്തിരുന്നു. അച്ഛൻ പൊതുപ്രവർത്തകനായതുകൊണ്ടു സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ എത്തിയിരുന്നു. വന്നെങ്കിലും എല്ലാവരും ചർച്ച ചെയ്യാനാണു വന്നത്. എന്നാലും മേത്തനെയാണല്ലോ കല്യാണം കഴിക്കുന്നത് എന്ന ചർച്ചയായിരുന്നു എങ്ങും.

കല്യാണത്തിനെത്തിയവരുടെ സംശയങ്ങൾക്കു മുന്നിൽ ഏറ്റവും പൊറുതിമുട്ടിയത് അമ്മയായിരുന്നു. 'അയ്യോ ചേച്ചീ, എങ്ങനെ തോന്നി, മേത്തനെക്കൊണ്ടു മോളെ കെട്ടിക്കാൻ... അവർ ഒന്നു കെട്ടിയിട്ടു കൊണ്ടു കളയും...' അമ്മയ്ക്ക് ഇതൊക്കെ കേട്ടു വലിയ ആശങ്കയായിരുന്നു. വിവാഹശേഷം മകളുടെ ജീവിതം എങ്ങനെയാകുമെന്ന ആധി ഏത് അമ്മയ്ക്കും ഉണ്ടാവും. ആ ആധി എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു.

വിവാഹത്തിനു ശേഷവും സമൂഹത്തിന്റെ സംശയം മാറിയിരുന്നില്ല. എങ്ങോട്ടു തിരിഞ്ഞാലും ചോദ്യങ്ങളും സംശയങ്ങളും വേട്ടയാടിക്കൊണ്ടേയിരുന്നു. നിങ്ങളെ അവരുടെ കൂട്ടത്തിൽ ചേർത്തോ? അതായിരുന്നു എല്ലാർക്കും അറിയേണ്ടിയിരുന്ന കാര്യം. അവരുടെ വീട്ടുകാരെങ്ങനെയാണ്? തട്ടമിടുന്നവരാണോ?

മേത്തനോടൊത്തുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന സംശയവുമായി വിവാഹത്തിനു മുമ്പും പിമ്പും സമൂഹം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.


ആ സാഹചര്യം വ്യക്തിപരമായി എങ്ങനെയാണു നേരിട്ടത്?


എന്റെ ഭർത്താവിന്റെ പേരു പറയാൻ എനിക്കു ഭയമായിരുന്നു. ഭർത്താവ് മുസ്ലിമാണെന്നറിഞ്ഞാൽ ഒറ്റപ്പെടുത്തുമെന്ന ഭീതി. അമ്പലത്തിൽ പോവുകയും പൊങ്കാലയിടുകയും വിളക്കു കത്തിക്കുകയും ഭഗവാന് മാല കെട്ടിക്കൊടുക്കുകയുമൊക്കെ ചെയ്തുവന്നിരുന്ന ദൈവവിശ്വാസിയായ സാധാരണ സ്ത്രീയായിരുന്നു ഞാൻ.

ഈ ചോദ്യങ്ങളും സംശയങ്ങളും ഉപദേശങ്ങളുമൊക്കെ എന്നിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്റെ ഭാവിയെക്കുറിച്ചുള്ള ആധി. അതു സ്വാഭാവികമാണല്ലോ. ഇത്രയും കാലം പെണ്ണായി ജീവിച്ച ആൾ ഒരു സുപ്രഭാതത്തിൽ ആണായി മാറിയാലുള്ള അവസ്ഥയുണ്ടല്ലോ. ഏതാണ്ട് അങ്ങനെയൊരു മാനസികാവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരുന്നത്.

ഇപ്പോഴും പലരുടെയും സംശയം തീർന്നിട്ടില്ല. അറേഞ്ച്ഡ് മാര്യേജാണോ ലൗ
മാര്യേജാണോ എന്നറിയാനുളള ആകാംക്ഷ കെട്ടിട്ടില്ല. കഴിഞ്ഞദിവസം വന്ന ഡ്രൈവർ പോലും ചോദിച്ചു. ലൗ മാര്യേജാണോ എന്ന്. കുട്ടികളും ഈ ചോദ്യത്തിനു മറുപടി പറഞ്ഞു മടുത്തു. എന്തു മറുപടിയാ ഇതിനോടൊക്കെ പറയുക. ഒരു മുൻപരിചയവുമില്ലാത്ത മുസ്ലിമും ഹിന്ദുവും അറേഞ്ച്ഡ് മാര്യേജ് നടത്തി ജീവിക്കുന്നു എന്ന സത്യം വിശ്വസിക്കാൻ പലർക്കും കഴിയുന്നില്ല.

ആ സങ്കടപ്പുഴ എങ്ങനെ നീന്തിക്കടന്നു എന്ന് ഇപ്പോഴും അറിയില്ല. അതിജീവിച്ചു.

ആദ്യത്തെ കുട്ടിയുടെ ജനനം, പേരിടൽ, നൂലുകെട്ട്, ചോറൂണ്... വിഭിന്നമായ ചടങ്ങുകളാണ് രണ്ടുകൂട്ടർക്കും. അതൊക്കെ എങ്ങനെ തരണം ചെയ്തു?


ഒരു വർഷത്തിനുള്ളിൽ ആദ്യത്തെ കുട്ടി ജനിച്ചു. പേരിടാൻ തീരുമാനിച്ചപ്പോൾ പലപേരുകളും നിർദ്ദേശിക്കപ്പെട്ടു. അഞ്ജന, അർച്ചന തുടങ്ങിയ പേരുകൾ എന്റെ വീട്ടുകാർ നിർദ്ദേശിച്ചു. അമ്മയെന്നും അച്ഛായെന്നുമാണോ കുഞ്ഞു വിളിക്കുക, അതോ ഉമ്മയെന്നും ബാപ്പയെന്നും വിളിക്കുമോ എന്ന സംശയം വേറെ.

ഈ സാഹചര്യങ്ങളൊക്കെ അതിജീവിക്കാൻ ഭർത്താവിന്റെ സമീപനം വലിയ ആശ്വാസമായിരുന്നു. എന്റെ ഒരു വിശ്വാസത്തെയും അദ്ദേഹം ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. അമ്പലത്തിൽ പോകുന്നതിലോ പൊട്ടുതൊടുന്നതിലോ ഒന്നും. അദ്ദേഹം ജീവിച്ചു വന്ന സാഹചര്യങ്ങളുടെ ആചാരങ്ങൾ എന്നിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടേയില്ല. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളും. അദ്ദേഹത്തിന്റെ ഉമ്മയ്ക്കും ബാപ്പയ്ക്കും എന്നോടു വലിയ സ്നേഹമായിരുന്നു.

പേരിടൽ ചടങ്ങുണ്ടായിരുന്നോ..?


ഞങ്ങൾക്ക് ഒരു ചടങ്ങുമുണ്ടായിരുന്നില്ല. ഭർത്താവിന്റെ ഉമ്മ ഒരു പേരു കൊണ്ടുവന്നു. അനിഷ. എന്റെ വീട്ടുകാരുടെ വകയും കുറേ പേരുകൾ.. അതുല്യ, അർച്ചന തുടങ്ങി സിനിമാ തീയേറ്ററുകളുടെ പേരുകൾ. പക്ഷേ, എനിക്കന്ന് പേരിടീലിനെക്കാൾ പ്രധാനം അതിജീവനമായിരുന്നു. ഭർത്താവിന്റെ വീട്ടിൽ തന്നെ ജീവിക്കണമെന്ന ആഗ്രഹം. കുഞ്ഞ് അമ്മയെന്നോ, ഉമ്മയെന്നോ അച്ഛനെന്നോ ബാപ്പയെന്നോ വിളിക്കുന്നത് എന്റെ പ്രശ്നമേ ആയിരുന്നില്ല. എനിക്കാ വീട്ടിൽ ജീവിക്കണം. എന്റെ സ്വന്തം വീട്ടിലേയ്ക്കു പോകാൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. സാഹചര്യം അത്രയ്ക്കു മോശമായിരുന്നു.പക്ഷേ, എന്നെ മകൾ ഉമ്മയെന്നു വിളിച്ചിരുന്നെങ്കിൽ, അതുവരെ എനിക്കു സപ്പോർട്ട്‌ തന്ന രക്ഷിതാക്കളും എന്നെ എതിർത്തേനെ. ഇപ്പോഴും അച്ഛനോടും അമ്മയോടും ചോദിക്കും. അയ്യോ മൂത്ത മോളെ കല്യാണം കഴിച്ചിട്ട് എങ്ങനെയാണ് എന്ന്... ഈ 33 വർഷങ്ങൾക്കു ശേഷവും.

മകൾ എന്താണു നിങ്ങളെ സംബോധന ചെയ്യുന്നത്...?


മമ്മ. പപ്പ. എന്റെ അമ്മായിയമ്മയും ഇതു സമ്മതിച്ചു. പറങ്കിപ്പപ്പ, പറങ്കിമമ്മ എന്നിങ്ങനെ കളിയാക്കി വിളിച്ചിട്ടുണ്ട്. പറങ്കികളാണല്ലോ മമ്മയെന്നും പപ്പയെന്നും വിളിക്കുന്നത്.

ഉമ്മയുടെ ചേട്ടന്റെ മക്കൾ മമ്മിയെന്നും പപ്പയെന്നുമാണ് മാതാപിതാക്കളെ വിളിക്കുന്നത്. അതു കുഴപ്പമില്ല. അതൊരു വ്യവസ്ഥാപിതമായ വിവാഹമായതുകൊണ്ട് അവർക്കു വിളിക്കാം. പക്ഷേ, ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നില്ലല്ലോ. നല്ല മരത്തിൽ ഇത്തിക്കണ്ണി പിടിച്ചുവെന്നാണ് ഉമ്മ പറയുക. പഠിക്കാൻ മിടുക്കനായിരുന്നു, അബ്ദുൽ കലാം. ആവശ്യമില്ലാത്ത പുസ്തകങ്ങൾ വായിച്ചു മകൻ വഴി തെറ്റിപ്പോയി എന്നായിരുന്നു ആ ഉമ്മ സ്വയം സമാധാനിച്ചിരുന്നത്.

നൂലുകെട്ട്... ചോറൂണ്...?


മൂത്ത മകളെ പ്രസവിച്ചപ്പോൾ വലിയ പ്രശ്നമുണ്ടായി. എല്ലാവരും ഇങ്ങനെ ഉറ്റു നോക്കുകയാണ്. നൂലു കെട്ടുമോ, ചോറു കൊടുക്കുമോ, പേരിടുമോ എന്നൊക്കെ. എന്റെ വീട്ടിൽ നിന്ന് അമ്മ അരഞ്ഞാണവും വളയുമൊക്കെയായി വന്നു. അവരെ അവിടുന്ന് ഓടിച്ചു. ഇരുപത്തിയെട്ടു കെട്ടണമെന്ന് നിങ്ങൾക്കിത്ര നിർബന്ധമെന്താ എന്നു ചോദിച്ചു. കണ്ണെഴുത്ത്, പൊട്ടുകുത്ത്, തുടങ്ങി ഒരു ഏർപ്പാടുമില്ല. മൂന്നു മക്കൾക്കും നൂലു കെട്ട്, പേരിടൽ തുടങ്ങി ഒരു ചടങ്ങും നടന്നില്ല. ഇന്നും മൂന്നുപേരും ഇങ്ങനെയാണ് ജീവിക്കുന്നത്.

മക്കളുടെ പേര്...


മൂത്തവൾ അനിഷ (നീനു), രണ്ടാമത്തേവൾ അഷിന (നീതു), ഇളയവൾ അഷിത (നീലു)

മൂത്തവളുടെ പേര് ഉമ്മയുടെ സെലക്ഷൻ ആണ്. ചില കാര്യങ്ങൾക്കൊക്കെ നാം വഴങ്ങേണ്ടി വരും. അതു കുടുംബഭദ്രതയ്ക്ക് ആവശ്യമാണ്.

കലാമിന്റെ വാപ്പയുടെ പ്രതികരണം എങ്ങനെയായിരുന്നു?


ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഉമ്മ എന്നെ പെണ്ണു കാണാൻ വന്നിരുന്നു. കണ്ട് ഇഷ്ടപ്പെട്ടു തന്നെയാണു വിവാഹത്തിനു സമ്മതിച്ചത്. മകന് ഇതാണിഷ്ടമെങ്കിൽ എനിക്കും ഇഷ്ടം തന്നെ എന്ന നിലപാടായിരുന്നു ഉമ്മയ്ക്ക്.

മതം മാറാനെന്തെങ്കിലും സമ്മർദ്ദം?


ഒരു സമ്മർദ്ദവും ഉണ്ടായില്ല. ഒരിക്കൽപ്പോലും അത്തരമൊരു സമ്മർദ്ദം ഉണ്ടായിട്ടേയില്ല. ആരും പറഞ്ഞിട്ടില്ല. ഈ നിമിഷം വരെ. ആ ഉമ്മയുടെ മനസ് എത്രയോ പ്രോഗ്രസീവാണ്... (മതം മാറാൻ ഞാൻ സമ്മതിച്ചിട്ടു വേണ്ടേയെന്ന് അബ്ദുൽ കലാം ഇടയ്ക്കു കയറി പറഞ്ഞു). എനിക്ക് ഒരിക്കൽപ്പോലും ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ല. സാരി ഉടുക്കുന്നതോ പൊട്ടുതൊടുന്നതോ ഒന്നും ആ ഉമ്മ എതിർത്തിട്ടേയില്ല. ഭർത്താവിന്റെ ചേട്ടൻ എനിക്ക് പൊട്ടു കൊണ്ടു തരുമായിരുന്നു. പുള്ളിയ്ക്ക് ഫാൻസി സ്റ്റോറുണ്ടായിരുന്നു.

മോനിങ്ങനെ ആയിപ്പോയല്ലോ എന്നൊരു സഹതാപം ഉമ്മയോട് മറ്റുള്ളവർക്ക് ഉണ്ടായിരുന്നു.

[caption id="attachment_75228" align="aligncenter" width="500"] കിളിമാനൂരിലെ വീടിനു മുന്നിൽ കൃഷ്ണകുമാരിയും അബ്ദുൾകലാമും[/caption]

കിളിമാനൂരിലേയ്ക്ക് വന്നത്...?


തൊണ്ണൂറിൽ കിളിമാനൂരിലെത്തി. പാർട് ടൈം ബിടെക്കിനു പഠിക്കാൻ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ ചേർന്നപ്പോഴാണ് ഇവിടെ താമസത്തിനു വന്നത്. കുഞ്ഞുങ്ങളെ ഇവിടെ എൽപി സ്ക്കൂളിൽ ചേർത്തു പഠിപ്പിച്ചു.

മിശ്രവിവാഹിതരെന്ന നിലയിൽ ഈ നാട്ടുകാരുടെ സമീപനം?


ഞങ്ങളിതെല്ലാവരോടും പറയും. എന്റെ പേര് കൃഷ്ണകുമാരി. അദ്ദേഹത്തിന്റെ പേര് അബ്ദുൽ കലാം. അതുകൊണ്ട് അക്കാര്യം ആദ്യമേ പറഞ്ഞാൽ പ്രശ്നമില്ലല്ലോ.

നാട്ടുകാരുടെ വക ഇരട്ടപ്പേരൊക്കെ കിട്ടി അല്ലേ...? 


അതേ..  ഇരുജാതി സാറെന്നാണ് ഇദ്ദേഹത്തിനിട്ടിരിക്കുന്ന ഇരട്ടപ്പേര്. ഈ പ്രദേശത്ത് ആദ്യം ഫോൺ കിട്ടിയത് ഞങ്ങൾക്കാണ്. പലരെയും ഇവിടെയാണു വിളിക്കുന്നത്. ഫോൺ വന്ന വിവരം പറയാൻ ചെല്ലുമ്പോ, കുട്ടികൾ കേൾക്കെ അയൽക്കാർ പറയും... ഇരുജാതി സാറിന്റെ വീട്ടിലൊന്നു ഫോൺ ചെയ്തിട്ടു വരട്ടേയെന്ന്...

രണ്ടു ജാതിയുള്ള വീട്. അതാണ് ഇരുജാതി... "ഞങ്ങൾക്ക് അങ്ങനെയൊരു ഇരട്ടപ്പേര് നാട്ടുകാരിട്ടിട്ടുണ്ടെന്ന് അപ്പോഴാണ് അറിയുന്ന"തെന്ന് അബ്ദുൽകലാം.

നാട്ടുകാരുടെ വക മറ്റൊരു കുസൃതി


എന്തെങ്കിലും ആവശ്യങ്ങൾക്ക് വീട്ടിൽ വരുന്നവർക്കൊരു തമാശയുണ്ട്. വരുന്നത് മുസ്ലിങ്ങളാണെങ്കിൽ കുട്ടികളോടു ചോദിക്കും.. "അച്ഛനെന്ത്യേ മക്കളേ"... ഹിന്ദുക്കളാണെങ്കിൽ "വാപ്പയെന്ത്യേ" എന്നാവും ചോദ്യം. ഇപ്പോഴങ്ങനെ ആരും വരാറില്ല.

പോസ്റ്റ്‌മാനുപോലുമുണ്ട്, തമാശ.. വീട്ടുപേര് അഷിതയെന്നാണ്. പക്ഷേ, ആഷിതയെന്നേ പോസ്റ്റുമാൻ വിളിക്കൂ... അങ്ങേരുടെ ഉമ്മച്ചിയുണ്ടോ എന്നൊക്കെയാണ് അയൽക്കാർ അന്വേഷിക്കുക. അദ്ധ്യാപകർക്കും ജിജ്ഞാസയാണ്. വീട്ടുകാർ തമ്മിൽ നല്ല ടേംസാണോ, പോക്കുവരവുണ്ടോ.. എന്നൊക്കെ മക്കളോടു ചോദിച്ചിട്ടുണ്ട്. ജാതിയെന്താ എന്നു ചോദിച്ചിട്ടുണ്ട്. ജാതിയെന്ന കൺസെപ്റ്റ് ഞങ്ങളുടെ മക്കൾക്കാർക്കുമില്ല.

ജാതിയില്ലാത്തതുകാരണം ജോലി കിട്ടാതെ പോയ സന്ദർഭങ്ങൾ...


സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്താത്തതുമൂലം മൂത്ത മകൾക്കു ചില ജോലികൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. മൂന്നോ നാലോ വേക്കൻസി മാത്രമുള്ള ജോലിയ്ക്ക് അപ്ലൈ ചെയ്താൽ, റാങ്ക് ലിസ്റ്റിൽ ഒന്നാമതോ രണ്ടാമതോ എത്തിയില്ലെങ്കിൽ കിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ജാതി ചേർക്കാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ നമ്മൾ സ്വാർത്ഥരായിപ്പോകും. പക്ഷേ, അതൊന്നുമില്ലാതെ ജോലി കിട്ടി. മൂത്തവൾക്ക് കെഎസ്ഇബിയിൽ ഫസ്റ്റ് റാങ്കായി ജോലി കിട്ടി. രണ്ടാമത്തെ കുട്ടിയ്ക്ക് എൽഎസ് ജിഡിയിൽ. ഇളയവൾ എംടെക്കിനു പഠിക്കുന്നു.

മൂത്തവളുടെ വിവാഹം?


മനോരമയിൽ ഒരു പരസ്യം കണ്ടു. കൺസ്ട്രക്ഷൻ ഫീൽഡിലുളള ഒരാളിന് ജാതി മത പരിഗണനകളില്ലാതെ വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യം. അങ്ങനെ കത്തയച്ചു. അവർ വീട്ടിൽ വന്നു.

[caption id="attachment_75231" align="aligncenter" width="500"]                                  മൂത്തമകൾ അനിഷയുടെ വിവാഹം[/caption]

അതിനു മുമ്പ് കോൺഗ്രസ് നേതാവ് ഡോ. എം എ കുട്ടപ്പന്റെ മകനു വേണ്ടി ആലോചന വന്നിരുന്നു. മറ്റു ചില കാരണങ്ങളാൽ അതു നടന്നില്ല. യുക്തിവാദി സംഘടനയിലെ അംഗങ്ങൾ വഴിയും പല ആലോചനകളും വന്നിരുന്നു.

മൂത്തമകളുടെ ഭർത്താവ്?


അസംഖ്യം മുസ്ലിം പള്ളികളുടെ ആർക്കിടെക്ട് ആയ ജി ഗോപാലകൃഷ്ണന്റെ മകനാണ് നീനുവിന്റെ ഭർത്താവ്. ജാതി മത പരിഗണനകളൊന്നുമില്ലാത്ത കുടുംബം.

33 വർഷം മുന്നേ പത്രപ്പരസ്യം കണ്ട് മിശ്രവിവാഹത്തിനു തയ്യാറായ നിങ്ങൾ അനുഭവിച്ച - മേത്തനു കെട്ടിച്ചുകൊടുക്കുന്നു എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ - എന്തെങ്കിലും ബുദ്ധിമുട്ടുകൾ മിശ്രവിവാഹിതരായ നിങ്ങളുടെ മക്കൾ അനുഭവിച്ചിട്ടുണ്ടോ...


ഇല്ല. ഉറപ്പിച്ചു പറയാൻ പറ്റും. എന്റെ രണ്ടു മക്കൾക്കും അതൊന്നും നേരിടേണ്ടി വന്നിട്ടില്ല.

എന്റെ വിവാഹിതരായ മക്കളൊന്നും ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രയാസവും അനുഭവിച്ചിട്ടേയില്ല.

എന്നുവച്ചാൽ മിശ്രവിവാഹത്തിലൂടെ ജാതി വ്യവസ്ഥ പൊളിക്കാൻ പറ്റും...?


ഉറപ്പ്. തകർക്കാനാവും. (മറുപടി പറഞ്ഞത് കലാമും കൃഷ്ണകുമാരിയും ഒന്നിച്ചാണ്). ആലോചിച്ചു നോക്കൂ. നമ്മുടെ മന്ത്രി എ കെ ബാലന് രണ്ട് ആൺമക്കളുണ്ട്. നിയമസഭയിലെ മറ്റേതെങ്കിലുമൊരു അംഗത്തിന്റെ മകൾക്കു വേണ്ടി അവരെ ആലോചിച്ചാലെന്താ കുഴപ്പം? പദവിയുണ്ട്. പത്രാസുണ്ട്. ഈ കുട്ടികളുടെ അമ്മ ഡോക്ടറാണ്. പക്ഷേ, എന്തേ അങ്ങനെ ചിന്തിക്കുന്നില്ല? അങ്ങനെ ചിന്തിച്ചാൽ നമുക്ക് ഈ ജാതി വ്യവസ്ഥയ്ക്ക് തീകൊളുത്താൻ കഴിയും.

പണ്ടു മാതൃഭൂമി വാരികയിൽ വന്ന ഒരു വിവാഹപരസ്യത്തിനോടുള്ള പ്രതികരണം, ഒരു തീകൊളുത്തലായിരുന്നു?


അതേ... അതൊരു തീകൊളുത്തലായിരുന്നു. ഒരു സംഭവം പറയാം. ഡോ. ബി. ഇക്ബാലിന്റെ സഹോദരി ആരിഫയുടെ ഭർത്താവ് എന്നോടൊരു ഉദാഹരണം പറഞ്ഞിട്ടു പറഞ്ഞു. ഇങ്ങനെയൊരു വിവാഹത്തിനിറങ്ങിയാൽ സമൂഹം നിന്നെ ഒറ്റപ്പെടുത്തും. റിസ്കാണ്. പക്ഷേ എനിക്കു തോന്നുന്നത്, ഭർത്താവ് ഭർത്താവിന്റെ വഴി ചിന്തിച്ചിട്ടും ഭാര്യ ഭാര്യയുടെ വഴി പോയാലാണ് അത്തരം പ്രശ്നങ്ങളുണ്ടാകുന്നത്.

എന്റെ കാര്യം പറഞ്ഞാൽ അമ്പലത്തിൽ പോകുന്നതിന് എനിക്കൊരു വിലക്കില്ല. അതുകൊണ്ടുതന്നെ പോകണമെന്നു തോന്നലും ഇല്ല. നേരെ മറിച്ചായിരുന്നെങ്കിൽ സംഘർഷമുണ്ടാകും. എനിക്കു പോകണമെന്നു തോന്നിയാൽ ഞാൻ പോകും. അതൊക്കെ തികച്ചും സാധാരണകാര്യം പോലെ നമ്മുടെ ജീവിതത്തിൽ നടന്നു പോകുന്നുണ്ട്.

[caption id="attachment_75233" align="aligncenter" width="500"] രണ്ടാമത്തെ മകൾ അഷിനയുടെ വിവാഹ ആൽബത്തിൽ നിന്ന്[/caption]

മക്കളിലാരെങ്കിലും വിശ്വാസിയാണോ...?


മക്കൾക്ക് ഒരു വിശ്വാസവുമില്ല. വിവാഹിതരായ രണ്ടുപേരും ഈരണ്ടു മക്കളെ വീതം പ്രസവിച്ചു. അപ്പോൾപ്പോലും അവർ ദൈവമേ എന്നു വിളിച്ചിട്ടില്ല. ജീവിതത്തിലൊരിക്കൽപ്പോലും ഇതേ വരെ അവർ ദൈവത്തെ വിളിച്ചിട്ടില്ല. ദൈവമേയെന്നോ അള്ളായെന്നോ പടച്ചോനേയെന്നോ കർത്താവേയെന്നോ അവർ വിളിച്ചിട്ടില്ല. രണ്ടുമക്കളുടെയും ഓരോ പ്രസവത്തിന് ഞാൻ മുറിയിലുണ്ടായിരുന്നു. വേദന സഹിക്കാനാവാതെ വരുമ്പോൾ അവർ പപ്പായെന്നാണ് വിളിച്ചത്.

വിളിച്ചു ശീലിപ്പിച്ചാലേ ദൈവമേയെന്നു വിളിക്കൂ...?


സംശയമെന്താ...

കൊച്ചുമക്കളുടെ കാര്യത്തിൽ ചോറൂണും നൂലുകെട്ടുമൊക്കെ ഉണ്ടായിരുന്നോ...?


അതാണു ഞങ്ങളുടെ സങ്കടം. ഞങ്ങളുടെ മക്കളുടെ കാര്യത്തിലുണ്ടായ അനുഭവമല്ല, കൊച്ചുമക്കളുടെ കാര്യത്തിലുണ്ടായത്. മനോരമ പത്രത്തിലെ പരസ്യത്തിലൂടെയാണു രണ്ടാമത്തെ മകളുടെയും വിവാഹം കഴിഞ്ഞത്. അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമുമായിരുന്നു.

രണ്ടാമത്തെ മകൾ മൂത്തകുട്ടിയെ പ്രസവിച്ചപ്പോൾ അരഞ്ഞാണവും കുറേ സാധനങ്ങളുമായി ഇരുപത്തെട്ടിനു വീട്ടിലെത്തി. എല്ലാവരുമറിഞ്ഞു. അന്നു കുറച്ചു ബഹളമൊക്കെയുണ്ടായി. ചോറൂണൊന്നും നടത്തേണ്ട കാര്യമൊന്നുമില്ല. പല്ലു മുളച്ചാൽ അവർ ഭക്ഷണം കഴിച്ചോളും. മൂത്തകുട്ടിയുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇരുപത്തെട്ടിനു മാലയിടീലും വളയിടലുമൊക്കെ അവർ നടത്തി.

ആൺകുട്ടിയാണെങ്കിൽ അച്ഛന്റെ മടിയിൽ വച്ചു കെട്ടണം, ആ സമയത്തു കെട്ടണം... എന്തൊക്കെ നിർബന്ധങ്ങൾ..

പക്ഷേ, ഞങ്ങൾ അവിടെ നിന്നു മാറിക്കളഞ്ഞു. അടുത്ത വീട്ടിൽ ഒരു നിശ്ചയം നടക്കുകയായിരുന്നു. ഞാനങ്ങോട്ടു പോയി. ഭർത്താവും മാറിനിന്നു. അവർ വന്നു മാലയൊക്കെ ഇട്ടേച്ചു പോയി.

കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയുടെ ജീവിതത്തിലെ ഒരു മംഗളമുഹൂർത്തത്തിൽ നിങ്ങളുടെ സാന്നിധ്യം ഇല്ലായിരുന്നു?


അതേ. വലിയ മാനസിക സംഘർഷമായിരുന്നു. രണ്ടാമത്തെ മകളുടെ കുഞ്ഞിന്റെ കാര്യത്തിലും ഇതേ സംഭവം നടന്നു. അന്ന് ഒരു ബോംബു വയ്ക്കുന്ന പ്രതീതിയായിരുന്നു. സത്യത്തിൽ ഒരു സീൻ ക്രിയേറ്റു ചെയ്യുകയായിരുന്നു. എന്റെ കുഞ്ഞിന്റെ അരയിൽ ചരടു കെട്ടാൻ എനിക്ക് അവകാശമില്ലേയെന്നായിരുന്നു മരുമകന്റെ ചോദ്യം. ഈ ദിവസം തന്നെ അതു കെട്ടാൻ എന്താ ഇത്ര നിർബന്ധം എന്നു ഞങ്ങളും ചോദിച്ചു. പിറ്റേന്നു കെട്ടാമല്ലോ. ഇരുപത്തെട്ടിനു തന്നെ കെട്ടണമെന്നു നിയമം വല്ലതുമുണ്ടോ? വലിയ വഴക്കൊക്കെ വീട്ടിൽ നടന്നു.

ഇതൊക്കെ നാട്ടുകാർ കാണുകയാണ്. അവരങ്ങനെ വിവാഹം കഴിച്ചതുകൊണ്ടാണ് ഇപ്പോ ഇങ്ങനെ സംഭവിക്കുന്നത് എന്നു നാട്ടുകാർ പറയും. ഇത്തരം യുക്തികൾ നാട്ടുപരദൂഷണത്തിന്റെ ഭാഗമാകും. ആദർശത്തിനു കൊടുക്കേണ്ടി വരുന്ന വില.

[caption id="attachment_75234" align="aligncenter" width="500"] മൂന്നാമത്തെ മകൾ അഷിതയും ഭർത്താവും[/caption]

ഇളയമകളുടെ വിവാഹം...?


ഇളയ മകളെ വിവാഹം കഴിച്ചിരിക്കുന്നത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണ്. മാതൃഭൂമി പത്രത്തിലെ പരസ്യം കണ്ടാണ് അപേക്ഷിച്ചത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റാണ്. ഇടുക്കിയാണ് സ്വദേശം. സിവിൽ സർവീസൊക്കെ എഴുതി കിട്ടിയ ആളാണ്. ഇന്റർവ്യൂ കടന്നില്ല.

ഇവിടെ കിളിമാനൂർ ശ്രീദേവി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.

ഇതും കൂടിയായപ്പോൾ എൺകണ്ട ജാതീടേം കൂടെ കെട്ടിച്ചയച്ചു എന്നാണ് ഇപ്പോൾ ആക്ഷേപം. ഞങ്ങൾ ആളുകളെ വഴി തെറ്റിക്കാൻ നടക്കുന്നുവത്രേ. ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന സിപിഐഎമ്മുകാർ പോലും ഞങ്ങളെ കുറ്റപ്പെടുത്തുമ്പോൾ വിഷമമുണ്ട്. പക്ഷേ, അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. ഞങ്ങളും സിപിഐഎമ്മാണ്. നമ്മുടെ ആദർശത്തിനോടു യോജിച്ചു നിൽക്കുന്നത് സിപിഐഎം തന്നെയാണ്. ഇവിടെ സിപിഐഎമ്മുകാർ നമുക്ക് അനുകൂലമായി നിൽക്കുന്നില്ല എന്നതൊന്നും സിപിഐഎമ്മിന് വോട്ടു ചെയ്യാൻ ഞങ്ങൾക്കൊരു പ്രശ്നവുമില്ല.

ചോദ്യം അബ്ദുൽ കലാമിനോട്...

എന്താണ് ഈ യുക്തിവാദജീവിതത്തിന്റെ പശ്ചാത്തലം?


എറണാകുളം പള്ളുരുത്തിയാണ് സ്വദേശം. ഓർമ്മ വയ്ക്കുമ്പോഴേ കേൾവിക്കു
പ്രശ്നമുണ്ടായിരുന്നു. അങ്ങനെ വായന ഹോബിയായി. വീടിനടുത്തായിരുന്നു സന്മാർഗോദയം വായനശാല. അന്നു വായന ഒരു ഹരമായിരുന്നു. ജനയുഗം വാരികയിൽ ഉണ്ണി കാക്കനാടൻ എന്ന പേരിൽ യുക്തിവാദ ലേഖനങ്ങളാണ് എന്നെ സ്വാധീനിച്ചത്. എ ടി കോവൂരിന്റെ ലേഖനങ്ങളും സ്വാധീനിച്ചിരുന്നു. ആ സമയത്ത് മദ്രസാ വിദ്യാർത്ഥിയായിരുന്നു. വലിയ ഓർത്തഡോക്സുകാരനായിരുന്നു. യുക്തിവാദ ലേഖനങ്ങളുടെ സ്വാധീനം മൂലം പിന്നെ മദ്രസയിൽ പോകാതെയായി. മിടുക്കനായ മദ്രസാ വിദ്യാർത്ഥിയായിരുന്നു. എന്നെ അന്വേഷിച്ച് മദ്രസാധ്യാപകരൊക്കെ വന്നിരുന്നു. ഞാൻ പോയില്ല. ഏതു താടിക്കാരെ കണ്ടാലും ഓടി മറയുമായിരുന്നു.

അക്കാലത്ത് ഉമ്മുമ്മാ എന്നോടു പറഞ്ഞു, നാൽപത്തൊന്നു വെള്ളിയാഴ്ച മുടങ്ങാതെ പള്ളിയിൽ പോയാൽ കേൾവിശക്തി കിട്ടുമെന്ന്. അതൊക്കെ ചുമ്മാ പറയുന്നതാണെന്ന് മനസിലാക്കാനുള്ള ത്രാണി അപ്പോഴേയ്ക്കും യുക്തിവാദസംബന്ധമായ ലേഖനങ്ങളിലൂടെ കൈവന്നിരുന്നു. അങ്ങനെ യുക്തിവാദ പ്രസ്ഥാനത്തിലുമെത്തി.

മലയാളം പഠിപ്പിച്ചിരുന്ന കൃഷ്ണപിള്ളയും എന്നെ സ്വാധീനിച്ച അദ്ധ്യാപകനാണ്. ദൈവം ഇല്ലെന്നും സത്യം, ധർമ്മം, ദയ എന്നീ ഗുണങ്ങളൊക്കെയേ ഉള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. നമ്മുടെ കൗമാരമനസിൽ ഈ ബോധമുണ്ടായത് അങ്ങനെയൊക്കെയാണ്. പിന്നെ ജോലിയൊക്കെ കിട്ടി. ജാതി മത ചിന്തകളില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കണമെന്ന താൽപര്യമുണ്ടായി. അങ്ങനെയാണ് പത്രപ്പരസ്യത്തിലൂടെ ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പത്തുനാൽപ്പതാലോചനകൾ വന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് കൃഷ്ണകുമാരിയെയാണ്.

[caption id="attachment_75236" align="aligncenter" width="500"] കൃഷ്ണകുമാരിയും അബ്ദുൾകലാമും[/caption]

വീട്ടിലെ സമ്മർദ്ദങ്ങൾ...


വീട്ടിൽ എതിർപ്പൊന്നും ഉണ്ടായില്ല. എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് അവർക്കറിയാം. എന്നാലും പള്ളിയെ പേടിയായിരുന്നു. ഊരുവിലക്കൊക്കെ വരാമല്ലോ. പക്ഷേ, വിവാഹം കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേയ്ക്കു മാറിയതോടെ അതൊക്കെ അപ്രസക്തമായി.

മക്കളുടെ ഭർത്താക്കന്മാരൊക്കെ മിശ്രവിവാഹിതരുടെ മക്കളാണെങ്കിലും അവരാരും നാസ്തികരല്ല. ഏറ്റവും ഇളയ മരുമകൻ നാസ്തികനാണ്. സാമ്പത്തികം നല്ലതാണെങ്കിൽ ആരും നമ്മളെ എതിർക്കാൻ വരില്ല. അതാണു ജീവിതത്തിൽ നിന്നു പഠിച്ച പാഠം.

ജാതിരഹിതരായി വളരുന്ന മിശ്രവിവാഹിതരുടെ മക്കൾക്കുവേണ്ടി സംവരണമടക്കമുള്ള ആനുകൂല്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നൊരു അഭ്യർത്ഥന കൂടി അബ്ദുൽകലാം-കൃഷ്ണകുമാരി ദമ്പതിമാർക്കുണ്ട്. സമൂഹത്തിന്റെ പലതരം ഒറ്റപ്പെടുത്തലുകളും അവഹേളനവും ഏറ്റുവാങ്ങിയാണ് കുട്ടികൾ വളർന്നു വരുന്നത്.  ദളിതവസ്ഥയായിത്തന്നെ ഇതു പരിഗണിക്കണമെന്നാണ് സ്വന്തം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി അവർ വാദിക്കുന്നത്.

മിശ്രവിവാഹവും ജീവിതവും തമാശകളിയല്ല. ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ഉൾബലവും മെയ് വഴക്കവും കൈവശമുണ്ടെങ്കിലേ അതിജീവനം സാധ്യമാകൂ. ആ പാഠപുസ്തകമാണ് അബ്ദുൽ കലാം - കൃഷ്ണകുമാരി ദമ്പതിമാരുടെ ജീവിതം.

കൃഷ്ണകുമാരിയുടെ ഫോൺ നമ്പർ: 9497781551
അബ്ദുൽ കലാമിന്റെ ഫോൺ നമ്പർ : 9495079559
കലാമിന്റെ ഇമെയിൽ വിലാസം : vaakalaam@gmail.com

Read More >>