'അവകാശ'മില്ലാതെ വിവരാവകാശ കമ്മീഷണറും; മോദിയുടെ ബിരുദ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ഥാനം തെറിച്ചു

വിവരാവകാശ കമ്മീഷണര്‍ എംഎസ് ആചാര്യുലുവിനെയാണ് കമ്മീഷന്‍ മാറ്റിയത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്ന മാനവവിഭവ വകുപ്പിന്റെ ചുമതലയില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പകരം മറ്റൊരു വിവരാവകാശ കമ്മീഷണറായ മഞ്ജുള പരാശര്‍ക്ക് ചുമതല നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മറ്റു രേഖകളും നല്‍കാന്‍ ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു നിര്‍ദേശം നല്‍കിയ വിവരാവകാശ കമ്മീഷണര്‍ക്ക് പദവി നഷ്ടമായി. വിവരാവകാശ കമ്മീഷണര്‍ എംഎസ് ആചാര്യുലുവിനെയാണ് കമ്മീഷന്‍ മാറ്റിയത്.

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്ന മാനവവിഭവ വകുപ്പിന്റെ ചുമതലയില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പകരം മറ്റൊരു വിവരാവകാശ കമ്മീഷണറായ മഞ്ജുള പരാശര്‍ക്ക് ചുമതല നല്‍കി മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാത്തൂര്‍ ഉത്തരവു പുറപ്പെടുവിച്ചു.


മോദി ബിരുദം നേടിയതായി പറയപ്പെടുന്ന 1978 ലെ എല്ലാ ബിഎ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങളും രേഖകളുടെ പകര്‍പ്പുകളും നല്‍കാനായിരുന്നു സര്‍വ്വകലാശാലയോട് ആചാര്യുലു ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഡിസംബര്‍ 21ന് വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍ മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഡല്‍ഹി സര്‍വ്വകലാശാല തയ്യാറായില്ല. ഇതേ തുടര്‍ന്ന് സര്‍വകലാശാല സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിക്ക് വിവരാവകാശ കമ്മീഷണര്‍ 25,000 രൂപ പിഴ വിധിച്ചിരുന്നു. ബിരുദം സംബന്ധിച്ച രേഖകള്‍ വിദ്യാര്‍ത്ഥിയുടെ സ്വകാര്യ വിവരമാണെന്നും അതിനാല്‍ പുറത്തുവിടാനാകില്ലെന്നുമായിരുന്നു സര്‍വ്വകലാശാലയുടെ മറുപടി. പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ സര്‍വ്വകലാശാലാ ചട്ടം ലംഘിക്കാനാകില്ലെന്നും ഉദ്യോഗസ്ഥ അറിയിച്ചിരുന്നു. എന്നാല്‍ ഇതു തള്ളിക്കൊണ്ടാണ് പിഴയീടാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

മോദിയുടെ ബിരുദ രേഖകള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. ഇതു തള്ളിയ ബിജെപി മോദി 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിരുന്നതായി അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നീരജ് എന്നയാള്‍ മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു.

Read More >>