അട്ടപ്പാടി കുരുന്നുകളുടെ ശ്മശാനഭൂമി; എ കെ ബാലനു കണക്കുവെക്കാം, ഒൻപതു മരണങ്ങൾ

അട്ടപ്പാടി വീണ്ടും കുഞ്ഞുങ്ങളുടെ മരണ ഭൂമിയായി മാറുകയാണ്. ഒരു വർഷത്തിനിടയിൽ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞും മരിക്കേണ്ടി വരുന്ന ദുസ്ഥിതി. പോഷകാഹാരക്കുറവോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയോ അല്ല മരണകാരണമെന്ന് സർക്കാർ ന്യായീകരിക്കുന്നു. ആരു ഭരിച്ചാലും ഭരണകൂടങ്ങളുടെ ചില അടിസ്ഥാനസ്വഭാവങ്ങള്‍ മാറില്ലെന്നതിന് ഉത്തമ ഉദാഹരണമാവുകയാണ് അട്ടപ്പാടി.

അട്ടപ്പാടി കുരുന്നുകളുടെ ശ്മശാനഭൂമി; എ കെ ബാലനു കണക്കുവെക്കാം, ഒൻപതു മരണങ്ങൾ

അട്ടപ്പാടിയില്‍ നിന്നു വീണ്ടും ശിശുമരണ വാര്‍ത്തകള്‍ സർക്കാരിനു സാങ്കേതിക ന്യായീകരണം മാത്രം. കഴിഞ്ഞ നവംബറില്‍ മാത്രം തുടര്‍ച്ചയായി മൂന്നു ശിശുക്കൾ മരിച്ച ശേഷം അട്ടപ്പാടിയില്‍ നിന്നു ശിശു മരണ വാര്‍ത്ത ഇല്ലായിരുന്നു. പക്ഷെ, പുതുവർഷം പിറന്ന പാടെ വീണ്ടും ദുരന്തം ആവർത്തിച്ചു. ഷോളയൂര്‍ കടമ്പാറ ഊരില്‍ വീരമ്മ- ശെല്‍വന്‍ ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ബാലു മരിച്ചു.

മരണത്തിനു പുറകെ ആരോഗ്യവകുപ്പിന്റെ വിശദീകരണം വന്നു. പോഷകാഹാരക്കുറവുകൊണ്ടല്ല കുഞ്ഞു മരിച്ചതെന്നും ന്യൂമോണിയ ആണ് മരണകാരണമെന്നുമാണ് വിശദീകരണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന എല്ലാം ശിശുമരണത്തിനും ജനിതക വൈകല്യമോ ഹൃദയ-ശ്വാസകോശ തകരാറുകളോ ആണ് മരണ കാരണമായി ആരോഗ്യവകുപ്പു കണ്ടെത്തിയത്. കഴിഞ്ഞ നവംബറില്‍ നടന്ന മൂന്നു ശിശുമരണങ്ങള്‍ക്കും ഇങ്ങനെത്തന്നെയായിരുന്നു വിശദീകരണം - പോഷകാഹാരക്കുറവോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയോ അല്ല മരണകാരണം!


ആകെ എട്ടു ശിശുമരണങ്ങളേ സർക്കാർ കണക്കിൽ 2015 ല്‍ നടന്നിട്ടുള്ളൂ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അട്ടപ്പാടിയില്‍ ആദിവാസി ശിശുക്കളുടെ മരണനിരക്ക് നാലിലൊന്നായി കുറഞ്ഞെന്നും അവകാശ വാദമുണ്ട്.

' നിങ്ങളുടെ കാലത്ത് ഗര്‍ഭം ധരിച്ച് ഇപ്പോള്‍ പ്രസവിച്ചതിന് ഞാന്‍ ഉത്തരവാദിയല്ലെ'ന്ന് കോമഡി പറഞ്ഞ മന്ത്രി എ കെ ബാലന്‍ അധികാരമേറ്റശേഷം മാത്രം ഒമ്പത് ശിശുമരണങ്ങള്‍ നടന്നു. മന്ത്രി നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ ശേഷം മാത്രം നാലു മരണങ്ങള്‍.

മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കേൾക്കാൻ ഇതാ, സ്വന്തം കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അമ്മ നാരദ ന്യൂ സിനോട് പറഞ്ഞത്:

'രാവിലെ ഏഴുമണിയോടെ കുഞ്ഞിന് പാലു കൊടുത്തു. അവന്‍ ചിരിക്കുകയും കളിയ്ക്കുകയും എല്ലാം ചെയ്തിരുന്നു. ഒരു അസുഖവും കാണിച്ചിരുന്നില്ല. പാലു കൊടുത്തശേഷം അവന്റെ അച്ഛന്റെ കയ്യില്‍ കൊടുത്തു. പിന്നീട് അച്ഛന്റെ കയ്യിലിരുന്ന് ഉറങ്ങിപ്പോയി. പിന്നീട് ഉണര്‍ത്തുമ്പോഴാണ് മരിച്ചെന്ന് മനസ്സിലാക്കിയത്. കഴിഞ്ഞ മാസം 28 ന് കുട്ടിയ്ക്ക് അസുഖം വന്നതിനെ തുടര്‍ന്ന് അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. 31 ഡിസ്ചാര്‍ജ്ജായി വീട്ടില്‍ കൊണ്ടു വന്നു. പിന്നീട് അസുഖം ഒന്നും ഉണ്ടായിരുന്നില്ല'. മന്ത്രിയും ഉദ്യോഗസ്ഥരും വിശ്വസിക്കുമോ ആവോ!

കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിനാണ് വീരമ്മ- ശെല്‍വന്‍ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ് ബാലകൃഷ്ണന്‍ മരിച്ചത്. കുഞ്ഞിന് ഒരു വയസും എട്ടു മാസമായിരുന്നു പ്രായം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. കാളിമ എന്ന ഏഴുമാസം പ്രായമുള്ള മകള്‍ 2013 ല്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പായിരുന്നു ബാലകൃഷ്ണന്റെ മരണം. ബാലകൃഷ്ണന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷവും 5 ദിവസവുമായപ്പോള്‍ വീരമ്മയ്ക്ക് ഒടുവിലത്തെ കുട്ടിയും നഷ്ടമായി. ആദ്യത്തെ കുഞ്ഞ് അബോര്‍ഷനായി പോയിരുന്നു.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എല്ലാമുള്ള സര്‍ക്കാറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോാണ് വീണ്ടും മരണ വാര്‍ത്തകള്‍. മൂന്നു വയസ് മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രണ്ടു ദിവസം കൂടുമ്പോള്‍ പാല്‍, മുട്ട, പോഷകാഹാര കിറ്റായ അമൃത പൊടി എന്നിവ നല്‍കുന്നുണ്ട്. അങ്കണവാടി മുഖേന കഞ്ഞിയും പയറും നല്‍കുന്നുണ്ട്.

രണ്ടു ദിവസത്തിലൊരിക്കല്‍ ഗോതമ്പ് ഉപ്പ് മാവ്, ആഴ്ചയിൽ ഒരു ദിവസം പായസം, പുഴുങ്ങിയ വന്‍ പയര്‍ എന്നിവയുണ്ട്. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് മാസം 18 കിലോ ഗോതമ്പ് , ഇതില്ലെങ്കില്‍ ഒരു കിലോ ഗോതമ്പ് പൊടി, ഇതുമല്ലെങ്കില്‍ ഒന്നര കിലോ റാഗിപ്പൊടി ഇവയുണ്ട്. കൂടാതെ അരക്കിലോ ശര്‍ക്കരയും കാല്‍ കിലോ കടലയുമുണ്ട്.

പക്ഷെ, ഇതെല്ലാം കിട്ടുന്ന ആദിവാസി അമ്മമാരും കുഞ്ഞുങ്ങളും പെണ്‍കുട്ടികളും കുറവാണ്. ഒരിക്കല്‍ കിട്ടിയവരും ഇടയ്ക്ക് കിട്ടുന്നവരും തീരെ കിട്ടാത്തവരും ധാരാളമാണ്.
.

Read More >>