നായയുടെ ശരീരത്തില്‍ തൂക്കിയ ക്യാമറയില്‍ തനിക്കെതിരേയുള്ള വിവേചനം ചിത്രീകരിച്ച് ലണ്ടനില്‍ അന്ധനായ ഇന്ത്യന്‍ ഡോക്ടര്‍

അഞ്ച് വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ട അമിത് പട്ടേലെന്ന 37കാരനായ ഡോക്ടറാണ് തന്റെ വളര്‍ത്തുനായ കികയുടെ സഹോയത്തോടെ വീഡിയോ ചിത്രീകരിച്ചത്

നായയുടെ ശരീരത്തില്‍ തൂക്കിയ ക്യാമറയില്‍ തനിക്കെതിരേയുള്ള വിവേചനം ചിത്രീകരിച്ച് ലണ്ടനില്‍ അന്ധനായ ഇന്ത്യന്‍ ഡോക്ടര്‍

അന്ധനായ വ്യക്തി സമൂഹത്തില്‍ നേരിടുന്ന അവഗണനയും വിവേചനവും മനസിലാക്കാന്‍ നായയുടെ സഹായത്തോടെ വീഡിയോ ചിത്രീകരിച്ച് ലണ്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍. അമിത് പട്ടേലെന്ന ലണ്ടന്‍ നഗരത്തില്‍ പ്രതിദിനം യാത്ര നടത്തുന്ന ഇന്ത്യന്‍ ഡോക്ടറാണ് വ്യത്യസ്തമായ രീതിയില്‍ തന്റെ അനുഭവം ചിത്രീകരിച്ചത്. അഞ്ച് വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ട അമിത് അന്ധത കൊണ്ട് താന്‍ നേരിടുന്ന അവഗണനയും അധിക്ഷേപവും എത്രത്തോളമുണ്ടെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുന്നു. തന്റെ വഴികാട്ടി കൂടിയായ കിക എന്ന നായയുടെ കഴുത്തിലാണ് ഗോപ്രോ ക്യാമറ ഫിറ്റ് ചെയ്ത് അമിത് പട്ടേല്‍ വീഡിയോ ചിത്രീകരിച്ചത്. ലണ്ടന്‍ നഗരം ഭയപ്പെടുത്തുന്ന സ്ഥലമാണെന്ന് ഇതുസംബന്ധിച്ച് പട്ടേല്‍ ബിബിസിയോട് പ്രതികരിച്ചു.


https://www.youtube.com/watch?v=lT2DHOM_XzY

താന്‍ അനുഭവിക്കുന്ന വിവേചനവും അധിക്ഷേപവും അതിരുകടന്നതോടെയാണ് നായയുടെ കഴുത്തില്‍ ക്യാമറ തൂക്കാന്‍ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറയുന്നു. കികയെ പലരും ബാഗുകള്‍ കൊണ്ട് മര്‍ദ്ദിച്ചിരുന്നതായും പട്ടേല്‍ പറഞ്ഞു. ചിത്രീകരിക്കുന്ന വീഡിയോകള്‍ ഇദ്ദേഹത്തിന്റെ ഭാര്യ സീമയാണ് പരിശോധിക്കുന്നത്. പിന്നീട് വീഡിയോയിലെ ദൃശ്യങ്ങളില്‍ പട്ടേലിന് നേരിട്ട അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി പരാതി കൊടുക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കും.

ലണ്ടന്‍ ട്രെയിന്‍ സ്റ്റേഷനില്‍ ഒരിക്കല്‍ തനിക്ക് സഹായം ആവശ്യമായി വന്നപ്പോള്‍ ആരും സഹായത്തിനെത്തിയില്ലെന്ന് പട്ടേല്‍ പറഞ്ഞു. റെയില്‍വേ ജീവനക്കാര്‍ തന്നെ നോക്കി നില്‍ക്കുകയല്ലാതെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനെത്തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പട്ടേല്‍ നെറ്റ്‌വര്‍ക്ക് റെയിലിന് അയച്ചുകൊടുത്തിട്ടുണ്ട്. നെറ്റ്‌വര്‍ക്ക് റെയില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Read More >>