ജവാന്മാരുടെ പാത്രത്തില്‍ കൈയിട്ടു വാരുന്നവരും പാകിസ്താനിലേക്കാണോ പോകേണ്ടത്?

ജയ് ജവാൻ ജയ് കിസാൻ'- ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷം ലാൽ ബഹദൂർ ശാസ്ത്രി ഉയർത്തിയ മുദ്രാവാക്യമാണ് ഇത്. ഇതിലെ ജവാൻ ഏറ്റവും കൂടുതൽ കൊള്ള അടിക്കപ്പെടുന്നവരായി മാറിയിരിക്കുന്നു..

ജവാന്മാരുടെ പാത്രത്തില്‍ കൈയിട്ടു വാരുന്നവരും പാകിസ്താനിലേക്കാണോ പോകേണ്ടത്?

2014ല്‍ നടന്ന ഒരു കാര്യമാണ്. ഇന്ത്യയിലെ പ്രഗല്ഭ അര്‍ധസൈനിക സേനയിൽ എല്ലാത്തരത്തിലും അഴിമതി നടക്കുന്നു എന്ന വിവരം വ്യക്തമായ സ്രോതസ്സിൽനിന്നും എനിക്ക് ലഭിച്ചു. ഈ വിവരം ഇന്‍ഫോര്‍മര്‍ ഓഫീസില്‍ എത്തി എന്നെ വന്നുകണ്ടു അറിയിച്ചതാണ്. ഏതൊക്കെ രീതിയിലാണ് അവിടെ പണം പിടുങ്ങുന്നത് എന്നെല്ലാമുള്ള വിവരം കിട്ടി.

ഈയുള്ളവൻ സ്റ്റാഫിനെ ഒന്നടങ്കം വിളിച്ചുകൂട്ടി എല്ലാരോടും ചോദിച്ചു - വന്നിരിക്കുന്ന ഇന്‍ഫോര്‍മറിനൊപ്പം ആർക്കു പോകാം നോർത്ത് ഈസ്റ്റ് മേഖലയിലേക്ക്? മൂകത മാത്രമായിരുന്നു ഉത്തരം. കാരണം അത് സായുധകലാപ പ്രദേശമാണ്, അതിനാല്‍ അപകടസാധ്യതയും വളരെ കൂടുതലാണ്. അകത്തുകയറി പലതും റെക്കോർഡ് ചെയ്യണം.


എന്‍റെ സഹപ്രവർത്തകൻ ഷൈജു മരുത്തുംപള്ളി വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഡ്രൈവര്‍ പോസ്റ്റില്‍ കൂടെക്കൂടിയതാണ്. പിന്നീട് അവിടെനിന്നും തെഹല്‍ക്കയുടെ റിപ്പോർട്ടറായി പ്രൊമോഷൻ ലഭിച്ചു. അത് ഷൈജു അര്‍ഹിക്കുന്നതും ആയിരുന്നു. കാരണം, വാർത്ത എടുക്കുന്നതിൽ ഇദ്ദേഹം വിദഗ്ധനാണ്. നല്ല ധൈര്യവുമുണ്ട്, എവിടെയും പോകും.

ഷൈജു എന്‍റെ ക്യാബിനിൽ വന്നു പറഞ്ഞു: 'സർ, ഈ സ്റ്റോറി ചെയ്യാന്‍ ഞാൻ പോകാം'. മുന്നോട്ടും പുറകോട്ടും നോക്കിയില്ല. സ്റ്റോറി ബ്രീഫ് ചെയ്തു, ചെയ്യേണ്ടതായ കാര്യങ്ങൾ പറഞ്ഞേല്‍പ്പിച്ചു.  ഒരു കാര്യം അഡ്വാൻസ് ആയി സൂചിപ്പിച്ചു - ഒറ്റ ചാൻസ് മാത്രം! രണ്ടാമതൊരു പ്രാവശ്യം അവിടെപ്പോയി തിരികെ വരാമെന്നു ധരിക്കരുത്. ഒരേ ഒരു ട്രിപ്പില്‍ കാര്യങ്ങൾ തീർക്കണം.

കൈകൊടുത്തു ഞങ്ങള്‍ പിരിഞ്ഞു. നാളെ ഗുവാഹത്തിയിൽ ചെന്ന് വിളിക്കുക എന്നും പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞുകാണും, കിടിലൻ വിഷ്വല്‍സുമായി ഷൈജു മടങ്ങിയെത്തി. സീനിയർ ഓഫീസർമാർ പണം ആവശ്യപ്പെടുന്നു, പണം കൈമാറുന്നു, കമ്മീഷൻ എണ്ണംപറഞ്ഞു ചോദിച്ചുവാങ്ങുന്നു - ഇവയായിരുന്നു ദൃശ്യങ്ങളില്‍. ഏകദേശം 1200 കിലോമീറ്റര്‍ പല യൂണിറ്റുകൾ സന്ദർശിച്ചാണ് ഷൈജു 'സ്റ്റിംഗ്' പൂർത്തിയാക്കിയത്.

ഈയുള്ളവൻ തന്നെ സ്ക്രിപ്റ്റ് എഴുതി സ്റ്റോറി അടിച്ചു. തുടര്‍ന്ന്, പല ഉദ്യോഗസ്ഥരും ജയിലിലായി. പലവിധ അന്വേഷണങ്ങളും നടന്നു. അതിലൊന്നായ കോർട്ട് മാർഷലില്‍ പങ്കെടുക്കാൻ പോയപ്പോൾ സാധാരണക്കാരായ ജവാൻമാർ ഷൈജുവിനോട് പറഞ്ഞത് - "നിങ്ങൾ ഇതു ചെയ്തതിനുശേഷം ഞങ്ങൾക്ക് ശരിക്കുമുള്ള ആഹാരം കിട്ടുന്നുണ്ട്. അത്രമാത്രം മതി.."

65000 പേരുള്ള സേനയാണ് അസം റൈഫിൾസ്. ഒരു ബറ്റാലിയനിൽ 1200 പേരോളം വരും. ഒരു ദിവസം 250 ഗ്രാം ഗോതമ്പ്, 140 ഗ്രാം പച്ചക്കറികൾ, 55 ഗ്രാം പരിപ്പ്, 25 ഗ്രാം പഞ്ചസാര, 10 ഗ്രാം തേയില അല്ലെങ്കിൽ കാപ്പിപ്പൊടി ഇങ്ങനെ നീളുന്നു പട്ടിക. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഇറച്ചി വിളമ്പും. ഏകദേശം 130 ഗ്രാം വച്ചാണ് ഇത് നല്‍കേണ്ടത് എന്ന കണക്കുണ്ട്. പക്ഷെ അവര്‍ക്ക് കിട്ടിയിരുന്നത് ഇതിന്‍റെ നാലിലൊന്നു മാത്രമായിരുന്നു. പഴകിയ പച്ചക്കറികൾ മാർക്കറ്റിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങി, ഭക്ഷണം പകുതി വേവിച്ചു നല്‍കും. ഇതായിരുന്നു പതിവ്. രുചികരമായതും നല്ലപോലെ വെന്തതുമായ ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടും എന്ന് തലവന്മാര്‍ക്ക് അറിയാമല്ലോ.
പക്ഷെ എല്ലാ ദിവസവും ദേശഭക്തി ഉണര്‍ത്തുന്ന ഗാനങ്ങള്‍ പ്രത്യേകിച്ച് 'ജനഗണമന..." ഉച്ചത്തിൽ തന്നെ വേണം! അതിനു കുറവുണ്ടാകരുത്.

കുറവുകളെപ്പറ്റി ആരെങ്കിലും പറഞ്ഞാൽ തീര്‍ന്നു കാര്യങ്ങള്‍! അവര്‍ക്ക് കോർട്ട് മാർഷൽ ഉറപ്പ്, അല്ലെങ്കിൽ ഈ ജവാന് തലയ്ക്ക് സുഖമില്ല, അച്ചടക്ക നടപടി നേരിടുന്നവൻ, രാജ്യദ്രോഹി... അങ്ങനെ ലേബലുകൾ ആജീവനാന്തം നീണ്ടുകിടക്കും.

ഛത്തീസ്ഗഡ് മാവോയിസ്റ്റ് ഓപ്പറേഷനുകളുടെ ഭാഗമായ സിആര്‍പിഎഫ് ക്യാമ്പ്‌ 'കോബ്ര' ഈയുള്ളവന്‍ കണ്ടിട്ടുണ്ട്. 140 പേര്‍ വരുന്ന ഒരു യൂണിറ്റിനുള്ളിലേക്ക് ഈയുള്ളവനും ക്യാമറാമാനും കടന്നപ്പോള്‍ കണ്ടത് പത്തു പന്ത്രണ്ടു പേര്‍ ഇരുന്നു ഗോതമ്പിൽ നിന്നും പുഴുക്കളെ മാറ്റി അന്നത്തേക്കുള്ള ആഹാരം തയ്യാറാക്കുന്ന കാഴ്ചയാണ്. മാർക്കറ്റിൽ നിന്നും ആരും വാങ്ങാതെ തള്ളുന്ന സവാളയും ഉള്ളിയുമാണ് ക്യാമ്പില്‍ ഉപയോഗിക്കുന്നത്. പരിപ്പ് ഉണ്ട്, അതിൽ കൂടുതൽ പുഴുക്കളും അതിലുണ്ട്. ഈയുള്ളവൻ നേരിട്ടു കണ്ട സത്യമാണ് ഈ വിവരിച്ചത്. മാവോയിസ്റ്റ് വേട്ടയ്ക്ക് പോകുന്ന കോബ്രാ യൂണിറ്റ് അപ്പോള്‍ പുഴുക്കളെ നീക്കുന്ന കർമ്മത്തിൽ മുഴുകിയിരിക്കുന്നു- അറിയാതെ ആരും വിളിച്ചു പോകണം- ഭാരത് മാതാ കി ജയ്!
'ജയ് ജവാൻ ജയ് കിസാൻ'- ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷം ലാൽ ബഹദൂർ ശാസ്ത്രി ഉയർത്തിയ മുദ്രാവാക്യമാണ് ഇത്. ഇതിലെ ജവാൻ ഏറ്റവും കൂടുതൽ കൊള്ളയടിക്കപ്പെടുന്നവരായി മാറിയിരിക്കുന്നു..

യുപിഎ ഭരണകാലത്തു എ. കെ. ആന്റണി ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുത്തിയശേഷം ഒരു നിയമം കൊണ്ടുവന്നു - ഓഫീസർമാർ ഇനി മുതൽ ഓർഡർലി ആയി ജവാൻമാരെ ഉപയോഗിക്കരുത്. ആ പ്രത്യേക ഓർഡിനൻസും നിർദേശവും കടലാസിൽ മാത്രം ഒതുങ്ങി. ഓഫീസർമാരുടെ കാറു കഴുകുന്നത് മുതല്‍ അവരുടെ പട്ടിയെ അപ്പി ഇടീക്കുന്ന ജോലിവരെ ചെയ്തിട്ട്, അവര്‍ക്കുള്ള മൂന്ന് നേരത്തെ ആഹാരവും കൊടുത്ത്, അടുത്ത ദിവസം അവര്‍ ഇടേണ്ട ഷു പോളീഷും ചെയ്തുകൊടുത്തിട്ടുവേണം അന്നത്തെ ദിവസത്തെ ജോലി അവസാനിപ്പിക്കാന്‍.

ഓർഡർലി സമ്പ്രദായം ബ്രിട്ടീഷ് ആർമിയിൽ നിന്നും നമ്മൾ പഠിച്ചതാണ്. അതുപയോഗിച്ചു അവർ നമ്മളെ ശരിക്കും മുതലെടുത്തു. പക്ഷെ അവർ ഒരിക്കലും ഇതുപോലെയുള്ള ഏർപ്പാട് അവരുടെ സ്വന്തം ജവാൻമാരോട് കാണിച്ചിട്ടില്ല. ഇന്ത്യക്കാർ അവരുടെ അടിമകളായിരുന്നു. അതിനാല്‍ അവർ അത് ചെയ്യിപ്പിച്ചു.
ഒന്നു ചോദിക്കട്ടെ, നമ്മളുടെ ധീര ജവാൻമാരെക്കൊണ്ട് ഇതുപോലെയുള്ള അടിമപ്പണി ചെയ്യിപ്പിക്കുന്നതിനെതിരായി എത്ര ദേശസ്നേഹികൾ മുന്നോട്ടു വന്നിട്ടുണ്ട്?

കാരണം വ്യക്തമാണ്, അധികം ഓഫീസര്‍മാരും പുറമേ വെളുപ്പും ഉള്ളില്‍ ഇരുട്ടുമായി ജീവിക്കുന്നവരാണ്.

'ഓഫീസേർസ് മെസ്', അതായത് ഓഫീസർമാരുടെ ഭക്ഷണ വിരുന്നുശാല. അവിടെ ഒന്നിനും കുറവില്ല. എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ലഭിക്കും. അവരുടെ ഇഷ്ടം മനസിലാക്കി അവർക്കു വിളമ്പി നല്‍കാന്‍ ജവാൻമാർ നിരനിരയായി നിൽക്കണം.ഇനി ജവാന്മാരുടെ ഭക്ഷണശാലയായ ബാരക്കുകളിലെ കാര്യമോ? ജയിലിൽ പ്രതികൾ ക്യു നിൽക്കുന്നപോലെ ഒരു പാത്രവുമായി അവര്‍ നിരന്നുനില്‍ക്കണം. അതിലേക്കു എന്തെല്ലാമോ കുടഞ്ഞിടുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക സൈനികശക്തികളിൽ മൂന്നാം സ്ഥാനം അല്ലെങ്കിൽ നാലാം സ്ഥാനം നേടിയെടുത്ത നമ്മുടെ സൈനികർക്കു അവരുടെ ആവശ്യത്തിന് ഭക്ഷണം എടുത്തുകഴിക്കുവാൻ അനുവാദം ഉണ്ടാകേണ്ടതല്ലേ? അല്ലെങ്കിൽ അവർക്കത് കൊടുക്കുവാൻ നമ്മൾ പ്രാപ്തരല്ലേ?

'മേക്കിങ് ഇന്ത്യ' എന്ന കാഹളം നമ്മുടെ പ്രധാനമന്ത്രി മുഴക്കുമ്പോഴെങ്കിലും ഇങ്ങനെയൊരു ചിന്ത ഉണ്ടാകേണ്ടിയിരിക്കുന്നു. ജവാന്മാരുടെ പാത്രത്തില്‍ കൈയിട്ടു വാരുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്നു പറഞ്ഞാൽ സൈനിക തലപ്പ എത്രപേർ അവശേഷിക്കും?

ഫ്രണ്ട് പോസ്റ്റിൽ നിന്ന ഒരു ബിഎസ്എഫ് ജവാൻ തനിക്കു ലഭിക്കുന്ന ആഹാരസാധനങ്ങൾ സോഷ്യൽ മീഡിയയിൽ കൂടെ കാണിച്ചപ്പോള്‍ അദ്ദേഹത്തിനു തലക്കു വെളിവില്ല പോലും! അതും പോരാതെ ഈ ജവാൻ വിവിധ സൈനിക അച്ചടക്ക നടപടികള്‍ക്ക് വിധേയനായവനാണെന്ന പ്രചാരണവും!

പിന്നെയും സംശയം ബാക്കിയാണ് - തലയ്ക്കു വെളിവില്ലാത്ത ഒരാളെയാണോ, അതുമല്ലെങ്കില്‍ അച്ചടക്ക നടപടി നേരിടുന്ന ഒരു പട്ടാളക്കാരെനെയാണോ എ.കെ.47 കൊടുത്ത് ഫോർവേഡ് പോസ്റ്റിൽ നിർത്തിയിരിക്കുന്നത്?

ഇതും ദേശസ്നേഹമാകും അല്ലേ?