മുഖ്യമന്ത്രിയുടെ വകുപ്പിലുള്ള സ്ഥാപനത്തെ തകർക്കാൻ കൃഷി വകുപ്പ്; ചരടു വലിക്കുന്നത് ഐഎഎസ് ലോബി; ക്വട്ടേഷൻ മനോരമയ്ക്ക്

കേരളത്തിലെയും കേന്ദ്രത്തിലെയും ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഡയറക്ടർ ബോർഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരെ ആസൂത്രിതമായ വാർത്ത വരുത്തിയതിന്റെയും വിജിലൻസ് അന്വേഷണമെന്ന ഉണ്ടയില്ലാ വെടിയുടെയും ലക്ഷ്യമെന്തായിരുന്നു? മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വകുപ്പിനു കീഴിലെ പ്രശസ്തമായ ഒരു സ്ഥാപനത്തെ കരിവാരിത്തേയ്ക്കാൻ മനോരമയ്ക്ക് ആരാണ് ക്വട്ടേഷൻ നൽകിയത്? ആരായിരുന്നു ഈ വാർത്തയുടെ ഉന്നം?

മുഖ്യമന്ത്രിയുടെ വകുപ്പിലുള്ള സ്ഥാപനത്തെ തകർക്കാൻ കൃഷി വകുപ്പ്; ചരടു വലിക്കുന്നത് ഐഎഎസ് ലോബി; ക്വട്ടേഷൻ മനോരമയ്ക്ക്

[caption id="attachment_70532" align="alignleft" width="300"] തിരുവനന്തപുരം നഗരവാസികൾ മാത്രം അറിയാൻ[/caption]

അമ്പരപ്പിക്കുന്ന ഒരു വാർത്തയുമായാണ് 2016 ഡിസംബർ 28ന്റെ മലയാള മനോരമയുടെ തിരുവനന്തപുരം മെട്രോ പുറത്തിറങ്ങിയത്. കൃഷി വകുപ്പിൽ ഉന്നതന്റെ കോടികളുടെ വെട്ടിപ്പ് എന്ന് മൾട്ടികളർ ഹെഡിംഗിൽ എട്ടു കോളം വാർത്ത. തലക്കെട്ടിലെ വ്യാകരണം സംബന്ധിച്ച ആശയക്കുഴപ്പം തൽക്കാലം മാറ്റി വെയ്ക്കുക. ഇന്ട്രോ ഇങ്ങനെയായിരുന്നു: 

ഉന്നതന്റെ ബന്ധുവിന്റെ ടെക്നോപാർക്കിലെ കമ്പനിയിലേയ്ക്ക് ഒഴുകുന്നത് കോടികൾ.

എന്നാൽ കമ്പനിയുടെയും ഉന്നതന്റെയും പേര് മറച്ചു വച്ചാണ് വാർത്ത സംവിധാനം ചെയ്തിരിക്കുന്നത്. അവിടെയാണ് അമ്പരപ്പിന്റെ ഉത്ഭവം. ഇത്ര കെങ്കേമമായ വാർത്ത വായിക്കുന്ന ആരും അറിയാനാഗ്രഹിക്കുന്നത് ടെക്നോപാർക്കിലെ ആ കമ്പനിയെയും അതിനു പുറകിലുള്ള ആ ഉന്നതനെയും കുറിച്ചാണ്.  പക്ഷേ, സുപ്രധാനമായ ആ വിവരം മാത്രം  വാർത്തയിൽ ഇല്ല. വാർത്ത വായിച്ചു ചെല്ലുമ്പോൾ ഇങ്ങനെയൊരു വാചകം വായിക്കാം:
കാർഷിക പദ്ധതികൾക്കു രൂപം കൊടുക്കുന്ന വർക്കിംഗ് ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചിരിക്കുന്നത്.

വിചിത്രമെന്നു പറയട്ടെ, ഈ പറയുന്നത് ഏതു വ്യക്തിയെക്കുറിച്ചെന്നും വാർത്തയിൽ പരാമർശമില്ല.

ഏറ്റവും വിചിത്രമായ മറ്റൊരു കാര്യവുമുണ്ട്. സ്തോഭജനകമായ ഈ വാർത്ത വായിക്കാനുളള ഭാഗ്യം തിരുവനന്തപുരം നഗരത്തിലെ ഏതാനും പേർക്കു മാത്രമായി മനോരമ ചുരുക്കി. കൃഷി വകുപ്പിൽ നടന്ന കോടികളുടെ വെട്ടിപ്പ് മുഖ്യ എഡിഷനുകളിലൊന്നിലുമില്ല. എന്തിന്, തിരുവനന്തപുരം എഡിഷനിൽപ്പോലുമില്ല. വാർത്തയറിയാൻ സുകൃതം ചെയ്തത് നഗരവാസികൾ മാത്രം.

ഫോളോ അപ്പ് തൊട്ടടുത്ത ദിവസം, അതും മെട്രോ മനോരമയിൽ മാത്രം


[caption id="attachment_70533" align="alignleft" width="300"] കൃഷി മന്ത്രിയുടെ പ്രതികരണം[/caption]

ഒട്ടും വൈകാതെ വാർത്തയോടു കൃഷി വകുപ്പു മന്ത്രി വിഎസ് സുനിൽകുമാർ പ്രതികരിച്ചു. വായനക്കാർക്കു മനസിലാകാത്ത സ്ഥാപനത്തെ മന്ത്രിയ്ക്കു മനസിലായി. ഒരേ സ്ഥാപനത്തിനു പണം നൽകുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും ഉദ്യോഗസ്ഥന്റെ ബന്ധുവിന്റേതാണു സ്ഥാപനം എന്നതു പുതിയ അറിവാണെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

സ്വകാര്യസ്ഥാപനത്തിലേയ്ക്കു കോടികൾ ഒഴുകുന്നതിനു സർക്കാർ തടയിടുന്നുവെന്നും ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയ്ക്ക് ഇതുവരെ നൽകിയ ഫണ്ടിന്റെ കണക്കെടുക്കാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയ്ക്കു നിർദ്ദേശം നൽകിയെന്നും മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മനോരമ പ്രഖ്യാപിച്ചു.

പക്ഷേ, അപ്പോഴും സ്ഥാപനത്തിന്റെ പേരില്ല. വകുപ്പിലെ ഉന്നതൻറെ പേരില്ല. ബന്ധുവിന്റെ പേരില്ല. സ്വാഭാവികമായും ആരും അമ്പരക്കും. എട്ടു കോളം ബാനർ ഹെഡിംഗിൽ രണ്ടു ദിവസമായി ഒരു അഴിമതിക്കഥ മൾട്ടി കളറിൽ പ്രസിദ്ധീകരിക്കുന്നതു മനോരമയാണ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മന്ത്രി ഇടപെട്ടിട്ടും വാർത്ത തിരുവനന്തപുരം എഡിഷനിൽ പോലും വരുന്നില്ല. വാർത്തയും നടപടിയുമെല്ലാം അറിയുന്നതു നഗരവാസികൾ മാത്രം. ഇതെന്തു പത്രപ്രവർത്തനം എന്നു സ്വാഭാവികമായും അമ്പരക്കും. അങ്ങനെയാണ് ഈ സ്ഥാപനം ഏതെന്ന് അന്വേഷിക്കാൻ നാരദാ ന്യൂസ് തീരുമാനിച്ചത്.

ഉന്നതന്മാരെയെല്ലാം വിളിച്ചു; ആരും പേരു പറയുന്നില്ല


സ്ഥാപനത്തിന്റെ പേരറിയാൻ ഞങ്ങൾ മനോരമയെത്തന്നെയാണ് ആദ്യം ആശ്രയിച്ചത്. ബ്യൂറോയിൽ നിന്നു വാർത്തയെഴുതിയ ലേഖകന്റെ നമ്പർ കിട്ടി. പക്ഷേ, സ്ഥാപനത്തിന്റെ പേരു പറയാൻ അദ്ദേഹം തയ്യാറായില്ല.

പിന്നെ വിളിച്ചതു കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയെ. വാർത്ത വന്നതു മനോരമയിലാണെന്നും സ്ഥാപനമേതെന്നു മനോരമക്കാരോടു തന്നെ ചോദിക്കാനുമായിരുന്നു സ്വാമിയുടെ പ്രതികരണം.

വാർത്ത ശ്രദ്ധയിൽപെട്ടില്ല എന്നായിരുന്നു കൃഷി വകുപ്പു ഡയറക്ടർ ബിജു പ്രഭാകറിന്റെ ആദ്യപ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥൻ ഇടുക്കിയിലാണെന്നും അന്വേഷണ റിപ്പോർട്ടു കിട്ടിയാൽ വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തിന്റെ പേര് അദ്ദേഹവും പറഞ്ഞില്ല.

രണ്ടു വാർത്തയിലും ആവർത്തിച്ചു പേരു പറയുന്ന കൃഷി വകുപ്പിന്റെ തന്നെ മറ്റൊരു സ്ഥാപനമുണ്ട്. ഫാം ഇൻഫർമേഷൻ ബ്യൂറോ. ഈ സ്ഥാപനത്തിനു വേണ്ടിയാണ് എന്ന വ്യാജേനെയാണു മനോരമയുടെ ആത്മരോഷം. ആദ്യദിവസത്തെ ലീഡു തന്നെ "കൃഷി വിജ്ഞാന വ്യാപനത്തിനായി കൃഷി വകുപ്പിനു കീഴിലുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോയെ നോക്കുകുത്തിയാക്കി സ്വകാര്യസ്ഥാപനത്തിലേയ്ക്കു സർക്കാർ ഒഴുക്കുന്നതു കോടികൾ
 " എന്നായിരുന്നു.

സ്വാഭാവികമായും എഫ്ഐബിയിൽ അന്വേഷിച്ചാൽ ഈ സ്വകാര്യസ്ഥാപനത്തെക്കുറിച്ചറിയേണ്ടതാണ്. അങ്ങനെ ഡയറക്ടറെ വിളിച്ചു. ഡിസംബർ 31നു സർവീസിൽ നിന്നു വിരമിച്ച സുരേഷ് മുതുകുളത്തെ ലൈനിൽ കിട്ടി. പക്ഷേ, അദ്ദേഹത്തിനും സ്ഥാപനമേതെന്ന് അറിയില്ല. കൂടുതൽ വിവരങ്ങൾ കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ അന്വേഷിച്ചാൽ അറിയാമെന്ന് അദ്ദേഹം.

പിറ്റേന്നു മെട്രോ മനോരമ കണ്ടു ഞങ്ങൾ ഞെട്ടി


മനോരമയിൽ വന്ന കാര്യത്തെക്കുറിച്ചു മനോരമയിൽ അന്വേഷിക്കാൻ ഞങ്ങളോടു ധിക്കാരപൂർവം ആജ്ഞാപിച്ച രാജു നാരായണ സ്വാമിയുടെ വിശദമായ പ്രതികരണം മെട്രോ മനോരമയിൽ. ബന്ധുവിന്റെ സ്ഥാപനത്തിന് കൃഷിഫണ്ട് എന്ന തലക്കെട്ടിലെ ആ വാർത്തയിലും പക്ഷേ, ബന്ധുവാരെന്നോ സ്ഥാപനമേതെന്നോ പറയുന്നില്ല. ഞങ്ങൾ വീണ്ടും ഞെട്ടി.

ജോയിന്റ് സെക്രട്ടറിയായ അനിൽകുമാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടു കിട്ടുമെന്നുമൊക്കെ രാജു നാരായണ സ്വാമി ഐഎഎസ് മനോരമയെ രഹസ്യമായി അറിയിച്ചു. അദ്ദേഹത്തിന്റെ വക പിന്നെയുമുണ്ട് അറിയിപ്പുകൾ. പക്ഷേ, തുടർച്ചയായ മൂന്നാം ദിനവും ആ പ്രസക്തമായ ചോദ്യത്തിനുത്തരമില്ല.

ഏതാണാ സ്ഥാപനം...? ആരാണാ ഉദ്യോഗസ്ഥൻ...? വില്ലന്മാർ മൂന്നാം ദിവസവും കാണാമറയത്ത്... സസ്പെൻസ് സഹിക്കാൻ കഴിയാത്ത നഗരവാസികൾ വീർപ്പു മുട്ടി നിന്നു.

ഒടുവിൽ, സസ്പെൻസ് പൊട്ടിച്ചത് ബിജു പ്രഭാകർ ഐഎഎസ്...


ഡിസംബർ 31 ന്റെ മെട്രോ മനോരമയിൽ സസ്പെൻസ് പൊട്ടി. അതുവരെ പറയാത്ത ഒരു സ്ഥാപനത്തിന്റെ പേര് കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് മനോരമയിലൂടെ പുറത്തു പറഞ്ഞു. പക്ഷേ, ബിജു പ്രഭാകറിന്റെ പ്രതികരണം നൽകിയപ്പോഴും കുപ്രസിദ്ധമായ മനോരമത്തരത്തിന്റെ ട്രേഡ് മാർക്ക് പതിച്ചിരുന്നു.

വാർത്തയുടെ രണ്ടാം ഖണ്ഡിക ഇങ്ങനെ:
കൃഷി വകുപ്പിനു കീഴിലുളള ഫാം ഇൻഫർമേഷൻ ബ്യൂറോയെ നോക്കുകുത്തിയാക്കിയാണ് സ്വകാര്യസ്ഥാപനത്തിലേയ്ക്കു പരസ്യചിത്രീകരണത്തിനു വേണ്ടി പുറംകരാർ നൽകിയത്. കഴിഞ്ഞ പതിമൂന്നു വർഷമായി ഐഐഐടിഎംകെ എന്ന സ്ഥാപനത്തിനാണു ചിത്രീകരണ കരാർ നൽകിയിരിക്കുന്നത് എന്നു ബിജു പ്രഭാകർ പറഞ്ഞു.

ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്കു തൊട്ടുമുന്നിൽ വിഷം പുരട്ടിയ ഒരു വാചകം മനോരമ സമർത്ഥമായി സ്ഥാപിച്ചു. രണ്ടും ചേർത്തു വായിക്കുമ്പോൾ എഫ്ഐബി സർക്കാർ സ്ഥാപനമാണെന്നും ഐഐഐടിഎംകെ സ്വകാര്യസ്ഥാപനമാണെന്നും കൃഷി വകുപ്പിലെ ഏതോ ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ സ്ഥാപനമാണെന്നുമൊക്കെ തോന്നണം. അതിനുള്ള കളിയായിരുന്നു, തുടർച്ചയായ മൂന്നുദിവസങ്ങളിലും സ്ഥാപനത്തിന്റെ പേരൊഴിവാക്കിയുള്ള അഴിമതിക്കഥാ ചർവണം.

എന്താണീ ഐഐഐടിഎംകെ? അതെങ്ങനെ സ്വകാര്യസ്ഥാപനമാകും?


http://iiitmk.ac.in/  എന്ന ലിങ്കിൽ ക്ലിക്കു ചെയ്താൽ ആർക്കും പരിചയപ്പെടാം ഈ സ്ഥാപനത്തെ. കേരള സർക്കാരിന്റെ ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനം. ആ വകുപ്പ് ഇപ്പോൾ ഭരിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയൻ. About Us എന്ന ലിങ്കിൽ ക്ലിക്കു ചെയ്താൽ ഐഐഐടിഎംകെ എന്ന സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ വായിക്കാം.
Indian Institute of Information Technology and Management-Kerala (IIITM-K) is a non-profit making autonomous institution registered under Section 8 (old Section 25) Companies Act 2013 and the management of the Institute is vested with Board of Directors comprising eminent industrialists, academicians and senior Government officials appointed by the Government of Kerala.

കേരളാ സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം. സർക്കാർ നിയമിക്കുന്ന മുതിർന്ന ബ്യൂറോക്രാറ്റുകൾ ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡ് നിയന്ത്രിക്കുന്ന സ്ഥാപനം. അതാണ് ഐഐഐടിഎംകെ. ഇപ്പോൾ ആരൊക്കെയുണ്ട് അവിടെ?

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ മാധവൻ നമ്പ്യാർ ഐഎഎസാണ് സ്ഥാപനത്തിന്റെ ചെയർമാൻ. കേന്ദ്രസർക്കാരിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥൻ.

കേരള സർക്കാരിനെ പ്രതിനീധികരിക്കുന്ന അംഗങ്ങൾ ഇവരാണ്.

  1. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി ശ്രീനിവാസ് ഐഎഎസ്

  2. ഐടി സെക്രട്ടറി എം ശിവശങ്കർ ഐഎഎസ്

  3. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി എ ആർ അജയകുമാർ

  4. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.വിജയകുമാർ.


കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഡോ. അജയകുമാർ ഐഎഎസ്

കൂടാതെ കുസാറ്റിന്റെ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലതയും.

ഇതെങ്ങനെ സ്വകാര്യസ്ഥാപനമാകും, കൃഷി മന്ത്രീ...?

13 വർഷമായി ഐഐഐടിഎംകെ എന്താണു ചെയ്യുന്നത്?


ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിനു കൃഷിയിലെന്തു കാര്യം? ആ സംശയം പ്രസക്തം തന്നെ. 2002ലാണു സംഭവങ്ങളുടെ തുടക്കം. കേരളത്തിലെ കാർഷിക വികസനത്തിനു വേണ്ടി വിവരസാങ്കേതികവിദ്യയുടെയും ജൈവസാങ്കേതികവിദ്യയുടെയും പിൻബലത്തോടെ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.

ശിപാർശ നൽകിയത് ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിൽ ഡയറക്ടർ ജനറൽ ആയിരുന്ന ഡോ. വി എൽ ചോപ്ര അധ്യക്ഷനായ സമിതി. കൃഷി വകുപ്പും ഐഐഐടിഎംകെയും സംയുക്തമായി പദ്ധതി നടപ്പാക്കണമെന്നു തീരുമാനിച്ചത് സർക്കാർ തന്നെയാണ്. 2003 നവംബറിൽ ഉദ്ഘാടനം. അന്ന് ഐടി വകുപ്പ് കുഞ്ഞാലിക്കുട്ടിയുടെ കീഴിൽ. കൃഷി മന്ത്രിക്കസേരയിൽ ഗൌരിയമ്മ. ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്ത പദ്ധതിയാണു കഴിഞ്ഞ 13 വർഷമായി തുടർന്നു വരുന്നത്.

ഇതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റിൽ കിസാൻ കൃഷിദീപം പദ്ധതി അവതരിപ്പിച്ചതും. കൃഷി വകുപ്പ് നടപ്പാക്കുന്ന കർഷകപ്രിയ പദ്ധതികളും വികസന നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ദൂരദർശൻ ഉൾപ്പെടെ മലയാളത്തിലെ എല്ലാ ചാനലുകളെയും കൃഷി വകുപ്പ് സമീപിച്ചു. കെ ആർ ജ്യോതിലാൽ ഐഎഎസായിരുന്നു അന്ന് കൃഷി വകുപ്പ് ഡയറക്ടർ. പ്രതികരിച്ചത് മൂന്നു ചാനലുകൾ മാത്രം. അതിൽനിന്നാണ് ഏഷ്യനെറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാനെറ്റിന്റെ ടൈം സ്ലോട്ട് വാങ്ങി, കൃഷി വകുപ്പു തയ്യാറാക്കുന്ന പരിപാടി സംപ്രേഷണം ചെയ്തു.

അങ്ങനെ പരിപാടി തയ്യാറാക്കുന്നതും സ്വകാര്യ വ്യക്തികളല്ല. കൃഷി വകുപ്പിലെ മൂന്ന് അസിസ്റ്റന്റ് ഡയറക്ടർമാരെ മുഴുവൻ സമയം ഐഐഐടിഎംകെയിൽ സർക്കാർ ഉത്തരവുമൂലം നിയമിച്ച്, അവരുടെ മേൽനോട്ടത്തിലാണു പരിപാടികളുടെ ചിത്രീകരണം. അതിനായി ഐഐഐടിഎംകെയിൽ സർക്കാർ തന്നെ സ്റ്റുഡിയോയും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇത്തരത്തിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുസ്ഥാപനത്തെയാണു സ്വകാര്യ സ്ഥാപനമെന്നും കൃഷിവകുപ്പിലെ ഉന്നതന്റെ ബന്ധുവിന്റെ സ്ഥാപനമെന്നുമൊക്കെ മനോരമ ചിത്രീകരിച്ചത്. ഈ പേരു പറയാത്തതും പ്രധാന എഡിഷനുകളിൽ അഴിമതിക്കഥ പ്രസിദ്ധീകരിക്കാത്തതും ബോധപൂർവമായിരുന്നുവെന്നു വേണം രാജു നാരായണ സ്വാമി അടക്കമുള്ളവരുടെ പ്രതികരണങ്ങളിൽ നിന്നു മനസിലാക്കേണ്ടത്. ചില സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ദുരൂഹമായ ചരടുവലികൾക്കു പശ്ചാത്തല സൌകര്യമൊരുക്കുക എന്നതായിരുന്നു മനോരമയുടെ ലക്ഷ്യം.

നിരന്തരമായ വാർത്തകൾ... പ്ലാന്റു ചെയ്യുന്നവർ ലക്ഷ്യമിടുന്ന തുടർനടപടികൾ


മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുളള ഒരു സ്ഥാപനം. ആ സ്ഥാപനത്തെ ഉന്നം വച്ച് മനോരമയിൽ ദുരൂഹമായ റിപ്പോർട്ടുകൾ. എങ്ങും തൊടാത്ത ഒളിയമ്പുകളും ദുഃസൂചനകളും. വകുപ്പിനു പ്രഥമദൃഷ്ട്യാ തള്ളിക്കളയാവുന്ന വ്യാജ വാർത്തകളാണു മനോരമ പ്രസിദ്ധീകരിച്ചത്.

പക്ഷേ, വാർത്ത പ്ലാന്റു ചെയ്തവർ ആഗ്രഹിച്ച രീതിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണമുണ്ടായതിൽ നിന്നു സൂചന വ്യക്തം. ഐഐഐടിഎംകെ സ്വകാര്യ സ്ഥാപനമല്ലെന്നും കേന്ദ്ര സംസ്ഥാന കേഡറിലെ മുതിർന്ന ഐഎഎസുകാരാണ് ആ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിലുള്ളതെന്നും അറിയാത്ത ആളല്ല രാജു നാരായണ സ്വാമി. ബിജു പ്രഭാകറിന്റെ മുൻഗാമിയായി കെ ആർ ജ്യോതിലാൽ ഐഎഎസ് കൃഷി വകുപ്പു ഡയറക്ടർ ആയിരിക്കുമ്പോൾ ജീവൻ വച്ച പദ്ധതിയാണ്. ഒരു ഫോൺ കോളിൽ കിട്ടാവുന്ന വിവരങ്ങളാണിവയൊക്കെ.

ഐഐഐടിഎംകെ ഒരു സ്വകാര്യസ്ഥാപനമാണെന്നു കേരളത്തിലെ ഏറ്റവും പ്രമുഖ മാദ്ധ്യമം വെണ്ടയ്ക്ക നിരത്തിയിട്ടും ഉന്നതങ്ങളിൽ നിന്നു വിശദീകരണമുണ്ടായില്ല. മനോരമയെ തിരുത്തിക്കാൻ അവരോടു പ്രതികരിച്ച ഉന്നത ഉദ്യോഗസ്ഥന്മാരാരും തയ്യാറായതുമില്ല. മാത്രമല്ല, വസ്തുതകളന്വേഷിച്ചു സമീപിച്ച മറ്റു മാദ്ധ്യമങ്ങളിൽനിന്നു വിവരങ്ങൾ മറച്ചു വയ്ക്കാൻ വല്ലാതെ ഉത്സാഹിക്കുകയും ചെയ്തു.

കേരളത്തിലെയും കേന്ദ്രത്തിലെയും ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഡയറക്ടർ ബോർഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരെ ആസൂത്രിതമായ വാർത്ത വരുത്തിയതിന്റെയും വിജിലൻസ് അന്വേഷണമെന്ന ഉണ്ടയില്ലാ വെടിയുടെയും ലക്ഷ്യമെന്തായിരുന്നു? മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വകുപ്പിനു കീഴിലെ പ്രശസ്തമായ ഒരു സ്ഥാപനത്തെ കരിവാരിത്തേയ്ക്കാൻ മനോരമയ്ക്ക് ആരാണ് ക്വട്ടേഷൻ നൽകിയത്? ആരായിരുന്നു ഈ വാർത്തയുടെ ഉന്നം?

മുഖ്യമന്ത്രിയുടെ മൂക്കിനു കീഴിൽ ചേരി തിരിഞ്ഞു പടവെട്ടുന്ന ബ്യൂറോക്രാറ്റുകളുടെ ഉള്ളിലിരിപ്പെന്ത്..?

തുടർന്നു വായിക്കുക: ശമ്പളമുണ്ണാൻ 60 പേർ; പണി മുഴുവൻ പുറംകരാർ: സർക്കാരിന് എന്തിനാണീ സ്ഥാപനം? 

നാരദാ ഇൻവെസ്റ്റിഗേഷൻ തുടരും..

Read More >>