ഇതാണു കേരള മോഡല്‍ വിദ്യാഭ്യാസം എങ്കില്‍ ഞങ്ങള്‍ക്കതു വേണ്ട സർ...

അറവുശാലകള്‍ നടത്തുവാന്‍ വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സും നിബന്ധനകളും കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ട്. എന്നാല്‍ ഒരു ജനതയെ മാനസികമായും ബൗദ്ധീകമായും വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന വിദ്യാഭ്യാസം ആരും ചോദ്യം ചെയ്യുവാന്‍ പാടില്ല എന്ന ധിക്കാരം വച്ചു പുലര്‍ത്തുന്ന സ്വാശ്രയ മാടമ്പി മുതലാളിമാര്‍ക്ക് എതിരെ സര്‍ക്കാര്‍ എന്തു നിലപാടുകള്‍ ആണു സ്വീകരിക്കുക എന്നത് കണ്ടറിയേണ്ടി ഇരിക്കുന്നു.

ഇതാണു കേരള മോഡല്‍ വിദ്യാഭ്യാസം എങ്കില്‍ ഞങ്ങള്‍ക്കതു വേണ്ട സർ...

പലചരക്കു കടക്കാരും ബസ്സ്‌ മുതലാളിമാരും തീയേറ്റര്‍ ഉടമകളും മറ്റും നടത്തുന്നത് പോലെ സൂചനാ പണിമുടക്ക്‌ നടത്തി സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന്‍ കേരള സര്‍ക്കാരിന്റെയും കേരളജനതയുടെയും മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ ദാർഷ്ട്യങ്ങളും ധിക്കാരങ്ങളും ഇനിയും ഇഷ്ടം പോലെ തുടരും, അതു ചോദ്യം ചെയ്‌താല്‍ കേരള വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കും, ആരുണ്ട് ചോദിക്കാന്‍ എന്ന ഭാവം. അറവുശാലകള്‍ നടത്തുവാന്‍ വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സും നിബന്ധനകളും കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ട്

. എന്നാല്‍ ഒരു ജനതയെ മാനസികമായും ബൗദ്ധീകമായും വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന വിദ്യാഭ്യാസം ആരും ചോദ്യം ചെയ്യുവാന്‍ പാടില്ല എന്ന ധിക്കാരം വച്ചു പുലര്‍ത്തുന്ന സ്വാശ്രയ മാടമ്പി മുതലാളിമാര്‍ക്ക് എതിരെ സര്‍ക്കാര്‍ എന്തു നിലപാടുകള്‍ ആണു സ്വീകരിക്കുക എന്നത് കണ്ടറിയേണ്ടി ഇരിക്കുന്നു.


വിദ്യാഭ്യാസ മന്ത്രിയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണോ എന്നു മുഖ്യമന്ത്രി ഒന്നു പരിശോധിക്കുന്നതും നന്നാവും

. സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തു നിന്നോ കാര്യമായ പ്രതികരണം ഈ ഒരാഴ്ച പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല എന്നതു കേരളം ബോധപൂര്‍വ്വം മറക്കുകയാണ്. മടിശീലയില്‍ കനമുള്ളവര്‍ക്കു പ്രതികരിക്കുമ്പോള്‍ വിക്കല്‍ ഉണ്ടാകും. അതു സ്വാഭാവികമാണ്. പരിധിവിട്ട പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുവാന്‍ പാടില്ല എന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കു മുകളില്‍ നിന്നു നേതാക്കന്മാരുടെ ഉത്തരവുകള്‍ ഉണ്ട്
.
എന്നാല്‍ തങ്ങള്‍ വിദ്യാര്‍ത്ഥി പക്ഷത്ത് ഉണ്ട് എന്നു കാണിക്കേണ്ട ആവശ്യകതയും ഈ യുവജന - വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട്.  അതവര്‍ വലിയ തെറ്റില്ലാത്ത വിധത്തില്‍ നിര്‍വഹിക്കുന്നും ഉണ്ട് .


'ചങ്കൂറ്റത്തിനു' വലിയ സാധ്യതകള്‍ ഇല്ലാ എങ്കിലും ഇച്ഛാശക്തിയും വ്യക്തമായ വിദ്യാഭ്യാസ നയവുമുള്ള ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്‌ എങ്കില്‍ ഇന്നു '

പണിമുടക്കുന്ന 'സ്വാശ്രയ മാനെജ്മെന്റ് കോളേജുകളുടെ ലൈസന്‍സ് റദ്ദാക്കുകയോ ഇത്തരം മാടമ്പി കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുവാന്‍ ഉള്ള നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യം ആണ്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ നിഷേധിക്കുന്ന, കച്ചവടം മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന ഈ മാനേജ്മെന്റുകള്‍ക്ക് എതിരെ മനുഷ്യാവകാശ കമ്മീഷനോ കോടതിയോ സ്വമേധയാ കേസ് ഇടുക്കണം. കച്ചവട സ്ഥാപനം ആയതു കൊണ്ട് വിദ്യാർത്ഥികളെ നിങ്ങളില്‍ ആരെങ്കിലും ഒക്കെ ഉപഭോക്തൃ കോടതിയെ സമീപിച്ച് ഇന്നത്തെ മാനേജ്മെന്റ് പണിമുടക്കില്‍ നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളുടെ പേരില്‍ നഷ്ടപരിഹാരം നേടി എടുക്കണം
.


കച്ചവടം കച്ചവടം എന്നു പറയുന്നതല്ലാതെ തങ്ങള്‍ നല്ല കച്ചവടക്കാര്‍ ആണെന്നു മാനേജ്മെന്റ് അസോസിയേഷന്‍ തെളിയിച്ചിരിക്കുന്നു. കയ്യിലുള്ള കാശും ബാങ്ക് വായ്പ്പയും കടവും മേടിച്ചു സ്വാശ്രയ കോളേജുകളില്‍ പഠിക്കുവാന്‍ ചെല്ലുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് ഇന്നത്തെ അസോസിയേഷന്‍ സൂചനാ പണിമുടക്കിലൂടെ

. ചോദ്യം ചെയ്യപ്പെടാത്ത ഹിറ്റ്‌ലര്‍ മുസ്സോളിനിമാരുടെ സാമ്രാജ്യങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങള്‍ തീയിട്ടു നശിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്.


ഇതാണു കേരള മോഡല്‍ വിദ്യാഭ്യാസം എങ്കില്‍ ഞങ്ങള്‍ക്ക് അതു വേണ്ട സര്‍. കലാലയങ്ങള്‍ സര്‍ഗ്ഗാത്മകതയുടെയും പ്രണയങ്ങളുടെയും കവിതകളുടെയും കഥകളുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സംസാരിക്കുന്നതാകണം

. ചിരിക്കുന്നതിനു പോലും പിഴ ഈടാക്കുന്ന കലാലയങ്ങളില്‍ ചിരിക്കുക അല്ല, കൂവുകയാണു വേണ്ടത് എന്ന തിരിച്ചറിവായിരിക്കണം ഉണ്ടാവേണ്ടത്. ക്യാമറാ കണ്ണുകള്‍ പിന്തുടരാത്ത, ഇടിമുറികളെ ഭയക്കാത്ത കലാലയ ജീവിതങ്ങള്‍ ഉണ്ടാവേണ്ടത് ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അനിവാര്യതയാണ് .


ബാബു എം ജേക്കബ്