അജിത്തിന്റെ ഏകെ47 ജയിംസ് ബോണ്ട് പോലെ; അടുത്ത ആലുമ ഡോലുമയുമായി അനിരുദ്ധ്

കൊലവെറി പാട്ടിനു ശേഷം 'വേതാള'ത്തില്‍ 'ആലുമ ഡോലുമ' ഒരുക്കിയ അനിരുദ്ധിന് ഏറെ പറയാനുണ്ട്. അജിത്തിന്‍റെ പുതിയ സിനിമയായ 'ഏകെ 47'ലും അനിരുദ്ധിന്‍റെ പാട്ടുകളാണ്- ചെറുപ്രായത്തിൽത്തന്നെ സംഗീതസംവിധായകൻ എന്ന നിലയിൽ ഇടം കണ്ടെത്തിയ പ്രതിഭ, അനിരുദ്ധ് തന്റെ ജീവിതത്തിനെക്കുറിച്ചും സിനിമകളെക്കുറിച്ചും...

അജിത്തിന്റെ ഏകെ47 ജയിംസ് ബോണ്ട് പോലെ; അടുത്ത ആലുമ ഡോലുമയുമായി അനിരുദ്ധ്

പുതുവർഷത്തിലേയ്ക്കുള്ള പ്ലാനുകൾ ഇട്ടുകഴിഞ്ഞോ. ലോകം മുഴുവൻ സംഗീതപരിപാടികൾ നടത്തുന്നുണ്ടല്ലോ, ചെന്നൈയിൽ എപ്പോഴാണ് ഒരു പരിപാടി നടത്തുക?

ഈ വർഷത്തെ എന്റെ ആദ്യത്തെ ആൽബം അജിത് സാറിന്റെ ഏ കെ 47 ആണ്. അടുത്തത് മോഹൻ രാജയുടെ സംവിധാനത്തിൽ ശിവകാർത്തികേയന്റെ സിനിമ. പിന്നെ വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന സൂര്യ അഭിനയിക്കുന്ന “താനാ സേർന്ത കൂട്ടം”. തെലുങ്കിൽ പവൻ കല്യാണിന്റെ ഉൾപ്പടെ നാല് സിനിമകൾ ചെയ്യുന്നുണ്ട്. തമിഴ്, ഇംഗ്ലീഷ് മ്യൂസിക് ആൽബങ്ങൾ, ഫെബ്രുവരിൽ മുതൽ ഓരോന്നായി റിലീസ് ചെയ്യും. വേൾഡ് ടൂർ, ജനുവരി 21 നു സിംഗപ്പൂർ, പിന്നെ ചെന്നൈ. അത് കഴിഞ്ഞതും അമേരിക്ക, ആസ്ത്രേല്യ യാത്രകൾ. ഇതൊക്കെയാണ് 2017 ലെ പദ്ധതികൾ.


അനിരുദ്ധ് സംഗീതം നൽകുന്ന സിനിമകളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. ഒറ്റയ്ക്കുള്ള ആൽബങ്ങളിലും വേൾഡ് ടൂറുകളിലുമാണ് ശ്രദ്ധയെന്ന് വാർത്തകൾ വരുന്നുണ്ട്. സിനിമയ്ക്ക് സംഗീതം നൽകുന്നതല്ലാതെ വേറെന്ത് ചെയ്യാനാണ് താല്പര്യം?

എന്റെ ജീവിതലക്ഷ്യം തന്നെ ഒരു മ്യൂസിക് ആർട്ടിസ്റ്റ് ആവണമെന്നതാണ്. ഇന്ത്യൻ സംഗീതത്തിനെ ആഗോളസംഗീതമാക്കി മാറ്റണം. എന്റെ എല്ലാ സിനിമകളിലും ഒരു ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റോ, യൂറ്റ്യൂബ് ആർട്ടിസ്റ്റോ വിദേശരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരോ ഉണ്ടാകും. ആ കൊളാബറേഷൻ എനിക്കിഷ്ടമാണ്. അത് ലക്ഷ്യമാക്കിയാണ് ലോകം ചുറ്റുന്നതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് അങ്ങിനെയൊരു അവസരം കിട്ടി. അമേരിക്കയിലെ പ്രബലനായ സംഗീതജ്ഞൻ ഡി ജെ മേജർ ലാസർ എന്നെ കണ്ടെത്തി ‘ഇവന്റെയൊപ്പം ഒരു പാട്ട് ചെയ്യണമെന്ന്’ തോന്നി എനിക്കൊരു അവസരം തന്നിട്ടുണ്ട്. അത് ഉപയോഗിച്ച് അടുത്തത് എന്ത് ചെയ്യുമോ, അതു തന്നെയാണ് എന്റെ അന്വേഷണവും.

‘3’ സിനിമയിൽ തുടങ്ങി, ഈ അഞ്ച് വർഷങ്ങളിൽ 12 സിനിമകൾക്ക് സംഗീതം നൽകി. 100 ടെസ്റ്റ് മാച്ച് കളിച്ച് 10 സെഞ്ച്വറി അടിക്കുന്നതിനേക്കാൾ, 10 ടെസ്റ്റ് മാച്ചിൽ 7 സെഞ്ച്വറി അടിക്കുന്നതാണ് എനിക്ക് തൃപ്തി. ഞാൻ മൽസരിക്കുന്നത് എന്റെ തന്നെ ആൽബങ്ങളോടാണ്. അതിനേക്കാൾ നന്നായി ചെയ്യുന്നതെന്താണെന്നാണ് പ്രധാനം.

തമിഴ് മ്യൂസീഷ്യൻസിന് ഇതുപോലെ വേൾഡ് ടൂർ ലഭിക്കുന്നത് അപൂർവ്വമാണ്. വന്നു ചേരുന്നതിനെ ഞാൻ പ്രയോജനപ്പെടുത്തുന്നു. സ്റ്റുഡിയോവിൽ ഇരുന്ന് സംഗീതം നൽകി പാട്ടുകൾ എത്രയൊക്കെ ഹിറ്റ് ആയാലും, നമ്മുടെ ആസ്വാദകരുടെ മുന്നിൽ പോയി അത് പെർഫോം ചെയ്ത്, അവർ നമ്മളോടൊപ്പം ചേർന്ന് പാടുമ്പോൾ കിട്ടുന്ന സന്തോഷമല്ലേ വലുത്? അതിന് പകരം വേറൊന്നുമില്ല.

‘വേതാളം’ സിനിമയ്ക്ക് ശേഷം അജിത്തിന്റെ അടുത്ത സിനിമയിലും താങ്കളാണ് സംഗീതം നൽകുന്നത്. അജിത്ത് എന്ത് പറഞ്ഞു?

ഞാൻ അജിത്ത് സാറിന്റെ ആരാധകനാണ്. അദ്ദേഹത്തിന്റെ ആരാധകർക്ക്, കാലത്തിനും മായ്ക്കാൻ പറ്റാത്ത, പാട്ടുകൾ ആകണമെന്ന് കരുതിയാണ് ‘ആലുമാ… ഡോലുമാ..’ തയ്യാറാക്കിയത്. ‘കൊലവെറി’ യ്ക്കു ശേഷം എന്റെ കരിയറിലെ സക്സസ്ഫുൾ ആയ പാട്ടായി മാറി അത്. ഏ കെ 47 ഒന്നാന്തരമായി തയ്യാറായിട്ടുണ്ട്.

അജിത്ത് സാറിനെപ്പോലെ ഒരു ജന്റിൽമാനെ കാണാൻ കിട്ടില്ല. ‘വേതാളം’ സിനിമയിൽ ജോലി ചെയ്യുമ്പോഴും അതേ… ഇപ്പോഴും അതേ, അജിത്ത് സർ വളരെ എൻഗേജിങ് ആയി സംസാരിക്കും. സംഗീതത്തിൽ തലയിടില്ല. വേതാളത്തിന് ശേഷം, അജിത്ത് സാറിന്റെ ആരാധകർക്ക് പ്രതീക്ഷ കൂടി. ഇത്തവണ വേറെ ഒരു കളമാണ്. അതിലും ജയിച്ച് കാണിക്കും. സിനിമയുടെ കഥ, വിദേശസംബന്ധിയായതാണ്. ജെയിംസ് ബോണ്ട് സിനിമ പോലെയുണ്ടാകും. സംഗീതവും തീർച്ചയായും പുതുമയുള്ളതായിരിക്കും.

വിജയ് ആന്റണി, ജി വി പ്രകാശ് കുമാർ എന്നിവരും വിജയികളായ ഹീറോകളായി. നിങ്ങൾ എപ്പോഴാണ്…?

‘3’ സിനിമ തൊട്ടേ സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ വന്നിരുന്നു. എന്നാൽ, എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. മൂന്ന് കാരണങ്ങൾ കൊണ്ടാണ് ഞാൻ അഭിനയിക്കാൻ ഇറങ്ങാത്തത്. ആദ്യത്തെ കാരണം, എനിക്ക് അഭിനയം വശമില്ല. അടുത്തത്, അതിൽ എനിക്ക് പാഷൻ ഇല്ല. ഒരു പാട്ട് ചെയ്യുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം തീർച്ചയായും ഷൂട്ടിങ് സ്പോട്ടിൽ കിട്ടില്ല. മൂന്നാമത്, ഒരു അഭിനേതാവിന്റെ ജീവിതം എത്ര കഷ്ടപ്പാടാണെന്ന് എനിക്കറിയാം. ഈ അഞ്ച് വർഷങ്ങളിൽ ഞാൻ പ്രതീക്ഷിക്കാത്ത ഒരു ഇടം ലഭിച്ചു. അത് നിലനിർത്തുന്നതാണ് പ്രധാനം.

സംഗീതജ്ഞനായുള്ള താങ്കളുടെ വളർച്ചയ്ക്ക് പ്രധാന കാരണം ധനുഷ് ആണ്. പക്ഷേ ഇപ്പോൾ നിങ്ങൾ ഇരുവരും ചേർന്ന് സിനിമ ചെയ്യുന്നില്ലല്ലോ, അതെന്താണ്?

എന്നെ സംഗീതസംവിധായകനായി പരിചയപ്പെടുത്തിയത് ധനുഷ് ആണ്. ആറ് സിനിമകളിൽ നാലെണ്ണത്തിൽ ഞങ്ങൾ ഒന്നിച്ച് ജോലി ചെയ്തു. എല്ലാവർക്കും ഒരു ചെറിയ സ്പേസ് ആവശ്യമായി വരും. ആ ഇടവേള നൽകി, തിരിച്ച് വരുമ്പോൾ അത് പിന്നേയും വലിയ ഇമ്പാക്റ്റ് തരും. അതിനുള്ള ഒരു ചെറിയ ക്രിയേറ്റീവ് സ്പേസ് ആണിത്.

ഞങ്ങൾക്കിടയിൽ യാതൊരു തെറ്റിദ്ധാരണയും ഇല്ല. വഴക്കുമില്ല. ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. ‘വി ഐ പി 2’ ഇൽ എന്റെ തീം മ്യൂസിക് ഉപയോഗിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ വഴക്കാണെങ്കിൽ അത് ഞാൻ സമ്മതിക്കില്ലല്ലോ! വി ഐ പി 2 സിനിമ ധനുഷ് അറിയിച്ചപ്പോൾ പോലും എന്റെ പേരും ചേർത്താണ് ചെയ്തത്. ഞങ്ങൾ ചേർന്ന് ഒരു ഫോട്ടോ ഇട്ടിരുന്നെങ്കിൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ വരില്ലായിരുന്നെന്ന് കരുതുന്നു.

ചെറുപ്രായത്തിൽത്തന്നെ ആർഡ്രിയയുമായി ബ്രേക്ക് അപ്പ്, പീപ് സോങ്ങ് എന്നിങ്ങനെ ചർച്ചകൾ…


നമ്മൾ നമ്മളെത്തന്നെ നുള്ളിയാൽ വേദന എങ്ങിനെ അറിയും? വേദന എന്നത് അനുഭവിച്ചാലേ സന്തോഷമുള്ള ഒന്നിനെ അനുഭവിക്കാൻ കഴിയൂ.

ആദ്യത്തെ ചർച്ച വന്നപ്പോൾ ഞാനും നാലഞ്ച് ദിവസങ്ങൾ അപ്സെറ്റ് ആയിരുന്നു. പക്ഷേ, ഇപ്പോഴൊക്കെ ഞാനത് മറന്നിരിക്കുന്നു. ഡിസംബർ മാസം എങ്ങിനെ ചെന്നൈയ്ക്ക് മോശം മാസമായിരുന്നോ, അതേ പോലെ എനിക്കും എന്തെങ്കിലും വരും. ഈ വർഷം അങ്ങിനെയൊന്നുമില്ല, നല്ല കാര്യം. അടുത്ത വർഷം ഇതിലും നന്നായിരിക്കുമെന്ന് കരുതുന്നു.

ജീവിതം എങ്ങിനെയുണ്ട്?

സത്യം തിയേറ്ററിൽ ‘വി ഐ പി’ സിനിമ കാണാൻ പോയിരുന്നു. ‘ഊതുങ്കഡാ ശങ്കു’ പാട്ട് ചെറുപ്പക്കാർക്കുള്ള ഫീൽ സോംഗ് ആണ്. അതിന് കോളേജ് പെൺകുട്ടികൾ നാല് പേർ എഴുന്നേറ്റ് ഡാൻസ് കളിച്ചു. നമ്മൾ ഒരു ഫീലിംഗ് ആലോചിച്ചാൽ ഇവർ തനിച്ച് ഫീലാകുന്നല്ലോയെന്ന് തോന്നി. അങ്ങിനെ ബ്രേക്ക് അപ്പ് ആയ ഉടനേ, ആ വേദനയോടെ ഞാൻ ചെയ്ത പാട്ടാണ് ‘സത്യമാ നീ എനക്ക് തേവൈ ഇല്ലൈ…’

ഇതുവരെ ഞാൻ രണ്ട് റിലേഷനുകളിൽ ഉണ്ടായിരുന്നു. രണ്ടും എനിക്ക് വലിയ സന്തോഷമായിരുന്നു. രണ്ട് പേരോടും ഞാൻ വഴക്കിട്ടിട്ടില്ല. ഇപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ, കഴിഞ്ഞ മൂന്നര വർഷങ്ങളായി ഞാൻ സിംഗിൾ ആണ്. എന്റെ ജീവിതത്തിൽ ആരുമില്ല.

അപ്പോൾ കല്യാണം?

ഒരു മ്യുസീഷ്യനെ മനസ്സിലാക്കാൻ വലിയ പ്രയാസമാണ്. എന്റെ സോഷ്യൽ സർക്കിളിനോട് അവരും അവരുടെ സോഷ്യൽ സർക്കിളിൽ ഞാനും മാച്ച് ആവുന്നത് വലിയ പ്രയാസമാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം, എനിക്ക് കല്യാണം ആകുന്നത് പ്രയാസം തന്നെ.കടപ്പാട്: വികടൻ

Story by