'ഞാനൊരു ഇന്ത്യക്കാരന്‍'; മതം ചോദിച്ച പ്രോസിക്യൂഷന് കോടതിയില്‍ സല്‍മാന്റെ മറുപടി

മാനിനെ വേട്ടയാടിയ കേസില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഹാജരായതായിരുന്നു സല്‍മാന്‍ ഖാന്‍

കോടതിയില്‍ വെച്ച് മതം ചോദിച്ച പ്രോസിക്യൂഷനോട് താാനൊരു ഇന്ത്യക്കാരനാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മറുപടി. മാനിനെ വേട്ടയാടിയ കേസില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണ് സല്‍മാനോട് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ മതം ചോദിച്ചതും സല്‍മാന്റെ മറുപടിയും.

പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് സല്‍മാനോട് മതം ചോദിച്ചത്. ഇതിന് മുമ്പും സല്‍മാന്‍ ഇതേ മറുപടി കോടതിയില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോടതിയില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് ഹാജരായപ്പോള്‍  'ഞാന്‍ സല്‍മാന്‍ ഖാന്‍. ഞാനൊരു ഇന്ത്യക്കാരനാണ്' എന്നാണ് സല്‍മാന്‍ പ്രോസിക്യൂഷന് മറുപടി നല്‍കിയത്.


ഹം സാത്ത് ഹെയ്ന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മാനിനെ വേട്ടയാടിയ കേസില്‍ പ്രോസിക്യൂഷന്‍ 65 ചോദ്യങ്ങളാണ് ഇന്ന് സല്‍മാനോട് ചോദിക്കുന്നത്. മൊഴി രേഖപ്പെടുത്താനായി കോടതിയിലെത്തിയ സെയ്ഫ് അലിഖാന്‍, താബു തുടങ്ങിയ താരങ്ങളുടെ മുന്നിലാണ് സല്‍മാനെ ഇന്ന് ചോദ്യം ചെയ്യുന്നത്. താന്‍ നിരപരാധിയാണെന്നും കള്ളക്കേസ് ചമയ്ക്കുകയായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

രണ്ട് കൃഷ്ണ മൃഗത്തേയും രണ്ട് ചിങ്കാര മാനിനേയും കൊന്ന സംഭവത്തില്‍ സല്‍മാനെതിരെ നാല് കേസുകളാണ് ചുമത്തപ്പെട്ടത്. 28 സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് സല്‍മാനെ ചോദ്യം ചെയ്യുന്നത്. ബിഷ്‌ണോയ് എന്ന ഗോത്ര വിഭാഗത്തില്‍പെടുന്നവരും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനുകളെ ആരാധിക്കുന്ന ഈ വിഭാഗം സല്‍മാന്‍ വേട്ടയാടിയതായി പറയുന്ന പ്രദേശത്താണ് താമസിക്കുന്നത്. ചിങ്കാര മാനിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ ഖാനെ കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കിയിരുന്നു.

Read More >>