ശാസ്ത്രം ജയിച്ചു; ഹൈഡ്രജന്‍ ഇപ്പോള്‍ ലോഹാവസ്ഥയിലും!

ഭാവിയുടെ ഇന്ധനസ്രോതസ്സെന്നു വിശേഷിപ്പിക്കുന്ന ഹൈഡ്രജനാണ് ഇപ്പോള്‍ മെറ്റല്‍ രൂപത്തിലാക്കാന്‍ കഴിയും എന്ന് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്.

ശാസ്ത്രം ജയിച്ചു; ഹൈഡ്രജന്‍ ഇപ്പോള്‍ ലോഹാവസ്ഥയിലും!

നൂറു വര്‍ഷത്തിലധികമായി ശാസ്ത്രലോകം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം ജേര്‍ണല്‍ സയന്‍സ് പുറത്തുവിട്ടു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ 'ഹൈഡ്രജന്‍' ധാതുക്കളെ ലോഹമായി (മെറ്റല്‍) രൂപപ്പെടുത്തുന്നതില്‍ വിജയിച്ചു എന്നായിരുന്നു ആ സന്തോഷവാര്‍ത്ത.

ഭാവിയുടെ ഇന്ധനസ്രോതസ്സെന്നു വിശേഷിപ്പിക്കുന്ന ഹൈഡ്രജനാണ് ഇപ്പോള്‍ മെറ്റല്‍ രൂപത്തിലാക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുന്നത്. ഹൈഡ്രജന്‍ മെറ്റലിന്റെ രംഗപ്രവേശത്തോടെ അടിമുടി മാറാന്‍ പോവുന്നത്‌ മോട്ടോര്‍ വാഹനങ്ങളാണ്‌. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ വ്യാപകമാവുന്ന കാലം വിദൂരത്തല്ല. ജര്‍മനിയില്‍ 2001 ല്‍ തന്നെ ബി.എം.ഡബ്യു (BMW) ഹൈഡ്രജന്‍ കാര്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ഇന്ധനമായി 1970കള്‍ മുതല്‍ തന്നെ ഹൈഡ്രജന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.


സൂപ്പര്‍ കമ്പ്യുട്ടര്‍, അതിവേഗട്രെയിനുകള്‍, കൂടുതല്‍ ക്ഷമതയുള്ള വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് മെറ്റല്‍ ഹൈഡ്രജന്‍ ഏറെ പ്രയോജനം ചെയ്യും. കൂടാതെ ബഹിരാകാശഗവേഷണത്തിനു ഇത് വഹിക്കാന്‍ പോകുന്ന പങ്ക് ചെറുതല്ല.

സാധാരണ അന്തരീക്ഷതാപത്തിലും മര്‍ദ്ദത്തിലും ഹൈഡ്രജനിന് മെറ്റല്‍ രൂപത്തില്‍ തുടരാന്‍ കഴിയുമോ എന്നുള്ളതാണ് ഇനി നടക്കുന്ന ഗവേഷണമെന്നു പ്രൊഫസര്‍ ഐസക്ക് സില്‍വറ പറയുന്നു. ഹൈഡ്രജന്‍ ലോഹാവസ്ഥയില്‍ എത്തിക്കുവാന്‍ വളരെ കൂടിയ അളവിലുള്ള മര്‍ദ്ദം പ്രയോഗിക്കേണ്ടതായി വന്നിരുന്നു. ഭൂമിയുടെ മധ്യഭാഗത്തു അനുഭവപ്പെടുന്ന മര്‍ദ്ദത്തിനു സമാനമായ അളവിലുള്ള മര്‍ദ്ദം നല്‍കിയാണ്‌ ലിക്വിഡ് ഹൈഡ്രജനെ മെറ്റലായി രൂപപ്പെടുത്തിയത്.

ഐസ് ജഡീകരിക്കുവാന്‍ വേണ്ട താപത്തിലും വളരെ കുറഞ്ഞ താപത്തിലാണ് ലിക്വിഡ് ഹൈഡ്രജനെ അടിച്ചമര്‍ത്തിയെടുത്തു ഹൈഡ്രജന്‍ ലോഹം സൃഷ്ടിച്ചിരിക്കുന്നത്. അതിനായി രണ്ടു വജ്രങ്ങള്‍ ഉപയോഗിച്ചു വളരെ കുറഞ്ഞ താപവും കൂടിയ മര്‍ദ്ദവും നല്‍കി. രണ്ടു വജ്രങ്ങള്‍ക്കിടയിലൂടെയാണ് ചെറുതരികള്‍ പോലെ ഹൈഡ്രജന്‍ മെറ്റല്‍ ഇപ്പോള്‍ കാണാന്‍ കഴിയുക.

ലോകത്തില്‍ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു വസ്തു തങ്ങള്‍ക്ക് ആദ്യമായി കാണാന്‍ ലഭിച്ചതിന്റെ സന്തോഷവും പ്രൊഫസര്‍ ഐസക്ക് പ്രകടിപ്പിക്കുന്നു.