നോട്ടുനിരോധനത്തിന് ഒരു ഇര കൂടി; ഫീസടയ്ക്കാന്‍ പണമില്ലാത്തതിന് അധ്യാപകര്‍ പാന്റ്‌സ് ഊരി അപമാനിച്ച 16കാരന്‍ ആത്മഹത്യ ചെയ്തു

നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് മാസങ്ങളായി സ്‌കൂള്‍ ഫീസ് മുടങ്ങിയിരുന്നതായി വിദ്യാര്‍ത്ഥിയുടെ കുടുംബം പറഞ്ഞു.

നോട്ടുനിരോധനത്തിന് ഒരു ഇര കൂടി; ഫീസടയ്ക്കാന്‍ പണമില്ലാത്തതിന് അധ്യാപകര്‍ പാന്റ്‌സ് ഊരി അപമാനിച്ച 16കാരന്‍ ആത്മഹത്യ ചെയ്തു

പ്രധാന മന്ത്രിയുടെ നോട്ടുനിരോധനത്തിന്റെ അവസാന രക്തസാക്ഷി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി. നോട്ട് നിരോധനത്തിന് ശേഷമുണ്ടായ പ്രതിസന്ധി കാരണം ഫീസ് മുടങ്ങിയതിന് അപമാനിക്കപ്പെട്ട ഹൈദരാബാദ് സ്വദേശിയായ 16കാരന്‍ ആത്മഹത്യ ചെയ്തു. മിര്‍സ സല്‍മാന്‍ ബെയ്‌ഗെന്ന 16-കാരനാണ് അധ്യാപകര്‍ അപമാനിച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. സ്‌കൂളില്‍ വെച്ച് അപമാനിതനായ മിര്‍സ സല്‍മാന്‍ വീട്ടിലെത്തിയ ഉടന്‍ ആരോടും സംസാരിക്കാതെ വാതിലടച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ വിദ്യാര്‍ഥികളുടെ മുമ്പില്‍ വെച്ച് അധ്യാപകര്‍ സല്‍മാന്റെ പാന്റ്‌സ് അഴിപ്പിച്ചതായി സഹോദരന്‍ ബഷീര്‍ ആരോപിച്ചു. ഇഫ്ഹാം ടാലന്റ് സ്‌കൂളുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കാന്‍ വൈകിയതിന് കഴിഞ്ഞ കുറേ ദിവസങ്ങളായി മിര്‍സ സല്‍മാനെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു.


മിര്‍സ സല്‍മാന്റെ കുടുംബത്തിന്റെ പരാതിയില്‍ പ്രിന്‍സിപ്പല്‍ ഖാജ സൈനുല്‍ ആബിദിനെ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌കൂളില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ചില അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പോലീസ് ചോദ്യം ചെയ്തു.

സംഭവം നടന്ന ശേഷം പൊട്ടിക്കരഞ്ഞ മിര്‍സ സല്‍മാന്‍ താനിനി സ്‌കൂളിലേക്ക് വരില്ലെന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ ആരോപണങ്ങള്‍ നിഷേധിച്ച സ്‌കൂള്‍ അധികൃതര്‍ വ്യക്തിപരമായ കാര്യങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറഞ്ഞു.

Read More >>