വിദ്യാര്‍ത്ഥി ആവശ്യങ്ങളോട് അനങ്ങാപ്പാറ നയം; ലോ അക്കാദമിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹന്‍ദാസാണ് കോളേജിനെതിരെ സ്വമേധയാ കേസെടുത്തത്. വിഷയത്തില്‍ ഫെബ്രുവരി 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കമ്മീഷന്‍ നോട്ടീസും നല്‍കി. വിദ്യാര്‍ത്ഥികളുടെ സമരം അനിശ്ചിതമായി നീണ്ടിട്ടും മാനേജ്‌മെന്റ് ചര്‍ച്ചയ്ക്കു തയ്യാറാവുന്നില്ലെന്നും പരിഹാരം കാണുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

വിദ്യാര്‍ത്ഥി ആവശ്യങ്ങളോട് അനങ്ങാപ്പാറ നയം; ലോ അക്കാദമിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പ്രിന്‍സിപ്പലിന്റെ പീഡനത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് രണ്ടാഴ്ചയായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സമരത്തോട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ലോ അക്കാദമി മാനേജ്‌മെന്റിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹന്‍ദാസാണ് കോളേജിനെതിരെ സ്വമേധയാ കേസെടുത്തത്.

വിഷയത്തില്‍ ഫെബ്രുവരി 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും കമ്മീഷന്‍ നോട്ടീസും നല്‍കി. വിദ്യാര്‍ത്ഥികളുടെ സമരം അനിശ്ചിതമായി നീണ്ടിട്ടും മാനേജ്‌മെന്റ് ചര്‍ച്ചയ്ക്കു തയ്യാറാവുന്നില്ലെന്നും പരിഹാരം കാണുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.


വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് മാനേജ്‌മെന്റ് നടത്തുന്നത്. അവരുടെ വിലയേറിയ സമയം പാഴാക്കുന്ന മാനേജ്‌മെന്റ് പരിഹാര നടപടികള്‍ സ്വീകരിക്കാതെ കടുംപിടിത്തം പിടിക്കുന്നതായും മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. ഇതോടൊപ്പം ദലിത് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുന്നതായും രക്ഷിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തതായും ആക്ഷേപമുള്ളതായി കമ്മീഷന്‍ വ്യക്തമാക്കുന്നു.

വ്യക്തിവിധ്വേഷം മുന്‍നിര്‍ത്തി ചില വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് വെട്ടിക്കുറക്കുന്നതായും ആരോപണം ഉള്ളതായി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ഇവയിലെല്ലാം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

അതേസമയം, വിദ്യാര്‍ഥികളുടെ പരാതികള്‍ അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉപസമിതി കോളേജില്‍ തെളിവെടുപ്പ് ആരംഭിച്ചു. സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. രാവിലെ 11ഓടെയാണ് സംഘം ലോ അക്കാദമിയിലെത്തിയത്.

ഇന്നും നാളെയുമായി വിദ്യാര്‍ത്ഥികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും തെളിവെടുക്കുന്ന ഉപസമിതി ശനിയാഴ്ച സര്‍വ്വകലാശാലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റ് തള്ളി. പ്രിന്‍സിപ്പലിനെ മാറ്റില്ലെന്നു പറഞ്ഞ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ ആരോപണങ്ങള്‍ വ്യാജമാണന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയാറാണന്നും വ്യക്തമാക്കി.

Read More >>