രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ചില വിദ്യകള്‍

ധ്യാനവും യോഗയും ജീവനകലയും ശീലമാക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കും

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ചില വിദ്യകള്‍

ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ രക്തസമ്മര്‍ദ്ദത്തിന് ആനുപാതികമായി ഉയരുന്നത് കൊണ്ട് ഈ രോഗാവസ്ഥയെ നിസ്സാരമായി കണക്കാക്കാന്‍ കഴിയില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു.

ഇക്കാര്യങ്ങളില്‍ മനസ്സിരുത്തിയാല്‍ രക്തസമ്മര്‍ദ്ദം ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

സമീകൃതഭക്ഷണ ശൈലി ഉണ്ടാകണം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (Dietry Approach to Stop Hypertension). പയര്‍വര്‍ഗങ്ങളും പഴങ്ങളും പച്ചക്കറിയും ആഹാരത്തിന്‍റെ ഭാഗമാക്കണം. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിനാല്‍ ഇവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.


കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, മീന്‍ വിഭവങ്ങള്‍ വറുത്ത് ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല.

ആഹാരത്തില്‍ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുക

സോഡിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്തോറും രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യതകളും കൂടുതലാണ്. പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പുകവലി ഉപേക്ഷിക്കുക

പുകവലി ശീലമായിരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനും പ്രയാസമാണ് എന്ന് മറക്കേണ്ട.

മാനസിക പിരിമുറുക്കം കഴിവതും ഒഴിവാക്കണം

ഹൃദയാഘാതത്തെ തടയുവാന്‍ മാനസിക പിരിമുറുക്കം ഒഴിവാക്കേണ്ടി വന്നു. ധ്യാനവും യോഗയും ജീവനകലയും ശീലമാക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശരീരഭാരവും കുറയ്ക്കേണ്ടത് അത്യന്താപേക്ഷികമാണ്.

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വര്‍ജ്ജിക്കുക

പതിവായി കാപ്പി കുടിക്കുന്നവരില്‍ ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നില്ലെങ്കിലും, വല്ലപ്പോഴും മാത്രം കാപ്പിയും കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങളും കുടിക്കുന്നവരില്‍ ഇത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിനുതകുന്നു.

ചായകുടിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ ഹൃദയാഘാതത്തിനുള്ള  മറുമരുന്നാണ്. കടുപ്പം കുറഞ്ഞ ചായ ഉപയോഗിക്കുന്നതിലും തെറ്റില്ല.

വ്യായാമം മുടക്കരുത്

ഒരു ദിവസം കുറഞ്ഞത്‌ അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കണം. പൊടുന്നവേ വ്യായാമം അവസാനിപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുക. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം ഉള്ള ആളുകള്‍ക്ക് സൈക്കിളിംഗ്, നടത്തം, നീന്തല്‍ എന്നീ വ്യായാമങ്ങള്‍ ആയിരിക്കും അനുയോജ്യം.

Story by