മുമ്പിലേക്കു നോക്കി പരീക്ഷയെഴുതിയാൽ എങ്ങനെ കോപ്പിയടിയാകും: ജിഷ്ണുവിനൊപ്പം  പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ ചോദിക്കുന്നു

മാനേജ്മെന്റിനെതിരായി പറയാതിരിക്കാൻ നെഹ്റു കോളജ് അധികൃതർ വിദ്യാർത്ഥികളെ ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും വിദ്യാർത്ഥികൾ. അതേസമയം ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മുമ്പിലേക്കു നോക്കി പരീക്ഷയെഴുതിയാൽ എങ്ങനെ കോപ്പിയടിയാകും: ജിഷ്ണുവിനൊപ്പം  പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ ചോദിക്കുന്നുമുമ്പിലിരുന്ന വിദ്യാർത്ഥിയുടെ പേപ്പർ നോക്കിയെഴുതിയെന്നാണു ജിഷ്ണുവിനെതിരെ നെഹ്റു കോളജ് അധികൃതർ ആരോപിക്കുന്നത്. മുമ്പോട്ടു നോക്കി പരീക്ഷയെഴുതുന്നതിൽ എന്ത് അസ്വാഭാവികതയാണുള്ളതെന്നു മനസ്സിലാകുന്നില്ലെന്ന് പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ പറയുന്നു. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ ഉറപ്പിച്ചു പറയുന്നു.

പരീക്ഷാഹാളിൽ അധ്യാപകൻ ജിഷ്ണുവിനെ അപമാനിച്ചു സംസാരിച്ചു. കോപ്പിയടിച്ചിട്ടില്ലെന്നു ജിഷ്ണു കരഞ്ഞു പറഞ്ഞിട്ടും അധ്യാപകൻ വിശ്വസിച്ചില്ല. ഉത്തരക്കടലാസ് മുഴുവൻ വെട്ടക്കളയാൻ ജിഷ്ണുവിനോടാവശ്യപ്പെടുകയും ചെയ്തു- വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു.


ജിഷ്ണുവിനൊപ്പം  മുമ്പിലിരുന്ന വിദ്യാർത്ഥിയേയും വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കെത്തിക്കുകയായിരുന്നു. ഈ വിദ്യാർത്ഥിയെ പിന്നീട് വിട്ടയച്ചു . ഏറെ വൈകിയാണ് ജിഷ്ണു ഹോസ്റ്റലിലെത്തിയത്. കോളജിൽ ഇടിമുറിയുള്ള കാര്യം എല്ലാവർക്കുമറിയുന്നതാണെന്നും സീനിയർ വിദ്യാർത്ഥികൾ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണെന്നും വിദ്യാർത്ഥികൾ പറയുന്നു.

ജിഷ്ണുവിന്റെ മരണം സംഭവിച്ച രാത്രിയിൽ പിആർഒ  സഞ്ജിത്ത് വിശ്വനാഥനും അധ്യാപകരായ ക്രിസ്റ്റി മാത്യുവും  അഫ്സലും കോളജ് ഹോസ്റ്റലിലെത്തി ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്നാവശ്യപ്പെട്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ജിഷ്ണുവിന്റെ വീട്ടിൽ പോകാൻ അധികൃതർ സമ്മതിച്ചില്ല. 14 വിദ്യാർത്ഥികൾ കോളജ് അധികൃതരുടെ അനുവാദമില്ലാതെയാണ് നാദാപുരത്തേയ്ക്ക് പോയത്. ഇവരുടെ പേരുവിവരങ്ങൾ കോളജ് അധികൃതർ എഴുതിയെടുത്തിട്ടുണ്ട്.

അടുത്ത ദിവസം ഹോസ്റ്റലിലെ മറ്റു വിദ്യാർത്ഥികൾ പുറമേ നിന്നു സ്വകാര്യ ബസ് വിളിച്ചാണ് ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. കോളജ് ബസ് വിട്ടുതരാൻ ആവശ്യപ്പെട്ടെങ്കിലും വിട്ടുതരാൻ അധികൃതർ തയ്യാറായില്ല.

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ജിഷ്ണുവിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളജ് അധികൃതരോടും, സർവ്വകലാശാലയോടും പൊലീസിനോടും കമ്മീഷൻ വിശദീകരണം തേടി. മറ്റ് കോളജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കമ്മീഷൻ അന്വേഷണം നടത്തും.