പാകിസ്ഥാനില്‍ ഹൈന്ദവ വിവാഹം അംഗീകരിക്കുന്ന ബില്‍ പ്രാബല്യത്തിലേക്ക് അടുക്കുന്നു

പുനര്‍വിവാഹത്തിനുള്ള അനുമതിയും ഈ ബില്‍ നല്‍കുന്നുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഹിന്ദു വിധവയ്ക്ക് അവരുടെ ഇഷ്ടപ്രകാരം പുനര്‍വിവാഹം ചെയ്യാം. നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും ബില്ലില്‍ പ്രതിപാദിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ ഹൈന്ദവ വിവാഹം അംഗീകരിക്കുന്ന ബില്‍ പ്രാബല്യത്തിലേക്ക് അടുക്കുന്നു

പാകിസ്ഥാനിലെ ഹൈന്ദവരുടെ വിവാഹം അംഗീകരിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. തിങ്കളാഴ്ച ഇത് സംബന്ധിച്ച ബില്ലിന് പാര്‍ലമെന്റ്റ് പാനല്‍ അംഗീകാരം നല്‍കി.

ഹിന്ദു മാര്യേജ് ബില്‍ 2016 ന് പാര്‍ലമെന്‍ററി മനുഷ്യാവകാശ പ്രവര്‍ത്തനകമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു. ഇത് പാകിസ്ഥാനിലെ ഹൈന്ദവര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമാണ് എന്നായിരുന്നു ഇവരുടെ പ്രതികരണം.

കഴിഞ്ഞ വര്ഷം സെപ്റ്റംബറില്‍ ഈ ബില്ലിന് അസ്സംബ്ലിയും അംഗീകാരം നല്‍കിയിരുന്നു. ഇനി ഇത് സെനറ്റ് കൂടി അംഗീകരിക്കുന്ന പക്ഷം നിയമമാകും.


പാകിസ്ഥാനില്‍ ഉള്ള ഹൈന്ദവര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുന്‍പ് ഔദ്യോഗിക രേഖകള്‍ ലഭിക്കുന്നതിനു സര്‍ക്കാര്‍ അംഗീകൃത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

ഇപ്പോള്‍ ഒരു പാകിസ്ഥാനി ഹിന്ദു എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നു നിയമജ്ഞനായ രമേശ്‌ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ ബില്‍ പാസാകുന്ന പക്ഷം പാകിസ്ഥാനിലെ ഹൈന്ദവര്‍ക്ക് വിവാഹശേഷം 'ശാദിപാരത്' എന്ന വിവാഹസര്‍ട്ടിഫിക്കേറ്റ് ലഭിക്കും. ഇത് മുസ്ലിമുകളുടെ 'നിക്കാഹനാമ' യ്ക്കു തുല്യമാണ്.

പുനര്‍വിവാഹത്തിനുള്ള അനുമതിയും ഈ ബില്‍ നല്‍കുന്നുണ്ട്. നിയമപരമായി വിവാഹം അംഗീകരിക്കാത്തതിനാല്‍ തന്നെ ഇവര്‍ക്ക് വിവാഹമോചനവും അസാധ്യമായിരുന്നു.  ഈ ബില്‍ പ്രകാരം ഭര്‍ത്താവിന്‍റെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഹിന്ദു വിധവയ്ക്ക് അവരുടെ ഇഷ്ടപ്രകാരം പുനര്‍വിവാഹം ചെയ്യാം. നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും ബില്ലില്‍ പ്രതിപാദിക്കുന്നുണ്ട്.

ബില്ലില്‍ മുഖ്യമായും സ്ത്രീകളുടെ അവകാശസംരക്ഷണത്തിനാണ് മുന്‍‌തൂക്കം നല്‍കിയിരിക്കുന്നത് എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്.