കോൺഗ്രസ് യൂണിയനുവേണ്ടി നഗ്നമായ ചട്ടലംഘനം; മുൻപൊതുഭരണസെക്രട്ടറി കെ ആർ ജ്യോതിലാലിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി

1958ലെ കെഎസ്എസ്ആര്‍ ചട്ടം (എട്ട്) അനുസരിച്ച് സെക്രട്ടേറിയറ്റ് സര്‍വീസില്‍നിന്നു മറ്റു സര്‍ക്കാര്‍ വകുപ്പുകളിലേക്കു മാറുന്നവര്‍ മടങ്ങിവരാന്‍ അപേക്ഷ നല്‍കിയാല്‍ അവരുടെ സര്‍വീസ് പരിഗണിച്ച് പ്രമോഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കി പുനപ്രവേശനം നല്‍കണമെന്നാണു ചട്ടം. ഐക്യകേരളം രൂപംകൊണ്ടപ്പോള്‍ ഡോ.ശൂരനാട് കുഞ്ഞന്‍പിള്ള അടക്കമുള്ളവരുടെ നിര്‍ദേശം പരിഗണിച്ച് ഇഎംഎസ് മന്ത്രിസഭയാണ് ഈ ചട്ടത്തിനു രൂപം നല്‍കിയത്. ഈ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ജ്യോതിലാല്‍ നടത്തിയത്.

കോൺഗ്രസ് യൂണിയനുവേണ്ടി നഗ്നമായ ചട്ടലംഘനം; മുൻപൊതുഭരണസെക്രട്ടറി കെ ആർ ജ്യോതിലാലിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി

സെക്രട്ടേറിയറ്റ് സര്‍വീസിലെ പുനഃപ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ തെറ്റായ പ്രസ്താവന നല്‍കിയതിനെ തുടർന്ന്  മുന്‍ പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെതിരെ കോടതിയലക്ഷ്യക്കേസ്.  ഫെബ്രുവരി ഏഴിനു നേരിട്ടു ഹാജരാകണമെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ എം ശാന്തനഗൗഡരിന്റെ ഉത്തരവ്.

എംജെ മത്തായി, കെആര്‍ ശ്രീഹരി, എന്‍ സന്ദേവ് എന്നിവര്‍ കഴിഞ്ഞ 15 വര്‍ഷമായി നടത്തുന്ന സര്‍വീസ് കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജൂനിയര്‍ മോസ്റ്റിന്റെ പുനഃപ്രവേശനം സംബന്ധിച്ചു ജ്യോതിലാല്‍ കോടതിയില്‍ നടത്തിയത് കള്ളവാദമാണന്നു അഡ്വ. എല്‍വിന്‍ പീറ്ററും രാജുബാബുവും കോടതിയില്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


1958ലെ കെഎസ്എസ്ആര്‍ ചട്ടം (എട്ട്) അനുസരിച്ച് സെക്രട്ടേറിയറ്റ് സര്‍വീസില്‍നിന്നു മറ്റു സര്‍ക്കാര്‍ വകുപ്പുകളിലേക്കു മാറുന്നവര്‍ മടങ്ങിവരാന്‍ അപേക്ഷ നല്‍കിയാല്‍ അവരുടെ സര്‍വീസ് പരിഗണിച്ച് പ്രമോഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കി പുനപ്രവേശനം നല്‍കണമെന്നാണു ചട്ടം. ഐക്യകേരളം രൂപംകൊണ്ടപ്പോള്‍ ഡോ.ശൂരനാട് കുഞ്ഞന്‍പിള്ള അടക്കമുള്ളവരുടെ നിര്‍ദേശം പരിഗണിച്ച് ഇഎംഎസ് മന്ത്രിസഭയാണ് ഈ ചട്ടത്തിനു രൂപം നല്‍കിയത്. ഈ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ജ്യോതിലാല്‍ നടത്തിയത്.

ഇവരുടെ കേസില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കി ഉദ്യോഗസ്ഥരെ സെക്രട്ടറിയേറ്റില്‍ പുനഃപ്രവേശനം നല്‍കണമെന്ന് 2007ല്‍ ജസ്റ്റീസ് സിരിജഗന്‍ ഉത്തരവിട്ടിരുന്നു. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് അപ്പീല്‍ 2012ല്‍ ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ തള്ളി. ആ ഉത്തരവില്‍നിന്നു ചില വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ജൂനിയര്‍ മോസ്റ്റായി പുനഃപ്രവേശനം നല്‍കാമെന്ന് 2013ല്‍ ചീഫ്‌ സെക്രട്ടറി കെ ജോസ് സിറിയക് ചട്ടവിരുദ്ധമായി സര്‍ക്കുലര്‍ ഇറക്കുകയും അതിനുശേഷം സുപ്രീംകോടതിയില്‍ ജൂനിയര്‍ മോസ്റ്റായി നിയമനം നല്‍കിയെന്ന് ജ്യോതിലാല്‍ കോടതിയെ അറിയിക്കുകയുമായിരുന്നു. ഇതാണ് കോടതിയലക്ഷ്യത്തിനു കാരണമായത്.ഈ കേസ് സുപ്രീംകോടതി ഹൈക്കോടതിക്കു കൈമാറുകയും ജ്യോതിലാലിന്റെ വാദം വ്യാജമാണെന്നു അഡ്വ. എല്‍വിന്‍ പീറ്ററും രാജുബാബുവും ബോധിപ്പിക്കുകയുമായിരുന്നു. അലിയെന്ന ആളുടെ കേസില്‍ 2003ല്‍ ഉദ്യോഗസ്ഥരുടെ പുനഃപ്രവേശനം അംഗീകരിച്ചുള്ള സുപ്രീംകോടതി വിധി, റാംമോഹന്‍ കേസില്‍ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വിധി, സര്‍വീസ് കേസുകളില്‍ സര്‍ക്കാര്‍ കക്ഷി ചേരരുതെന്ന ജസ്റ്റിസ് കെബി കോശിയുടെ വിധി തുടങ്ങിയവ നിലനില്‍ക്കെയാണ് ഇതെല്ലാം അരങ്ങേറിയതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

അഞ്ചു തവണയാണ് ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സംസ്ഥാന ചരിത്രത്തില്‍തന്നെ ഇതാദ്യമായാണ് സര്‍വീസ് കേസില്‍ ഇത്രയും അപ്പീല്‍ പോകുന്നത്. സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സര്‍ക്കാരിനെ മറയാക്കിയാണ് അപ്പീല്‍ നല്‍കിയതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

സെക്രട്ടറിയേറ്റ് സര്‍വീസിലേക്കുള്ള ജീവനക്കാരുടെ പുനഃപ്രവേശനം തടഞ്ഞത് യുഡിഎഫ് അനുകൂല സംഘടനയായ അസോസിയേഷനാണ്. ഈ കേസ് നടത്തിയത് സര്‍ക്കാര്‍ ചെലവിലും.
സെക്രട്ടേറിയറ്റ് സര്‍വീസില്‍നിന്നു മറ്റു സര്‍ക്കാര്‍ വകുപ്പുകളിലേക്കു മാറുന്നവര്‍ മടങ്ങിവന്നാല്‍ അവരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കി പുനഃപ്രവേശനം നല്‍കണമെന്ന 1958ലെ കെഎസ്എസ്ആര്‍ ചട്ടം (എട്ട്) അട്ടിമറിക്കുകയായിരുന്നു അസോസിയഷന്‍ നേതാക്കള്‍ ചെയ്തതെന്നാണു ആരോപണം.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സര്‍വീസ് ചട്ടം പാലിക്കേണ്ട പൊതുഭരണ സെക്രട്ടറിയെന്ന നിലയില്‍ കെആര്‍ ജ്യോതിലാല്‍ അധികാര ധാർഷ്ട്യവും പൊതുഖജനവിന്റെ ദുര്‍വിനിയോഗവും നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഫയല്‍ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ച്  സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പൊതു ഖജനാവില്‍നിന്ന് കണക്കറ്റ തുക കേസിനു ചെലവഴിച്ചു. ഈ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയായിരുന്നു. അതേസമയം, ഉയര്‍ന്ന ഫീസ് വാങ്ങുന്ന വിശ്വനാഥനും സീനിയര്‍ അഡ്വ.ഗുപ്തയുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്. ഇതെല്ലാം ജ്യോതിലാലിന്റെ വൈര്യാഗ്യബുദ്ധിക്കു തെളിവായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അസോസിയേഷന്‍ നേതാവായിരുന്ന ചില ഉദ്യോഗസ്ഥരാണ് ഡല്‍ഹി കേരള ഹൗസില്‍ താമസിച്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അവരുടെ വിമാനയാത്രാ ടിക്കറ്റിന്റെ തുകയുള്‍പ്പെടെ സര്‍ക്കാര്‍ മുടക്കിയതിന്റെ രേഖകള്‍ നാരദാ ന്യൂസിനു ലഭിച്ചു. 2012 സെപ്തംബര്‍ 19നു ഡെല്‍ഹിക്കും 20ന് തിരിച്ച് തിരുവനന്തപുരത്തേക്കും നടത്തിയ ഒരു വിമാന യാത്രക്ക് 20,389 രൂപ ചെലവായി. കേസില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ നിയമവകുപ്പ് സെക്രട്ടറി വ്യത്യസ്ഥമായ നിലപാട് അറിയിച്ചെങ്കിലും അതും പരിഗണിച്ചില്ല. ഭരത് ഭൂഷണ്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോഴും നിയമവകുപ്പ് ഈ കേസില്‍ അപ്പീല്‍ നല്‍കേണ്ടെന്നു നിര്‍ദേശിച്ചിരുന്നു.അതുപോലെ സീനിയര്‍ ഗവ. പ്ലീഡര്‍ സിഎസ് മണിലാല്‍ കത്തും നല്‍കി. അതെല്ലാം മറികടന്നാണ് കേസില്‍ അപ്പീല്‍ നല്‍കിയത്. മാത്രമല്ല, ഇതു സംബന്ധിച്ച ഫയലുകളും കുറ്റകരമായ വിധത്തിലാണ് കൈകാര്യം ചെയ്തത്. പൊതുഭരണ സെക്രട്ടറിയുടെ കസേരയില്‍ ദീര്‍ഘകാലം ഇരിക്കുന്നതിനു അസോസിയേഷന്‍ ജ്യോതിലാലിനെ സഹായിച്ചു. പ്രത്യുപകാരമായി ഇവരുടെ പുനഃപ്രവേശനം തടഞ്ഞുവെന്നാണ് ജീവനക്കാരുടെ ആരോപണം. അതേസമയം, ജ്യോതിലാല്‍ നടത്തിയ അധികാര ദുര്‍വിനിയോഗത്തെ സംബന്ധിച്ചു സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Read More >>