പാമ്പാടി മോഡൽ പീഡനത്തിന് ലക്കിടി നെഹ്രു കോളേജിലും ബ്രാഞ്ചാപ്പീസ്; കുട്ടികൾക്ക് പറയാൻ നൂറു പീഡനകഥകൾ

ആൺകുട്ടികളോട് മിണ്ടുന്ന പെൺകുട്ടികളെ 'പിഴച്ചവൾ' എന്നുവിളിക്കുന്ന അധ്യാപകർ. ശിക്ഷ നടപ്പാക്കാൻ 'ഡിസിപ്ലിൻ ഓഫീസർ'. അനീതികളെ ട്രോൾ ചെയ്ത ഫെയ്‌സ്ബുക്ക് പേജ് പൂട്ടിച്ചത് മൂന്നു തവണ. പാമ്പാടി കോളേജിലെ ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ നെഹ്രു ഗ്രൂപ്പിനുകീഴിലെ മറ്റൊരു കോളേജിൽനിന്ന് പുറത്തുവരുന്ന കഥകൾ കേൾക്കുക. കോൺസെൻട്രേൻഷൻ ക്യാമ്പുകളെ വെല്ലുന്നവയാണവ.

പാമ്പാടി മോഡൽ പീഡനത്തിന് ലക്കിടി നെഹ്രു കോളേജിലും ബ്രാഞ്ചാപ്പീസ്; കുട്ടികൾക്ക് പറയാൻ നൂറു പീഡനകഥകൾ

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് നെഹ്രു ഗ്രൂപ്പിന് കീഴിലെ കലാലയങ്ങളിൽ നിന്ന് പുറത്തുവരുന്നത് കോൺസെൻട്രേൻഷൻ ക്യാമ്പുകളെ വെല്ലുന്ന കഥകളാണ്. പാലക്കാട് ജില്ലയിൽ ലക്കിടിയിൽ സ്ഥിതി ചെയ്യുന്ന ജവഹർലാൽ കോളേജ് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയിൽ നടക്കുന്നതും ഏറെയൊന്നും വ്യത്യസ്തമല്ല.

കോളേജ് ഭരിക്കുന്ന 'ആപ്പീസർമാർ'

പ്രിൻസിപ്പൽ അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങൾ ഉണ്ടെങ്കിലും കോളേജ് ഭരിക്കുന്നത് കുറെ 'ആപ്പീസർമാർ' ആണ്. ഇവർക്ക് എപ്പോൾ വേണമെങ്കിലും കലാലയത്തിന്റെ ഏതു കോണിലും കയറിച്ചെല്ലാം. ക്ലാസ് നടക്കുമ്പോൾ പോലും ക്‌ളാസ് മുറിയിൽ കയറി വിദ്യാർത്ഥിയെ അച്ചടക്കം പഠിപ്പിക്കാം. ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല.


വെൽഫെയർ ഓഫീസർ എന്ന പോസ്റ്റിൽ ഇരിക്കുന്ന ആൾ അറിയപ്പെടുന്നത് ഡിസിപ്ലിൻ ഓഫീസർ എന്നുകൂടിയാണ്. കൗമാരക്കാരന്റെ മുഖത്ത് താടി വളരുക, അലക്കിത്തേച്ച പാന്റ്സിൽ ഒന്നിലധികം ഫ്‌ളീറ്റ് ഉണ്ടാവുക തുടങ്ങിയ കടുത്ത 'അച്ചടക്ക ലംഘനങ്ങൾ' കണ്ടെത്തുകയും യഥാവിധി ശിക്ഷിക്കുകയുമാണ് ഡിസിപ്ലിൻ ഓഫീസറുടെ ഡ്യൂട്ടി.

അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അടക്കമുള്ളവർ വിദ്യാർത്ഥികളെ മനുഷ്യരായിപ്പോലും അംഗീകരിക്കില്ലെന്നാണ് പൂർവവിദ്യാർത്ഥികൾ നാരദാ ന്യൂസിനോട് പറഞ്ഞത്. കോളേജ് കാന്റീനിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി എന്ന് പരാതി പറഞ്ഞ കുട്ടികളോട് 'പുഴുവിനെയല്ല പാമ്പിനെക്കിട്ടിയാലും നിന്നെക്കൊണ്ടൊക്കെ തീറ്റിക്കും' എന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രതികരിച്ചത്.

ആണ്കുട്ടികളോട് സംസാരിക്കുന്ന പെൺകുട്ടികൾ, അവർ സംസാരിക്കുന്നതു എന്ത് വിഷയം ആണെങ്കിലും, 'പിഴച്ചവൾ' ആണെന്ന് മുഖത്ത് നോക്കി പറയുന്ന അധ്യാപകരും ആപ്പീസർമാരും വിരലിലെണ്ണിത്തതീർക്കാവുന്നതിലും അധികം ആണ്.
ആപ്പീസർമാരിൽ ആരെങ്കിലും ഒരാൾ ഒരു കുട്ടിയുടെ ഐഡി കാർഡ് ഊറി വാങ്ങിയിട്ട് മുറിയിൽ വന്ന് തിരിച്ചു വാങ്ങിക്കാൻ പറഞ്ഞാൽ മതി കുട്ടികളുടെ ബോധം പോകാൻ. കനത്ത ഫൈനോ മാനസിക പീഡനമോ വീട്ടുകാരെ വിളിച്ചുവരുത്തി അപമാനിക്കുന്ന കലാപരിപാടികളോ എന്തെങ്കിലും ഒന്ന് ഉറപ്പാണ്.

നോക്കിയാൽ പോലും ഫൈൻ ഉണ്ട് സാർ

വൈകി കോളേജിൽ എത്തുന്നത് മുതൽ ഡ്രസ്സ് കോഡ്, മുടിയുടെ നീളം, താടി തുടങ്ങി ക്ലാസിൽ ഇരിക്കുന്നതിനിടെ പുറത്തേക്ക് നോക്കിയാൽ പോലും കുറ്റമാണ്; ഫൈൻ അടക്കണം. കയ്യിൽ പണമുണ്ടോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല, ഫൈൻ കിട്ടിയാൽ പലപ്പോഴും അന്നുതന്നെ അടച്ച് രസീത് ബന്ധപ്പെട്ടവരെ കാണിക്കണം. എങ്കിലേ തുടർന്ന് ക്ലാസ്സിൽ ഇരിക്കാൻ അനുവദിക്കൂ.

ക്ലാസ് റൂമിൽ ഇരുന്നു ഭക്ഷണം കഴിച്ചതിന് 500 രൂപ ഫൈൻ കിട്ടിയിട്ടുണ്ടെന്ന് പൂർവ വിദ്യാർത്ഥി നാരദാ ന്യൂസിനോട് പറഞ്ഞു. അവസാന വർഷ പ്രോജക്ടിന്റെ സമയമാണ്. പാഴാക്കാൻ സമയം ഇല്ലാത്തതിനാൽ ക്ലാസ് റൂമിൽ തന്നെ ഇരുന്നു ഭക്ഷണം കഴിച്ചുകൊണ്ട് പ്രോജക്ടിന്റെ വിഷയങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെയെത്തിയ ഡിസിപ്ലിൻ ഓഫിസർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആറുപേരുടെയും ഐഡി കാർഡ് പിടിച്ചെടുത്തു.

അതേദിവസം 500 രൂപ ഫൈൻ അടപ്പിച്ച ശേഷമാണ് ഐഡി കാർഡ് തിരിച്ചു നൽകിയതും ക്ലാസിൽ കയറ്റിയതും - പൂർവ വിദ്യാർത്ഥി നാരദാ ന്യൂസിനോട് പറഞ്ഞു. പൊടുന്നനെ കയ്യിൽ പണമില്ലായിരുന്നു. പലരിൽ നിന്നും കടം വാങ്ങിയാണ് ഫൈൻ അടച്ചത്. ആ ദിനങ്ങളെ ഭീതിയോടെയല്ലാതെ പൂർവ വിദ്യാർത്ഥിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല.

ഈ സംഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട വിദ്യാർത്ഥിക്കും അതിന് കമന്റ് ചെയ്ത സഹപാഠിക്കും കടുത്ത മാനസിക പീഡനവും സമ്മർദ്ദവുമാണ് നേരിടേണ്ടിവന്നത്. ഒടുവിൽ പോസ്റ്റ് പിൻവലിക്കുകയും 'തെറ്റിദ്ധാരണാജനകമായ' പോസ്റ്റ് ഇട്ടതിന് മാപ്പ് ചോദിച്ച് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തപ്പോഴാണ് കോളേജ് അധികൃതർ അടങ്ങിയത്.

[caption id="attachment_72666" align="aligncenter" width="885"] ക്ലാസില്‍ വൈകിയെത്തിയതിനു പിഴയീടാക്കി നല്‍കിയ രശീതി[/caption]

ട്രോൾ പേജ് പൂട്ടിച്ചത് മൂന്നു തവണ

നേരിട്ട് പ്രതികരിച്ചാൽ കായികമായും മാനസികമായും ഒതുക്കപ്പെടും എന്ന അവസ്ഥയോട് കൂടി പ്രതികരിക്കാൻ വേണ്ടി സരസന്മാരായ കുട്ടികൾ ചേർന്ന് ഫെയ്‌സ്ബുക്കിൽ ഒരു ട്രോൾ പേജ് തുടങ്ങി.
https://www.facebook.com/JustComedyEntertainmentTimeTrolls/


താടിക്കും മുടിക്കും ഫൈൻ അടിക്കുന്ന ആപ്പീസർമാരെ മുതൽ കോളേജ് ഉന്നയിക്കുന്ന അവകാശവാദങ്ങളെ വരെ കളിയാക്കിക്കൊണ്ട് ട്രോളുകൾ നിറഞ്ഞു. നിലവിൽ രണ്ടായിരത്തിലധികം ലൈക്കുകൾ ഉള്ള ഈ പേജ് മൂന്നു തവണയാണ് മാനേജ്‌മെന്റ് മാസ്സ് റിപ്പോർട്ടിങ് നടത്തി പൂട്ടിച്ചത്.

ഈ പേജിന്റെ അഡ്മിൻ ആണെന്ന് ആരോപിച്ചുകൊണ്ടു ഒരു പൂർവ വിദ്യാർത്ഥിയുടെ വീട്ടിലേക്ക് ഫോൺ ചെയ്തു ഭീഷണിപ്പെടുത്തുന്ന അവസ്ഥ പോലും ഉണ്ടായി. എതിരായി ചൂണ്ടപ്പെടുന്ന ഓരോ വിരലുകളും മുറിച്ചുമാറ്റും എന്നതാണ് അപ്രഖ്യാപിത നയം.

കോളേജ് ബസ്സുകൾ അപകടാവസ്ഥയിൽ

മിക്ക കോളേജ് ബസ്സുകളുടെയും അവസ്ഥ ഏറെ പരിതാപകരമാണെന്നാണ് കുട്ടികൾ പറയുന്നത്. കൃത്യമായ മെയിന്റനൻസ് ജോലികൾ നടക്കുന്നില്ല. മുൻ അക്കാദമിക് വർഷം കോളേജിനകത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ബസ്സ് കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറാൻ തുടങ്ങിയതും ഡ്രൈവർ പണിപ്പെട്ട് ദിശ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. പക്ഷെ ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കാതിരിക്കാൻ മാനേജ്‌മെന്റിന് കഴിഞ്ഞു. മാധ്യമങ്ങളിൽ വാർത്തയായില്ല. പോലീസ് കേസും ഉണ്ടായില്ല. പരിക്കേറ്റ വിദ്യാർത്ഥിനിയെ മാനേജ്‌മെന്റിന്റെ തന്നെ കീഴിലുള്ള ആശുപത്രിയിൽ ചികിൽസിച്ചാൽ ചികിത്സാ ഇളവുനൽകാം എന്ന് മാനേജ്‌മെന്റ് വാഗ്ദാനം നൽകി. എന്നാൽ ശസ്ത്രക്രിയയും പ്ലാസ്റ്റിക് സർജറിയും അടക്കമുള്ള ചികിത്സകൾ മറ്റു വിദഗ്ധ ആശുപത്രികളിൽ നിന്ന് നടത്തിയതിനാൽ മാനേജ്‌മെന്റ് യാതൊരു സഹായവും ചെയ്തില്ല.കുട്ടികൾ ഇപ്പോഴും ഭീതിയിൽ തന്നെ

ജിഷ്ണുവിന്റെ മരണത്തെത്തുടർന്ന് നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാനും തുറന്നു സംസാരിക്കാനും കുട്ടികൾക്ക് ഇപ്പോഴും പേടിയാണ്. ഇപ്പോൾ നടക്കുന്ന സമരങ്ങളും മാധ്യമവാർത്തകളും അവസാനിച്ചു കഴിയുമ്പോൾ മാനേജ്‌മെന്റ് വീണ്ടും വേട്ടക്കാരന്റെ വേഷത്തിൽ തിരിച്ചെത്തുമെന്നാണ് ഇവർ ഭയക്കുന്നത്.

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജുകളിൽ മാത്രമല്ല, സംസ്ഥാനത്തെ ഒട്ടുമിക്ക സ്വാശ്രയകോളേജുകളിലെയും വിദ്യാർത്ഥികളുടെ അവസ്ഥ ഇതുതന്നെ.

Read More >>