തലമുടി സ്ട്രെയ്റ്റന്‍ ചെയ്യും മുന്‍പേ...

സ്വാഭാവികതയെ വെല്ലുവിളിക്കുന്നത് എന്തും അപകടമാണ്. ആഗ്രഹിക്കുന്ന സൗന്ദര്യം പണം കൊടുത്തു നേടുമ്പോള്‍ അത് പില്‍ക്കാലത്ത് പല ഭവിഷ്യത്തുകള്‍ക്കും വഴി തുറക്കും.

തലമുടി സ്ട്രെയ്റ്റന്‍ ചെയ്യും മുന്‍പേ...

'തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടിയുടെ' സൗന്ദര്യ സങ്കല്‍പ്പമെല്ലാം ഇന്ന് പോയ്‌ മറഞ്ഞിരിക്കുന്നു. നീണ്ട കോലന്‍ തലമുടിയാണ് ഇപ്പോഴത്തെ മലയാളി പെണ്‍ക്കുട്ടികള്‍ അധികം ഇഷ്ടപ്പെടുന്ന ഒരു ഹെയര്‍സ്റ്റൈല്‍.

എത്ര ചുരുണ്ട തലമുടിയാണ് എങ്കിലും പ്രശ്നമില്ല, കേവലം ഒന്നര മണിക്കൂര്‍ തന്നെ ധാരാളമാണ് തലമുടി നൂല് പോലെ വലിച്ചു നീട്ടാന്‍. ഇതിനായി ഹെയര്‍ സ്ട്രെയ്റ്റ്നിംഗാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

സ്വാഭാവികതയെ വെല്ലുവിളിക്കുന്നത് എന്തും അപകടമാണ്. ആഗ്രഹിക്കുന്ന സൗന്ദര്യം പണം കൊടുത്തു നേടുമ്പോള്‍ അത് പില്‍ക്കാലത്ത് പല ഭവിഷ്യത്തുകള്‍ക്കും വഴി തുറക്കും.


മുടി സ്ട്രെയ്റ്റന്‍ ചെയ്യുമ്പോള്‍ പല രാസവസ്തുക്കളും തലമുടിയില്‍ പ്രയോഗിക്കുന്നുണ്ട്. ഇതു പലപ്പോഴും ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും എന്നുള്ളതിന് തര്‍ക്കമില്ല. മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും അതിനു വിദഗ്ധരായവരുടെ സേവനം മാത്രം തേടുക.

ഓരോരോത്തരുടെയും ചര്‍മ്മത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും എന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകമായ സൂക്ഷ്മത ഉണ്ടാകണം. തലമുടിയില്‍ പുരട്ടുന്ന ക്രീമുകളെ കുറിച്ചും അതുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം എന്ന് ചുരുക്കം.

കൃത്രിമമായി തലമുടി നീട്ടിവലിച്ചെടുക്കുമ്പോള്‍ (സ്ട്രെയ്റ്റന്‍ ചെയ്യുമ്പോള്‍) ഉണ്ടാകുന്ന ചില ദൂഷ്യവശങ്ങള്‍ ഇവയാണ്:

തലമുടിയുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നു:

സ്ട്രെയ്റ്റന്‍ ചെയ്ത തലമുടി പില്‍ക്കാലത്ത് വല്ലാതെ വരണ്ടുണങ്ങുന്നതായിട്ടാണ് കണ്ടു വരുന്നത്. ഹെയര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കുന്നവരിലും ഇങ്ങനെയാണ് കാര്യങ്ങള്‍. കഠിനമായ/പതിവായ ചൂട് തലമുടിയുടെ സ്വാഭാവിക മിനുസതയെ നഷ്ടപ്പെടുത്തും.

ശിരോചര്‍മ്മത്തില്‍ പ്രകടമാകുന്ന അലര്‍ജി ലക്ഷണങ്ങള്‍:

തലമുടിയില്‍ ഏതെങ്കിലും തരത്തിലുള്ള രാസപ്രയോഗങ്ങള്‍ നടത്തുന്നത് ശിരോചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. കുരുക്കള്‍, ചൊറിച്ചില്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങള്‍. കൂടാതെ കണ്ണിനു ചുവപ്പ് നിറം ഉണ്ടാകുന്നതും കണ്ടുവരുന്നുണ്ട്.

മുടിക്കൊഴിച്ചില്‍:

ഗുണനിലവാരമില്ലാത്ത ക്രീമുകള്‍ ഉപയോഗിച്ചു തലമുടി സ്ട്രെയ്റ്റന്‍ ചെയ്യുന്നതിന്റെ ഫലമായി പില്‍ക്കാലത്ത് മുടികൊഴിച്ചില്‍ ഉണ്ടാകുന്നതായും കണ്ടുവരുന്നു. ഹെയര്‍സ്റ്റൈലിസ്റ്റുകളുടെ ഇക്കാര്യത്തിലുള്ള അജ്ഞത ഇതിനു ഒരു കാരണമാണ്.

ഒരിക്കല്‍ സ്ട്രെയ്റ്റന്‍ ചെയ്തു കഴിഞ്ഞാല്‍ ഹെയര്‍സ്റ്റൈല്‍ മാറ്റാനും പ്രയാസമാണ്. അതിനാല്‍ നിങ്ങളുടെ സ്വാഭാവിക തലമുടിയുടെ ഘടനയ്ക്കു മാറ്റം വരുത്തും മുന്‍പേ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക.

നീണ്ട മുടിയിഴകള്‍ വേണമെന്നു നിശ്ചയിച്ചാല്‍ ഈ രംഗത്ത് മികച്ച സ്റ്റൈലിസ്റ്റുകളുടെ സേവനം തേടുക. ചര്‍മ്മരോഗവിദഗ്ധര്‍ അംഗീകരിച്ചിട്ടുള്ള ഹെയര്‍ക്രീമുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Story by