കെഎസ്ആര്‍ടിസിയെ അഴിച്ചുപണിയാനുറച്ച് സിപിഐഎം; വകുപ്പുമന്ത്രി കാഴ്ചക്കാരനാകും; ജീവനക്കാര്‍ക്ക് വഴങ്ങേണ്ടിവരും

കോര്‍പറേഷനെ ലാഭത്തിലാക്കാനും തൊഴിലാളികളുടെ ജോലി കാര്യക്ഷമമാക്കാനും സര്‍വീസുകളുടെ എണ്ണത്തിലെ വര്‍ധനവിലൂടെ വരുമാനം ഉയര്‍ത്താനുമുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂളില്‍ സമഗ്രമായ അഴിച്ചുപണിയാണ് ഇതില്‍ പ്രധാനം. ഡബിള്‍- ത്രിബിള്‍ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരുടെ കണക്കെടുക്കുകയും ഇതില്‍ എത്ര പേരെ സിംഗിള്‍ ഡ്യൂട്ടിയിലേക്കു മാറ്റാന്‍ കഴിയുമെന്നു പരിശോധിക്കുകയും ചെയ്യാനാണ് ആലോചിക്കുന്നത്.

കെഎസ്ആര്‍ടിസിയെ അഴിച്ചുപണിയാനുറച്ച് സിപിഐഎം; വകുപ്പുമന്ത്രി കാഴ്ചക്കാരനാകും; ജീവനക്കാര്‍ക്ക് വഴങ്ങേണ്ടിവരും

ധനവകുപ്പ് വരയ്ക്കുന്ന വരയിലൂടെ വണ്ടിയോടിക്കാൻ ഒടുവിൽ സമ്മതം മൂളുകയാണ് കെഎസ്ആർടിസി മാനേജുമെന്റും തൊഴിലാളികളും. കൈവശം വെച്ച് അനുഭവിക്കുന്ന അവകാശങ്ങൾ പലതും വിട്ടുകൊടുക്കേണ്ടി വരും. സ്ഥാപനം നിലനിൽക്കണമെങ്കിൽ വേറെ വഴിയില്ലെന്ന അവസ്ഥ വെച്ചുളള ധനവകുപ്പിന്റെ വിലപേശലിന് സിപിഐഎമ്മിന്റെ പിന്തുണയുമുണ്ട്. കെഎസ്ആടിസിയിലെ പ്രശ്നങ്ങൾ എന്നെന്നേയ്ക്കുമായി പരിഹരിക്കാനുളള പാക്കേജ് കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്തും ധനമന്ത്രി തോമസ് ഐസക് മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഏറെയൊന്നും ചെയ്യാൻ അന്നു കഴിഞ്ഞില്ല. പിണറായി വിജയനും പാക്കേജിന് അനുകൂലമായതോടെ അടിമുതൽ മുടി വരെ കെഎസ്ആർസിസി മാറും.


കെഎസ്ആർടിസിയെ രക്ഷിക്കാനുളള സുശീൽ ഖന്നയുടെ റിപ്പോർട്ട് തത്ത്വത്തിൽ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ജീവനക്കാരുടെ ശമ്പളം ഖജനാവിൽ നിന്നു മുടക്കി സ്ഥാപനത്തെ സഹായിക്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ധനമന്ത്രിയും വകുപ്പും. പകരം ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചെഴുത്തും ആധുനീകരണവും നടക്കും.

ഡബിൾ/ത്രിബിൾ ഡ്യൂട്ടികളുടെ പരിഷ്കരണമാണ് തൊഴിലാളികൾക്ക് ഏറ്റവും തിരിച്ചടിയാകാൻ പോകുന്നത്. എട്ടു മണിക്കൂർ കൊണ്ടു തീരേണ്ട സർവീസ് ഒമ്പതു മണി വരെ ദീർഘിപ്പിച്ച് ഡബിൾ ഡ്യൂട്ടിയാക്കി പകരം ഓഫെടുക്കുന്ന രീതി കെഎസ്ആർടിസിയിൽ ഉണ്ടത്രേ. അതുപോലെ പതിനാറു മണിക്കൂറിൽ ചെറിയ വ്യത്യാസം വരുത്തിയാൽ ത്രിബിൾ ഡ്യൂട്ടിയുമാകും. ഇത്തരത്തിൽ റെഗുലർ ജീവനക്കാർ മാസത്തിൽ പതിനഞ്ചിൽ താഴെ ദിവസമേ ജോലി ചെയ്യുന്നുളളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എംപാനൽ ജീവനക്കാരുടെ ആധിക്യം കൂടാനുളള ഏറ്റവും പ്രധാന കാരണം ഇതാണെന്നാണ് പരിഷ്കരണത്തെ അനുകൂലിക്കുന്നവരുടെ വാദം.

നിലവില്‍ 52 ഷെഡ്യൂളുകള്‍ ഒഴികെയുള്ളവയെല്ലാം ഡബിള്‍/ത്രിബിള്‍ ഡ്യൂട്ടികളാണെന്നും മോട്ടോര്‍വാഹന നികുതി നിയമപ്രകാരം എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലിയെടുക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ധനമന്ത്രി തോമസ് ഐസക് നാരദാ ന്യൂസിനോടു പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തെ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ജോലിയെടുത്ത ശേഷം അടുത്ത ദിവസങ്ങളില്‍ ഓഫ് എടുക്കുകയാണു ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ദീര്‍ഘദൂര സര്‍വീസുകള്‍ പോലെയുള്ള സാഹചര്യത്തില്‍ പണി എളുപ്പമാക്കാന്‍ 1981 ല്‍ ആരംഭിച്ച സമ്പ്രദായമാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ദുരുപയോഗം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്തു ചെയ്താലും ശമ്പളം നല്‍കുമെന്ന തെറ്റിദ്ധാരണ ജീവനക്കാര്‍ക്കു ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടാണ് സർക്കാരിനുളളത്.  അതിനാല്‍തന്നെ ടാര്‍ഗറ്റ് വച്ച് ഡബിള്‍ ഡ്യൂട്ടി കുറയ്ക്കാന്‍ ജീവനക്കാര്‍ തയ്യാറാവണമെന്നും എല്ലാവരും ഡബിള്‍ ഡ്യൂട്ടിയുടെ പിന്നാലെപോയാല്‍ ശരിയാവില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചുളള സർക്കാർ നിലപാട് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്റെ സ്പെഷ്യല്‍ കണ്‍വന്‍ഷനിൽ ധനമന്ത്രി തോമസ് ഐസക്കാണ് പ്രഖ്യാപിച്ചത്. കെഎസ്ആർടിസിയിലെ സിഐടിയു ജീവനക്കാർക്ക് ധനമന്ത്രിയെ അത്ര പഥ്യമല്ല.  കെഎസ്ആടിസിയോടുളള  ധനവകുപ്പിന്റെ സമീപനം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ അസോയേഷൻ അംഗങ്ങളുടെ എതിർപ്പിനു കാരണമായിരുന്നു. ഒടുവിൽ കെഎസ്ആർടിസിയിലെ പരിഷ്കാരങ്ങളെക്കുറിച്ച് ധനമന്ത്രി തന്നെ സിഐടിയു യൂണിയന്റെ സമ്മേളനത്തിൽ പ്രഖ്യാപിക്കുമ്പോൾ സന്ദേശം വ്യക്തമാണ്.

അതിനർത്ഥം, കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്‌കാര നടപടികളോട് ജീവനക്കാര്‍ക്കു വഴങ്ങേണ്ടിവരുമെന്നാണ്. ആദ്യമായി ഭരണപക്ഷ സംഘടനയായ സിഐടിയു മുന്നോട്ടുവന്ന സാഹചര്യത്തില്‍ ഇനി മറ്റു യൂണിയനുകളും
ഇവയോട് അനൂകൂല നിലപാട് സ്വീകരിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്. അടുത്ത മൂന്നുവര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനാണ് ധനമന്ത്രാലയത്തിന്റെ ആലോചന. ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രനാകട്ടെ, ചിത്രത്തിലെങ്ങും ഇല്ലതാനും. കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് യാതൊരു വേവലാതിയുമില്ലാത്ത ഒരു മന്ത്രി വകുപ്പിന്റെ ചരിത്രത്തിലാദ്യമാണെന്ന പേരുദോഷവും അദ്ദേഹം ഇതിനകം കേൾപ്പിച്ചിട്ടുണ്ട്.

പാക്കേജ് സംബന്ധിച്ച് സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം എല്ലാ നിര്‍ദേശങ്ങളെക്കുറിച്ചും ആവശ്യമായ ചര്‍ച്ച നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് സംഘടനാ തലത്തില്‍ ചര്‍ച്ച ചെയ്തുവരികയാണെന്നു കെഎസ്ആര്‍ടിഇഎ സംസ്ഥാന ജന.സെക്രട്ടറി സികെ ഹരികൃഷ്ണന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. കേരളത്തിലെ അഞ്ച് സോണുകളില്‍ നിന്നും കെഎസ്ആര്‍ടിഇഎയ്ക്കു കീഴിലുള്ള ഓരോ ഡിപ്പോകളിലാണ് പരീക്ഷണാര്‍ത്ഥത്തില്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്- തൊട്ടില്‍പ്പാലം, തൃശൂര്‍-ചിറ്റൂര്‍, എറണാകുളം-മൂവാറ്റുപുഴ, കൊല്ലം- കായംകുളം, തിരുവനന്തപുരം നെയ്യാറ്റിന്‍കര എന്നിവയാണവ. ചെലവു ചുരുക്കല്‍, വരുമാന വര്‍ധന, സര്‍വീസ് മോഡിഫിക്കേഷന്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള നടപടികളാണ് പയറ്റുന്നത്.

ഇവിടങ്ങളില്‍ ഫെബ്രുവരി ഒന്നു മുതല്‍ നടപടികള്‍ ആരംഭിക്കാനാണ് തീരുമാനം. അതേസമയം, ഡബിള്‍ ഡ്യൂട്ടി വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണെന്ന നിലപാടിലാണ് സിഐടിയു. വരുമാനത്തിന്റെ കാര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാവണം ഈ ചര്‍ച്ചകള്‍. ദീര്‍ഘദൂര സര്‍വീസുകളുടെ കാര്യത്തില്‍ ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കുക പ്രായോഗികമല്ല. ഡബിള്‍-ത്രിബിള്‍ ഡ്യൂട്ടികള്‍ എത്രയുണ്ട്, അവയില്‍ എത്രയെണ്ണം സിംഗിള്‍ ഡ്യൂട്ടിയാക്കാന്‍ കഴിയും എന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ എല്ലാം മാറ്റുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം, ഫ്‌ളീറ്റ് ശേഷിയുടെ വിനിയോഗം, റൂട്ടുകളുടെ പുനഃക്രമീകരണം, ശരാശരി ബസുകള്‍ ഓടുന്ന ദൈര്‍ഘ്യം, മൈലേജ്, അപകട നിരക്ക്, ബ്രേക്ക് ഡൗണ്‍ റേറ്റ്, റിപ്പയര്‍ ചെയ്യുന്നതിനു വേണ്ടിവരുന്ന സമയം, ടയര്‍ ലൈഫ് എന്നിങ്ങനെ ഉല്‍പ്പാദനക്ഷമതയുടെ ഓരോ സൂചികയും ദേശീയ ശരാശരിയിലേക്ക് ഉയര്‍ത്തണം. ഇത്തരത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധനയിലൂടെ നഷ്ടം ഇല്ലാതാക്കാനാകും. ഇതിനു സഹായകരമായ നിക്ഷേപം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണം. കൂടാതെ, സര്‍ക്കാര്‍ വായ്പകള്‍ എഴുതിത്തള്ളാനുള്ള സാധ്യത പരിശോധിക്കും. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആറുമാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി സ്വയംപര്യാപ്തമാകും.

വര്‍ഷംതോറും 1000 സിഎന്‍ജി ബസ്സുകള്‍ ഫ്‌ളീറ്റിലേക്ക് ചേര്‍ക്കണം. പഴഞ്ചന്‍ ബസുകള്‍ നീക്കിയാലും ബസുകളുടെ എണ്ണം കൂടും. വര്‍ക്ക്‌ഷോപ്പുകളുടെ നവീകരണത്തിനും സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാനും കമ്പ്യൂട്ടറൈസേഷനും സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. സമൂലമായ ധനകാര്യ അഴിച്ചുപണിക്ക് സര്‍ക്കാര്‍ സഹായിക്കും. വിനിയോഗിക്കപ്പെടാത്ത കെട്ടിട, ഭൂമിശേഷി സ്വാപ്പ് ചെയ്തുകൊണ്ട് കടഭാരവും പലിശ ചെലവും ഗണ്യമായി കുറയ്ക്കും. സര്‍ക്കാര്‍ വായ്പകളുടെ പലിശ എഴുതിത്തള്ളും. വായ്പ മൂലധനമാക്കി മാറ്റും. ഈ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള പുതിയ മാനേജ്‌മെന്റിനു തുറന്ന റിക്രൂട്ട്‌മെന്റിലൂടെ രൂപം നല്‍കും. മധ്യതല മാനേജ്‌മെന്റിലേക്കുള്ള സ്ഥാനക്കയറ്റത്തിനു സ്‌ക്രീനിങ് നിര്‍ബന്ധമാക്കും. 10,000 രൂപയില്‍ താഴെയുള്ള റൂട്ടുകള്‍ റദ്ദാക്കും- തുടങ്ങിയവയാണ് മറ്റു പരിഷ്‌കരണ നടപടികള്‍.

ഇതു സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>