ജനകീയ പ്രക്ഷോഭം വിജയം: ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു; നാളെ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട്

നാളെ രാവിലെ പത്തോടെ പാലമേട്ടിലും അലങ്കാനെല്ലൂരുമായി ജെല്ലിക്കെട്ട് അരങ്ങേറും. തങ്ങളുടെ ആവശ്യം പരിഗണിച്ച് ഓര്‍ഡിനന്‍സ് ഇറങ്ങിയതില്‍ അതിയായ സന്തോഷമുണ്ടെന്നു മറീനയിലെ സമര സംഘാടക സമിതി അറിയിച്ചു.

ജനകീയ പ്രക്ഷോഭം വിജയം: ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു; നാളെ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട്

ജല്ലിക്കട്ടിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം ഫലം കണ്ടു. ശക്തമായ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സിനു ഗവര്‍ണറുടെ അംഗീകാരം. ഇതോടെ നാളെ മധുരയില്‍ ജല്ലിക്കട്ട് നടക്കും. ജല്ലിക്കട്ടില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം യാത്ര തിരിച്ചു.

ജല്ലിക്കട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ചെന്നൈ മറീനാ ബീച്ചിലടക്കം തമിഴ്‌നാടൊട്ടാകെ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. മറീനാ ബീച്ചില്‍ കഴിഞ്ഞ നാലുദിവസമായി തുടരുന്ന ജനകീയ പ്രതിഷേധം കണക്കിലെടുത്ത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും ഇതിന് കേന്ദ്ര ആഭന്ത്യര- വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇത് കേന്ദ്രം രാഷ്ട്രപതിക്കു സമര്‍പ്പിക്കുകയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തതോടെ സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണര്‍ക്കു കൈമാറുകയായിരുന്നു.


ഈ ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അനുമതി നല്‍കിയത്. അംഗീകാരം ലഭിച്ചതോടെ നാളെ രാവിലെ പത്തോടെ പാലമേട്ടിലും അലങ്കാനെല്ലൂരുമായി ജെല്ലിക്കെട്ട് അരങ്ങേറും. തങ്ങളുടെ ആവശ്യം പരിഗണിച്ച് ഓര്‍ഡിനന്‍സ് ഇറങ്ങിയതില്‍ അതിയായ സന്തോഷമുണ്ടെന്നു മറീനയിലെ സമര സംഘാടക സമിതി അറിയിച്ചു.

പ്രതിഷേധം കനത്തതോടെ ജല്ലിക്കട്ടിനു പിന്തുണയുമായി തമിഴ് സിനിമാ താരങ്ങളും സമരത്തിനിറങ്ങിയിരുന്നു. കമല്‍ഹാസന്‍, രജനികാന്ത്, ഹന്‍സിക, ശരത് കുമാര്‍, വിശാല്‍ തുടങ്ങിയവരാണ് പുതുതായി സമരരംഗത്ത് എത്തിയത്. ഇതിനിടെ എആര്‍ റഹ്മാനും ഇന്ന് ഉപവാസം ആരംഭിച്ചിരുന്നു. ഇതോടൊപ്പം മലയാളത്തില്‍ നിന്നും മമ്മൂട്ടിയും ജോയ് മാത്യുവും നിവിന്‍ പോളിയും അടക്കമുള്ളവരും പിന്തുണയര്‍പ്പിച്ചും അഭിനന്ദനം നേര്‍ന്നും പ്രസ്താവന ഇറക്കിയിരുന്നു.

അതേസമയം, ജല്ലിക്കെട്ടിന് അംഗീകാരം നല്‍കിയതോടെ അഭിവാദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. തമിഴ്നാടിന്റെ സംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ മോദി ജനങ്ങളുടെ വികാരം മനസിലാക്കി അതു നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു. തമിഴ്‌നാടിന്റെ പുരോഗതിക്കു കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>