ഹൈക്കോടതിയില്‍ സർക്കാരിന്റെ തിരുത്ത്: രജീഷ് കൊല്ലക്കണ്ടിക്കെതിരെ യുഎപിഎയുമായി മുന്നോട്ടില്ല

പോരാട്ടം പ്രവര്‍ത്തകന്‍ എംഎന്‍ രാവുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കേസിലാണ് രജീഷിനെതിരെ യുഎപിഎ ചുമത്തിയത്. മാവോവാദി ബന്ധമാരോപിച്ച് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജീഷിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഹൈക്കോടതിയില്‍ സർക്കാരിന്റെ തിരുത്ത്: രജീഷ് കൊല്ലക്കണ്ടിക്കെതിരെ യുഎപിഎയുമായി മുന്നോട്ടില്ല

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിലെ ജീവനക്കാരനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ രജീഷ് കൊല്ലക്കണ്ടിയ്‌ക്കെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റാരോപണങ്ങളുമായി മുന്നോട്ടുപോകുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. യുഎപിഎ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രജീഷ് കൊല്ലക്കണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. പോരാട്ടം പ്രവര്‍ത്തകന്‍ എം എന്‍ രാവുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കേസിലാണ് രജീഷിനെതിരെ പൊലീസ് യുഎപിഎ ചുമത്തിയത്.


തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് വയനാട്ടില്‍ പോസ്റ്ററൊട്ടിച്ച കേസില്‍ പോരാട്ടം നേതാവ് എംഎന്‍ രാവുണ്ണിയെ യുഎപിഎ ചുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാവുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നാണ് രജീഷിനെതിരെയുള്ള കേസ്. വയനാട്ടിലെ തലപ്പുഴ, വെള്ളമുണ്ട സ്റ്റേഷനുകളിലാണ് രജീഷിനെതിരെ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

മാവോവാദി ബന്ധമാരോപിച്ച് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും രജീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രജീഷ് തീവ്ര ഇടത് സംഘടനാ പ്രവര്‍ത്തകനാണെന്നും സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നും യുഎപിഎ നിയമം ബാധകമാമാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. യുഎപിഎയുമായി മുന്നോട്ട് പോകുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് രജീഷിന്റെ തീരുമാനം.

തന്നെ യുഎപിഎ കേസിൽ പ്രതി ചേർക്കാർ വയനാട് എ.എസ്.പി അപേക്ഷ കൊടുത്തത് ഡിസംബർ 15നാണെന്നും  20 ന് അതിന് അനുമതി കിട്ടിയെന്നും രജീഷ് കൊല്ലക്കണ്ടി ഫേസ്ബുക്കിൽ പറഞ്ഞു.   തനിക്കെതിരെ യുഎപിഎ സെക്ഷൻ 19 പ്രകാരമാണ് കേസെടുത്തത് എന്ന് എഎസ്പി ജയദേവ് പറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയിൽ ഡിസംബർ 4-ന്  കേസ് വാദത്തിനെടുത്തപ്പോൾ യുഎപിഎ പുനഃപരിശോധിക്കുകയാണെന്ന് പ്രോസിക്യൂഷനാണ് പറഞ്ഞത്. പിന്നെ സസ്പൻറ് ചെയ്തത് യുഎപിഎ കുറ്റക്കാരനാനാണന്ന് ആരോപിച്ചാണെന്നും കത്തയച്ചത്  കോഴിക്കോട്ടെ പോലീസ് മേധാവിയാണെന്നും രജീഷ് പറഞ്ഞു.

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ബന്ധുക്കളെ മൃതദേഹം ഏറ്റെടുക്കാന്‍ സഹായിച്ചു, ഏറ്റുമുട്ടല്‍ കൊലക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി തുടങ്ങിയ ആരോപണങ്ങളും രജീഷിനെതിരെ പൊലീസ് ഉയര്‍ത്തിയിരുന്നു.

രജീഷിനെതിരെ യുഎപിഎ ചുമത്തിയതിനും, സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനുമെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. രജീഷിനെതിരെ ഈ കേസുകളില്‍ അറസ്റ്റുണ്ടാകില്ലെന്നും കേസുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മുമ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.