ലിംഗസമത്വം എന്നാല്‍ ഇതാണ്; ചെറുവത്തൂരിലെ ഈ ഫുട്ബോള്‍ ടീം പറയുന്നു

പുതിയതായി രൂപീകരിച്ച ടീമിൽ ആണും പെണ്ണും ട്രാൻസ്ജെൻഡറും ഒരുമിച്ചാണ് കളിക്കാരായി അണിനിരന്നത്. ജൻഡർ ന്യൂട്ടർ ഫുട്ബോൾ മാച്ച് എന്നായിരുന്നു ഇതിന്റെ പേര്.

ലിംഗസമത്വം എന്നാല്‍ ഇതാണ്; ചെറുവത്തൂരിലെ ഈ ഫുട്ബോള്‍ ടീം പറയുന്നു

ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങൾക്കും പല നല്ല കാര്യങ്ങൾക്കും മാതൃകയാണ് കേരളം. പൈതൃകത്തെയും സംസ്ക്കാരത്തെയും ആവോളം മുറുകെ പിടിക്കുന്ന ഈ നാട്ടിൽ പുരോഗമനപരമായ ചിന്താഗതികൾക്കും ഇടമുണ്ട് എന്ന് തെളിയിക്കുകയാണ് ഈ യുവജനങ്ങൾ.

കാസർഗോഡ് ചെറുവത്തൂർ ഗ്രാമത്തിലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവസമിതി ഒരു ഫുട്ബോൾ മത്സരത്തിലൂടെ നൽകിയതും അത്തരത്തിൽ നല്ലൊരു സന്ദേശമാണ്. ചരിത്രമെഴുതിയ പല ഫുട്ബോൾ താരങ്ങളെയും സമ്മാനിച്ച കേരളക്കരയിൽ നടന്ന ഇത്തരമൊരു മത്സരം ബഹൃത്തായ ഒരു സന്ദേശം നൽകുന്നതായിരുന്നു.

ലിംഗ വിവേചനത്തിനെതിരെയുള്ള ബോധവൽക്കരണമായിരുന്നു ആ സന്ദേശം. സമൂഹത്തിൽ നല്ലൊരു മാറ്റം കൊണ്ടു വരാൻ തങ്ങളുടെ ഈ ശ്രമം സഹായിക്കും എന്നുമിവർ കരുതുന്നു.


ഫുട്ബോൾ മത്സരം നടക്കുമ്പോൾ കളിക്കാരായും കാണികളായും പുരുഷൻമാരുടെ മാത്രം സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു സംഘാടകരായ യുവ സമിതി ഇത്തരത്തിലൊരു തീരുമാനത്തിലെത്തി ചേർന്നത്.

പുതിയതായി രൂപീകരിച്ച ടീമിൽ ആണും പെണ്ണും ട്രാൻസ്ജെൻസറും ഒരുമിച്ചാണ് കളിക്കാരായി അണിനിരന്നത്. '
ജെൻഡർ ന്യൂട്ടർ ഫുട്ബോൾ ലീഗ് '
എന്നാണ് ഈ മത്സരത്തിന്റെ പേര്

അഞ്ച് പേരടങ്ങുന്ന ടീമുകൾ പരസ്പരം മാറ്റുരച്ചു. ഇവിടെ ശാരീരികമായതും മാനസികമായതുമായ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നില്ല. സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതല്ല ലിംഗസമത്വം എന്ന കാഴ്ചപ്പാടാണ് ഈ മത്സരത്തിൽ ഉടനീളം പ്രകടമായിരുന്നത്.ഒരേ ടീമിനെ പ്രതിനിധീകരിച്ചു ഒരേ മൈതാനിയിൽ ഒരുമിച്ചു മത്സരത്തിനിറങ്ങുന്നതിൽ മത്സരാർത്ഥികൾ എല്ലാവരും സന്തുഷ്ടരായിരുന്നു. ഇതിൽ അധികമായി മറ്റൊരു സന്ദേശവും ഇവർക്ക് നൽകാനുണ്ടായിരുന്നില്ല - ലിംഗ സമത്വം പ്രയാസകരമായ ഒരു കാര്യമല്ല. തങ്ങൾ മുന്നോട്ടു വച്ച ഈ ആശയത്തെ സമൂഹം ഗുണകരമായ മാറ്റത്തിന് വേണ്ടി ഉൾക്കൊള്ളും എന്നിവർ കരുതുന്നു.

ഈ ഫുട്ബോൾ മത്സരത്തിന്റെ ജില്ലാതല ഏറ്റുമുട്ടൽ ഫെബ്രുവരി ആദ്യവാരത്തിൽ നടക്കും. ഫെബ്രുവരി അവസാനത്തോടെ ഫൈനൽ മത്സരങ്ങളും നടക്കും.