ഗൗതമി 14 വര്‍ഷത്തിനു ശേഷം തലശ്ശേരിക്കാരിയായി മലയാളത്തില്‍

ഗൗതമി സിനിമയില്‍ സജീവമാകുന്നു. ധ്രുവത്തിലെ മൈഥിലിയും ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധികയുമായി മലയാളിയുടെ പ്രിയങ്കരിയായി മാറിയ ഗൗതമി പതിനാലു വർഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക്.

ഗൗതമി 14 വര്‍ഷത്തിനു ശേഷം തലശ്ശേരിക്കാരിയായി മലയാളത്തില്‍

കൊച്ചി: പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗൗതമി മലയാളത്തിലേക്കു തിരിച്ചെത്തുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വിശ്വാസപൂര്‍വം മണ്‍സൂര്‍' എന്ന ചിത്രത്തില്‍ പുരോഗമന ചിന്താഗതിക്കാരിയായ അമ്മയുടെ വേഷത്തിലാണു ഗൗതമി അഭിനയിക്കുന്നത്. പ്രയാഗ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാളിയേക്കല്‍ ഫാത്തിമ ബീവി എന്ന കഥാപാത്രമായാണ് ഗൗതമി അഭിനയിക്കുന്നതെന്നു പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. നായക കഥാപാത്രമായ മണ്‍സൂറിന്റെ (റോഷന്‍ മാത്യു) ഉമ്മയാണ്. പുരോഗമന ചിന്താഗതിക്കാരിയായ ഫാത്തിമ ബിവി തലശേരി സ്വദേശിനിയാണെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്ന വിശ്വാസപൂര്‍വം മണ്‍സൂറിന്റെ പ്രധാന ലൊക്കേഷന്‍ തലശ്ശേരിയും മുംബൈയുമാണ്.


ശ്വേതാ മേനോന്‍, ലിയോണ ലിഷോയ്, രഞ്ജിപണിക്കര്‍, സജിത മഠത്തില്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. പി ടി കുഞ്ഞുമുഹമ്മദ് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ സംഗീതം രമേഷ് നാരായണനാണ്.

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിനു ശേഷം ഗൗതമി മോഹന്‍ലാലിനൊപ്പം മാനമന്തയെന്ന തെലുങ്കു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നടന്‍ കമലഹാസനുമായി ഒരുമിച്ചു താമസിച്ചിരുന്ന ഗൗതമി താനും കമലുമായി പിരിയുകയാണെന്നു കഴിഞ്ഞദിവസങ്ങളില്‍ അറിയിച്ചിരുന്നു. സ്തനാര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ഗൗതമി രോഗത്തെ അതിജീവിച്ചു വെള്ളിത്തിരയില്‍ സജീവമാകാനുള്ള പദ്ധതിയിലാണിപ്പോള്‍.
സാക്ഷ്യം, സുകൃതം, ചുക്കാന്‍, ധ്രുവം, ഹിസ് ഹൈനസ് അബ്ദുള്ള, അയലത്തെ അദ്ദേഹം, വരും വരുന്നു വന്നു എന്നിവയാണു ഗൗതമിയുടെ മലയാള ചിത്രങ്ങള്‍.

2003ല്‍ ബാലചന്ദ്രമേനോനോടൊപ്പം 'വരും വരുന്നു വന്നു' എന്ന സിനിമയിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. 1990ല്‍ ജയരാജ് സംവിധാനം ചെയ്ത വിദ്യാരംഭത്തിലൂടെയാണ് അവര്‍ മലയാളത്തിലെത്തിയത്. മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും നായികയായി മൂന്നു സിനിമയിലും മോഹന്‍ലാലിന്റേയും ജയറാമിന്റേയും നായികയായി ഒരു സിനിമയിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്. ധ്രുവത്തിലെ മൈഥിലിയും ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധികയും മറക്കാനാവാത്ത മലയാള വേഷങ്ങളാണ്.