പത്മരാജന്റെ മൂന്നാംപക്കം: നീന്തലറിയാത്ത നായകരും ജഗതിയുടെ മകന്‍ ചോദിച്ചു വാങ്ങിയ സൈക്കിളും

ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്റെ ഓര്‍മ്മകള്‍ തുടരുന്നു. ഇത്തവണ തികച്ചും യാദൃച്ഛികമായി നിര്‍മ്മാണ ചുമതല ഏറ്റെടുത്ത മൂന്നാം പക്കം സിനിമയുടെ ഓരോ തിരയും എണ്ണി പറയുകയാണ് അദ്ദേഹം. നീന്തലറിയാത്ത നായകരും ജഗതിയുടെ മകന് സൈക്കിൾ വാങ്ങി നല്‍കിയതുമടക്കമുള്ള ഓര്‍മ്മകളിലൂടെ...

പത്മരാജന്റെ മൂന്നാംപക്കം: നീന്തലറിയാത്ത നായകരും ജഗതിയുടെ മകന്‍ ചോദിച്ചു വാങ്ങിയ സൈക്കിളും

കടലും തീരവും തമ്മിലുള്ള ഉടമ്പടി മൂന്നു ദിവസത്തിന്റേതാണ്


പാച്ചുവിനേയും കടല്‍ മൂന്നാംപക്കം തിരിച്ചു നല്‍കി, പക്ഷെ അവന്‍റെ ജീവന്‍ തന്‍റെ ആഴങ്ങളില്‍ എവിടെയോ ഒളിപ്പിച്ച സ്വാര്‍ത്ഥതയ്ക്കു ശേഷമായിരുന്നു അത്. ജീവിച്ചിരിക്കുന്നവന്റെ ആത്മശാന്തിയായ ബലിച്ചോറും പേറി വൃദ്ധനായ തമ്പിയും കടലിന്റെ സ്വാര്‍ത്ഥതയിലേക്ക് ഇറങ്ങുന്നു. മൂന്നാംപക്കങ്ങള്‍ അവസാനിക്കുന്നില്ല...

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംപക്കം. തിലകൻ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണവും വിതരണവും ഗാന്ധിമതി ഫിലിംസാണ്.

കെ.ആര്‍.ജി ഫിലിംസ് പത്മരാജനെ വച്ച് ഒരു പ്രോജക്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും അതിനു അഡ്വാന്‍സ് കൊടുക്കുകയും പപ്പേട്ടന്‍ അതിനായി മനോഹരമായ ഒരു സ്ക്രിപ്റ്റ് എഴുതുകയും ചെയ്തു. അതാണു മൂന്നാംപക്കം! കടലെടുക്കുന്ന ജീവന്‍ കരയില്‍ ശേഷിക്കുന്നവര്‍ക്കു നല്‍കുന്ന വേദന അദ്ദേഹം എത്രയോ കണ്ടിരിക്കുന്നു.


സംഘം എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനു ശേഷം KRG മലയാളത്തില്‍ ചെയ്യാനിരിക്കുന്ന സിനിമയാണ് ഇത്.

കഥാപാത്രങ്ങളെയും ടെക്നീഷ്യന്‍സിനെയും നിശ്ചയിച്ചതിനു ശേഷം തിരക്കഥയുമായി പപ്പേട്ടന്‍ മദ്രാസിലെത്തി. തിലകന്‍ അവതരിപ്പിച്ച വൃദ്ധനായ തമ്പിയാണു ചിത്രത്തിന്‍റെ മുഖ്യകഥാപാത്രം. അപരനു ശേഷം ജയറാം അഭിനയിക്കുന്ന ചിത്രമാണ് ഇത്.

തിരക്കഥ വായിച്ച KRGയ്ക്ക് എന്തോ ഈ അവതരണവുമായി യോജിപ്പുണ്ടായില്ല.
നായകകഥാപാത്രമായി ഒരു വൃദ്ധനെ അവതരിപ്പിക്കുന്നതിലായിരുന്നു അവര്‍ക്ക് ആശങ്ക. കഥയില്‍ അല്പം മാറ്റം വരുത്തണം എന്ന് അവര്‍ ആവശ്യപ്പെട്ടു. പപ്പേട്ടന്‍ ആകെ അസ്വസ്ഥനായി.

പപ്പേട്ടന്‍റെ ഭാഗത്തു നിന്നും നിര്‍മ്മാതാവിന് അനുകൂലമായ കാര്യങ്ങള്‍ എപ്പോഴും ഉണ്ടാകും. പക്ഷെ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. അത്ര മാത്രം ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ തന്‍റെ കഥയില്‍ ഒരു മാറ്റത്തിന് അദ്ദേഹം തയ്യാറാകുമായിരുന്നുള്ളു. മാറ്റം വേണം എന്നു ബോധ്യപ്പെട്ടാല്‍ അത് എങ്ങനെ വേണമെങ്കിലും അദ്ദേഹത്തിനു കുറയ്ക്കാം. സിനിമയെ ഒരു വ്യവസായമായി മാത്രം കാണാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നുള്ളതായിരുന്നു ഇവിടുത്തെ പ്രശ്നം.

'മൂന്നാംപക്കം' ഗാന്ധിമതി ബാലന്‍റെ മുന്നില്‍ എത്തുന്നത് അങ്ങനെയാണ്.

ആ സമയത്ത് ഗാന്ധിമതി ബാലനും മദ്രാസില്‍ ഉണ്ട്. അന്നു വൈകുന്നേരം പപ്പേട്ടന്‍ ബാലനെ ഫോണില്‍ വിളിക്കുന്നു...

"അണ്ണാ...നീ ഇന്ന് ഇങ്ങോട്ട് വരണം...ഞാന്‍ ഇന്ന് ആകെ ഒരു വല്ലാത്ത ഇറിറ്റേറ്റിംഗ് മൂഡിലാണ്...എനിക്കു നിന്നോടു സംസാരിക്കണം...എനിക്കൊന്നു റിലാക്സ് ചെയ്യണം." സന്തോഷം വരുമ്പോഴും സങ്കടം തോന്നുമ്പോഴും പപ്പേട്ടന്‍ ബാലനെ 'അണ്ണാ' എന്നാണു വിളിക്കാറ്.വൈകുന്നേരം ഹോട്ടല്‍ മുറിയില്‍ വച്ചു ബാലന്‍ കാണുമ്പോഴും പപ്പേട്ടന്‍ അതേ മൂഡിലായിരുന്നു.
"അവര് സബ്ജക്റ്റ് മാറ്റണം എന്നു പറയുന്നു. ഇപ്പോഴാണോ അതു പറയേണ്ടത്? ഞാന്‍ ആഗ്രഹിച്ചെഴുതിയ കഥയാണ്. ഇനി അതില്‍ മാറ്റം വരുത്താന്‍ എനിക്ക് കഴിയില്ല. എന്‍റെ കഥാപാത്രങ്ങളെയും ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. അതില്‍ നിന്നും പിന്നോട്ടു പോകാന്‍ എനിക്കു സാധിക്കുന്നില്ല "

പപ്പേട്ടന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു.

"പപ്പേട്ടന്‍ അല്പ സമയം പുറത്തിരുന്നു ടി.വി കണ്ടോളു, ഞാന്‍ ഇതൊന്നു വായിക്കട്ടെ," ബാലന്‍ പറഞ്ഞു. പപ്പേട്ടന്‍ അത് അനുസരിക്കുകയും ചെയ്തു. മൂന്നുമൂന്നര മണിക്കൂര്‍ എടുത്തു, ബാലന് ആ തിരക്കഥ വായിച്ചു തീര്‍ക്കാന്‍. പുറത്തിറങ്ങിയ ബാലന് പപ്പേട്ടനോട് ചോദിക്കാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ-

'എന്നാണ് നമ്മള്‍ ഈ സിനിമ ആരംഭിക്കുന്നത്?'പപ്പേട്ടന്റെ കണ്ണുകളില്‍ അപ്പോള്‍ ഒരു അവിശ്വനീയഭാവമായിരുന്നു എന്നു ബാലന്‍ ഓര്‍മ്മിക്കുന്നു.

പപ്പേട്ടന്‍ ഒന്നു ചിരിച്ചു..."ഞാന്‍ ഇത് പ്രൊസീഡ് ചെയ്യട്ടെ എന്നാണോ?"

"പപ്പേട്ടന്‍ ധൈര്യമായി പ്രൊസീഡ് ചെയ്യ്..ഗാന്ധിമതി ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നു..."

തന്നെ തേടി വന്ന ഈ സിനിമയെ ഞാന്‍ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ മനസ്സറിഞ്ഞ് ഇഷ്ട്ടപ്പെട്ടിരുന്നു എന്ന് ബാലന്‍ പറയുന്നു.

"മുന്‍പു നിശ്ചയിച്ചതില്‍ നിന്നും ഒരു കാര്യത്തിന് മാത്രം മാറ്റമുണ്ടാകും... KRG പ്രൊഡക്ഷന്‍സിനു പകരം ഗാന്ധിമതി ഫിലിംസ് എന്നായിരിക്കും ഇതിന്റെ ടൈറ്റില്‍."

ഏറ്റവും രസകരമായ ഒരു കാര്യം, ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ ചെയ്യുന്ന രണ്ടു പേര്‍ക്കും നീന്തല്‍ ഒട്ടും വശമുണ്ടായിരുന്നില്ല എന്നുള്ളതാണ്. കടലുമായി ബന്ധപ്പെട്ടാണ് കഥ നീങ്ങുന്നതും!

തിലകനാശാന്‍


തിലകനാശാന്‍ വെള്ളം ഭയങ്കര പേടിയുള്ള കൂട്ടത്തിലാണ്. ഒരു ഗ്ലാസ്സില്‍ നിറയെ വെള്ളം എടുത്തു വച്ചിട്ട് അതില്‍ ഓളം വെട്ടുന്നതു കണ്ടാല്‍ പോലും കക്ഷി ഭയക്കും. അങ്ങനെ ഉള്ള ഒരാളാണു തമ്പി എന്ന മുത്തശ്ശനായി ചെറുമകന്റെ ബലിച്ചോറുമായി കടലിനെ പുണരുന്നത്.

തിലകനാശാന്‍റെ ഈ ഭയം അറിയാവുന്നതിനാല്‍ അദ്ദേഹത്തെ സിനിമയിലേക്കു കാസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഇതേ രൂപമുള്ള ഒരാളെ ഡ്യുപ്പായി പത്മരാജനും ഗാന്ധിമതി ബാലനും കണ്ടെത്തിയിരുന്നു. ഈ ഡ്യൂപ്പിന്‍റെ സ്കിന്‍ ടോണും ഫിസിക്കല്‍ അപ്പിയറന്‍സും തിലകനാശന്റേതു പോലെ ആക്കിയെടുക്കുകയും ചെയ്തു. കടലില്‍ ഇറങ്ങുന്നത് ഈ ഡ്യൂപ്പാണ്.

ജയറാമും നീന്തലും


ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് പത്തു ദിവസങ്ങള്‍ ജയറാമിനെ നീന്തല്‍ പഠിപ്പിച്ച കഥയും രസകരമാണ്. എല്ലാ ദിവസവും രാവിലെ 8 മണിയാകുമ്പോള്‍ പ്രൊഡക്ഷനില്‍ നിന്നും കാര്‍ എത്തി ജയറാമിനെ മാസ്കോട്ട് ഹോട്ടലില്‍ എത്തിക്കും. വൈകുന്നേരം 5 മണി വരെ അവിടുത്തെ സ്വിമ്മിംഗ് പൂളില്‍ നീന്തി പഠിക്കണം എന്നായിരുന്നു പപ്പേട്ടന്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം.ജയറാം ഇക്കാര്യം പില്‍ക്കാലത്ത് തമാശയായി പറഞ്ഞിട്ടുണ്ട്. "നേരം വെളുത്താല്‍ ഉടന്‍ എന്നെ കൊണ്ടുപോയി വെള്ളത്തില്‍ ഇടും. വൈകുന്നേരം വരെ വെള്ളത്തില്‍ തന്നെയായിരുന്നു."
പൂമരം കൊണ്ട് കപ്പലുണ്ടാക്കി ജയറാമിന്റെ മകന്‍ ഇന്ന് മലയാളസിനിമയുടെ ഭാഗമാകുകയാണ്.

ജഗതിയും മൂന്നു തലമുറയും


മൂന്നു തലമുറ ഈ സിനിമയുടെ ഒരു ഷോട്ടില്‍ ഒന്നിച്ചു വന്നു എന്ന പ്രത്യേകതയും മൂന്നാംപക്കത്തിനുണ്ട്. ജഗതി.എന്‍.കെ.ആചാരി, ജഗതി ശ്രീകുമാര്‍ ഒപ്പം ജഗതിയുടെ മകന്‍ രാജ്‌കുമാറുമാണ് ഈ താരങ്ങള്‍. തമിഴ്‌നടന്‍ സുരാസു ഉള്‍പ്പെടെയുള്ള ഒരു ചീട്ടുകളി സംഘത്തെ ചിത്രീകരിക്കുമ്പോഴായിരുന്നു അത്.രംഗം ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങുമ്പോള്‍ തീരെ കുട്ടിയായിരുന്ന രാജ്‌കുമാര്‍ ഒരു ഡിമാന്‍ഡ് മുന്നോട്ടു വച്ചു-
"അഭിനയിക്കാം... കുഴപ്പമില്ല, പക്ഷെ എനിക്ക് ഒരു സൈക്കിള്‍ വേണം"

രാജ്‌കുമാറിന്റെ ഡിമാന്‍ഡ് അംഗീകരിച്ചു ഗാന്ധിമതി ബാലന്‍ അതു വാങ്ങിനല്‍കി. അങ്ങനെ ഒരു സൈക്കിള്‍ പ്രതിഫലമായി ചോദിച്ചുവാങ്ങി ജഗതിയുടെ മകന്‍ രാജ്‌കുമാര്‍ ഈ സിനിമയിലെ ഒരു സീനില്‍ മുഖം കാണിച്ചു!

(തുടരും...)