കല്ലുമ്മക്കായ കഴിക്കണേൽ കോഴിക്കോട്ടേക്കു വായോ...

അവധിദിനത്തിലും വീട്ടില്‍ വിരുന്നുകാരെത്തിയാലുമൊക്കെ നേരെ ചിക്കന്‍ സ്റ്റാളിലേക്ക് പോകുന്ന കീഴ്വഴക്കം മലയാളി കാലങ്ങളായി തുടര്‍ന്നുപോരുന്നുണ്ട്. നാട്ടിന്‍പുറത്താണെങ്കില്‍ വീട്ടില്‍ അതിഥിതികളെത്തിയാല്‍ വലുപ്പം കൂടിയ പൂവന്‍കോഴിയെ ശരിപ്പെടുത്തി കറിയാക്കുകയായിരുന്നു പതിവ്. കോഴിക്കോട് എത്തുമ്പോള്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ചിക്കന്റെ മൂന്നിരട്ടി വിലയുള്ള കല്ലുമ്മക്കായ തന്നെയാണ് ഇവിടെ പ്രിയം.

കല്ലുമ്മക്കായ കഴിക്കണേൽ കോഴിക്കോട്ടേക്കു വായോ...കല്ലുമ്മക്കായ ഒഴിവാക്കിയുള്ള മെനുകാര്‍ഡ് മലബാറുകാര്‍ക്കുണ്ടാവില്ല. പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ക്ക്. കടുക്ക അഥവാ കല്ലുമ്മക്കായകൊണ്ട് വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന വിഭവങ്ങള്‍ കഴിക്കണമെങ്കില്‍ കോഴിക്കോട്ടുതന്നെ വരണം. നഗരത്തിലെ പ്രധാന ഹോട്ടലുകളിലെല്ലാം തന്നെ രുചിയൂറുന്ന കല്ലുമ്മക്കായ വിഭവങ്ങള്‍ റെഡിയാണ്. വില കുറച്ചു കൂടുതലാണെന്ന് മാത്രം.

അവധിദിനത്തിലും വീട്ടില്‍ വിരുന്നുകാരെത്തിയാലുമൊക്കെ നേരെ ചിക്കന്‍ സ്റ്റാളിലേക്ക് പോകുന്ന കീഴ്വഴക്കം മലയാളി കാലങ്ങളായി തുടര്‍ന്നുപോരുന്നുണ്ട്. നാട്ടിന്‍പുറത്താണെങ്കില്‍ വീട്ടില്‍ അതിഥികളെത്തിയാല്‍ വലുപ്പം കൂടിയ പൂവന്‍കോഴിയെ ശരിപ്പെടുത്തി കറിയാക്കുകയായിരുന്നു പതിവ്. കോഴിക്കോട് എത്തുമ്പോള്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ചിക്കന്റെ മൂന്നിരട്ടി വിലയുള്ള കല്ലുമ്മക്കായ തന്നെയാണ് ഇവിടെ പ്രിയം. കോഴിക്കോട്, കാപ്പാട്, പരപ്പനങ്ങാടി, തലശ്ശേരി, മാഹി, പൊന്നാനി, കണ്ണൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശത്തെല്ലാംതന്നെ കല്ലുമ്മക്കായ വിഭവങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.


 കല്ലുമ്മക്കായ വിഭവങ്ങള്‍

കല്ലുമ്മക്കായ ബിരിയാണി മലയാളിയുടെ മേശപ്പുറത്തെത്താന്‍ തുടങ്ങിയിട്ട് അധികകാലമൊന്നുമായിട്ടില്ല. കോഴിക്കോട്ടെ പ്രധാന ഹോട്ടലുകളിലും വീടുകളിലുമൊക്കെ കല്ലുമ്മക്കായ ബിരിയാണി തയ്യാറാക്കാറുണ്ട്. കല്ലുമ്മക്കായകൊണ്ടുള്ള പലതരം കറികളും ഫ്രൈ ചെയ്‌തെടുത്തതും പൊരിച്ചതും ഏറെ സ്വാദിഷ്ടമാണ്. കല്ലുമ്മക്കായ ഫ്രൈയും പൊരിച്ച പത്തിരിയും  വളരെ നല്ല കോമ്പിനേഷനാണ്. കൂടാതെ പൊറോട്ടയ്ക്കും ചപ്പാത്തിക്കുമൊപ്പം കൂടുതല്‍ എരിവ് ചേര്‍ത്തുണ്ടാക്കിയ കല്ലുമ്മക്കായക്കറിയും സ്വാദിഷ്ടമാണ്.

കോഴിക്കോട് ബീച്ച്, മാനാഞ്ചിറ ഭാഗങ്ങളില്‍ തോട് കളയാതെ മാവില്‍ മുക്കിപ്പൊരിക്കുന്ന കല്ലുമ്മക്കായ ലഭിക്കും. കൂടാതെ കല്ലുമ്മക്കായ അട, കല്ലുമ്മക്കായ പത്തിരി എന്നിവയും കോഴിക്കോട് കിട്ടും. ദൂരെ നിന്നാല്‍ കല്ലുമ്മക്കായ മൊരിയുന്നതിന്റെ ഗന്ധം മൂക്കിലേക്കെത്തും. കല്ലുമ്മക്കായ സമൂസയും കല്ലുമ്മക്കായ കരിക്കയും അച്ചാറും റോസ്റ്റഡ് ഗ്രേവിയുമൊക്കെ വിദേശികള്‍ക്കുപോലും പ്രിയമാണ്.

കല്ലുമ്മക്കായ ശേഖരണത്തിന്റെ വഴികള്‍

അതിരാവിലെ ചെറുവള്ളങ്ങളിലും മറ്റും യാത്രതിരിച്ചാണ് തൊഴിലാളികള്‍ കല്ലുമ്മക്കായ ശേഖരിക്കാറുള്ളത്. 20 സെന്റീമീറ്റര്‍ വരെ നീളമുള്ള പ്രത്യേകതരം ഉളി ഉപയോഗിച്ചാണ് പാറകളില്‍ കുത്തി കല്ലുമ്മക്കായ പറിച്ച് അരയില്‍കെട്ടിയ വലസഞ്ചിയിലേക്ക് ഇടുന്നത്. കോഴിക്കോട് മുഖദാര്‍, കല്ലായി അഴിമുഖം, ചാലിയം, കാപ്പാട്, പരപ്പനങ്ങാടി ഭാഗങ്ങളിലെ പതിവ് കാഴ്ച്ചയാണിത്. കടല്‍വെള്ളത്തിന് ചൂടുപിടിക്കുന്നതിന് മുമ്പ് ശേഖരിച്ചുമടങ്ങും. ഇത് കരയില്‍വച്ച് തന്നെ വിതരണക്കാര്‍ക്ക് കൈമാറും. മുന്തിയതരം കല്ലുമ്മക്കായ വിതരണക്കാര്‍ക്ക് കൊടുത്ത് ചെറുതെല്ലാം വില്‍പ്പന നടത്തുന്നവരുമുണ്ട്.

എന്നാല്‍ പഴയപോലെ കല്ലുമ്മക്കായ ശേഖരണവും വിൽപ്പനയുമെന്നും മെച്ചമില്ലെന്ന് ചാലിയത്ത് കല്ലുമ്മക്കായ ശേഖരിക്കുന്ന അബ്ദുല്ല പറയുന്നു. ഇരുപത് വര്‍ഷത്തോളമായി അബ്ദുല്ല ഈ തൊഴിലില്‍ വ്യാപൃതനാണ്.കല്ലുമ്മക്കായ വളര്‍ത്തുന്നവരും ഈ ഭാഗങ്ങളിൽ ധാരാളമുണ്ട്. ഉഷ്ണം വര്‍ധിച്ചതോടെ കല്ലുമ്മക്കായ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പതിവായതോടെ ഈ മേഖലയില്‍ നിന്ന് കുറെപേര്‍ പിന്‍വാങ്ങി. കല്ലുമ്മക്കായ കൃഷി ഇപ്പോഴും തുടരുന്നവരുണ്ടെങ്കിലും കുറവാണ്.

കല്ലായിയുടെ കൈവഴി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നവരുണ്ട്. പൊതുവെ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കല്ലുമ്മക്കായ സമ്പത്ത് കുത്തനെ കുറഞ്ഞുവരുന്നതായി ഫാറൂഖ് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സുവോളജി കഴിഞ്ഞവര്‍ഷം നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ധിച്ചുവരുന്ന ചൂട്, അന്തരീക്ഷ മലിനീകരണം, ജലമലിനീകരണം തുടങ്ങിയ കാര്യങ്ങളാണ് കല്ലുമ്മക്കായ സമ്പത്തിനെ താഴോട്ടടിച്ചതെന്നും പഠനം പറയുന്നു.

ചാലിയത്തെ കല്ലുമ്മക്കായ ബസാര്‍

പോര്‍ച്ചുഗീസ് കോട്ട നിലനിന്നിരുന്ന അറബിക്കടലിനോടു ചേര്‍ന്ന പ്രദേശത്ത് വന്‍ വിസ്തൃതിയില്‍ കല്ലുമ്മക്കായ സമ്പത്ത് വ്യാപിച്ചുകിടക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ചാലിയത്തിന്റെ കല്ലുമ്മക്കായ സമൃദ്ധിയെ നിലനിര്‍ത്തുന്നത് ഇതാണ്.

ചാലിയത്തെ അങ്ങാടിയുടെ പേരുതന്നെ കടുക്ക ബസാറെന്നാണ്. ആളുകൾ ശേഖരിക്കുന്ന കല്ലുമ്മക്കായ ഇവിടെകൊണ്ടുവന്നായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.


കടുക്ക ബസാറും എല്ലാപ്രദേശങ്ങളെയുംപോലെ ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. കല്ലുമ്മക്കായ ശേഖരിക്കുന്ന തൊഴിലില്‍ നിന്ന് ആളുകള്‍ പിന്‍വാങ്ങുന്നു. പുതിയ തലമുറയിലുള്ളവര്‍ക്ക് ഈ തൊഴിലിനോട് താല്‍പര്യമില്ലെന്ന് ചാലിയത്തെ കുഞ്ഞൂട്ടി പറയുന്നു.

ആയിരത്തോളം തൊഴിലാളികളും 200 താഴെ വിതരണക്കാരുമുണ്ടായിരുന്ന കടുക്ക ബസാറില്‍ ഇപ്പോള്‍ അമ്പതോളം തൊഴിലാളികളും പതിനഞ്ചോളം വിതരണക്കാരും മാത്രമാണുള്ളത്.ചാലിയത്ത് നിന്നാണ് നഗരത്തിലേക്കും പുറത്തേക്കുമൊക്കെ കല്ലുമ്മക്കായ വിതരണത്തിനായി കൊണ്ടുപോകുന്നത്. മുന്തിയ തരം കല്ലുമ്മക്കായ ഏജന്‍സികള്‍ വഴി വിദേശത്തേക്കും കേരളത്തിന് പുറത്തേക്കും പോകുന്നുണ്ട്. ഇരട്ടിവിലയും കിട്ടുന്നുണ്ട്. അതേസമയം നമ്മുടെ മാര്‍ക്കറ്റില്‍ ലഭിക്കുന്നത് ചെറിയ തരം കല്ലുമ്മക്കായയും. ഇടത്തരം കല്ലുമ്മക്കായയില്‍ അധികവും ഹോട്ടലുകളിലേക്കാണ് പോകുന്നത്. ഫിഷ് മാര്‍ക്കറ്റുകളില്‍ നിന്ന് ഇത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണവും ഇതാണ്. തോട് കളയാത്ത കല്ലുമ്മക്കായക്ക് 150-170 രൂപ വരെ വിലയുണ്ട്. തോട് കളഞ്ഞതിന് 500 രൂപയ്ക്ക് മുകളിലുമാണ് വില.


 ഒബാമയും രുചിയറിഞ്ഞു

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ദല്‍ഹിയില്‍ വന്നപ്പോള്‍ പ്രധാന വിഭവങ്ങളില്‍ കല്ലുമ്മക്കായയും ഉണ്ടായിരുന്നു. ദല്‍ഹി താജ് പാലസ് ഹോട്ടലില്‍ നിന്നായിരുന്ന ഒബാമയ്ക്കും ഭാര്യക്കും കല്ലുമ്മക്കായ വിഭവം എത്തിച്ചിരുന്നത്. രാജ്യത്തെ സ്റ്റാര്‍ ഹോട്ടലുകളിലെല്ലാം തന്നെ കല്ലുമ്മക്കായ വിഭവം ലഭിക്കും. കഴുത്തറുപ്പന്‍ വിലയായിരിക്കുമെന്ന് മാത്രം.

ഓയിസ്‌റ്റേഴ്‌സ് എന്ന് വിളിക്കുന്ന കല്ലുമ്മക്കായക്ക് മലയാളത്തില്‍ കടുക്ക എന്ന പറയുംപോലെ കോമണ്‍ മുസ്സല്‍ എന്നും പേരുണ്ട്. കോഴിക്കോട് തന്നെ കല്ലുമ്മക്കായയുടെ ചെറു വിഭവങ്ങള്‍ക്ക് പോലും നൂറിന് മുകളിലാണ് ഹോട്ടലുകളില്‍ വിലയീടാക്കുന്നത്. പുറത്തെ കാര്യം പറയേണ്ടതില്ല.

Story by
Read More >>