മലമ്പുഴയിൽ ശുദ്ധീകരിച്ച വെള്ളം ചുളുനിരക്കിൽ മദ്യക്കമ്പനികള്‍ക്ക്; ജനങ്ങൾ ദാഹിച്ചു മരിക്കുമ്പോഴും നാലു പതിറ്റാണ്ടായി ഒത്തുകളി; നാരദ എക്സ്‍ക്ലൂസിവ് പരമ്പര

മലമ്പുഴയില്‍ വെള്ളമില്ലെന്നു പറഞ്ഞു ജനങ്ങള്‍ക്കു കുടിവെള്ളത്തിനു നിയന്ത്രണം. മദ്യക്കമ്പനികള്‍ക്കു തൊണ്ണൂറ് ശതമാനം നിരക്കു കുറച്ച് യഥേഷ്ടം കുടിവെള്ളവും. മദ്യക്കമ്പനികളുടെ കച്ചവടം കൊഴുപ്പിക്കാൻ നാൽപ്പതു വർഷത്തോളമായി വാട്ടര്‍ അഥോറിറ്റിയുടെ മുൻകൈയിൽ മലമ്പുഴയിൽ നടക്കുന്ന പലവിധ ഒത്തുകളികളുടെ, ദൃശ്യങ്ങളടങ്ങുന്ന വാർത്താ പരമ്പര തുടങ്ങുന്നു. എഴുത്തും ദൃശ്യങ്ങളും: സുകേഷ് ഇമാം

മലമ്പുഴയിൽ ശുദ്ധീകരിച്ച വെള്ളം ചുളുനിരക്കിൽ മദ്യക്കമ്പനികള്‍ക്ക്; ജനങ്ങൾ ദാഹിച്ചു മരിക്കുമ്പോഴും  നാലു പതിറ്റാണ്ടായി ഒത്തുകളി; നാരദ എക്സ്‍ക്ലൂസിവ് പരമ്പര

വേനലായാൽ മലമ്പുഴ ഡാമിനു സമീപം താമസിക്കുന്ന ആദിവാസികൾക്ക്  ഒരു കുടം വെള്ളം കിട്ടണമെങ്കില്‍ ഡാമിനകത്തു കുഴി കുത്തണം. വേനൽ കനത്താൽ പണം കൊടുത്തു വെള്ളം വാങ്ങണം. എന്നാല്‍ ഇതൊന്നും കഞ്ചിക്കോട് പുതുശ്ശേരി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന മദ്യ കമ്പനികള്‍ക്കു ബാധകമല്ല.


ജനങ്ങളുടെ കുടിവെള്ളം മദ്യ കമ്പനികള്‍ക്കു സൗജന്യ നിരക്കില്‍ നല്‍കി വ്യവസായം പരിപോഷിപ്പിക്കുന്നതു കാണണമെങ്കില്‍ കഞ്ചിക്കോട്ടേയ്ക്കു വന്നാല്‍ മതി. മലമ്പുഴ ഡാമില്‍ നിന്നു ജനങ്ങള്‍ക്കു കിട്ടേണ്ട കുടിവെള്ളം വാട്ടര്‍ അഥോറിറ്റിയുടെ പ്ലാന്റില്‍തന്നെ ശുദ്ധീകരിച്ച് മദ്യ നിര്‍മ്മാണത്തിനായി ഡിസ്റ്റിലറികള്‍ക്കു നേരിട്ടാണു നല്‍കുന്നത്. കുടിവെള്ളമില്ലെങ്കിലും ജനങ്ങളുടെ വായിലേയ്ക്കു മദ്യം ഒഴിച്ചു നല്‍കി ദാഹം ശമിപ്പിയ്ക്കാം എന്നതാണു കുടിവെള്ള കാര്യത്തിൽ സര്‍ക്കാര്‍ നയമെന്നു തോന്നാം ആർക്കും!


മലമ്പുഴ ഡാമില്‍നിന്ന് വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമായ ജലം നല്‍കുന്ന ചടയങ്കര ഉമ്മിണികുളയിലെ ശുദ്ധീകരണ പ്ലാന്റില്‍നിന്ന് വെള്ളം മദ്യ കമ്പനികള്‍ക്കു നല്‍കുന്നതു വാട്ടര്‍ അഥോറിറ്റി തന്നെ! കഞ്ചിക്കോടുള്ള മദ്യനിര്‍മ്മാണ കമ്പനികളായ എം പി ഡിസ്റ്റിലറി, യുണൈറ്റഡ് ബ്രീവറീസ് തുടങ്ങിയ കമ്പനികള്‍ക്കാണു വെള്ളം നല്‍കുന്നത്‌.


https://www.youtube.com/watch?v=Mv-Je4GLY1k&feature=youtu.be

നിരക്കില്‍  തൊണ്ണൂറ് ശതമാനം ഇളവ് നല്‍കിയാണ് വാട്ടര്‍ അഥോറിറ്റി ഈ കമ്പനികള്‍ക്ക് കുടിവെള്ളം വില്‍ക്കുന്നത്. തൊണ്ണൂറ് ശതമാനം നിരക്ക് കുറച്ച് നല്‍കുന്നതുകൊണ്ട് ഇതിനെ വില്‍പ്പന എന്നു പറയാമോ? വാട്ടര്‍ അഥോറിറ്റിയ്‌ക്കോ ബന്ധപ്പെട്ടവര്‍ക്കോ കമ്പനിയില്‍ നിന്ന് കിട്ടുന്ന മറ്റെന്തെങ്കിലും കാര്യത്തിന് നല്‍കുന്ന പ്രത്യുപകാരം എന്നതാവും വാസ്തവം.


ഈടാക്കേണ്ടത് ചുരുങ്ങിയത് 1000  രൂപ, നല്‍കുന്നത് 100 രൂപയ്ക്ക്


വാട്ടര്‍ അഥോറിറ്റി വീടുകള്‍ക്ക് പതിനായിരം ലിറ്റര്‍ വെള്ളത്തിന് 42 രൂപയാണ് ഈടാക്കുന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഇത്  പതിനായിരം ലിറ്ററിന് 250 രൂപയായി ഉയരും. എന്നാല്‍ മദ്യകമ്പനികള്‍ക്ക് ഒരു ടാങ്കര്‍ ലോറി വെള്ളത്തിന് ഈടാക്കുന്ന നിരക്ക് എത്രയെന്ന് വൃക്തമാക്കാന്‍ വാട്ടര്‍ അഥോറിറ്റി തയ്യാറായില്ല. എന്നാല്‍ വാട്ടര്‍ അഥോറിറ്റിയിലെ തന്നെ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ അത് എത്രയെന്ന് നാരദാ ന്യൂസിനോട് പറഞ്ഞു.


ശുദ്ധീകരിച്ച ഒരു ടാങ്കര്‍ ലോറി വെള്ളത്തിന് 100 രൂപയാണ് ഈടാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതനുസരിച്ച് ഒരു ടാങ്കര്‍ ലോറിയില്‍ 40000 ലിറ്റര്‍ വെള്ളം കയറിയാല്‍ തന്നെ പതിനായിരം ലിറ്ററിന് 250 രൂപ നിരക്കില്‍ 1000 രൂപ ഈടാക്കണം. അതായത് യഥാര്‍ത്ഥ നിരക്കില്‍ നിന്നും തൊണ്ണൂറ് ശതമാനം നിരക്ക് കുറവിലാണ് മദ്യകമ്പനികള്‍ക്ക് വാട്ടര്‍ അഥോറിറ്റിയുടെ ഈ സേവനമെന്ന് ചുരുക്കം.


സേവനം തുടങ്ങിയത് 1970 മുതല്‍


യുണൈറ്റഡ് ബ്രിവറീസ് 1970 ലാണ് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്നുമുതല്‍ തന്നെ മലമ്പുഴയിലെ കുടിവെള്ളം വാട്ടര്‍ അതോറിറ്റി ഇവര്‍ക്ക് നല്‍കി വരുന്നുണ്ട്. എം. പി ഡിസ്റ്റലറീസ് കഞ്ചിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടും ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നു മുതല്‍ ഈ കമ്പനിയ്ക്കും വാട്ടര്‍ അഥോറിറ്റി ജനങ്ങളുടെ കുടിവെള്ളം മദ്യം ഉണ്ടാക്കാനായി നല്‍കി വരുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടാക്കിയതാണ് ഈ ഇടപാട്. അന്നു പക്ഷെ, കുടിവെള്ളത്തിനു ക്ഷാമമുണ്ടായിരുന്നില്ല.  ഇന്ന് ആവശ്യക്കാർക്ക് കുടിവെള്ളമെത്തിക്കാൻ ജല അഥോറിറ്റിക്ക് കഴിയാതിരിക്കുമ്പോഴാണ് അഥോറിറ്റിക്ക് വന്‍ നഷ്ടം വരുത്തുന്ന ഈ ഇടപാട് തുടരുന്നത്. ഇതിനെതിരെ അഥോറിറ്റി ജീവനക്കാർ കടുത്ത പ്രതിഷേധമുയർത്തിയിട്ടും വര്‍ഷങ്ങളായി ഒരു മാറ്റവുമില്ലാതെ കരാര്‍ പുതുക്കിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് എതിര്‍പ്പ് പുറമേക്കും വ്യാപിച്ചിട്ടും കരാര്‍ പുതുക്കൽ തുടർന്നു; ഒരു ടാങ്കര്‍ വെള്ളത്തിന് 100 രൂപയെന്ന വിലയിൽപ്പോലും ഒരു മാറ്റവും വരുത്താതെ.


പുഴയിലെ മലിനജലം പോലും ടാങ്കര്‍ ലോറിയില്‍ ജനങ്ങള്‍ക്കെത്തിക്കാൻ മെനക്കെടാത്ത വകുപ്പാണ് വാട്ടര്‍ അഥോറിറ്റി. എന്നാൽ, തുച്ഛമായ തുകക്കാണെങ്കിൽ പോലും മദ്യകമ്പനികൾക്ക് ശുദ്ധീകരിച്ച ജലം നൽകുന്നു ഇവർ. കൊണ്ടുപോകാവുന്ന വെള്ളത്തിനും നിബന്ധനയില്ല. അത് മദ്യ കമ്പനികളുടെ ഇഷ്ടം!


ജനങ്ങള്‍ക്കുള്ള കുടിവെള്ളത്തിന് നിയന്ത്രണം


അതേ സമയം വേനല്‍ ശക്തമാകാന്‍ തുടങ്ങുന്നതോടെ മലമ്പുഴയില്‍ നിന്ന് വിവിധ കുടിവെള്ള പദ്ധതി വഴി വിതരണം ചെയ്യുന്ന വെള്ളത്തിന് വാട്ടര്‍ അഥോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തും. ചില മേഖലകളില്‍ ആഴ്ച യിൽ ഒന്നോ രണ്ടോ ദിവസമായി കുടിവെള്ള വിതരണം പരിമിതപ്പെടുത്തും. ചില സ്ഥലത്ത് അത് ഒന്നിട വിട്ടങ്ങളിലായിരിയ്ക്കും നിയന്ത്രണം ഉണ്ടാകുക. നിയന്ത്രണം ഏര്‍പ്പെടുത്തിയ ദിവസങ്ങളില്‍ അതാത് മേഖലയില്‍ കൂടി കുടിവെളളം വിതരണം ഉണ്ടാകില്ല. എന്നാല്‍ ഇതിനു പുറമെ വെള്ളം വരുമെന്നറിയിച്ച ദിവസങ്ങളില്‍ കൂടി വെള്ളം വരികയുമില്ല.


ജനങ്ങളുടെ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പരമാവധി അര്‍ദ്ധരാത്രി സമയങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമായിരിക്കും ഈ കുടിവെള്ളം വിതരണം ഉണ്ടായിരിക്കുക. മലമ്പുഴ ഡാമില്‍ വെളളമില്ലാത്തത് കൊണ്ടെന്ന് അറിയിച്ച് പത്രക്കുറിപ്പ്  ഇറക്കിയാകും ഈ നിയന്ത്രണം വാട്ടര്‍ അതോറിറ്റി പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷം ഈ നിയന്ത്രണം കാരണം   മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളില്‍ വെള്ളം കിട്ടിയിരുന്നില്ല.

എന്നാല്‍ ഒരു ദിവസം പോലും മദ്യകമ്പനികള്‍ക്ക് വെള്ളം മുടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. ജനങ്ങള്‍ക്ക് കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആ വെള്ളം പോലും മദ്യ കമ്പനികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് വാട്ടര്‍ അഥോറിറ്റിയുടെ ഉത്സാഹം.

അന്നവും മുട്ടിയ്ക്കുന്നു


മദ്യകമ്പനികള്‍ക്ക് വെള്ളം ഊറ്റി കൊടുക്കുന്ന വാട്ടര്‍ അഥോറിറ്റി ജനങ്ങളുടെ കുടിവെള്ളം മാത്രമല്ല അന്നവും മുട്ടിയ്ക്കുകയാണ്. മഴയും ഡാമുകളില്‍ നിന്ന് ആവശ്യത്തിന് വെള്ളവും ലഭിക്കാത്തതുകൊണ്ട് കേരളത്തിന്റെ നെല്ലറ മുമ്പെങ്ങുമില്ലാത്ത നാശത്തിന്റെ വക്കിലാണ്.


ഇത്തവണ വേനലിന്റെ തുടക്കത്തില്‍തന്നെ വറ്റിത്തുടങ്ങിയ മലമ്പുഴ ഡാമില്‍ നിന്ന് ഇനി പത്ത് ദിവസത്തേയ്ക്കുകൂടി മാത്രമേ കൃഷിയാവശ്യത്തിന് വെള്ളം വിട്ടുകിട്ടൂ. കഴിഞ്ഞവര്‍ഷം വരെ 90 ദിവസം വെള്ളം വിട്ടിരുന്നത് ഇത്തവണ ഇരുപതാക്കി കുറച്ചിരുന്നു. ഇതില്‍ പത്ത് ദിവസത്തെ വെള്ളം കൃഷിയാവശ്യത്തിന് വിട്ടുനല്‍കിക്കഴിഞ്ഞു.


എന്നാല്‍ 70 ദിവസത്തേക്കെങ്കിലും വെള്ളം കിട്ടിയാല്‍ മാത്രമേ നെല്‍കൃഷി വിളവെടുക്കാന്‍ കഴിയുന്നുള്ളു. വെള്ളം ഇല്ലാത്തതിനാല്‍ രണ്ടാംവിള പാതിയിലധികവും ഉണങ്ങിപ്പോകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൃഷി നാശത്തിന് പുറമെ കുടിവെള്ളവും മുട്ടുന്നു. എന്നാല്‍ മലമ്പുഴ ഡാമിലെ ശുദ്ധീകരിച്ച വെള്ളം മദ്യ കമ്പനികള്‍ക്ക് വില്‍ക്കുന്ന തീരുമാനത്തെക്കുറിച്ച്  ഒരു ചര്‍ച്ച പോലും വന്നിട്ടില്ല.


(നാളെ: മദ്യക്കമ്പനികള്‍ക്ക് വെള്ളമെത്തിക്കാന്‍ സ്വകാര്യഭൂമിയിൽ ജല അഥോറിറ്റിയുടെ 'രഹസ്യ' വാട്ടര്‍ ടാങ്ക്)


Edited By: E Rajesh


Read More >>