മദ്യക്കമ്പനിക്കു വേണ്ടി ഭൂഗർഭ അറയിൽ നാട്ടുകാരറിയാതെ കുടിവെള്ള ടാങ്ക്; നാരദ എക്‌സ്‌ക്ലൂസീവ്

പാലക്കാട് ജില്ലയിലെ മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളില്‍ ഇപ്പോള്‍ത്തന്നെ പലയിടത്തും കുടിവെള്ളമില്ല. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളായ വാളയാറേക്കും മറ്റും മഴക്കാലത്തുവരെ ടാങ്കര്‍ ലോറികളിലാണ് വെള്ളം എത്തിക്കുന്നത്. പക്ഷെ, വെള്ളമില്ലാത്തതിന്റെ പേരില്‍ ഒരു ദിവസം പോലും കഞ്ചിക്കോട്ടെ മദ്യക്കമ്പനികള്‍ പ്രവര്‍ത്തനം നിർത്തിയിട്ടില്ല! മദ്യക്കമ്പനികളും വാട്ടർ അഥോറിറ്റിയും തമ്മിൽ നടക്കുന്ന ഒത്തുകളികളെക്കുറിച്ചുള്ള പരമ്പരയുടെ രണ്ടാം ഭാഗം.

മദ്യക്കമ്പനിക്കു വേണ്ടി ഭൂഗർഭ അറയിൽ നാട്ടുകാരറിയാതെ കുടിവെള്ള ടാങ്ക്; നാരദ എക്‌സ്‌ക്ലൂസീവ്

ജനങ്ങള്‍ക്കു കിട്ടേണ്ട കുടിവെള്ളം പ്ലാന്റുകളില്‍ ശുദ്ധീകരിച്ചു മദ്യക്കമ്പനികള്‍ക്കു ടാങ്കര്‍ ലോറിയില്‍ നിറച്ചുകൊടുക്കുന്ന വാട്ടർ അഥോറിറ്റി, അവർക്കുവേണ്ടി പ്രത്യേകമായി കുടിവെള്ള സംഭരണി ഒരുക്കിയും വെള്ളം നൽകുന്നുണ്ടെന്ന് നാരദാ ന്യൂസ് കണ്ടെത്തി. കഞ്ചിക്കോട്ടുള്ള ഒരു വലിയ ടാങ്കാണ് ഇതിനു പയോഗിക്കുന്നത്. സാങ്കേതികമായി ടാങ്ക് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെങ്കിലും എല്ലാം അറിഞ്ഞുചെയ്യുന്നത് വാട്ടര്‍ അഥോറിറ്റി തന്നെ.


കഞ്ചിക്കോട് ഐ ടി ഐ ജംഗ്ഷന് സമീപത്ത് ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. ഇതിനുമുന്നില്‍ റോഡിന് എതിര്‍വശത്താണ് ജലഅതോറിറ്റി കെട്ടിപ്പൊക്കിയതെന്നു തോന്നുന്ന നാലു തൂണിൽ ഉയർന്നുനിൽക്കുന്ന കോണ്‍ക്രീറ്റ് ടാങ്ക്.

മദ്യക്കമ്പനിയുടെ 'എക്‌സ്‌ക്ലൂസീവ്' ആവശ്യത്തിനായുള്ളതാണീ ടാങ്ക്. പുറമേയ്ക്ക് കാണുക 20,000 ലിറ്ററിന്റെ വാട്ടര്‍ ടാങ്കാണ്. മിക്കവാറും സമയത്ത് ഈ ടാങ്കിന് സമീപത്ത് ടാങ്കര്‍ ലോറികള്‍ വന്നുപോകുന്നത് കാണാം. അര മണിക്കൂറിനകം വന്ന ലോറി പോയി മറ്റൊന്നുവരും. ഇവിടെ എന്താണ് നടക്കുന്നതെന്ന് പരസരവാസികളിൽ ചിലർക്കുമാത്രമേ അറിയൂ.ഈ ടാങ്ക് വാട്ടർ അഥോറിറ്റിക്കാർ മുടങ്ങാതെ നിറയ്ക്കുന്നു; മദ്യക്കമ്പനിക്കാർ ഇവിടെ നിന്ന് സുഭിക്ഷമായി വെള്ളം കൊണ്ടുപോവുകയും ചെയ്യുന്നു. സമീപവാസികള്‍ പോലും അറിയാതെയാണ് ഈ വെള്ളക്കടത്ത്.

ടാങ്കിലെപ്പോഴും വെള്ളം കാണാമെങ്കിലും പ്രദേശത്തെ ഒരൊറ്റ ടാപ്പിലും തുറന്നാൽ തുള്ളി വെള്ളം പോലും കണ്ടെന്നു വരില്ല! അത്രയ്ക്കുണ്ട് നാട്ടുകാരോടുള്ള വാട്ടർ അഥോറിറ്റിയുടെ കാര്യക്ഷമത. ചിലപ്പോള്‍ അര്‍ദ്ധരാത്രിക്കും മറ്റുമായി ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് സമീപപ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ വെള്ളംവരിക. അതുകിട്ടാന്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുകയും വേണം..

ഭൂഗർഭ അറയിലെ നിഗൂഢ ടാങ്ക്; കണ്ടാലറിയില്ല യഥാർത്ഥ ഉള്ളളവ്

എം പി ഡിസ്റ്റിലറി എന്ന മദ്യനിര്‍മ്മാണ കമ്പനിയുടെ സ്വകാര്യ സ്ഥലത്താണ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. കണ്ടാൽ 20,000 ലിറ്റർ മാത്രം ഉള്ളളവ് തോന്നിക്കുന്ന ടാങ്കിന്റെ നിർമ്മാണംതന്നെ അതേതോ ഗൂഢാലോചനയുടെ സന്തതിയാണെന്നത് വ്യക്തമാക്കുന്നു.

തൂണുകള്‍ നില്‍ക്കുന്നതിനു താഴത്തെ ഭൂഗർഭ അറയാണ് യഥാർഥ ടാങ്ക്‌. സ്ഥലത്ത് രഹസ്യമായി നിര്‍മ്മിച്ച വലിയ ഭൂഗര്‍ഭ അറയാണുള്ളത്. ഇതില്‍ രണ്ടു ലക്ഷത്തിലേറെ വെള്ളം സംഭരിക്കാന്‍ കഴിയും. ഈ ഭൂഗര്‍ഭ അറയില്‍ നിന്ന് മുകളിലെ ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്തു കയറ്റുകയാണ് ചെയ്യുന്നത്.

താഴത്തെ ഭൂഗര്‍ഭ അറയില്‍ എപ്പോഴും വെള്ളം നിറച്ചു കൊടുക്കുന്ന വിധത്തിലാണ് പമ്പിങ്ങ്. ആരെങ്കിലും പരിശോധനക്കുവന്നാല്‍ കാണിക്കാനായി മുകളിലെ വെള്ളം അങ്ങിനെ കിടക്കും. താഴെ ഭൂഗര്‍ഭ അറയിലേക്ക് വരുന്ന വെള്ളമാണ് ഇടക്കിടെ വരുന്ന ടാങ്കര്‍ ലോറികളില്‍ കയറ്റിപ്പോകുന്നത്.

ജല അതോറിറ്റി സ്വന്തം ചെലവില്‍ ഇവിടേക്ക് മാത്രം വലിച്ചുകൊടുത്ത പൈപ്പ് വഴിയാണ് ഇവിടേക്ക് വെള്ളമെത്തുന്നത്. മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം എട്ടുകിലോമീറ്റര്‍ അകലെയുള്ള ചെടയന്‍കലായ് ശുദ്ധീകരണ പ്ലാന്റിലേക്ക് പ്ലാന്റിൽനിന്നുള്ള വെള്ളമാണ് ശുദ്ധീകരിച്ച് ഇവിടേയ്ക്കുമെത്തുന്നത്.

https://www.youtube.com/watch?v=lOzxmvO9pno&feature=youtu.beനിയമം വലിച്ചുനീട്ടി പൈപ്പെത്തിച്ചു; ചെറു ടാങ്ക് കള്ളം മറയ്ക്കാൻ

പത്തുവര്‍ഷം മുമ്പാണ് ജലഅഥോറിറ്റി എം പി ഡിസ്റ്റിലറി കമ്പനിക്കായി ഇവിടേക്ക് പൈപ്പ് ലൈന്‍ വലിച്ച് വെള്ള വിതരണം തുടങ്ങിയത്. കമ്പനികള്‍ക്ക് വാണിജ്യാവശ്യത്തിന് അവരുടെ കോമ്പൗണ്ടിനകത്തേക്ക് പ്രത്യേക പൈപ്പ് ലൈന്‍ വലിച്ചു കൊടുക്കാം എന്ന നിയമം ദുരുപയോഗം ചെയ്താണ് ഇവിടേക്ക് ജലഅതോറിറ്റി പൈപ്പ് ലൈന്‍ എത്തിച്ചത്. ഇവിടെ കമ്പനി പോയിട്ട് പ്രത്യേക കോമ്പൗണ്ട് പോലുമില്ല.

ഇങ്ങിനെ വാണിജ്യാവശ്യത്തിന് വെള്ളം കൊടുക്കുകയാണെങ്കിലും കുടിവെള്ളത്തിന് ക്ഷാമമില്ലാത്ത സമയങ്ങളില്‍ പരമാവധി പതിനായിരം ലിറ്റര്‍ വെള്ളം കൊടുക്കാനേ അനുമതിയുള്ളു.പക്ഷെ ഇവിടെ നിത്യേന പത്തുലക്ഷം ലിറ്റര്‍ അധികം കുടിവെള്ളമാണ് ഈ ടാങ്ക് വഴി മാത്രം ജലഅഥോറിറ്റി അടിച്ചു നല്‍കുന്നത്. പരിശോധനയില്‍ കള്ളത്തരം പിടിക്കപ്പെടാതിരിക്കാനാണ് മുകളില്‍ ചെറിയ ടാങ്ക് കെട്ടി താഴെ ഭൂഗര്‍ഭ അറയില്‍ വെള്ളം സംഭരിക്കുന്നത്.

മദ്യമുണ്ടാക്കി ബാക്കി വെള്ളം  കമ്പനി വില്‍ക്കുന്നു 

മദ്യനിര്‍മ്മാണാവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കിയുള്ള വെള്ളം ഉയര്‍ന്ന വിലക്ക് വില്‍ക്കുകയാണ് എം പി ഡിസ്റ്റിലറി ചെയ്യുന്നത്. ഇവരില്‍നിന്ന് വെള്ളംവാങ്ങി വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ വരെയുണ്ട്. കോയമ്പത്തൂരു പോലുള്ള സമീപസ്ഥലങ്ങളിലേക്കുവരെ ഇവിടെനിന്ന് വെള്ളം വില്‍ക്കുന്നുണ്ട്.

വിജയ് മല്യയുടെ കമ്പനിയ്ക്ക് തോട്ടം നനയ്ക്കാനും കുടിവെള്ളം

കഞ്ചിക്കോട്ടെ ഒരു എം പി ഡിസ്റ്റിലറിയില്‍ മാത്രമേ ഈ കൃത്രിമം നടക്കുന്നുള്ളൂവെന്നു കരുതേണ്ട. കഞ്ചിക്കോട് തന്നെയുള്ള യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് എന്ന വിജയ് മല്യയുടെ മദ്യനിര്‍മ്മാണ കമ്പനിയുടെ ഉള്ളിലേക്ക് മലമ്പുഴ ഡാമില്‍ നിന്നും നേരിട്ടാണ് ജലഅഥോറിറ്റി പൈപ്പിട്ട് നല്‍കിയിരിക്കുന്നത്.

നിത്യേന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് വിജയ് മല്യയുടെ കമ്പനിയിലേക്ക് നേരിട്ട് എത്തുന്നത്. മദ്യനിര്‍മ്മാണവും വില്‍പ്പനയും കഴിഞ്ഞ ശേഷമുളള വെള്ളം കറങ്ങുന്ന പൈപ്പുകള്‍ വെച്ച് കമ്പനിക്കകത്തെ പുല്‍ത്തകിടിയും പൂന്തോട്ടവും നനക്കാന്‍ ഉപയോഗിക്കുകയാണിവിടെ. ഈ മതിലിനുപുറത്ത് ഒരു കുടം വെള്ളത്തിന് ജനം പരക്കംപായുമ്പോഴാണ് അകത്ത് ജലധൂർത്ത്.

ഈ കമ്പനിക്കകത്ത് തൊഴിലാളികള്‍ക്കുകൂടി കാണാന്‍ കഴിയാത്ത വിധത്തിലാണ് ജല അഥോറിറ്റിയുടെ മീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.

പെപ്‌സിക്കും കുടിവെള്ളം; അളവ് ദുരൂഹം

മദ്യക്കമ്പനികള്‍ക്കു മാത്രമല്ല, പെപ്‌സിക്കും ഇതുപോലെ വെള്ളം എത്തുന്നുണ്ട്. വാണിജ്യാവശ്യത്തിന് വെള്ളം എടുക്കാനായി വാട്ടര്‍ അതോറിറ്റി പെപ്‌സിക്കുള്ളിലേയ്ക്കും ലൈന്‍ കൊടുത്തിട്ടുണ്ട്. കണക്കില്‍ പറയുന്ന പതിനായിരം ലിറ്റര്‍ മാത്രമാണോ ഇവിടെനിന്നും എടുക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഫാക്ടറിയുടെ ഉള്ളില്‍ കുഴിച്ച നിരവധി കുഴല്‍ക്കിണറുകള്‍ക്കുപുറമെ, എലപ്പുള്ളി പഞ്ചായത്തിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്നും പെപ്‌സിക്കു വേണ്ടി വെള്ളം ടാങ്കര്‍ ലോറിയില്‍ കടത്തുന്നുണ്ട്.

Edited by: E Rajesh

Read More >>