ട്രംപിനെതിരേയുള്ള പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ആറു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

10 വര്‍ഷം വരെ തടവും 25,000 ഡോളര്‍ പിഴയും ലഭിക്കുന്ന കുറ്റമാണ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുകളില്‍ ചുമത്തിയിരിക്കുന്നത്.

ട്രംപിനെതിരേയുള്ള പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ആറു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ചുമതലയേറ്റ് നാല് ദിവസം മാത്രം പിന്നിടവേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വേച്ഛാധിപത്യ മുഖം വെളിയില്‍ വരുന്നു. ട്രംപ് സത്യ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് നഗരത്തില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ആറ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. 10 വര്‍ഷം വരെ തടവും 25,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വാഷിംഗ്ടണ്‍ ഡി.സി പോലീസ് കേസെടുത്തതെന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു


ട്രംപ് അമേരിക്കയുടെ 45ാമത് പ്രസിഡന്റായി വെള്ളിയാഴ്ച ചുമതലയേല്‍ക്കുന്ന സമയത്ത് വാഷിംഗ്ടണില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ ജോലിയുടെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കലഹമുണ്ടാക്കുന്നതിന് സഹായിച്ചു എന്ന കാരണം പറഞ്ഞാണ് വാഷിംഗ്ടണ്‍ ഡിസിയിലെ കര്‍ക്കശമായ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ആറ് മാധ്യമ പ്രവര്‍ത്തകരും ശനിയാഴ്ച കോടതിയില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങള്‍ ജോലിയുടെ ഭാഗമായി നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ആറ് മാധ്യമ പ്രവര്‍ത്തകരും പറഞ്ഞു. ട്രംപിന്റെ സത്യ പ്രതിജ്ഞ നടക്കുമ്പോള്‍ തലസ്ഥാന നഗരത്തില്‍ പ്രശ്‌നമുണ്ടാക്കിയെന്ന പേരില്‍ 200 പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.