2017ല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ട വിമാനം അമേരിക്കയിലെത്തിയത് 2016ല്‍

ചൈനയിലും അമേരിക്കയിലും നിലവിലുള്ള സമയവ്യത്യാസമാണ് കൗതുകകരമായ ഈ സംഭവത്തിന് കാരണമായത്. വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കോളടിച്ചത്. കാരണം ഇരു രാജ്യങ്ങളിലേയും പുതുവര്‍ഷാഘോഷങ്ങളില്‍ അവര്‍ക്ക് പങ്കു കൊള്ളാനായി.

2017ല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ട വിമാനം അമേരിക്കയിലെത്തിയത് 2016ല്‍

ചൈനയില്‍ 2017 പുതുവര്‍ഷാഘോഷം നടത്തി അമേരിക്കയിലേക്ക് വിമാനം കയറിയവര്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ കാണുന്നത് അപ്പോഴും 2016ല്‍ ജീവിക്കുന്നവരെ. അമ്പരപ്പും കൗതുകവും വഴി മാറിയ വിമാനത്തിലുണ്ടായിരുന്നവര്‍ പിന്നെ ഒരു വട്ടം കൂടി പുതുവര്‍ഷം അടിച്ചു പൊളിച്ചാഘോഷിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യു.എ 890 വിമാനമാണ് അപ്രതീക്ഷിത ചരിത്രം രചിച്ച് ചൈനയിലെ ഷാങ്ങ്ഹായ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവത്തില്‍ പറന്നിറങ്ങിയത്. ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലായി സ്ഥിതി ചെയ്യുന്ന ചൈനയിലേയും അമേരിക്കയിലേയും സമയവ്യത്യാസമാണ് ഈ അപൂര്‍വ സംഭവത്തിന് കാരണമായത്.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് സംസാരിച്ചിട്ടുള്ളവര്‍ക്കറിയാം സമയത്തിന്റെ ഈ കളി. വ്യത്യസ്ത രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള സമയവ്യത്യാസം തന്നെ കാരണം. മനുഷ്യര്‍ സൗകര്യത്തിന് സമയം പോലുള്ള ആപേക്ഷിക വസ്തുതകളെ രൂപപ്പെടുത്തിയതിനാല്‍ ഇത്തരം കൗതുകകരമായ സംഭവങ്ങള്‍ വല്ലപ്പോഴുമൊക്കെ സംഭവിക്കുന്നു.