ആദ്യത്തെ യുഎപിഎ ഇര പത്രക്കാരൻ; കേസ് പത്താം കൊല്ലമായിട്ടും കുറ്റപത്രം അട്ടത്തുതന്നെ

വിഎസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തരമന്ത്രിയുമായിരിക്കെ, രാജ്യദ്രോഹപരമായ ലേഖനം പ്രസിദ്ധീകരിച്ചതിനാണ് പീപ്പിള്‍സ്‌ മാര്‍ച്ച്‌ പത്രാധിപര്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ യുഎപിഎ ചുമത്തിയത്. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ കുറ്റപത്രം സമർപ്പിക്കാത്തതിന് വിശദീകരണം.

ആദ്യത്തെ യുഎപിഎ ഇര പത്രക്കാരൻ; കേസ് പത്താം കൊല്ലമായിട്ടും കുറ്റപത്രം അട്ടത്തുതന്നെ

സംസ്ഥാനത്ത്‌ ആദ്യമായി യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ്‌ ഓഫ്‌ പ്രിവന്‍ഷന്‍ ആക്ട്‌) ചുമത്തിയത്‌ പീപ്പിള്‍സ്‌ മാര്‍ച്ച്‌ പത്രാധിപര്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ. 2007 ഡിസംബറില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര പൊലീസാണ്‌ ഗോവിന്ദന്‍കുട്ടിക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തത്‌. വിഎസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തരമന്ത്രിയുമായിരിക്കെ. രാജ്യദ്രോഹപരമായ ലേഖനം പ്രസിദ്ധീകരിച്ചുവെന്നതായിരുന്നു ഗോവിന്ദന്‍കുട്ടിക്കെതിരെ കേസ്. ഗോവിന്ദന്‍കുട്ടിയുടെ അറസ്‌റ്റിനെത്തുടര്‍ന്ന്‌ പീപ്പിള്‍സ്‌ മാര്‍ച്ച്‌ മാസിക ജില്ലാ കളക്ടര്‍ ഇടപെട്ട്‌ നിരോധിച്ചു.


ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന്‌ രണ്ടുമാസത്തിനുശേഷം 2008 ഫെബ്രുവരി 24ന്‌ ഗോവിന്ദന്‍കുട്ടി ജയില്‍മോചിതനായെങ്കിലും പൊലീസ്‌ പിന്തുടര്‍ന്ന്‌ വേട്ടയാടല്‍ തുടര്‍ന്നു. നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ ഗോവിന്ദന്‍കുട്ടി ഒരുമാസക്കാലം ജയിലില്‍ നിരാഹാരം അനുഷ്‌ഠിച്ചിരുന്നു. ദേശീയതലത്തില്‍ ന്യൂസ്‌ പേപ്പര്‍ കേസുകള്‍ പരിശോധിക്കുന്ന ട്രിബ്യൂണലിനെ സമീപിച്ചതോടെ മാസികയുടെ നിരോധനം പിന്‍വലിച്ചു. എന്നാല്‍ ഒമ്പത്‌ വര്‍ഷത്തിലധികമായി കേസ്‌ ഇപ്പോഴും തുടരുകയാണ്‌. ഇത്രയും കാലയളവിനിടെ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ വിശദീകരണം.

പതിറ്റാണ്ടിനിടെ 58 യുഎപിഎ കേസുകളാണ്‌ സംസ്ഥാനത്ത്‌ കേരള പൊലീസ്‌ ചാര്‍ജ്‌ ചെയ്‌തത്‌. ഇതില്‍ത്തന്നെ ചില കേസുകള്‍ ഒഴിവാക്കിയെന്നും ഇല്ലെന്നും പൊലീസില്‍ത്തന്നെ രണ്ടഭിപ്രായമാണ്. ഭീകരസംഘടനകളുമായുള്ള ബന്ധത്തെത്തുടര്‍ന്ന്‌ എന്‍ഐഎ ചുമത്തിയ കേസുകള്‍ക്കുപുറമെയാണിത്. പാനായിക്കുളം സിമി ക്യാമ്പ്‌, നാറാത്ത്‌ തുടങ്ങിയ കേസുകള്‍ വേറെയുണ്ട്‌. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള യുഎപിഎ കേസുകൾ മാത്രമേ വ്യാപകപ്രതിഷേധം കാരണം ജനശ്രദ്ധയിൽ വന്നിട്ടുള്ളൂ.

സംസ്ഥാനത്ത്‌ ആദ്യമായി ഒരു ആദിവാസി സ്‌ത്രീയും യുഎപിഎയുടെ ഇരയായിട്ടുണ്ട്. തെരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരണ പോസ്‌റ്റര്‍ ഒട്ടിച്ച പോരാട്ടം പ്രവര്‍ത്തക ഗൗരി റിമാന്‍ഡ്‌ കാലാവധി കഴിഞ്ഞ്‌ ആഴ്‌ചകള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്‌. ഇതേ സംഭവത്തില്‍ ചാത്തു, ഷാന്റോലാല്‍, എംഎന്‍ രാവുണ്ണി തുടങ്ങിയവര്‍ ഇപ്പോഴും ജയിലിലാണ്‌. കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ യുഎപിഎ ചുമത്തിയിരുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സംസ്ഥാന കമ്മിറ്റിയംഗമായ രജീഷ്‌ കൊല്ലങ്കണ്ടിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്‌തിട്ടില്ല. അവസാനമായി സംസ്ഥാനത്ത്‌ ഇപ്രകാരം കേസെടുത്തത്‌ ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തകനായ നദീറിനെതിരെയാണ്‌.

നിരോധന സംഘടനകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട്‌ രാജ്യത്തിനെതിരെ യുദ്ധംചെയ്യുന്നതിനാണ്‌ പ്രധാനമായും യുഎപിഎ ഉപയോഗിച്ച്‌ കേസെടുക്കുക. യുഎപിഎ 149 ഉപവകുപ്പുകള്‍ പ്രകാരം മൂന്ന്‌, ഏഴ്‌, 10 വര്‍ഷം വരെയോ ജീവപര്യന്തമോ ശിക്ഷയാണ്‌ നിയമം നിഷ്‌കര്‍ഷിക്കുന്നത്‌. എന്നാല്‍ യുഎപിഎ കേസെടുക്കല്‍ ഡിജിപിയുടെ അറിവോടെയേ ഉണ്ടാകുകയുള്ളുവെന്ന്‌ നദീറിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന്‌ വിശദീകരണം വന്നിരുന്നു.

Read More >>