കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി: 30ഇന പരിഹാര നിര്‍ദേശങ്ങളുമായി തൊഴിലാളികള്‍; സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം

മാനേജ്‌മെന്റ് തലത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു കടംവാങ്ങിയിട്ടുള്ള തുക കൊടുത്തുതീര്‍ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമടക്കമുള്ള നിര്‍ദേശങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്. 2726.40 കോടിയാണ് ഇത്തരത്തിലുള്ള കടം. ഇതോടൊപ്പം കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറത്തിറക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം. ആ അടിത്തറയില്‍ നിന്നുകൊണ്ടാവണം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി: 30ഇന പരിഹാര നിര്‍ദേശങ്ങളുമായി തൊഴിലാളികള്‍; സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തുടരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ 30ഇന നിര്‍ദേശങ്ങളുമായി തൊഴിലാളി സംഘടന. ഇടതു തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎ ആണ് വിദഗ്ധപഠനത്തിനു ശേഷം സര്‍ക്കാരിലേക്കു വിശദമായ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

മാനേജ്‌മെന്റ് തലത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു കടംവാങ്ങിയിട്ടുള്ള തുക കൊടുത്തുതീര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അടക്കമുള്ള നിര്‍ദേശങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്. 2726.40 കോടിയാണ് ഇത്തരത്തിലുള്ള കടം. ഇതോടൊപ്പം കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറത്തിറക്കണമെന്നാണു മറ്റൊരു പ്രധാന നിര്‍ദേശം. ആ അടിത്തറയില്‍ നിന്നുകൊണ്ടാവണം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


സര്‍ക്കാര്‍ വായ്പയായി നല്‍കിയിട്ടുള്ള 1704.06 കോടിയും കുടിശ്ശികയുള്ള വാഹന നികുതിയും സര്‍ക്കാരിന്റെ ഷെയറാക്കി മാറ്റണം. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണു മറ്റൊരു പ്രധാന നിര്‍ദേശം. മുന്‍ സര്‍ക്കാര്‍ ഈ ഇനത്തിലേക്കു പ്രതിമാസം 20 കോടിയാണു നല്‍കിയിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അത് 27.5 കോടിയായി ഉയര്‍ത്തിയിട്ടും ഓരോ മാസവും പെന്‍ഷന്‍ നല്‍കാന്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. അതിനാല്‍ പെന്‍ഷന്‍ വിതരണം മുഴുവന്‍ സര്‍ക്കാരിനുകീഴിലാകണം.

ആര്‍ടിസി ആക്ട് പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനുള്ള മൂലധനവിഹിതം കുടിശ്ശിക സഹിതം അനുവദിക്കണം. തുടര്‍ന്നു കൃത്യമായി നല്‍കുകയും വേണം. സാമൂഹിക പ്രതിബദ്ധതയുടെ പേരിലുള്ള യാത്രാസൗജന്യങ്ങളും സര്‍വീസുകളും വഴിയുണ്ടാകുന്ന നഷ്ടം സമയാസമയങ്ങളില്‍ നികത്തണം. ഡീസലിന് കെഎസ്ഇബി, റെയില്‍വേ എന്നിവയില്‍നിന്ന് ഈടാക്കുന്ന നിരക്കുതന്നെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കണം.

സെസ് പിന്‍വലിക്കണമെന്നും പരമാവധി ബസ്സുകള്‍ സിഎന്‍ജിയിലേക്കു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും പറയുന്ന റിപ്പോര്‍ട്ട് വാണിജ്യസമുച്ചയങ്ങളിലെ ആദായം സംബന്ധിച്ച് കരാര്‍ ഉണ്ടാക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. ഇവിടങ്ങളിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം. ഒപ്പം, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കണം. കെഎസ്ആര്‍ടിസിയുടെ വിപുലീകരണവും നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. ഷെഡ്യൂളുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 7500ആക്കി ഉയര്‍ത്താനാകണം. അതിനായി വര്‍ഷംതോറും 1000 ബസ്സുകള്‍ പുറത്തിറക്കണം. ബസ്സുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബസ്സുകളും സ്‌പെയര്‍പാര്‍ട്‌സുകളും വാങ്ങുന്നത് പരമാവധി സെന്‍ട്രലൈസ്ഡ് പര്‍ച്ചേസിങ് സിസ്റ്റം വഴിയാകണം. പൂര്‍ണമായും ഇ-ടെന്‍ഡറിങ് നടപ്പാക്കണം. ഓരോ ഡിപ്പോയിലും കിടക്കുന്ന ഉപയോഗശൂന്യമായ സ്‌പെയര്‍പാര്‍ട്‌സുകളും ടയറുകള്‍ എത്രയും വേഗം ഓപണ്‍ ടെന്‍ഡറിലൂടെ വിറ്റഴിക്കണം. സര്‍വീസ് ഓപറേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ആവശ്യമായ പുനക്രമീകരണവും സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ടാകണം. യൂണിറ്റ് അടിസ്ഥാനത്തില്‍ മോണിറ്ററിങ് സെല്‍ രൂപീകരിക്കണം.

എല്ലാ ജീവനക്കാര്‍ക്കും പരിശീലനവും പുനര്‍പരീശീലനവും നല്‍കണം. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. വിജിലന്‍സ് വിഭാഗം പുനഃസംഘടിപ്പിക്കണം. സമാന്തര സര്‍വീസുകളെ കര്‍ശനമായും ഒഴിവാക്കണം. സിവില്‍ വിങ്ങിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി അവലോകനം ചെയ്യണം. കെയുആര്‍ടിസിയുടെ ആസ്ഥാനം തിരുവനന്തപുരത്താക്കണം. ബസ്സുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമാക്കണം. ട്രെയിന്‍, ജലഗതാഗതം, വ്യോമയാന മേഖലകളുമായി ബന്ധപ്പെടുത്തി ബസ്സുകള്‍ ഓടിക്കുന്നതിനു ഊന്നല്‍ നല്‍കണം. കണ്‍ട്രോള്‍ റൂമും ഇഡിപി സെന്ററും ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോര്‍പറേഷനില്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവരണമെന്നാണ് മറ്റൊരു ശുപാര്‍ശ. ആകര്‍ശകമായ നിരക്കില്‍ ബസ് പാസ് ഏര്‍പ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ നിശ്ചിത ശതമാനം കെഎസ്ആര്‍ടിസിക്കു നല്‍കാന്‍ നടപടി സ്വീകരിക്കണം. അഴിമതികളെകുറിച്ച് സമഗ്രാന്വേഷണം നടത്തണം. എംഎല്‍എ ഫണ്ട് മുഖേന ബസ്സുകള്‍ വാങ്ങാന്‍ അനുമതി നല്‍കണം. തൊഴിലാളികള്‍ സ്ഥാപനത്തിന്റെ വികസനത്തിനായി ചുരുങ്ങിയത് 1,000 രൂപവീതം മൂലധനഫണ്ടിലേക്കു നല്‍കുക. ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങള്‍ അനുവദിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ മൂലധന സമാഹരണവും ലാഭകരമായ സര്‍വീസ് നടത്തിപ്പും സംബന്ധിച്ച മറ്റുചില നിര്‍ദേശങ്ങള്‍ക്കൂടി സമര്‍പ്പിച്ചിട്ടുണ്ട്്. ഹൈദ്രാബാദിലെ ഹനുമന്തറാവു ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. നിലവില്‍ പ്രതിസന്ധി സംബന്ധിച്ചുള്ള വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ. സുശീല്‍ഖന്നയെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപോര്‍ട്ട് ഈ മാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനു ശേഷം രണ്ടു റിപ്പോര്‍ട്ടുകളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണു സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും കെഎസ്ആര്‍ടിഇഎ ജന.സെക്രട്ടറി സികെ ഹരികൃഷ്ണന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>