നവംബർ ഒൻപതിനു ശേഷമുള്ള നിക്ഷേപങ്ങൾ പരിശോധിക്കാൻ കേന്ദ്രനിർദ്ദേശം

നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പണം നിക്ഷേപിച്ചതെല്ലാം നിയമാനുസൃതമാകണമെന്നില്ലെന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.

നവംബർ ഒൻപതിനു  ശേഷമുള്ള നിക്ഷേപങ്ങൾ പരിശോധിക്കാൻ കേന്ദ്രനിർദ്ദേശം

നവംമ്പർഎട്ട് അർദ്ധരാത്രി പ്രാബല്യത്തിൽ വരുത്തിയ നോട്ടു നിരോധനത്തിന് ശേഷം നടന്ന ബാങ്ക്/പോസ്റ്റ് ഓഫീസുകളിലെ ക്യാഷ് ഡെപ്പോസിറ്റുകളുടെ വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. 2016 നവംമ്പർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിലെ രണ്ടര  ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളെക്കുറിച്ചാണ് അറിയിക്കേണ്ടത്.

ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ സേവിംഗ്സ് അക്കൗണ്ട് ഉള്ളവർ ഫെബ്രുവരി 28 നു മുൻപ് പാൻ നമ്പർ അല്ലെങ്കിൽ ഫോം 60 സമർപ്പിക്കണമെന്നും ധനമന്ത്രാലയം അറിയിച്ചു.


50000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ കാർഡ് അല്ലെങ്കിൽ ഫോം 60 നിർബന്ധമാണ്. ഇത്തരം ഇടപാടുകളുടെ പാൻ/ഫോം 60 വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കണമെന്നും ആദായനികുതി വകുപ്പിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്.

നോട്ടു നിരോധനത്തിനു ശേഷം ബാങ്കുകളിലൂടെ നടന്നിരിക്കാനിടയുള്ള കണക്കിൽപ്പെടാത്ത പണം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. പണം ബാങ്കിൽ നിക്ഷേപിച്ചു എന്നതുകൊണ്ട് മാത്രം എല്ലാ പണവും ന്യായമായ വഴിയ്ക്ക് സമ്പാദിച്ചതാണെന്ന് കരുതാൻ കഴിയില്ലെന്ന് ധനമന്ത്രി പറഞ്ഞു.

Read More >>