ജിഷ്ണുവിന്റെ പേരില്‍ വ്യാജകത്ത്: നെഹ്‌റു കോളേജ് കുടുങ്ങുന്നു

ജിഷ്ണുവിന്റെ മരണം: കോപ്പിയടിച്ചെന്ന കള്ളം പൊളിഞ്ഞപ്പോൾ അടുത്ത കള്ളവുമായി നെഹ്റു കോളേജ്. ജിഷ്ണുവിന്റെ പേരിൽ വ്യാജകത്തുണ്ടാക്കിയതായി വിദ്യാർത്ഥികൾ.

ജിഷ്ണുവിന്റെ പേരില്‍ വ്യാജകത്ത്: നെഹ്‌റു കോളേജ് കുടുങ്ങുന്നു

ജിഷ്ണു കോപ്പിയടിച്ചെന്ന  വാദം പൊളിയുന്നതിനിടെ ജിഷ്ണുവിന്റെ പേരിലുള്ള വ്യാജ കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് നെഹ്റു കോളേജ് അധികൃതർ. പരീക്ഷയ്ക്ക്  കോപ്പിയടിച്ചുവെന്ന്  ജിഷ്ണുവിന്റെ കയ്യിൽ നിന്നും എഴുതിയ മേടിച്ച കത്തിനു പകരം വ്യജ കത്താണ് സംഭവം അന്വേഷിക്കാനെത്തിയ സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർക്ക് അധികൃതർ നൽകിയതെന്നാണ് ആരോപണം. കോളേജിലെ വിദ്യാർത്ഥികളാണ്  ഇക്കാര്യം നാരദാന്യൂസിനോട് പറഞ്ഞത്.

ജിഷ്ണുവിൽ നിന്നും എഴുതി മേടിച്ച കത്തിൽ അഞ്ചിലേറെ വരികളുണ്ടായിരുന്നു. എന്നാൽ ഇന്ന് കോളേജ് അധികൃതർക്ക് നൽകിയ കത്തിൽ രണ്ട് വരികൾ മാത്രമേയുള്ളൂ. പരീക്ഷയ്ക്ക് ശരിക്കും പഠിക്കാത്തതിനാലാണ് ഉത്തരക്കടലാസ് വെട്ടിയതെന്നു മാത്രമേ ഇന്നത്തെ കത്തിലുള്ളു- വിദ്യാർത്ഥികൾ പറഞ്ഞു.


ഇന്ന് നൽകിയ കത്തിൽ ജിഷ്ണുവിന്റെ പേരിൽ അക്ഷരത്തെറ്റുണ്ടായിരുന്നുവെന്നും ജിഷ്ണുവിന്റെ പേരിലുള്ള ഒപ്പ് വ്യത്യസ്തമാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംശയം തോന്നിയ സർവ്വകലാശാല ഉദ്യോഗസ്ഥരാണ് കോളേജ് അധികൃതർ നൽകിയ കത്ത് വിദ്യാർത്ഥികളെ കാണിച്ചത്.

പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ കോപ്പിയടിച്ചാൽ അക്കാര്യം ഒരു ദിവസത്തിനകം സർവ്വകലാശാലയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ ജിഷ്ണു കോപ്പിയടിച്ചെന്ന് കോളേജ് അധികൃതർ സർവ്വകലാശാലയെ ഇതുവരെ അറിയിച്ചിട്ടില്ല.

അതിനിടെ നാളെ നടക്കുന്ന പരീക്ഷയ്ക്ക് കോളേജ് ബസ് വിട്ടുനൽകില്ലെന്നാണ് കോളേജ് മാനേജ്മെന്റ് അറിയിച്ചു. ഹോസ്റ്റലിലുള്ള വിദ്യാർത്ഥിനികളോട് ഇന്ന് വൈകിട്ട് ഒഴിഞ്ഞു പോകണമെന്ന് കോളേജ് അധികൃതർ രാവിലെ നിർദ്ദേശം നൽകിയിരുന്നു. നാളത്തെ പരീക്ഷ എഴുതേണ്ടന്നും സപ്ലി എഴുതിക്കോളാനുമായിരുന്നു കോളേജ് അധികൃതർ പറഞ്ഞത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഹോസ്റ്റലിൽ തങ്ങുന്നതിൽ കുഴപ്പമില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

Read More >>