കുഴല്‍ കിണർ എത്ര താഴ്ത്തിയാലും കുടിവെള്ളം തുള്ളിപോലുമില്ല; കൊടും വരൾച്ചയിൽ പാലക്കാട്

പുഴകളും തോടുകളും വറ്റി വരണ്ടു, കിണറുകളിലും കുളങ്ങളിലും വെള്ളമില്ല. കിണര്‍ കുഴിച്ചാലും വെള്ളം കിട്ടുമെന്ന് ഉറപ്പുമില്ല. ഗ്രാമ, നഗര ഭേദമില്ലാതെ പണക്കാരനും പാവപ്പെട്ടവനും കുഴല്‍ കിണറുകളില്‍ അഭയം തേടുകയാണ്. ഒരു മാസത്തിനുള്ളില്‍ 20 മുതല്‍ 200 വരെ കുഴല്‍ കിണറുകള്‍ കുഴിക്കുന്ന ഗ്രാമങ്ങള്‍ പാലക്കാടുണ്ട്. പക്ഷെ ഇപ്പോള്‍ കുഴല്‍ കിണറുകളിലും വെള്ളമില്ല. 500 അടി താഴ്ത്തിയാലും വെള്ളമില്ലാത്ത കിണറുകള്‍. ഭൂഗര്‍ഭജല നിരപ്പും ക്രമാതീതമായി താഴ്ന്നുകഴിഞ്ഞു.

കുഴല്‍ കിണർ എത്ര താഴ്ത്തിയാലും കുടിവെള്ളം തുള്ളിപോലുമില്ല; കൊടും വരൾച്ചയിൽ പാലക്കാട്

ഡിസ്റ്റിലറികളും കുടിവെള്ള കമ്പനികളും വൻലാഭത്തിനു പ്രവർത്തിക്കുന്ന പാലക്കാട്‌
ജില്ലയിൽ കുടിവെള്ളത്തിനു കുഴല്‍ കിണർ കുഴിച്ചാലും രക്ഷയില്ലാത്ത അവസ്ഥ.  ഏറ്റവും കൂടുതല്‍ നദികളും ഡാമുകളുമുള്ള  ജില്ലയാണെങ്കിലും ഏറ്റവും കൂടുതൽ  കുഴല്‍ കിണറുകളും ഒരുപക്ഷേ, ഈ ജില്ലയിലാവും. 11 കുടിവെള്ള കമ്പനികളാണ് ജില്ലയിൽ നിന്നു ജലമൂറ്റുന്നത്. പക്ഷേ, എത്ര ആഴത്തിൽ കുഴല്‍ കിണർ കുഴിച്ചാലും കുടിവെള്ളത്തിനു തുള്ളി വെള്ളം കിട്ടില്ല എന്ന അവസ്ഥ.


500ഉം 600ഉം അടി വരെ താഴ്ത്തിയാലും വെള്ളം കിട്ടുന്നില്ല. ഒരു മാസം ജില്ലയില്‍ കുഴിക്കുന്നത് നൂറു കണക്കിനു കിണറുകള്‍. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഏകദേശം 200 കുഴല്‍ കിണറുകള്‍ വരെ കുഴിച്ച ഗ്രാമങ്ങളും പാലക്കാട്ടുണ്ട്.

ആനിക്കോട് സ്വദേശിയായ സുരേഷിനു ജോലി വിദേശത്താണ്. നാട്ടിലെത്തിയപ്പോൾ വെള്ളക്ഷാമം രൂക്ഷം. അങ്ങനെയാണ്  കുഴല്‍ കിണറിനെ ആശ്രയിക്കാൻ തീരുമാനിച്ചത്. കുഴല്‍ കിണര്‍ കുഴിച്ച് വെള്ളം സുലഭമാക്കിയ ശേഷം വീടുപണി തുടങ്ങാനായിരുന്നു തീരുമാനം. പറമ്പില്‍ ആദ്യം 500 അടിയില്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചു. 400 അടിയെത്തിയപ്പോള്‍ പാറ.  പാറ പൊട്ടിച്ച് പിന്നീട് 100 അടി കൂടി താഴ്ത്തി. പക്ഷെ ഒരു തുള്ളി വെള്ളംപോലും കിട്ടിയില്ല.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അതേ പറമ്പില്‍ മറ്റൊരു കുഴല്‍ കിണര്‍ കൂടി സുരേഷ് കുഴിച്ചു.  400 അടി താഴ്ത്തിയെങ്കിലും അതിലും വെള്ളമില്ല.  രണ്ടിനും കൂടി ചെലവായത് ഒരു 1,30,000 രൂപ.  ഒരു തുള്ളി വെള്ളംപോലും കിട്ടിയുമില്ല.  ഇപ്പോള്‍ സുരേഷിന്റെ വീട്ടിലെ വീടുപണിക്ക് ടാങ്കര്‍ ലോറിയില്‍ വെള്ളം വില കൊടുത്തു വാങ്ങുകയാണെന്നു സഹോദരനായ  മണികണ്ഠന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

കഞ്ചിക്കോട് പെപ്‌സി കമ്പനി പ്രവര്‍ത്തിക്കുന്ന ചുള്ളിമട പ്രദേശത്ത് ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കകള്‍ ഉയര്‍ത്തുന്നവിധം താഴ്ന്നിരിക്കുകയാണ്. ഈ ഭാഗത്ത് കുഴല്‍ കിണറുകളില്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥ രണ്ടുവര്‍ഷം മുമ്പേയുണ്ട്.  600 അടിയോളം താഴ്ത്തി കുഴല്‍ കിണര്‍ കുഴിച്ചിട്ടും ഒരു തുള്ളി വെള്ളംപോലും കിട്ടാത്ത  ഹതഭാഗ്യരെ ഇവിടെ കാണാം.  മുഹമ്മദ് ഇഖ്ബാല്‍, രാജന്‍, പ്രഭാകരന്‍ എന്നിവര്‍ക്കാണ് രണ്ടു വര്‍ഷം മുമ്പ് കുഴല്‍ കിണര്‍ കുഴിച്ചിട്ടും വെള്ളം കിട്ടാതായത്. എല്ലാവരും 600 അടിയോളം താഴ്ത്തി. ഓരോരുത്തരും പതിനായിരങ്ങള്‍ ഇതിനായി ചെലവാക്കുകയും ചെയ്തു. ഈ ഭാഗത്ത് കുഴല്‍ കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടാന്‍ ഭാഗ്യം കൂടി വേണമെന്ന നിലയിലായിട്ടുണ്ട്.

കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുമെന്ന് ഉറപ്പില്ല, ലക്ഷങ്ങള്‍ ചെലവാകുകയും ചെയ്യും. കുറച്ചുകൂടി ചെലവ് കുറഞ്ഞതും വെള്ളം കിട്ടുമെന്ന് ഉറപ്പുള്ളതുമായ മാര്‍ഗമാണ് കുഴല്‍ കിണര്‍. പക്ഷെ അതിനും ഇപ്പോള്‍ ഒരു ഗ്യാരണ്ടിയുമില്ലാതായി.

വെള്ളം കിട്ടാത്ത കുഴല്‍ കിണറുകള്‍ കഞ്ചിക്കോട് മേഖലയില്‍ നിരവധിയാണ്. പെപ്‌സി പോലുള്ള കമ്പനികളും മദ്യ കമ്പനികളും  ലക്ഷക്കണക്കിനു ലിറ്റര്‍ നിത്യേന ഊറ്റിയെടുക്കുമ്പോള്‍ പണം കൊടുത്താല്‍ പോലും ജനത്തിനു ദാഹജലം കിട്ടാത്ത അവസ്ഥയാണെന്ന് കഞ്ചിക്കോട്ടെ   പരിസ്ഥിതി പ്രവര്‍ത്തകന്‍ ബാലമുരളി നാരദാ ന്യൂസിനോട് പറഞ്ഞു.

ഉപരിതല ജലനിരപ്പിനൊപ്പം ഭൂഗര്‍ഭ ജലവും ഏറ്റവും കൂടുതല്‍ താഴ്ന്നുകൊണ്ടിരിക്കുന്ന ജില്ലയാണ് പാലക്കാട്. വേനലിന്റെ തുടക്കത്തില്‍ തന്നെ 38 ഡിഗ്രിക്കു മുകളില്‍ ചൂട് പാലക്കാട് രേഖപ്പെടുത്തികഴിഞ്ഞു. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നാല്‍ വരള്‍ച്ചയ്ക്കും കൊടുംചൂടിനും വഴിവെയ്ക്കും.

ഇപ്പോള്‍തന്നെ കുഴല്‍ക്കിണറുകളില്‍ നിലവിലുള്ള ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇത് കുഴല്‍ കിണറുകളെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കും. ഭൂഗര്‍ഭ ജലനിരപ്പ് വളരെ താഴ്ന്നതിനാല്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിനു ഭൂജല വകുപ്പിന്റെ അനുമതി വേണമെന്നുണ്ട്. എന്നാല്‍ ഒരു അനുമതിയും ഇല്ലാതെ തന്നെയാണ് കുഴല്‍ കിണര്‍ കുഴിച്ചും ജില്ല ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്.

ജില്ലയിലെ കുഴല്‍ കിണറുകളുടെ കണക്കെടുപ്പ് സര്‍ക്കാര്‍ 2008 ല്‍ നടത്തിയിരുന്നു. കണക്കെടുപ്പ് നടത്തിയത് എന്തിനെന്ന് അറിയില്ലെങ്കിലും രണ്ടായിരത്തോളം കുഴല്‍ക്കിണറുകളാണ് അന്നു കണ്ടെത്തിയത്. കുറച്ചുകാലങ്ങളായി  വേനല്‍ തുടങ്ങുമ്പോള്‍ തന്നെ ആഴ്ച്ചയില്‍ നൂറിലേറെ കുഴല്‍ കിണറുകളാണ് കുഴിക്കുന്നത്. ഇങ്ങിനെ നോക്കിയാല്‍ പതിനായിരക്കണക്കിനു കുഴല്‍ കിണറുകള്‍ ജില്ലയില്‍ കാണും.

ഒരാഴ്ച്ച കൊണ്ട് 150 ഓളം കുഴല്‍ കിണറുകള്‍ കുഴിച്ച ഗ്രാമവും പാലക്കാടുണ്ട്. കാവശ്ശേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് 150 ഓളം കുഴല്‍ കിണറുകള്‍ കുഴിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഭൂജല വകുപ്പ് ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ഇവിടെയുള്ള ആയിരത്തോളം വീടുകളില്‍ കുഴല്‍ കിണര്‍ ഇല്ലാത്തത് 150 ല്‍ താഴെ മാത്രമാണ്. ഭൂജല വകുപ്പിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ചിറ്റൂര്‍ താലൂക്കില്‍ കുഴല്‍ കിണര്‍ കുഴിക്കാനാവൂ. എന്നാല്‍ ഇവിടെയുള്ള ആയിരക്കണക്കിനു കുഴല്‍ കിണറുകളില്‍ അനുമതിയുള്ളത് വല്ലതും ഉണ്ടോ എന്നു മാത്രമേ അന്വേഷിക്കേണ്ടതുള്ളു.

വരള്‍ച്ചയില്‍ മുന്നിലായിട്ടും ജനങ്ങള്‍ക്ക് ആവശ്യത്തിനു കുടിവെള്ളം കിട്ടാതെയിരുന്നിട്ടും മദ്യകമ്പനികള്‍ക്കും കുപ്പിവെള്ള കമ്പനികള്‍ക്കും യഥേഷ്ടം വെള്ളം നല്‍കുന്നതും പാലക്കാട് തന്നെയാണ്. കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന മദ്യ കമ്പനികള്‍ക്കു പുറമെ 11 കുപ്പിവെള്ള കമ്പനികളും പാലക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം വെള്ളം എടുക്കുന്നതു കുഴല്‍ കിണറുകളില്‍ നിന്നു തന്നെയാണ്. എന്നാല്‍ ഭൂജല വകുപ്പ് ഒരു കമ്പനിയ്ക്ക് ഒരു കുഴല്‍ കിണര്‍ കുഴിക്കാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളുവെന്നതാണ് യാഥാർത്ഥ്യം.

തമിഴ്‌നാട് നിന്നുള്ള സംഘങ്ങളാണ് കുഴല്‍ കിണര്‍ കുഴിക്കാനായി വരുന്നത്. ട്രാക്ടര്‍, ലോറി എന്നിവയില്‍ ഘടിപ്പിച്ച യന്ത്രങ്ങളുമായി എത്തിയാണ് കിണര്‍ നിര്‍മ്മാണം. ശരാശരി 250 അടിവരെ കുഴിച്ച് പൈപ്പിടുന്നതിന് 20,000 രൂപ മുതല്‍ 30,000 വരെ ചാര്‍ജ് ഈടാക്കും. വെള്ളം കിട്ടുന്ന സ്ഥലം ശാസ്ത്രീയമായി നിര്‍ണയിക്കാതെ സൗകര്യപ്രദമെന്ന് തോന്നുന്നിടത്ത് കുഴിക്കലാണ് രീതി. കുഴിക്കാനുള്ള സമയക്കുറവും കുറച്ച് സ്ഥലവും തുറന്ന കിണര്‍ കുഴിക്കുന്നതു പോലുള്ള ചെലവും ഇല്ലെന്നതാണ് കുഴല്‍ കിണറുകളിലേയ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം.

Read More >>