മൃതദേഹം കൊണ്ടൊരു വിലപേശൽ നമ്മുടെ കുഞ്ഞുങ്ങളോടു വേണോ? സംഘപരിവാരം ആലോചിക്കേണ്ടത്...

വര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ കലാപരവും സര്‍ഗാത്മകവുമായ കഴിവു മാറ്റുരയ്‌ക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന അവസരമാണു കലോത്സവം. രാഷ്ട്രീയ കൊലപാതകളുടെ മുതലെടുപ്പിന്‌ എന്തിന്‌ ഈ വേദിതന്നെ ഉപയോഗിക്കണം? കലോത്സവവേദയിലേക്കു മാര്‍ച്ച്‌ നടത്തിയതിനു ശേഷം വൈകുന്നേരവും സന്തോഷിന്റെ മൃതദേഹം കലോത്സവ നഗരിയില്‍ പ്രദര്‍ശനത്തിനു വച്ചേ അടങ്ങൂവെന്ന വാശിയിലായിരുന്നു ബിജെപി നേതൃത്വം. ചിത്രശലഭങ്ങളെപ്പോലെ പറന്നുനടക്കുന്ന കുഞ്ഞുകലാകാരന്‍മാരുടെയും കലാകാരികളുടെയും മുന്നില്‍തന്നെ തങ്ങളുടെ പ്രവര്‍ത്തകന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കണമെന്നു നിങ്ങള്‍ ശാഠ്യം പിടിക്കുമ്പോള്‍ കെ ടി ജയകൃഷ്‌ണനെ കുട്ടികളുടെ മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തില്‍ നിങ്ങള്‍ക്കു കുട്ടികളുടെ പേരില്‍ എങ്ങനെ പ്രതിഷേധിക്കാനാകും.

മൃതദേഹം കൊണ്ടൊരു വിലപേശൽ നമ്മുടെ കുഞ്ഞുങ്ങളോടു വേണോ? സംഘപരിവാരം ആലോചിക്കേണ്ടത്...

കെ ടി ജയകൃഷ്‌ണനെ വിദ്യാര്‍ഥികള്‍ക്കു മുമ്പിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊതുസമൂഹം ഇതേവരെ സിപിഐഎമ്മിനെ പ്രതിക്കൂട്ടിൽ നിന്നു മോചിപ്പിച്ചിട്ടില്ല. ഇതു സംബന്ധിച്ച ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രചാരണകോലാഹലങ്ങള്‍ അവസാനിച്ചിട്ടുമില്ല. കൊലപാതകത്തിന് സാക്ഷിയാകേണ്ടിവന്ന കുട്ടികളെച്ചൊല്ലി സംഘപരിവാർ ഒഴുക്കിയ വേവലാതികൾക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ,  ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച രാത്രി വെട്ടേറ്റു മരിച്ച ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹം കുട്ടികളുടെ മുന്നില്‍ പ്രദര്‍ശനത്തിനു വയ്‌ക്കണമെന്ന്‌ എന്തിനാണു സംഘപരിവാര്‍ ശഠിച്ചത്?


കെ ടി ജയകൃഷ്‌ണന്റെ കൊലപാതകവും മൃതദേഹവും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ കണ്ടതുകൊണ്ടു സന്തോഷിന്റെ മൃതദേഹം കേരളത്തിലെ എല്ലാ കുട്ടികളും കാണണമെന്നുണ്ടോ? ഏതു രാഷ്ട്രീയപാര്‍ട്ടി നടത്തിയതായാലും കൊലപാതകങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന്‌ അപമാനവും പ്രാകൃത നടപടിയുമാണ്‌. സന്തോഷിന്റെ കൊലപാതകത്തെ തുടർന്നു  വലിയ അക്രമസംഭവങ്ങളാണു രാവിലെ മുതല്‍ കണ്ണൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും അരങ്ങേറിയത്‌.

കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അതിനൊന്നും പുതുമയുമില്ല. പക്ഷേ ബിജെപി ഈ സംഭവത്തില്‍ കുരുന്നുകളോടു ചെയ്‌തത്‌ വലിയൊരു ദ്രോഹമെന്നേ പറയാന്‍ കഴിയൂ. കലോത്സവ നഗരിയെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയെന്നു ബിജെപി നേതൃത്വം വ്യക്തമാക്കിയെങ്കിലും രാവിലെ മുതല്‍ ഇവിടെ പെട്ടിക്കടകള്‍പോലും തുറന്നില്ല. ഓട്ടോറിക്ഷ സര്‍വീസടക്കം തടസ്സപ്പെടുത്തി. ഹര്‍ത്താലനുഭാവികളുടെ അക്രമത്തെത്തുടര്‍ന്ന്‌ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി.

കലോത്സവത്തിലെ പ്രധാനവേദിയായ പൊലീസ്‌ മൈതാനത്തേക്കു മാര്‍ച്ച്‌ നടത്തിയവരെ പഴയ സ്റ്റാന്‍ഡ്‌ പരിസരത്തു വച്ചു പൊലീസ്‌ തടഞ്ഞു. മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നു പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ വിഷയം അതൊന്നുമല്ല.


വര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ കലാപരവും സര്‍ഗാത്മകവുമായ കഴിവു മാറ്റുരയ്‌ക്കാന്‍ കുട്ടികൾക്കു ലഭിക്കുന്ന അവസരമാണു കലോത്സവം. രാഷ്ട്രീയ കൊലപാതകളുടെ മുതലെടുപ്പിന്‌ എന്തിന്‌ ഈ വേദിതന്നെ ഉപയോഗിക്കണം? കലോത്സവവേദയിലേക്കു മാര്‍ച്ച്‌ നടത്തിയതിനു ശേഷം വൈകുന്നേരവും സന്തോഷിന്റെ മൃതദേഹം കലോത്സവ നഗരിയില്‍ പ്രദര്‍ശനത്തിനു വച്ചേ അടങ്ങൂവെന്ന വാശിയിലായിരുന്നു ബിജെപി നേതൃത്വം.

ഒരു സന്തോഷും കൊല്ലപ്പെടേണ്ട ആളല്ലെന്നു പറയുമ്പോള്‍ത്തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ ഇനി വേണ്ടൈന്നാണോ നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത്‌? ഇവിടെയെത്തിയ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒഫീഷ്യലുകളും ഉള്‍പ്പെടെ വലിയൊരു ജനവിഭാഗത്തിന്‌ മുന്നില്‍ കണ്ണൂരിനെ എന്തിനാണു താഴ്‌ത്തിക്കെട്ടുന്നത്‌? കൊന്നവര്‍ക്കും കൊല്ലപ്പെട്ടവരുടെ പാര്‍ട്ടിക്കും ഇതൊരു കുരുന്നുകളുടെ കലാസംഗമമാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നു.

സ്‌നേഹവും സൗഹൃദവും ഭക്ഷണവും പിശുക്കില്ലാതെ വാരിക്കോരി നല്‍കുന്ന ഒരു നാടിനെ രാഷ്ട്രീയത്തിന്റെ പേരില്‍, കൊലപാതകങ്ങളുടെ പേരില്‍, കുപ്രസിദ്ധമാക്കേണ്ട ഗതികേട്‌ ഇനിയെങ്കിലും ഉണ്ടാതിരിക്കട്ടെ. എന്തു രാഷ്ട്രീയത്തിന്റെ പേരിലായായാലും.സാധാരണനിലയില്‍ തലശ്ശേരി ഭാഗത്ത്‌ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായാല്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്കാണ്‌
കൊണ്ടുപോകാറുള്ളത്‌. പ്രമുഖ നേതാക്കളാണെങ്കില്‍ മാത്രമാണ്‌ ഏതു പാര്‍ട്ടിക്കാരാണെങ്കിലും കണ്ണൂര്‍ നഗരത്തില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കാറുള്ളത്‌. അണ്ടല്ലൂര്‍ ശാഖാ പ്രവര്‍ത്തകന്‍ കലോത്സവകാലത്തു പ്രമുഖ നേതാവായതിനു പിന്നിലെ രാഷ്ട്രീയ അജണ്ട വ്യക്തമാണല്ലൊ.

കണ്ണൂര്‍, തളിപ്പറമ്പ്‌ ഭാഗങ്ങളില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങള്‍ക്കാണു പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികളുണ്ടാകാറ്‌. എന്നാല്‍ അണ്ടല്ലൂരില്‍ മരിച്ച സന്തോഷിന്റെ മൃതദേഹം സിപിഐഎം ഭരണം കയ്യാളുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ത്തന്നെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും കലോത്സവനഗരിയില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കാന്‍ നീക്കം നടത്തുകയും ചെയ്‌തതിനു പിന്നില്‍ ഹിഡന്‍ അജണ്ടയല്ലെങ്കില്‍ പിന്നെന്താണ്‌?

യാഥാര്‍ഥ്യം ഇതാണെന്നു സംശയിക്കാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ. കേരളത്തിലെ മുഴുവന്‍ കുട്ടികളെയും വിളിച്ചുകൂട്ടിയിട്ട്‌ അവരുടെ മുന്നില്‍ വേണമായിരുന്നോ നിങ്ങളുടെയൊക്കെ രാഷ്ട്രീയ മാടമ്പിത്തരം? അവര്‍ നമ്മുടെ കുട്ടികളാണെന്നു മറക്കരുത്‌. അവര്‍ക്കുംകൂടെ വേണ്ടിയാവണം രാഷ്ട്രീയപ്രവര്‍ത്തനം. ആരെയും വെട്ടിക്കൊലപ്പെടുത്തിയും മൃതദേഹം വഹിച്ചു വിലാപയാത്ര നടത്തിയുമുള്ള ഭൂതകാലമല്ല അവരുടെ രാഷ്ട്രീയ പ്രബുദ്ധതയ്‌ക്ക്‌ മുതല്‍ക്കൂട്ടാവേണ്ടത്‌. കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളെപ്പോലെ മനസ്സുറപ്പൊന്നും അവര്‍ക്കില്ല സുഹൃത്തുക്കളെ. രാത്രിയില്‍ ദുഃസ്വപ്‌നം കണ്ട്‌ അലറിക്കരയാനേ അവര്‍ക്കിതുകൊണ്ടൊക്കെ കഴിയുകയുള്ളൂ.കണ്ണൂരെന്നും കാസര്‍കോടെന്നും മലപ്പുറമെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നവരിപ്പോഴുമുണ്ട്‌. നമ്മുടെ നാട്ടില്‍. അവര്‍ക്കൊക്കെ മുഖം വക്രീകരിക്കാന്‍ ഇടവരുത്തുന്നതാവരുത്‌ നിങ്ങളുടെ സാമൂഹ്യപ്രവര്‍ത്തനം. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ അടിയും കുത്തും പിടിച്ചുപറിയും അഴിമതിയുമാണെന്ന്‌ തെറ്റിദ്ധരിക്കുന്ന പുതുതലമുറയിലെ ഒരു വിഭാഗം വളര്‍ന്നു വരുന്നുണ്ട്‌. ഇത്തരം അരാഷ്ട്രീയതയ്‌ക്ക്‌ ഊര്‍ജ്ജം പകരുന്നതാവരുത്‌ കണ്ണൂരില്‍ നിന്നുള്ള കൊലപാതക വാര്‍ത്തകള്‍.

നൃത്തവും നാട്യവും സംഗീതവും അഭിനയവുമൊക്കെയായി തെയ്യങ്ങളുടെ നാട്ടില്‍ വിരുന്നെത്തിയ ഒരുകൂട്ടം കലാകാരന്‍മാരെ കൊലക്കത്തിയുടെ രാഷ്ട്രീയം പറഞ്ഞു വിഷമിപ്പിക്കുമ്പോള്‍ ചരിത്രം നിങ്ങള്‍ക്ക്‌ ഒരിക്കലും മാപ്പു തരില്ല.

ചിത്രം : ജിബിൻ പിസി