ചങ്കു പറിഞ്ഞവന്റെ പ്രതിഷേധം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ജീവന്‍ രാജിനു കൈയടി

അക്ഷരാര്‍ത്ഥത്തില്‍ സമരം തന്നെയായിരുന്നു മിമിക്രി വേദിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ ജീവന്‍ രാജിന്റേത്. ഹര്‍ഷാവരങ്ങള്‍ക്കൊപ്പം കാണികളുടെ ഹൃദയം കവര്‍ന്നാണ് ജന്മനാ അന്ധനായ ജീവന്‍ രാജ് വേദി വിട്ടത്. ജീവന്‍ രാജിന്റെ സഹോദരനും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ദേവികിരണ്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

ചങ്കു പറിഞ്ഞവന്റെ പ്രതിഷേധം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ജീവന്‍ രാജിനു കൈയടി

എന്‍ഡോസള്‍ഫാന്‍ ദുരിതം ഏറ്റവുമധികം നാശം വിതച്ച എന്‍മകജെ ഗ്രാമത്തില്‍ നിന്നാണു ജീവന്‍ രാജിന്റെ വരവ്. കൂട്ടിന് ചേട്ടനുമുണ്ട് ദേവികിരണ്‍. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് ഇരയായി ജന്മനാ കാഴ്ച ശക്തിയില്ലാത്തവരാണ് ഇവര്‍. ജീവൻ രാജിന്റെ പ്രകടനത്തിനുമുന്നിൽ മിമിക്രി വേദി നിശബ്ദമായി.

അക്ഷരാര്‍ത്ഥത്തില്‍ സമരം തന്നെയായിരുന്നു വേദിയില്‍. പല വേദികളില്‍ ഓര്‍മ്മിപ്പിച്ചിട്ടും അവകാശപ്പെട്ട നഷ്ടപരിഹാരം പോലും അനുവദിക്കാത്ത ഭണകൂടത്തിനെതിരായ രോക്ഷം ആ പ്രകടനത്തില്‍ വായിച്ചെടുക്കാമായിരുന്നു. തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനെത്തുന്ന ഹെലികോപ്ടറിന്റെ ശബ്ദമാണ് ജീവന്‍ രാജ് ആദ്യം അവതരിപ്പിച്ചത്. എന്‍മകജെ ഗ്രാമത്തിലെ അന്വത്തടടുക്ക വീട്ടിലെ ഈശ്വര്യ നായികിന്റെയും പുഷ്പലതയുടെയും മകനാണ് ജീവന്‍ രാജ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന കൂലിപ്പണിക്കാരനാണ് അച്ഛന്‍ ഈശ്വര്യ നായിക്.


[caption id="attachment_74836" align="alignleft" width="250"]
ദേവികിരണ്‍[/caption]

കാസര്‍ഗോഡ് ഗവ. അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ജീവന്‍ രാജ്. സ്കൂൾ വക ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം. അധ്യാപകരുടെ കൈയും പിടിച്ചാണ് ജീവന്‍ രാജ് വേദിയിലെത്തിയത്. 19 ഓളം അന്ധവിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നതെന്ന് അധ്യാപകനായ റ്റി വി നാരായണന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇവരെല്ലാം തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരാണെന്നും ജന്മനാ കാഴ്ച നഷ്ടമായവരാണെന്നും നാരായണന്‍ പറഞ്ഞു.

മൂത്ത സഹോദരന്‍  ദേവികിരണ്‍ നല്ല പാട്ടുകാരനാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ദേവികിരണ്‍ കഴിഞ്ഞ ദിവസം വേദി വിട്ടത്. രാമകഥാ സുധാ.. മദ്ധ്യമാവതി രാഗത്തില്‍ ത്യാഗരാജ കൃതി പാടിയാണ് ദേവികിരണ്‍ സദസ്സിന്റെ കണ്ണും കരളും കവര്‍ന്നത്. ജന്മനാ കണ്ണുകള്‍ നഷ്ടമായ ജീവന്‍ രാജിന് കണ്ണുകള്‍ നല്‍കാന്‍ അമ്മ പുഷ്പലത തയ്യാറായി മുന്നോട്ടു വന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാം സ്ഥാനമുണ്ടായിരുന്നു ദേവികിരണിന്. അനുജന്‍ ജീവന്‍രാജും പഠിക്കാന്‍ അതി സമര്‍ത്ഥനാണെന്ന് അധ്യാപികയായ ഫിലോമിന പറയുന്നു. വീട്ടില്‍ തുളുവാണ് സംസാരിക്കുന്നത്. സുഹൃത്തുക്കളും അധ്യാപകരുമാണ് ജീവന്‍രാജിന്റെ കണ്ണ്. കുട്ടുകാരാണ് തന്നിലെ മിമിക്രി കലാകാരനെ കണ്ടെത്തിയതെന്നു ജീവന്‍രാജ് പറയുന്നു. ക്ലാസിലെ അധ്യാപകരുടെ ശബ്ദമാണ് ആദ്യം അനുകരിച്ചത്.തങ്ങളെപ്പോലെ എല്ലാവരും കയ്യൊഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് ജീവന്‍ രാജിന്റെ ആഗ്രഹം. അധ്യാപകരും കൂട്ടുകാരുമാണ് തന്റെ കണ്ണും ഊര്‍ജ്ജവുമെന്ന് അധ്യാപകരുടെ കൈകളില്‍ സ്നേഹത്തോടെ തലോടി ജീവന്‍ രാജ് പറഞ്ഞു.

ചിത്രങ്ങള്‍: സാബു കോട്ടപ്പുറം