അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഒറ്റ ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 എന്നിങ്ങനെ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. ഫെബ്രുവരി നാലിനാണ് ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നു വോട്ടെടുപ്പ് നടക്കുമ്പോള്‍ മണിപ്പൂരില്‍ ആദ്യ ഘട്ടം മാര്‍ച്ച് നാലിനും രണ്ടാംഘട്ടം മാര്‍ച്ച് എട്ടിനും നടക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അടുത്ത രണ്ടു മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതി പ്രഖ്യാപിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 11നാണു വോട്ടെണ്ണല്‍. ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഒറ്റ ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 എന്നിങ്ങനെ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. ഫെബ്രുവരി നാലിനാണ് ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നു വോട്ടെടുപ്പ് നടക്കുമ്പോള്‍ മണിപ്പൂരില്‍ ആദ്യ ഘട്ടം മാര്‍ച്ച് നാലിനും രണ്ടാംഘട്ടം മാര്‍ച്ച് എട്ടിനും നടക്കും.


ഇതോടൊപ്പം, അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ജനുവരി അഞ്ചു മുതല്‍ 12 വരെയുള്ള തീയ്യതികളിലായി അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ അവരുടെ ഫോട്ടോ പതിക്കണം. ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പോളിങ് ബൂത്തുകളും സജ്ജീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഉച്ചഭാഷിണികളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനമുണ്ട്. ഇത്തവണ മുതല്‍ ചാനലുകള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചരണവും പരസ്യങ്ങളും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. മാത്രമല്ല, 20,000 രൂപയ്ക്കു മുകളിലുള്ള പണമടപാടുകള്‍ ബാങ്ക് വഴി മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണിത്.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ പ്രചാരണാവശ്യത്തിന് പരമാവധി 28 ലക്ഷം രൂപ വരെയാണ് ഒരു സ്ഥാനാര്‍ത്ഥിക്കു ഉപയോഗിക്കാന്‍ കഴിയുന്ന തുക. മണിപ്പൂരിലും ഗോവയിലും ഇത് 20 ലക്ഷമാണ്. എല്ലാ ഫണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണത്തിലായിരിക്കുമെന്ന് നസീം സെയ്ദി വ്യക്തമാക്കി. ഇതോടൊപ്പം, പെയ്ഡ് ന്യൂസുകള്‍ സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

അഞ്ച് സംസ്ഥാനങ്ങളില്‍ ആകെ 693 മണലങ്ങളിലായി 16 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. 1,85,000 പോളിങ് ബുത്തുകളാണ് ഇവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത്.

Read More >>