മതവിദ്വേഷ പ്രസംഗം: വിവാദ എംപി സാക്ഷി മഹാരാജിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

സാക്ഷി സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന പരാതിപ്രകാരമാണു നടപടി. മതവികാരം വ്രണപ്പെടുത്തല്‍ കുറ്റം ചുമത്തി മീററ്റ് പൊലീസ് കേസെടുത്തതിനു പിന്നാലെയാണു സാക്ഷിയില്‍ നിന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്. സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍.

മതവിദ്വേഷ പ്രസംഗം: വിവാദ എംപി സാക്ഷി മഹാരാജിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

മതവിദ്വേഷ പ്രസംഗം നടത്തിയ വിവാദ ബിജെപി എംപി സാക്ഷി മഹാരാജിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. സാക്ഷി സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന പരാതിപ്രകാരമാണു നടപടി. മതവികാരം വ്രണപ്പെടുത്തല്‍ കുറ്റം ചുമത്തി മീററ്റ് പൊലീസ് കേസെടുത്തതിനു പിന്നാലെയാണു സാക്ഷിയില്‍ നിന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്.

സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. നിയമസഭാ തെരഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഉത്തര്‍പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണു കമ്മീഷന്റെ ഇടപെടല്‍.


രാജ്യത്തെ ജനസംഖ്യാവര്‍ധനവിനു കാരണം ഹിന്ദുക്കളല്ലെന്നും നാലു ഭാര്യമാരും 40 മക്കളും വേണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണെന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന. ഈമാസം ഏഴിനു മീററ്റില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു സാക്ഷി മഹാരാജിന്റെ വിദ്വേഷപ്രസംഗം.

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞാല്‍ രാജ്യം വിഭജിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും മുത്തലാഖ് നിരോധിക്കേണ്ട സമയമായെന്നും സ്ത്രീകള്‍ യന്ത്രങ്ങളല്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. ഏക സിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാണമെന്നും ജനസംഖ്യാ നിയന്ത്രണത്തിനു പുതിയ നിയമം വേണമെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള എംപിയായ സാക്ഷി മഹാരാജിന്റെ മറ്റു ആവശ്യങ്ങള്‍.

മുമ്പും പലതവണ വിദ്വേഷ പ്രസംഗം നടത്തി കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് സാക്ഷി മഹാരാജ്. ഹിന്ദുമതത്തിന്റെ നിലനില്‍പ്പിനു ഹിന്ദുക്കളായ സ്ത്രീകള്‍ നാലു കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്നായിരുന്നു 2015ല്‍ സാക്ഷി മഹാരാജിന്റെ പരാമര്‍ശം. പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങളും സാക്ഷി മഹാരാജ് ക്ഷണിച്ചുവരുത്തിയിരുന്നു.

Read More >>